അധ്യാത്മ രാമായണം ഒന്ലൈനില്‍ വായിക്കാന്‍ വലതുവശത്തെ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുക (വിഷയ-ക്രമനിക നോക്കുക)

Monday, July 18, 2011

രാമായണം എങ്ങനെ വായിക്കണം?

കര്‍ക്കടകത്തിലെ പുണ്യകര്‍മ്മമായ രാമായണ പാരായണത്തിന്‌ കൃത്യമായ ചിട്ടകളുണ്ട്‌.

രാമായണത്തിലെ ഓരോ ഭാഗം പാരായണം ചെയ്യുമ്പോഴും അതിനനുസൃതമായ ഫലങ്ങള്‍ കൈവരുമെന്നാണ്‌ വിശ്വാസം. 24000 ഗായത്രി മന്ത്രങ്ങള്‍ രാമായണത്തില്‍ ഉള്‍ക്കൊണ്ടിരിക്കുന്നു എന്നാണ്‌ പ്രമാണം.

നമ്മുടെ പവിത്രമായ രണ്ട്‌ ഇതിഹാസങ്ങളില്‍ അതീവ ശ്രേഷ്ഠമായ ഒന്നാണ്‌ ആദികാവ്യമായ രാമായണം. "ഓം നമോ നാരായണ" എന്ന അഷ്‌ടാക്ഷരീ മന്ത്രത്തിലെ ബീജാക്ഷരമായ 'രാ'യും 'നമ:ശിവ' എന്ന പഞ്ചാക്ഷരീ മന്ത്രത്തിലെ ബീജാക്ഷരമായ 'മ'യും ചേര്‍ന്ന ശൈവ-വൈഷ്‌ണവ ചൈതന്യ സ്വരൂപമായ രാമന്റെ ദിവ്യചരിതവും, ഒപ്പം അക്ഷരങ്ങളാല്‍ ഭൂലോകം, ഭുവര്‍ലോകം, സ്വര്‍ഗ്‌ഗലോകം എന്നീ ത്രിലോകങ്ങളെയും സംബന്‌ധിക്കുന്ന ദേവമാതാവായ ഗായത്രിയുടെ സ്ഥൂലരൂപവും സമന്വയിക്കുന്ന ഭാരതീയ പൈതൃകത്തിലെ അക്ഷയമായ പുണ്യമാണ്‌ ഈ മഹത്‌ഗ്രന്ഥം.

അതിരാവിലെയും വൈകിട്ടും രാമായണം പാരായണം ചെയ്യാം. രാവിലെ 6 മണി മുതല്‍ വൈകിട്ട്‌ 6 മണിവരെയാണ്‌ പാരായണത്തിന്‌ ഉത്തമം. ബ്രാഹ്‌മമുഹൂര്‍ത്തത്തില്‍ ഉണര്‍ന്ന്‌ കുളികഴിഞ്ഞ്‌ വൃത്തിയുള്ള വസ്‌ത്രങ്ങള്‍ ധരിച്ച്‌ മന:ശുദ്‌ധിയോടെ വേണം ഗ്രന്ഥം കൈയിലെടുക്കാന്‍. ആദ്യം ശ്രീരാമസ്‌തുതികള്‍ ചൊല്ലണം. പിന്നീടേ പാരായണം തുടങ്ങാവൂ.

ശ്രീരാമന്റെ ജനനം മുതല്‍ പട്ടാഭിഷേകം വരെയുള്ള പൂര്‍വ്വരാമായണമോ അതല്ലെങ്കില്‍ അശ്വമേധം വരെയുള്ള ഉത്തരരാമായണമോ വായിക്കാം. 24,000 ശ്ലോകങ്ങള്‍ വായിച്ചുതീര്‍ക്കണമെന്നാണ്‌ സങ്കല്‌പം. ഇതില്‍ ഏതു വായിക്കണമെന്ന്‌ ആദ്യം നിശ്ചയിക്കണം. പിന്നീട്‌ കര്‍ക്കടകം 1 മുതല്‍ 31 വരെ ഓരോ ഭാഗം പാരായണം ചെയ്യാം.

ഉച്ചവരെ കിഴക്കോട്ടും അതിനുശേഷം വടക്കോട്ടും തിരിഞ്ഞിരുന്നുവേണം പാരായണം ചെയ്യാന്‍. (പടിഞ്ഞാറോട്ട്‌ അഭിമുഖമായിരുന്ന്‌ പാരായണം ചെയ്യണമെന്നും ഒരു അഭിപ്രായമുണ്ട്‌.) വീട്ടിലെ എല്ലാവരും പാരായണസ്ഥലത്ത്‌ ഒരുമിച്ചിരുന്ന്‌ അതില്‍ ഒരാള്‍ വായിക്കുകയും മറ്റുള്ളവര്‍ ശ്രദ്‌ധിക്കുകയും വേണം. വലതുവശത്ത്‌ ഏഴു വരി എണ്ണിയേ ഓരോ ദിവസത്തേയും പാരായണം അവസാനിപ്പിക്കാവൂ.

ഓരോരുത്തരുടെയും കഴിവിന്‌ അനുസരിച്ചുള്ള പൂജകളും നടത്തിയാല്‍ നന്ന്‌. പുണര്‍തം നക്ഷത്ര ദിവസവും പട്ടാഭിഷേകം പാരായണം ചെയ്യുമ്പോഴും മുപ്പത്തിയൊന്നാം തീയതി തീയതി പാരായണം അവസാനിപ്പിക്കുമ്പോഴും പൂജകള്‍ ചെയ്‌താല്‍ കൂടുതല്‍ ഫലം ലഭിക്കും.

രാമായണത്തിലെ ചരിത്രവും ഭൂമിശാസ്ത്രവും

രാമായണവും മഹാഭാരതവും ഭാരതത്തിന്റെ ഇതിഹാസങ്ങളാണെന്നു പറയുമ്പോള്‍ അവയുടെ ചരിത്രത്വത്തില്‍ ഊന്നുകയായിരുന്നല്ലോ നമ്മുടെ പൂര്‍വികന്മാര്‍. 'ഇതിഹാസ' ശബ്ദത്തിന് പാരമ്പര്യനിഷ്ഠമായ ചരിത്രമെന്നാണ് അര്‍ഥം. അതേസമയം 'ഐതിഹ്യ' ശബ്ദത്തിന്, പഴങ്കഥ എന്ന അര്‍ഥവും പ്രചരിച്ചിട്ടുണ്ട്. ഈ നിലയ്ക്ക് രാമായണം എന്ന കാവ്യത്തിന്റെ ചരിത്രപരമായ സത്യത്വത്തെ നാം എങ്ങനെയാണ് അംഗീകരിക്കേണ്ടത്? പഴങ്കഥയും ചരിത്രവും ഒന്നാണോ?

ശ്രീരാമന്‍ അഥവാ ദശരഥപുത്രനായ രഘുരാമന്‍ എന്നൊരു രാജാവ് എന്നെങ്കിലും അയോധ്യാരാജ്യം ഭരിച്ചിരുന്നോ? അദ്ദേഹത്തിന്റെ ശത്രുവായി ശ്രീലങ്ക ഭരിച്ചിരുന്ന രാവണന്‍ എന്ന പരാക്രമശാലിയായ ഒരു രാജാവുണ്ടായിരുന്നോ? വിന്ധ്യാടവീതടത്തില്‍ കിഷ്‌കിന്ധ എന്ന വനഖണ്ഡം ഭരിച്ചിരുന്ന സുഗ്രീവാദി രാജാക്കന്മാരായിരുന്നോ രാമന്റെ സഹായികള്‍? രാമന്റെ സാമ്രാജ്യം എത്രത്തോളം വ്യാപിച്ചിരുന്നു? ഇത്തരം ചില ചോദ്യങ്ങള്‍ക്കാണ് ഉത്തരം പറയേണ്ടിവരിക.തുടര്‍ന്ന്, വീണ്ടും വേറെ ചില ചോദ്യങ്ങള്‍, ഈ ചരിത്രമെഴുതിയ വാല്മീകി എന്നു പേരായ ഒരു ഋഷിതന്നെ യഥാര്‍ഥത്തിലുണ്ടായിരുന്നോ? ഉണ്ടായിരുന്നെങ്കില്‍ അദ്ദേഹം രാമന്റെ സമകാലികനായിരുന്നോ? സമകാലികനായിരുന്നില്ലെങ്കില്‍ അദ്ദേഹം കേട്ടുകേഴ്‌വിയനുസരിച്ച് ചില പഴങ്കഥകള്‍ക്കു പൊടിപ്പും തൊങ്ങലും വെച്ച് കാവ്യം ചമയ്ക്കുകയായിരുന്നില്ലേ? വാല്മീകിയുടെ രാമായണംതന്നെയാണോ മൂലരാമായണം? ആ മൂലരാമായണം ഇന്നു കാണുന്ന വലുപ്പത്തിലും രൂപത്തിലുംതന്നെയാണോ ആദ്യമുണ്ടായത്? ഇന്നു നമുക്കു ലഭിച്ചത് മൂലരാമായണമല്ലെങ്കില്‍ മറ്റു പൗരാണികന്മാര്‍ ആ കഥയ്ക്ക് എത്രത്തോളം രൂപഭേദം വരുത്തി?

ഭക്തന്മാര്‍ക്ക് ഈ ചോദ്യങ്ങളൊക്കെ അപ്രസക്തമായി തോന്നും. പാഠഭേദങ്ങളും പ്രക്ഷേപങ്ങളും പ്രകൃതാപകൃതങ്ങളുമൊന്നും ചിന്തിക്കാതെ പാരായണം ചെയ്യാനാണ് ഭക്തര്‍ ഇഷ്ടപ്പെടുക. അതങ്ങനെ നടക്കട്ടെ.ഏതായാലും, കഴിഞ്ഞ ഒന്നൊന്നര നൂറ്റാണ്ടുകളായിട്ട് വാല്മീകി രാമായണത്തെ പുരസ്‌കരിച്ച് അനേകം വിശ്രുതപണ്ഡിതന്മാര്‍ തങ്ങളുടെ നിശിതമായ ഗവേഷണബുദ്ധി പ്രയോഗിക്കുകയും നൂതനങ്ങളായ പല ദര്‍ശനങ്ങളും നമുക്കു നല്കുകയും ചെയ്തുകഴിഞ്ഞു. രാമായണകാലത്തെ ഭൂപടങ്ങള്‍പോലും നിര്‍മിക്കപ്പെട്ടിട്ടുണ്ട്. വെബര്‍, വിന്റേര്‍നിറ്റ്‌സ്, മോണിയര്‍ വില്യംസ്, മക്‌ഡോണല്‍, കീഥ്, യാക്കോബി, ഹോപ്കിന്‍സ്, ബുല്‍ക്കേ തുടങ്ങിയ പാശ്ചാത്യ പണ്ഡിതന്മാരും ശ്രീനിവാസശാസ്ത്രി, എസ്.കെ. ഡേ, രാമസ്വാമി ശാസ്ത്രി, മാസ്തി വെങ്കടേശയ്യങ്കാര്‍, രാജാജി, സങ്കാലിയ, പുസാല്‍ക്കര്‍, ഡി.സി. സര്‍ക്കാര്‍ തുടങ്ങിയ പൗരസ്ത്യപണ്ഡിതന്മാരും രാമായണകാവ്യത്തെപ്പറ്റി വിവിധ വീക്ഷണകോണങ്ങളില്‍ നിന്നെഴുതിയിട്ടുള്ള ഗ്രന്ഥങ്ങള്‍ ഒരു ഗ്രന്ഥശാല നിറയ്ക്കാന്‍പോരും. ഭാരതത്തിന്റെ സംസ്‌കാരത്തെപ്പറ്റിയോ വാല്മീകിയുടെ കവിത്വത്തെപ്പറ്റിയോ മതിപ്പു കുറഞ്ഞവരല്ല ഇവരാരും തന്നെ. എന്നിട്ടും അവര്‍ ആ ഇതിഹാസത്തെ നിശിതമായി നുള്ളിക്കീറി പരിശോധിക്കുകയാണ്. ഇവരുടെ നിഗമനങ്ങളെ സാകല്യമായി നോക്കിയാല്‍ ഇന്ന് ലഭ്യമായ രാമായണം മുഴുവന്‍ ഒരാളുടെ കൃതിയല്ലെന്നും, ക്രിസ്തുവിനു മുമ്പ് സുമാര്‍ 500 മുതല്‍ ക്രിസ്തുവിനു പിമ്പ് 300 വരെ ഉള്ള എണ്ണൂറു കൊല്ലത്തിനിടയില്‍ പല അടുക്കുകളായി ഉണ്ടായ ഒരു കൃതിയാണെന്നും, അതിലെ സംഭവങ്ങളുടെ മിശ്രണത്തില്‍ വളരെയേറെ അതിശയോക്തി കലര്‍ന്നിട്ടുണ്ടെന്നും മറ്റുമാണ് വന്നുകൂടുന്നത്. വാല്മീകിയുടെ കൃതിക്കുള്ള ആര്‍ഷമഹത്വത്തിന് ഊനം തട്ടിക്കാന്‍വേണ്ടി നാസ്തികപ്രായന്മാരായ ചില പണ്ഡിതന്മാര്‍ പറഞ്ഞുകൂട്ടുന്നതാണ് ഈ വകയൊക്കെ എന്നു വാദിക്കുന്നവരുണ്ടാകാം. എങ്കില്‍ ആ 'നാസ്തിക'ന്മാരുടെ കൂട്ടത്തില്‍ ആധുനികയുഗത്തിലെ മഹര്‍ഷിയെന്നു പറയാവുന്ന അരവിന്ദഘോഷും ഉണ്ടെന്നു പറഞ്ഞാല്‍ മതിയായ സമാധാനമാകുമെന്നു തോന്നുന്നു.

കുറെ രൂപപരിണാമമുണ്ടായി എന്നതുകൊണ്ട് ഒരു കൃതിയുടെ മഹത്വം കുറഞ്ഞുപോകണമെന്നില്ല. ഒരു നിലയ്ക്കു നോക്കുമ്പോള്‍ ഇതിഹാസസ്വഭാവംതന്നെ അതാണ്. പല കൈവഴികളായി ഒഴുകിവരുന്ന കൊച്ചുകൊച്ചു കുല്യകള്‍ ഒന്നിച്ചുചേര്‍ന്ന് ഒരു മഹാനദിയാകുന്നതുപോലെയാണ്. ഇതിഹാസങ്ങള്‍ വിവിധ കാലഘട്ടങ്ങളിലെ ദേശകഥകളുടെ സുകൃതനിക്ഷേപങ്ങളായി ജനപദങ്ങളിലൂടെ ഒഴുകുന്നത്. ഭാരതത്തിലെ ഹൈന്ദവജനതയുടെ സാമൂഹികചേതനയിലൂടെ ബഹുശതാബ്ദങ്ങളായി പ്രവഹിക്കുന്ന ഒരു ബൃഹത്കഥയില്‍ പ്രക്ഷേപങ്ങളുണ്ടായില്ലെങ്കിലേ അത്ഭുതപ്പെടേണ്ടതുള്ളൂ.

വാല്മീകിയെ പിന്തുടര്‍ന്ന് തുളസീദാസ, കൃത്തിവാസ, കമ്പ, കണ്ണശ്ശാദികളിലോ ആനന്ദാത്ഭുത രാമായണങ്ങളിലോ ഒന്നും ഉള്‍ച്ചേരാത്ത ഒട്ടേറെ കഥകള്‍ ഇനിയുമുണ്ട് ഓരോ നാട്ടിലും. കാനനമകംപൂകിയവരുടെ ഇടയിലും പുരത്തില്‍ മരുവും ജനത്തിനിടയിലും ആ കഥകള്‍ നിത്യമായി ജീവിക്കുന്നു. തങ്ങളുടെ വിശിഷ്ടമായ പാരമ്പര്യത്തിന്റെ ഒരംശമായിട്ടാണ് ആ കഥകളെ അവര്‍ കൊണ്ടാടുന്നത്. 'മിഥ് മേക്കിങ് ടെന്‍ഡെന്‍സി' എന്ന് യുങ് പറയുന്ന പുരാവൃത്ത നിര്‍മാണകൗതുകം മനുഷ്യമനസ്സിന്റെ സര്‍ഗലീലയില്‍ സുപ്രധാനമായ ഒരെണ്ണമാണ്.
ഇത്തരം പുരാവൃത്ത നിര്‍മാണത്തിന്റെ മാതൃകയായ രണ്ടു കഥകള്‍ മാത്രം ഇവിടെ വിവരിക്കാം. അവയിലൊന്ന് പ്രാകൃതജനതയുടെയും മറ്റൊന്ന് പരിഷ്‌കൃത ജനതയുടെയും ആണ്. (1) ഒറീസ്സയിലെ കോരാപുട്ട് ജില്ലയില്‍ ബോണ്ടകള്‍ എന്നൊരു ആസ്‌ട്രോ ഏഷ്യന്‍ വര്‍ഗമുണ്ട്. ഈ വര്‍ഗം ഭാരതത്തിലെ ഏറ്റവും പ്രാചീനതയുള്ള ആദിമജാതികളില്‍ ഒന്നാണ്. ബോണ്ടക്കുന്നിന്‍ നിരകളില്‍ രണ്ടായിരം അടി മുതല്‍ നാലായിരം അടി വരെ പൊക്കമുള്ള നിബിഡവനങ്ങളില്‍ അവര്‍ തങ്ങളുടെ പ്രാകൃതമായ ജീവിതസമ്പ്രദായങ്ങളെ പുല്‍കിക്കൊണ്ട് ഇന്നും ജീവിക്കുന്നു. അവരുടെ സ്ത്രീകള്‍ തല മൊട്ടയടിക്കണമെന്നു നിര്‍ബന്ധമാണ്. നഗ്നകളും ആണ്. കാരണം എന്തെന്നല്ലേ? സീതയുടെ ശാപം! വനവാസകാലത്ത് സീതാരാമന്മാര്‍ ബോണ്ട വനങ്ങളില്‍ താമസിച്ചിരുന്നു. ഒരു ദിവസം സീത ഒരു കാട്ടുപുഴയിലിറങ്ങി ഉല്ലാസമായി കുളിക്കുകയായിരുന്നു. പരിസരമെല്ലാം വിജനമാണെന്ന ഉത്തമ വിശ്വാസത്തോടെ പൂര്‍ണ നഗ്നയായിട്ടാണ് കുളിച്ചത്. ഇടതൂര്‍ന്ന കേശഭാരം മാത്രമേ ദേവിയുടെ മേനിയെ ആവരണം ചെയ്തിരുന്നുള്ളൂ. അപ്പോള്‍ പുറകിലൊരു കൂട്ടച്ചിരി കേട്ടു. സീതാദേവി തിരിഞ്ഞുനോക്കിയപ്പോള്‍ വെള്ളം കോരാന്‍ വന്ന വേടത്തരുണികള്‍ ദേവിയെ നോക്കി ചിരിക്കുന്നതാണ് കണ്ടത്. സീത കോപിച്ചു ശപിച്ചു. തല മൊട്ടയടിച്ച് ദിഗംബരകളായി ജീവിച്ചില്ലെങ്കില്‍ കുലത്തിനറുതിവരുമെന്ന്. അങ്ങനെ അവര്‍ ഇന്നും നഗ്നകളും മുണ്ഡിതശിരസ്‌കകളുമായി ജീവിക്കുന്നു.1(2) കൊട്ടാരക്കരയ്ക്കടുത്ത് ചടയമംഗലം എന്നൊരു സ്ഥലമുണ്ട്. നാട്ടുകാരുടെ നിരുക്തമനുസരിച്ച് 'ചടയമംഗലം' 'ജടായുമംഗലം' എന്നതിന്റെ തദ്ഭവമാണ്. രാവണന്‍ സീതാദേവിയെ മോഷ്ടിച്ചുകൊണ്ട് ലങ്കയിലേക്കു പോകുംവഴി, ജടായു അവിടെവെച്ചാണ് രാക്ഷസനോടേറ്റുമുട്ടിയത്. ജടായുവിന്റെ ആക്രമണസംരംഭത്തില്‍ തകര്‍ന്നുപോയ പുഷ്പകവിമാനം ചടയമംഗലത്തെ വന്‍ പാറയുടെമേല്‍ പതിച്ചു. വിമാനത്തിന്റെ ഊക്കോടെയുള്ള പ്രപാതത്തില്‍ പാറ രണ്ടായി പിളര്‍ന്നു. ആ പിളര്‍പ്പ് ഇപ്പോഴും കാണാം.

ഇത്തരം നൂറുനൂറു കഥകള്‍ ഇന്ത്യയുടെ ഓരോ ഗ്രാമത്തില്‍നിന്നും നമുക്കു കേള്‍ക്കാം. രാമന്റെയും സീതയുടെയും കാല്പാടുകള്‍ കാട്ടിത്തരും. സീതാരാമന്മാരുടെ യശശ്ചന്ദ്രികയുടെ തണലിലെന്നപോലെ രാവണപരാക്രമത്തിന്റെ പേരിലും അഭിമാനപുളകം ചാര്‍ത്തുന്നവരുണ്ട്. മധ്യപ്രദേശിലെ രായപുരം (റായ്പൂര്‍) ജില്ലയിലെ ഗോണ്ട് ജാതിക്കാര്‍ തങ്ങള്‍ രാവണന്റെ വര്‍ഗക്കാരാണെന്ന് സാഭിമാനം പ്രഖ്യാപിക്കുന്നു. രാവണന്റെ പേരില്‍ ഞെളിയുന്നവര്‍ ചില വിദൂരപൂര്‍വേഷ്യന്‍ ദ്വീപുകളിലുണ്ടെന്ന് അവിടെ ഇന്ത്യയുടെ സ്ഥാനപതിയായിരുന്ന കണ്ണംപള്ളി പറയുന്നു.

ഇവിടെ പറഞ്ഞ കഥകളില്‍ ആദ്യത്തേത് ഉള്‍പ്പെടുത്തിക്കൊണ്ട് ഒരു ഒറിയാരാമായണം ഉണ്ടായിക്കൂടെന്നില്ല. രണ്ടാമത്തെ കഥ ഉള്‍ക്കൊള്ളിക്കുന്ന ഒരു ജനകീയ രാമായണം മലയാളത്തിലും ഉണ്ടാകാവുന്നതേയുള്ളൂ.ഇതില്‍ നിന്നു നിഗമനം ചെയ്യേണ്ടതിത്രമാത്രം: വാല്മീകി രാമായണത്തിന്റെ ബൃഹച്ഛരീരത്തില്‍ ഇത്തരം പല കഥകളും കടന്നുകൂടിയിരിക്കാന്‍ വഴിയുണ്ട്. അവിടെയാണ് പ്രക്ഷേപപ്രക്ഷോഭത്തിന്റെ തുടക്കം. എല്ലാ പാരമ്പര്യകഥകള്‍ക്കും ഇതു സ്വാഭാവികമാണു താനും. രാമകഥയുടെ വികാസപരിണാമങ്ങളെപ്പറ്റി അത്ഭുതകരമായ സമഗ്രതയോടും യഥാര്‍ഥ ഭക്തിയോടുംകൂടി പഠിച്ച് ഭാരതീയസാഹിത്യത്തിന് അവിസ്മരണീയമായ ഒരു രാമായണപഠനം2 സംഭാവന ചെയ്ത ഫാദര്‍ കാമില്‍ ബുല്‍ക്കേ എന്ന ബല്‍ജിയന്‍ പാതിരി ഇങ്ങനെ പറയുന്നു: ''വാല്മീകിയുടെ ആദിമരാമായണം സൂതന്മാരുടെ സമ്പത്താകാതെ കാവ്യോപജീവികളായ കുശീലവന്മാര്‍ മുഖാന്തരം ആദ്യം ജനപ്രീതി നേടാന്‍ തുടങ്ങുകയും പിന്നീട് ദര്‍ബാറില്‍ പ്രവേശിക്കാന്‍ കഴിയുകയും ചെയ്തുവെന്നത് ശ്രദ്ധിക്കത്തക്കതാണ്. ബാലകാണ്ഡത്തിലെ നാലാം സര്‍ഗത്തില്‍നിന്ന് ഇങ്ങനെയാണ് തോന്നുന്നത്....
ആദിരാമായണത്തെ സംബന്ധിച്ച മറ്റൊരു പ്രശ്‌നം അതില്‍ രാമന്റെ കഥയുടെ എത്ര ഭാഗം വര്‍ണിച്ചിരുന്നു എന്നതാണ്. ആദിരാമാണയത്തില്‍ ഉത്തരകാണ്ഡമോ ബാലകാണ്ഡമോ അവതാരവാദമോ ഇല്ലെന്നുള്ളതു കഴിഞ്ഞ അധ്യായത്തില്‍നിന്ന് സ്പഷ്ടമാണ്.... അതില്‍ അയോധ്യാകാണ്ഡം മുതല്‍ യുദ്ധകാണ്ഡം വരെയുള്ള കഥാവസ്തു ഉണ്ടായിരുന്നു. ഇവയിലും ധാരാളം പ്രക്ഷേപങ്ങളും പരസ്പരവിരുദ്ധങ്ങളായ കാര്യങ്ങളും കാണപ്പെടുന്നു. പ്രക്ഷേപങ്ങള്‍ ഉള്‍പ്പെടുത്തുന്ന പ്രവൃത്തി പ്രാരംഭം മുതല്‍തന്നെ നിലവിലുണ്ടായിരുന്നു. ഈ പ്രവൃത്തി നൂറ്റാണ്ടുകളോളം തുടര്‍ന്നുകൊണ്ടുമിരുന്നു. ആദിരാമായണത്തിന്റെ വിസ്തൃതിയെപ്പറ്റി 'അഭിധര്‍മമഹാവിഭാഷ'യില്‍ (3-ാം നൂറ്റാണ്ട്) പറഞ്ഞിരിക്കുന്നത് (അതില്‍) 12000 ശ്ലോകങ്ങളുണ്ടെന്നാണ്. അതുകൊണ്ട് ഇന്നു പ്രചാരത്തിലിരിക്കുന്ന രാമായണത്തിന്റെ പകുതി മാത്രം വിസ്തൃതിയുള്ള ഒരു കാലം ആദിരാമായണത്തിനുണ്ടായിരുന്നു.... രാമായണത്തിന്റെ ആധുനിക പ്രക്ഷേപങ്ങളില്‍ ബ്രാഹ്മണരുടെ പ്രഭാവം സ്പഷ്ടമായും ഉണ്ടായിരുന്നു. (ഋശ്യശൃംഗന്റെയും വിശ്വാമിത്രന്റെയും കഥ, ഉത്തരകാണ്ഡത്തിലെ അശ്വമേധം ഇവ ഉദാഹരണം).
ആദിരാമായണത്തിന്റെ വികാസം മനസ്സിലാക്കുന്നതിന് അതിന്റെ പ്രചാരത്തിന്റെ സമ്പ്രദായം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. വാല്മീകി തന്റെ ശിഷ്യന്മാരെ രാമായണം പഠിപ്പിച്ചിട്ട് അത് രാജാക്കന്മാരെയും ഋഷിമാരെയും സാധാരണ ജനങ്ങളെയും കേള്‍പ്പിക്കുന്നതിന് ആജ്ഞാപിച്ചു എന്ന് ബാലകാണ്ഡത്തിലും ഉത്തരകാണ്ഡത്തിലും എഴുതിയിരിക്കുന്നു.

തൗ രാജപുത്രൗ കാര്‍ത്‌സ്‌ന്യേന
ധര്‍മ്യമാഖ്യാനമുത്തമം
വചോ വിധേയം തത്‌സര്‍വം
കൃത്വാ കാവ്യമനിന്ദിതൗ
ഋഷീണാം ച ദ്വിജാതീനാം
സാധൂനാം ച സമാഗമേ
യഥോപദേശം തത്വജ്ഞൗ
ജഗതുസ്ത്രൗ സമാഹിതൗ
(ബാല കഢ. 12, 13)

(ഋഷികളുടെയും ബ്രാഹ്മണരുടെയും സജ്ജനങ്ങളുടെയും സമാജത്തില്‍വെച്ച് ഉപദേശപ്രകാരം മനസ്സിരുത്തി ഗാനംചെയ്തു.)
ഋഷിവാടേഷു പുണ്യേഷു ബ്രാഹ്മണാവസ്ഥേഷു ച
രഥ്യാസു രാജമാര്‍ഗേഷു പാര്‍ഥിവാനാം ഗൃഹേഷു ച.

(ഉത്തര 93)
ഇതില്‍നിന്ന് രാമായണം വാമൊഴി രൂപത്തില്‍ പ്രചാരത്തിലിരുന്നുവെന്നു മനസ്സിലാകുന്നു. കുശീലവന്മാര്‍ ദേശം മുഴുവന്‍ അതു പാടിക്കേള്‍പ്പിക്കുകയും തങ്ങളുടെ ഉപജീവനം കഴിച്ചുകൂട്ടുകയും ചെയ്തിരുന്നു. അവര്‍ കാവ്യോപജീവികളായിരുന്നു. (അങ്ങനെ കാവ്യം കേള്‍ക്കുന്നവര്‍ക്കു പുണ്യം നല്കി).

ആയുഷ്യം പുഷ്ടിജനകം സര്‍വശ്രുതിമനോഹരം
(ബാല. 22)
എന്നും,
ശ്രുത്വാ രാമായണമിദം ദീര്‍ഘമായുശ്ച വിന്ദതി.
(യുദ്ധ. 128)

എന്നും, ഫലശ്രുതികള്‍ ആദ്യവും അവസാനവും ഉണ്ട്. കുശീലവന്മാര്‍ രാമായണം പാടിപ്പാടി നടക്കവേ ജനങ്ങളുടെ താത്പര്യവും ശ്രദ്ധിച്ചിരിക്കും. കാവ്യകുശലന്മാരായിരുന്ന ഗായകന്മാര്‍ ജനങ്ങള്‍ക്കു താല്പര്യമേറുന്ന ഭാഗങ്ങള്‍ പുഷ്ടമാക്കുകയും ആദിരാമായണത്തിന്റെ വിസ്തൃതി വര്‍ധിപ്പിക്കുകയും ചെയത്ുതുടങ്ങി.

ഇങ്ങനെ ചരിത്രം പറഞ്ഞുവെന്നുവെച്ച്, ആദിരാമായണത്തിന്റെ പ്രക്ഷേപങ്ങള്‍ (അതായത് ബാലകാണ്ഡവും ഉത്തരകാണ്ഡവും അവതാരവാദവും) മൂലരാമായണത്തിലെ ആധികാരികഭാഗങ്ങളെക്കാള്‍ പ്രാധാന്യം കുറഞ്ഞവയല്ലെന്ന് ഓര്‍മിപ്പിക്കുന്നത് അനുചിതമാകയില്ലല്ലോ. ക്രിസ്തുവര്‍ഷം രണ്ടാംശതകം മുതല്‍ രാമായണം അതിന്റെ പ്രചാരത്തിലിരിക്കുന്ന രൂപം ധരിച്ചുകഴിഞ്ഞുവെന്നും അന്നുമുതല്‍ കവികളും സാധാരണ ജനങ്ങളും ആധികാരിക ഭാഗവും പ്രക്ഷിപ്തഭാഗവും തമ്മില്‍ യാതൊരു വ്യത്യാസവും കണക്കാക്കിയിട്ടില്ലെന്നും സ്മരിക്കുക.3ശ്രീരാമന്‍ എന്നൊരു രാജാവ് അയോധ്യ ഭരിച്ചിരുന്നു എന്നോ ഭരിച്ചിരുന്നില്ല എന്നോ തെളിയിക്കാന്‍ ആര്‍ക്കും എളുതല്ല. ശാസനങ്ങളോ കല്ലെഴുത്തുകളോ എടുത്തുകാണിക്കാനില്ല. ശ്രീരാമനുണ്ടായിരുന്നില്ല എന്നതിനും തെളിവില്ല. പക്ഷേ, രാമന്റെ അനശ്വരകഥ ഭാരതീയ ജീവിതത്തിലുണ്ട്; കൃഷ്ണന്റെ കഥയെക്കാളേറെ അതിനു പ്രചാരവുമുണ്ട്. 'അതു ചരിത്രമല്ല, നമ്മുടെ വര്‍ഗമനസ്സിന്റെ സ്വച്ഛന്ദവും അപരാധീനവും ആയ ജീവിതം തന്നെയാണ്' എന്നൊരു വിശ്രുതപണ്ഡിതന്‍ പറഞ്ഞത് ഓര്‍മിക്കുന്നു. അദ്ദേഹം തുടരുന്നു: 'നിരവധി 'അമാനുഷപാത്രങ്ങളും അത്ഭുതസംഭവങ്ങളും ഒക്കെ അവിടെ നമ്മെ നേരിടുന്നുണ്ടെങ്കിലും ചരിത്രകാരന്മാരുടെ പ്രയത്‌നസങ്കടങ്ങളില്‍ നിന്ന് ഈടിക്കൂടിയ വല്മീകക്കുന്നുകള്‍ക്കുള്ളതിലേറെ സത്യത്വമുണ്ട് ആ കഥയ്ക്ക്്. അത് ഒരു വരകവിയുടെ ഭാവനാകുബേരത്വത്തില്‍നിന്ന് ഊറിയൊഴുകിയ കെട്ടുകഥ ആണെന്നിരിക്കട്ടെ. എന്നാലും അതൊരു അരുള്‍മൊഴിയാണ്; ദിവ്യാദേശരൂപേണ ഉപലബ്ധമായത്.''4ഋഷി നിര്‍മിച്ച കഥയിലെ ആന്തരസത്യത്തിന്റെ കാര്യമാണ് ഇവിടെ സൂചിപ്പിക്കപ്പെട്ടത്. ആ ആന്തരസത്യമിരിക്കട്ടെ; പൃഥക്‌സംഭവങ്ങളില്‍ത്തന്നെയില്ലേ ചില സത്യങ്ങള്‍ എന്നാണെന്റെ സംശയം. ഉണ്ടാവാമെന്നു തോന്നുന്നു. നിസ്സന്താനനായ ദശരഥന്‍ എന്ന രാജാവ് സന്താനാര്‍ഥം യുവതിയായ ഒരു രാജകുമാരിയെ അന്വേഷിച്ച് അതിവിദൂരമായ കേകയം വരെ പോയി എന്നും അവിടുത്തെരാജാവ് തന്റെ മകളെ തരണമെങ്കില്‍ മകളുടെ പുത്രനെ രാജാവായി വാഴിക്കണമെന്നൊരു വ്യവസ്ഥ വെച്ചെന്നും അതു സമ്മതിച്ചെന്നും അങ്ങനെ കൈകേയിയെ വേട്ടു എന്നും ഉള്ളത് ചരിത്രമാകാം. ദശരഥന്‍ കൈകേയയിയുമായി അയോധ്യയിലേക്കു മടങ്ങുമ്പോള്‍ ഉദ്ധതനായ മറ്റൊരു രാജാവ് ദശരഥനോടേറ്റുമുട്ടി എന്നും യുദ്ധത്തില്‍ ക്ഷീണിച്ചുതുടങ്ങിയ വൃദ്ധരാജാവിനെ കൈകേയി തന്നെ തേര്‍തെളിച്ചോ ആയുധമെടുത്തോ സഹായിച്ചു എന്നും സന്തുഷ്ടനായ ദശരഥന്‍ വരം നല്കി എന്നും വരാം. ഈ ഒരൊറ്റ സംഭവം കവിഭാവനയില്‍ ദേവാസുരയുദ്ധം വരെയായി വികസിക്കാം. ഇങ്ങനെ മറ്റു സംഭവങ്ങളും വികസിച്ചിരിക്കണം.

ഏതായാലും വൈദികഋഷിമാര്‍ക്കുണ്ടായിരുന്നതിലേറെ വിശദമായ ഒരു ഭാരതദര്‍ശനം വാല്്മീകിക്കുണ്ടായിരുന്നു എന്നു തീര്‍ച്ച. അതായത് ഭാരതത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവും ജനജീവിതവും എല്ലാം ഉള്‍ക്കൊള്ളുന്ന ഒരു ദര്‍ശനം. കുബേരന്റെ രാജ്യമായ ത്രിവിഷ്ടപം (തിബറ്റ്) മുതല്‍ രാവണന്റെ ലങ്ക വരെ വടക്കു-തെക്കും കൈകേയിയുടെ രാജ്യമായ കേകയം5 (അഫ്ഗാനിസ്റ്റാന്റെ പടിഞ്ഞാറേ അതിര്‍ത്തി) മുതല്‍ കാമരൂപം (ആസാം) വരെ മേക്കു-കിഴക്കും വ്യാപിച്ചുകിടക്കുന്ന ഒരു ഭാരതം വാല്മീകിയുടെ മനക്കണ്ണില്‍ ഉണ്ടായിരുന്നു. ഋഷിക്ക് എല്ലാ ദേശങ്ങളും നേരിട്ടു പരിചയമുണ്ടായിരുന്നു എന്നല്ല അര്‍ഥം. അധൃഷ്യമായ വിന്ധ്യപര്‍വതം കടന്നു തെക്കോട്ടു വന്നിട്ടുള്ള ഔത്തരാഹന്മാര്‍ അന്നു വളരെ ചുരുങ്ങും. തല്‍ഫലമായി തെക്കന്‍ ദിക്കുകളെപ്പറ്റി പറയുമ്പോള്‍ കുറേ അവ്യക്തതകളുണ്ട്. ആ അവ്യക്തതകളുടെ മറപിടിച്ചുകൊണ്ടാണ് ശ്രീലങ്ക ഗോണ്ട്‌വാനാ ആണെന്നും ജബല്‍പൂരാണെന്നും മറ്റും ചിലര്‍ക്കു വാദിക്കാന്‍ കഴിയുന്നത്.
വാനരന്മാരും ഋക്ഷന്മാരും അനാര്യവര്‍ഗത്തില്‍പ്പെട്ടവരാണെന്നു മാത്രമേയുള്ളൂ വാല്മീകിയുടെ സങ്കല്പം. അനാര്യന്മാരാണെങ്കിലും അവര്‍ പ്രാകൃതരല്ല. ബുദ്ധിയും വിവേകവും ഉള്ളവരാണ്. അവരുടെ രാജ്യഭരണത്തിനും ഒട്ടൊരു വിജാതീയതയുണ്ട്. രാക്ഷസന്മാരാകട്ടെ, അര്‍ഥവേദത്തിലും മറ്റും നേരത്തെ സൂചിതരായിട്ടുള്ള നരഭോജികളായ ദുര്‍ദേവതകളുടെ പുതിയ പതിപ്പാണ്. യാഗാദി സത്കര്‍മം ചെയ്യുന്നവര്‍ക്ക് ദുര്‍ദേവതകളെ ഒഴിച്ചുനിര്‍ത്തുക അത്യാവശ്യമാണല്ലോ. വൈദികകാലത്തെ ദുര്‍ദേവതാമാരണം ഇതിഹാസത്തില്‍ രാക്ഷസവധമായി മാറി. രാവണന്‍ ക്രൂരനും ഹിംസാപ്രിയനും ആയതുകൊണ്ട് രാക്ഷസന്‍ എന്ന് കവി ഉദ്ഭാവനം ചെയ്തു. രാവണനെ നരഖാദിയായി കവി ചിത്രീകരിച്ചിട്ടില്ലെന്നതു ശ്രദ്ധിക്കുക. എന്നാല്‍ രാവണബന്ധുക്കളായ ഖരദൂഷണത്രിശിരസ്സുകള്‍ കൂടുതല്‍ പ്രാകൃതന്മാരാണ്. ഇരുകൂട്ടരും രാക്ഷസന്മാരാണെങ്കിലും ഇരുവരുടെയും സംസ്‌കാരത്തിന് വലിയ അന്തരമുണ്ട്. വാനരനായ ഹനുമാനെപ്പോലെ രാവണനും ആവശ്യാനുസരണം സംസ്‌കൃതം സംസാരിച്ചു എന്ന് കവി പറയുന്നു.6സുഗ്രീവാദി വാനരന്മാര്‍ ഗുഹയ്ക്കകത്തു താമസിച്ചതായി പറയുന്ന കവി 'ദദര്‍ശ മഹതീം ഗുഹാം' എന്നു പറഞ്ഞിട്ടുണ്ട്.

ഹര്‍മ്യപ്രാസാദസംബന്ധാം
നാനാപണ്യോപശോഭിതാം
(കിഷ്‌കിന്ധ 33)
എന്നും പറയും. ഇത്തരം സന്ദര്‍ഭങ്ങളില്‍ കവി സ്വഭാവോക്തിയില്‍നിന്ന് അതിശയോക്തിയിലേക്കും അതിശയോക്തിയില്‍നിന്ന് സ്വഭാവോക്തിയിലേക്കും അന്തരാന്തരാ സഞ്ചരിക്കുന്നത് കൗതുകകരമായ കാഴ്ചയാണ്.
ഹനുമാന്റെ വാനരസ്വഭാവം അത്യന്തം ചമല്‍ക്കാരത്തോടെ വര്‍ണിക്കുന്ന കവി (ആസ്‌ഫോടയാമാസ, ചുചുംബപുച്ഛം നനന്ദ ചിക്രീഡ ജഗൗ ജഗാമ) ഉത്തരക്ഷണത്തില്‍ത്തന്നെ പരിപക്വമതിയും തത്ത്വചിന്താവിചക്ഷണനുമായ ഹനുമാനെയും അവതരിപ്പിക്കും.
മനോ ഹി ഹേതുസ്സര്‍വേഷാമിന്ദ്രിയാണാം പ്രവര്‍ത്തനേ
ശുഭാശുഭാസ്വവസ്ഥാസു തച്ച മേ സുവ്യവസ്ഥിതം.
(ഇന്ദ്രിയ വ്യാപാരങ്ങള്‍ക്കു മൂലം മനസ്സാകുന്നു. അതിനെ സന്മാര്‍ഗത്തില്‍ നിന്നും ഇടറാതെ സുസ്ഥിരമാക്കി നിര്‍ത്തിയിരിക്കുന്നവര്‍ക്ക് കേവലം സ്ഥൂലമായ ചേഷ്ടകൊണ്ട് ദോഷം സംഭവിക്കുന്നില്ല ഇത്യാദി).
രാവണന് പത്തു തലയും ഇരുപതു കൈകളും ഉണ്ടായിരുന്നു എന്ന് അതിശയോക്തിയില്‍ വര്‍ണിക്കുന്ന കവി ഒരു തലയുംരണ്ടു കൈയുമുള്ള പ്രഭാവശാലിയായ തേജസ്വിയായും വര്‍ണിക്കുന്നതു കാണാം.
താഭ്യാം സപരിപൂര്‍ണാഭ്യാം ഭജാഭ്യാം രാക്ഷസേശ്വരഃ
ശുശുഭേളചലസങ്കാശഃ ശൃംഗാഭ്യാമിവ മന്ദരഃ
(സുന്ദരം, സര്‍ഗം 22)
എന്തിനാണിങ്ങനെയൊക്കെ ചെയ്യുന്നതെന്ന് യുക്തിചിന്തകന്മാര്‍ ചോദിച്ചേക്കാം. അതാണ് ഇതിഹാസസ്വഭാവം എന്നുത്തരം. വാല്മീകി റിപ്പോര്‍ട്ടെഴുത്തുകാരനല്ല; കവിയും ഐതിഹാസികനുമാണ് (മഹര്‍ഷേര്‍ ഭാവിതാത്മനഃ) വാല്മീകിയുടെ ഈ ഭാവനാപ്ലുതങ്ങള്‍ കവിസഹജമാണ്. അവിടെ പ്രകരണൗചിത്യം ഉണ്ട, അക്ഷരാര്‍ഥത്തില്‍ വ്യാഖ്യാനിക്കേണ്ട ചരിത്രമല്ല രാമായണം.
രാമായണത്തിന്റെ ഭൂമിശാസ്ത്രം
ഏതായാലും ഒരു കാര്യം സ്പഷ്ടമാണ്. ഭാരതവര്‍ഷത്തെ ആസേതുഹിമാചലം നോക്കിക്കാണാന്‍ ഇതിഹാസകവി ശ്രമിച്ചിട്ടുണ്ട്. ഉത്തരദേശത്തെ അയോധ്യയാണ് ദശരഥന്റെ രാജ്യം. അദ്ദേഹത്തിന്റെ ഭാര്യമാര്‍ പല ദേശങ്ങളില്‍നിന്നു വന്നവരാണ്. രാമന്റെ ഭാര്യ മിഥിലാധിപന്റെ പുത്രിയാണ് (അവിടത്തെ ഭാഷയ്ക്ക് മൈഥിലി എന്നാണല്ലോ ഇപ്പോഴും പേര്). രാമന്‍ വനവാസത്തിനു പോയത് തെക്കോട്ട്, പിന്നെ ഗോദാവരീതീരത്തുകൂടി പടിഞ്ഞാറോട്ടു മഹാരാഷ്ട്രത്തിലേക്കു സഞ്ചരിച്ചു. വാനരന്മാരുമായി സഖ്യംചെയ്തത് കിഷ്‌കിന്ധ എന്ന മധ്യപ്രദേശത്തുവെച്ചാണ്. അവിടെനിന്ന് രാമേശ്വരംവഴി ദക്ഷിണദിക്കിലെ മുനമ്പും കടന്ന് ലങ്കയിലെത്തി രാവണനോടു യുദ്ധംചെയ്ത് സീതയെയുംകൊണ്ട് മടങ്ങിപ്പോന്നു.
ഇങ്ങനെ ഭാരതവര്‍ഷത്തിന്റെ ചതുര്‍ദിശകളെയും ചാതുര്യത്തോടെ യോജിപ്പിക്കുന്ന കഥയാണ് ഋഷി രചിച്ചത്. അനേക ദേശങ്ങളുടെ പേര് എണ്ണിയെണ്ണിപ്പറയുന്നുണ്ട്. ഏറ്റവും കൂടുതല്‍ പേരുകള്‍ കാണുക കിഷ്‌കിന്ധാകാണ്ഡത്തിലാണ്. സുഗ്രീവന്‍ വാനരസൈന്യത്തോട് നാലു ദിക്കിലും പോയി തിരയാന്‍ പറയുന്നു. ഓരോ ദിക്കിലെയും മുഖ്യ സ്ഥലങ്ങള്‍ ഇപ്രകാരമാണ്:
കിഴക്ക്: വിദേഹം, മാളവം, കാശി, കോസലം, മഗധം, പുണ്ഡ്രം, വംഗം
പടിഞ്ഞാറ്: സൗരാഷ്ട്രം, ശൂരം, ആഭീരം.
വടക്ക്: പുളിന്ദം, ശൗരസേനം, പ്രസ്ഥലം, കുരു, മദ്രകം, കാംബോജം, യവനം, ശകം, ആരട്ടകം, ബാഹ്ലീകം, ഋഷീകം, ചീനം, പരമചീനം.
തെക്ക്: ഉത്കലം, വിദര്‍ഭം, കലിംഗം, കൗശികം, ആന്ധ്രം, ചോളം, പാണ്ഡ്യം, കേരളം.
ചില പാഠങ്ങളില്‍ ഈ സ്ഥലങ്ങള്‍ തിരിഞ്ഞു മറിയുന്നുണ്ട്. ചിലതില്‍ ഋഷീകം (റഷ്യ?) വടക്കാണ്; ചിലതില്‍ തെക്ക്. പടിഞ്ഞാറിന്റെ കഥ പറയുമ്പോഴാണ് മുരചീപത്തനം ചൈവ രമ്യം ചൈവ ജടീപുരം' എന്ന പ്രസ്താവം. മുരചീപത്തനം കൊടുങ്ങല്ലൂരാണെങ്കില്‍ തെക്ക് എന്നല്ലേ പറയേണ്ടത്? അഥവാ പടിഞ്ഞാറെ സമുദ്രതീരത്തുള്ള പട്ടണം എന്ന അര്‍ഥത്തില്‍ പറഞ്ഞതാവാം.7
ആകപ്പാടെ നോക്കുമ്പോള്‍ അത്ര സൂക്ഷ്മമായ രീതിയിലാണ് സ്ഥലനിര്‍ദേശം എന്നു പറയാന്‍ വയ്യാ. വിന്ധ്യപര്‍വതം ദക്ഷിണസമുദ്രത്തിനു സമീപമാണെന്നും പറയുന്നു.
ഏഷ വിന്ധ്യോ ഗിരീ ശ്രീമാന്നാനാദ്രുമാതായുതഃ
ഏഷ പ്രസ്രവണഃ ശൈലഃ സാഗരോയം മഹോദധിഃ
സൂര്യമാര്‍ഗത്തിലേക്കു പറക്കുമ്പോള്‍ ചിറകു കരിഞ്ഞുപോയ ജടായു ജനസ്ഥാനത്തും സമ്പാതി വിന്ധ്യനിലുമാണ് പതിച്ചതെന്നു സൂചനയുണ്ട്.
നിര്‍ദഗ്ദ്ധപക്ഷഃപതിതോ
വിന്ധ്യേസ്മിന്‍ വാനരോത്തമ
എന്നും
അഹം നിപതിതോ വിന്ധ്യേ
ദഗ്ദ്ധപത്രോ ജഡീകൃതഃ
(കി. 61.16)
എന്നും, രണ്ടു ദിക്കില്‍ ഈ പരാമര്‍ശം കാണാം. ഒരേപേരില്‍ ഒന്നിലധികം സ്ഥലങ്ങള്‍ ഉണ്ടായിക്കൂടെന്നില്ല. ഇന്ത്യയില്‍ അനേകം രാമഗിരികളും ചിത്രകൂടങ്ങളും ഉണ്ട്. പമ്പാസരസ്സും ശബരിഗിരിയും കേരളത്തിലുണ്ടെങ്കിലും രാമായണത്തിലെ പമ്പയും ശബര്യാശ്രമവും വേറെയാണ്.
വൃക്ഷലതാദികള്‍
രാമായണത്തിലെ വൃക്ഷലതാദികളുടെ സൂചന മുഴുവന്‍ ശാസ്ത്രീയമല്ലെങ്കിലും അന്നു സര്‍വസാധാരണമായിരുന്നവയെപ്പറ്റിത്തന്നെയാണ് കവി വര്‍ണിക്കുന്നത്. പറയുമ്പോള്‍ എല്ലാ പേരുകളും ഒന്നിച്ചുകൂട്ടിപ്പറയുന്നത് ഇതിഹാസകവിയുടെ സമ്പ്രദായമാണ്. അതുകൊണ്ട് അവയെല്ലാം ഏകത്ര ഉണ്ടായിക്കൊള്ളണമെന്നില്ല. സീതാവിരഹകാതരനായ ശ്രീരാമന്‍, സീതയെ കണ്ടുവോ എന്ന് കദംബം, ബില്വം, മരുത്, നീര്‍മരുത്, അശോകം, താലം, ജംബു, കര്‍ണികാരം (കൊന്ന) എന്നീ വൃക്ഷങ്ങളോട് വെവ്വേറെ ചോദിക്കുന്നു. പിന്നെ ഒട്ടേറെയെണ്ണത്തോട് ഒന്നിച്ചു ചോദിക്കുന്നു.
ചൂത, നീപ, മഹാസാലാന്‍
പനസാന്‍ കുരവാംസ്തഥാ
ദാഡിമാനപീതാന്‍ ഗത്വാ
ദൃഷ്ട്വാ രാമോ മഹായശാഃ

മല്ലികാമാധവീശ്ചൈവ
ചംപകാന്‍ കേതകിസ്തഥാ
പൃച്ഛന്‍ രാമോ വനേ ഭ്രാന്ത
ഉന്മത്ത ഇവ ലക്ഷ്യതേ.
(ആരണ്യം 60.21, 22)
രാമന്‍ പമ്പാതീരത്തുകൂടി നടക്കുമ്പോള്‍ ലക്ഷ്മണനു കാനനഭംഗി കാട്ടിക്കൊടുക്കുന്നു. നാല്പതോളം വൃക്ഷങ്ങളുടെയും ലതകളുടെയും പേര് വെവ്വേറെ തന്നെ പറയുന്നുണ്ട് (കി. 1.75-82). തെക്കന്‍ ദിക്കായതുകൊണ്ടാവാം, ഇക്കൂട്ടത്തില്‍ ചന്ദനവും കേരവും മരിചവുമുണ്ട് (മരിചം = കുരുമുളക്).
രാമാണയത്തില്‍ വളരെയേറെ പരാമര്‍ശിക്കപ്പെടുന്ന ഒരു വൃക്ഷമാണ് സാലം (ടവീൃലമ ഞീയൗേെമ) ഇപ്പോള്‍ ഈ വൃക്ഷങ്ങള്‍ ധാരാളമായി കാണപ്പെടുന്നത് അമരകണ്ടകം, ഛോട്ടാ നാഗ്പൂര്‍, അസം എന്നിവിടങ്ങളിലാണെന്ന് ഡോ. സങ്കാലിയ പറയുന്നു. ഈ വൃക്ഷങ്ങള്‍കൊണ്ട് പരസ്പരം തല്ലുന്നത് അന്നു പതിവായിരുന്നു പോല്‍. മുളയാണ് വില്ലിന് അധികമായി ഉപയോഗിച്ചിരുന്നത്. എങ്കിലും ഇരുമ്പുചാപങ്ങള്‍ അപൂര്‍വമല്ല. രാമായണം പൂര്‍വ അയോയുഗത്തിലെ കൃതിയാണെന്നും സങ്കാലിയായ്ക്ക് അഭിപ്രായമുണ്ട്. ജനകന്‍ ശിവചാപം സൂക്ഷിച്ചിരുന്നത് എട്ടു ചക്രങ്ങളുള്ള ഒരു ഇരുമ്പുപെട്ടിയിലാണത്രേ (ബാല. 6.7.5).
ഇങ്ങനെ നോക്കുമ്പോള്‍ കുറെയേറെ ചരിത്രവസ്തുതകളും ഭൂമിശാസ്ത്രവസ്തുതകളും രാമായണത്തിലുണ്ടെന്നു കാണാം. പക്ഷേ, ഈ വസ്തുതകളെക്കാള്‍ പ്രധാനം ഇതിഹാസത്തിലെ സംസ്‌കാരമാണ്. അതിനാണ് സത്യത്വം. ഒരായിരം കൊല്ലത്തെ ജനജീവിതത്തിന്റെ ചിത്രമുണ്ട് രാമായണത്തില്‍. അതിലെ പ്രക്ഷിപ്തഭാഗങ്ങള്‍ പോലും നമ്മുടെ പുരാവൃത്തത്തിന്റെ (ട്രഡിഷനല്‍ ഹിസ്റ്ററി) അംശമാണ്. അതുതന്നെയാണ് എല്ലാ ഇതിഹാസങ്ങളുടെയും ലക്ഷ്യവും മര്‍മവും.
ഹോമറുടെ ഇലിയദ്, പെന്‍ഗ്വിന്‍ ക്ലാസിക്കിനു വേണ്ടി പരിഭാഷപ്പെടുത്തിയ പണ്ഡിതനായ ഇ.വി. റിയു (ഞശലൗ) ഹോമറുടെ ഇതിഹാസം ചരിത്രമാണോ എന്ന ചോദ്യത്തിന് ഉത്തരം പറയാന്‍ ശ്രമിക്കുന്നുണ്ട്.
''അതെ എന്നും അല്ല എന്നും ഉത്തരം പറയേണ്ടിവരും. ട്രോജന്‍ യുദ്ധത്തിന്റെ കഥ പറയുമ്പോള്‍ ഇതിഹാസ കവി ചരിത്രത്തെ അതിന്റെ ഏറ്റവും നേര്‍ത്ത രൂപത്തില്‍പ്പോലും പറയുകയില്ല. ട്രോയ് (ഈലിയം) എന്നൊരു സ്ഥലം യഥാര്‍ഥത്തിലുണ്ടായിരുന്നുവെന്നും, അത് പലവട്ടം നശിപ്പിക്കപ്പെട്ടിട്ടുണ്ട് എന്നും നമുക്കറിയാം. പക്ഷേ, ഹോമര്‍ വര്‍ണിക്കുന്ന ആ ദശവര്‍ഷയുദ്ധം ട്രോയിലോ മറ്റെവിടെയെങ്കിലുമോ ഉണ്ടായിട്ടില്ല. അത് ഹോമറുടെ കാലത്തിനും വളരെ മുമ്പുതന്നെ നിലവിലിരുന്ന ഒരു കെട്ടുകഥയാണ്. ആ കെട്ടുകഥയില്‍ തന്റെ സമകാലികരെ വിശ്വസിപ്പിക്കുമാറ് കുറെ പൂര്‍വികരാജാക്കന്മാരുടെ നാമങ്ങള്‍ തിരുകി കഥയുണ്ടാക്കുകയാണ് ഹോമര്‍ ചെയ്തത്,'' ഇതുതന്നെയാണ് വാല്മീകിയും ചെയ്തത്. താന്‍ കാവ്യം എഴുതാന്‍ തുടങ്ങുന്ന കാലത്തിന് എത്രയോ മുമ്പ്, തലമുറതലമുറയായി പകര്‍ന്ന് ജനഹൃദയങ്ങളില്‍ പതിഞ്ഞുകിടന്ന രഘുവംശരാജാക്കന്മാരുടെ കഥയ്ക്ക് ഉചിത കാവ്യസംസ്‌കാരം നല്കി, കഥാപാത്രങ്ങളെ സന്നിവേശിപ്പിച്ച് ഒരു വലിയ ഇതിഹാസം രചിച്ചുവെന്നേയുള്ളു, വാല്മീകി.
പുരാവസ്തുഗവേഷകന്മാരുടെ നൂറുകണക്കിനുള്ള ഖനനശിഷ്ടങ്ങളെക്കാള്‍ വിശിഷ്ടമാണ് വാല്മീകിയുടെ ഭാവനാവിലാസം. ജനസാമാന്യത്തെയെന്നപോലെ പണ്ഡിതജനത്തെയും രസിപ്പിക്കുന്നത് ആ ഋഷിഭാവനയാണ്.

Sunday, July 17, 2011

രാമായണത്തെക്കുറിച്ച്

ശ്രീരാമന്റെ ജീവിതത്തെ ആസ്പദമാക്കി വാല്മീകി രചിച്ച ഇതിഹാസ കഥയാണു രാമായണം. രാമായണം ആദികാവ്യവും അതെഴുതിയ വാല്മീകി ആദികവിയുമാണ്. 'രാമന്റെ അയനം' (അയനം = യാത്ര) ആണു രാമായണം. ശ്രീരാമന്റെ ജീവിതയാത്രയാണിത്‍. ഏഴു കാണ്ഡങ്ങളിലായാണ് രാമായണകഥ പ്രതിപാതിച്ചിരിക്കുന്നത്‍. അവ യഥാകൃമം, ബാലകാണ്ഡം, അയോധ്യാകാണ്ഡം, ആരണ്യകാണ്ഡം, കിഷ്‍കിന്ധാകാണ്ഡം, സുന്ദരകാണ്ഡം, യുദ്ധകാണ്ഡം, ഉത്തരകാണ്ഡം എന്നിവയാണ്. ഇരുപത്തിനാലായിരം(24000) ശ്ലോകങ്ങളിലായാണ് വാല്മീകീരാമായണം എഴുതിയിരിക്കുന്നത്. 24 അക്ഷരങ്ങളില്‍ കൂടിപ്രകടമാകുന്ന ഗായത്രീമന്ത്രം 24000 ശ്ലോകങ്ങളായി വിസ്‍തൃതമായതാണ് രാമായണമെന്നു പറയാം. കാരണം ഓരോ 1000 ശ്ലോകത്തിന്റേയും തുടക്കം വേദമൂലമായ ഗായത്രീമത്രത്തിന്റെ ആദ്യാക്ഷരങ്ങളാലാണ്. ഇതുമൂലം രാമായണത്തിന് ഗായത്രീരമയണമെന്ന വിശേഷണവുമുണ്ട്. സാരോപദേശങ്ങളും തത്ത്വദര്‍‍ശനങ്ങളും കൊണ്ട്‍ സമ്പുഷ്‍ടമാണ് ഈ കൃതി. അതുകൊണ്ടുതന്നെയാണിത്‍ നിത്യപാരായണത്തിനായി വീടുകളില്‍‌ ഉപയോഗിച്ചുവന്നത്.

പഴയ തലമുറയില്‍‍ രാമായണം പാരായണം ചെയ്യുന്നത്‍ ഒഴിച്ചുകൂടാന്‍‍ പറ്റാത്ത സംഗതിയായിരുന്നു. വിവാഹാവസരങ്ങളിലും മരണശയ്യയ്‍ക്കു സമീപവും രാമായണം പകുത്തുവായിക്കലൊരു ചടങ്ങാണ്. പ്രത്യേക ചടങ്ങുകളില്‍‍ താലത്തിനോടൊപ്പം രാമയണവും വെയ്‍ക്കുന്ന പതിവുണ്ടായിരുന്നു. രാമായണത്തിലെ എല്ലാ സ്തുതികളും നിത്യജപത്തിനുള്ള നാമങ്ങളാണ്. ദേശിയോദ്‍ഗ്രഥനത്തിന്റെ കേന്ദ്രബിന്ദുവായിരുന്നു രാമായണം. രാമായണം എഴുതപ്പെടാത്തതോ, തര്‍‍ജ്ജമ ചെയ്യപ്പെടാത്തതോ ആയി ഒരൊറ്റഭാഷയും ഭാരതത്തിലില്ല. ആദ്യം പ്രൌഡഭാഷയായ സംസ്‍കൃതത്തിലൊതുങ്ങിനിന്ന രാമായണം ക്രമേണ എല്ലാ പ്രാദേശികഭാഷകളിലേക്കും ഭാഷാന്തരം ചെയ്യപ്പെടുകയുണ്ടായി. രാമായണകഥയെ ഉപജീവിച്ചുകൊണ്ട് എണ്ണമറ്റ കലാരൂപങ്ങളുടലെടുത്തു. കഥയിലും കവിതയിലും ചിത്രത്തിലും ശില്പത്തിലുമൊക്കെയെന്ന പോലെ നൃത്തത്തിലും രാമായണകഥയ്‍ക്കുള്ള സ്ഥാനം അദ്വിതീയമാണ്. സീതാദേവിയുടെ ജന്മസ്ഥലം നേപ്പാളിലാണ്, രാവണവധം കഴിഞ്ഞുവരുന്ന രാമന്‍‌ ഗംഗാനദിയിലെ വെള്ളംകൊണ്ട് രാമേശ്വരം ക്ഷേത്രത്തില്‍‍ അഭിക്ഷേകം നടത്തുന്നുണ്ട്. ശബരിമലയില്‍‍ ശ്രീരാമപാദവും ജടായു രാവണനെ എതിരിട്ട് മരണമടഞ്ഞ ജടായുമംഗലം ചടയമംഗലമെന്ന പേരിലിന്നുമുണ്ട്, ഉത്തര്‍‍പ്രദേശിലെ സരയൂനദി ഇന്നും നമുക്കു ദൃശ്യമാണ്. ലങ്കയിലേക്കുള്ള പാലം നിര്‍മ്മിച്ചതിന്റെ അവശിഷ്‍ടം നമുക്കിന്നും കാണാന്‍‍ കഴിയുന്നു. വയനാട്ടില്‍‌ ലവകുശന്‍‌മാര്‍‌ ജനിച്ചു വളര്‍‌ന്ന സ്ഥലം പ്രസിദ്ധമാണ്. അതുകൊണ്ടൊക്കെത്തന്നെയാണു ഭാരതീയ ഏകതയുടെ പ്രതീകമായി രാമയണത്തെക്കാണുന്നത്.

ഇതിഹാസകഥാപാത്രമായെ ശ്രീരാമനെ രാഷ്ട്രീയക്കാര്‍‍ അവരുടെ സ്വകാര്യനേട്ടങ്ങള്‍‍ക്കുവേണ്ടി ഉപയോഗിച്ചുതുടങ്ങിയതോടെ ശ്രീരാമനെന്നുച്ചരിക്കുന്നതു തന്നെ അല്പം പേടിയോടെയാണ്. ഭൂരിപക്ഷം വരുന്ന ആളുകളുടെ മനസ്സിലെ വികാരമാണ് ശ്രീരാമചന്ദ്രന്‍‍‍‍. ആ വികാരത്തെ കൂട്ടുപിടിച്ച്, ജനങ്ങളില്‍‍‍ വര്‍ഗീയത വളര്‍‍‍ത്തി പള്ളിപൊളിക്കാനും അമ്പലംകെട്ടാനും ഇറങ്ങിത്തിരിക്കുന്നവര്‍‍‍ മനസ്സറിഞ്ഞൊരിക്കലെങ്കിലും രാമായണം വായിച്ചിരുന്നെങ്കിലെന്നാശിക്കുന്നു. ധര്‍മ്മപ്രബുദ്ധനായ ഒരു ഭരണാധികാരി ഭരിക്കുന്ന രാജ്യമാണ് 'രാമരാജ്യം'. 'യഥാ രാജ: തഥാ പ്രജ:'(രാജാവെങ്ങനെയാണോ അതുപോലെത്തന്നെ പ്രജകളും) എന്നതാണു രാമരാജ്യതത്ത്വം. രാജാവ്‍ ധര്‍മിഷ്‍ഠനും നല്ലവനുമായാല്‍‍ ജനങ്ങളും അങ്ങനെ ആയിമാറിക്കൊള്ളും. പ്രജകള്‍‍ രാജാവിന്റേയും രാജാവ് പ്രജകളുടേയും ക്ഷേമതല്പരരായിരിക്കും. വാല്മീകിയുടെ തന്നെ വാക്കുകളില്‍‍‍ 'എവിടെ കാമമോഹിതരില്ലയോ, എവിടെ വിദ്യാവിഹീനരില്ലയോ, എവിടെ ക്രൂരബുദ്ധികളില്ലയോ, എവിടെ ഈശ്വരനിന്ദകരില്ലയോ അവിടെയാണ് രാമരാജ്യം' അല്ലാതെ ആറടികുറുവടിയുടെ മിടുക്കില്‍‍ ആരാധനാലയങ്ങളെ തച്ചുടുച്ച്, പച്ചജീവിതങ്ങളെ ചുട്ടെരിച്ചുകെട്ടിപടുക്കേണ്ടതല്ല രാമരാജ്യം.കോടികളുടെ കോഴപ്പണത്താലുണ്ടാവേണ്ട നാണംകെട്ട രാഷ്‌ട്രീയകൂട്ടുകെട്ടുമല്ല രാമരാജ്യം. ഏതൊരു വിപരീതസാഹചര്യത്തിലും സത്യത്തിന്റേയും ധര്‍‍മ്മത്തിന്റേയും മാര്‍‍‍ഗത്തില്‍‍നിന്നു വ്യതിചലിക്കതെ മുന്നേറിയ ശ്രീരാമചന്ദ്രന്റെ ജിവിതം ഏവര്‍‍ക്കും ഒരു വഴികാട്ടിയാണ്; ആദര്‍‍ശമാണ്.

രാമായണമാഹാത്മ്യം

അദ്ധ്യാത്മരാമായണമിദമെത്രയു-
മത്യുത്തമോത്തമം മൃത്യുഞ്ജയപ്രോക്തം
അദ്ധ്യയനം ചെയ്കില്‍ മര്‍ത്ത്യനജ്ജന്മനാ
മുക്തി സിദ്ധിയ്ക്കുമതിനില്ല സംശയം
മൈത്രീകരം ധനധാന്യവൃദ്ധിപ്രദം
ശത്രുവിനാശനമാരോഗ്യവര്‍ദ്ധനം
ദീര്‍ഘായുരര്‍ത്ഥപ്രദം പവിത്രം പരം
സൗഖ്യപ്രദം സകലാഭീഷ്ടസാധകം
ഭക്ത്യാപഠിയ്ക്കിലും ചൊല്‍കിലും തല്‍ക്ഷണേ
മുക്തനായീടും മഹാപാതകങ്ങളാല്‍
അര്‍ത്ഥാഭിലാഷി ലഭിയ്ക്കും മഹാധനം
പുത്രാഭിലാഷി സുപുത്രനേയും തഥാ
സിദ്ധിയ്ക്കുമാര്യജനങ്ങളാല്‍ സമ്മതം
വിദ്യാഭിലാഷി മഹാബുധനായ്‌ വരും
വന്ധ്യായുവതി കേട്ടീടുകില്‍ നല്ലൊരു
സന്തതിയുണ്ടാമവള്‍ക്കെന്നു നിര്‍ണ്ണയം,
ബദ്ധനായുള്ളവന്‍ മുക്തനായ്‌ വന്നിടു-
മര്‍ത്ഥി കേട്ടീടുകിലര്‍ത്ഥവാനായ്‌ വരും
ദുര്‍ഗ്ഗങ്ങളെല്ല‍ാം ജയിക്കായ്‌വരുമതി-
ദുഃഖിതന്‍ കേള്‍ക്കില്‍ സുഖിയായ്‌ വരുമവന്‍
ഭീതനതു കേള്‍ക്കില്‍ നിര്‍ഭയനായ്‌വരും
വ്യാധിതന്‍ കേള്‍ക്കിലനാതുരനായ്‌ വരും
ഭൂതദൈവത്മോത്ഥമായുടനുണ്ടാകു-
മാധികളെല്ലാമകന്നുപോം നിര്‍ണ്ണയം
ദേവപിതൃഗണതാപസമുഖ്യന്മാ-
രേവരുമേറ്റം പരസാദിയ്ക്കുമത്യരം
കല്‍മഷമെല്ലാമകലുമതേയല്ല
ധര്‍മ്മാര്‍ത്ഥകാമമോക്ഷങ്ങള്‍ സാധിച്ചിടും
അദ്ധ്യാത്മരാമായണം പരമേശ്വര-
നദ്രിസുതയ്ക്കുപദേശിച്ചിതാദരാല്‍
നിത്യവും ശുദ്ധബുദ്ധ്യാ ഗുരുഭക്തിപൂ-
ണ്ടദ്ധ്യയനം ചെയ്കിലും മുദാ കേള്‍ക്കിലും
സിദ്ധിയ്ക്കുമെല്ലാമഭീഷ്ടമെന്നിങ്ങനെ
ബദ്ധമോദം പരമാര്‍ത്ഥമിതൊക്കെവേ
ഭക്ത്യാ പറഞ്ഞടങ്ങീ കിളിപ്പൈതലും
ചിത്തം തെളിഞ്ഞു കേട്ടൂ മഹാലോകരും

ഇത്യദ്ധ്യാത്മരാമായണേ ഉമാമഹേശ്വരസംവാദേ യുദ്ധകാണ്ഡം സമാപ്തം

ശ്രീരാമന്റെ രാജ്യഭാരഫലം

ജാനകീദേവിയോടും കൂടി രാഘവ-
നാനന്ദമുള്‍ക്കൊണ്ടു രാജഭോഗാന്വിതം
അശ്വമേധാദിയ‍ാം യാഗങ്ങളും ചെയ്തു
വിശ്വപവിത്രയ‍ാം കീര്‍ത്തിയും പൊങ്ങിച്ചു
നിശ്ശേഷസൌഖ്യം വരുത്തി പ്രജകള്‍ക്കു
വിശ്വമെല്ല‍ാം പരിപാലിച്ചരുളിനാന്‍
വൈധവ്യദുഃഖം വനിതമാര്‍ക്കില്ലൊരു
വ്യാധിഭയവുമൊരുത്തര്‍ക്കുമില്ലല്ലോ
സസ്യപരിപൂര്‍ണ്ണയല്ലോ ധരിത്രിയും
ദസ്യുഭയവുമൊരേടത്തുമില്ലല്ലോ
ബാലമരണമകപ്പെടുമാറില്ല
കാലേ വരിഷിക്കുമല്ലോ ഘനങ്ങളും
രാമപൂജാപരന്മാര്‍ നരന്മാര്‍ ഭുവി
രാമനെ ധ്യാനിക്കുമേവരും സന്തതം
വര്‍ണ്ണാശ്രമങ്ങള്‍ തനിക്കുതനിക്കുള്ള-
തൊന്നുമിളക്കം വരുത്തുകയില്ലാരുമേ
എല്ലാവനുമുണ്ടനുകമ്പ മാനസേ
നല്ലതൊഴിഞ്ഞുള്ള ചിന്തയില്ലാര്‍ക്കുമേ
നോക്കുമാറില്ലാരുമേ പരദാരങ്ങ-
ളോര്‍ക്കയുമില്ല പരദ്രവ്യമാരുമേ
ഇന്ദ്രിയനിഗ്രഹമെല്ലാവനുമുണ്ടു
നിന്ദയുമില്ല പരസ്പരമാര്‍ക്കുമേ
നന്ദനന്മാരെപ്പിതാവു രക്ഷിക്കുന്ന-
വണ്ണം പ്രജകളെ രക്ഷിച്ചു രാഘവന്‍
സാകേതവാസികളായ ജനങ്ങള്‍ക്കു
ലോകാന്തരസുഖമെന്തോന്നിതില്‍പ്പരം
വൈകുണ്ഠലോകഭോഗത്തിനു തുല്യമായ്
ശോകമോഹങ്ങളകന്നു മരുവിനാര്‍.

വാനരാദികള്‍ക്ക് ഭഗവാന്റെ അനുഗ്രഹം

വിശ്വംഭരാ പരിപാലനവും ചെയ്തു
വിശ്വനാഥന് വസിച്ചീടും ദശാന്തരേ
സസ്യസമ്പൂര്‍ണ്ണമായ് വന്നിതവനിയും
ഉത്സവയുക്തങ്ങളായി ഗൃഹങ്ങളും
വൃക്ഷങ്ങളെല്ലമതിസ്വാദു സംയുത-
പക്വങ്ങളോടു കലര്‍‌ന്നു നിന്നീടുന്നു
ദുര്‍ഗ്ഗന്ധപുഷപങ്ങളക്കാലമൂഴിയില്
സല്‍ഗന്ധയുക്തങ്ങളായ്‌വന്നിതൊക്കെവെ
നൂറായിരം തുരഗങ്ങള് പശുക്കളും
നൂറുനൂറായിരത്തില്പുറം പിന്നെയും
മുപ്പതുകോടി സുവര്‍ണ്ണാഭാ‍രങ്ങളും
സുബ്രാഹ്മണര്‍ക്കു കൊടുത്തു രഘൂത്തമന്
വസ്ത്രാഭരണ മാല്യങ്ങള്‍സംഖ്യമായ്
പൃത്ഥ്വീസുരോത്തമന്മാര്‍ക്കു നല്‍കീടിനാന്
സ്വര്‍ണ്ണരത്നോജ്ജ്വലം മാല്യം മഹാപ്രഭം
വര്‍ണ്ണവൈചിത്ര്യമനഘമനുപമം
ആദിത്യപുത്രനു നല്‍കിനാനാദരാ-
ലാദിതേയാധിപപുത്രതനയനും
അംഗദദ്വന്ദ്വം കൊടുത്തോരനന്തരം
മംഗലാപ‍ാംഗിയ‍ാം സീതയ്ക്കു നല്‍കിനാന്
മേരുവും ലോകത്രയവും കൊടുക്കിലും
പോരാ വിലയതിനങ്ങനെയൊള്ളൊരു
ഹാരം കൊടുത്തതു കണ്ടു വൈദേഹിയും
പാരം പ്രസാദിച്ചു മന്ദസ്മിതാന്വിതം
കണ്ഠദേശത്തിങ്കല്‍നിന്നങ്ങെടുത്തിട്ടു
രണ്ടുകൈകൊണ്ടും പിടിച്ചു നോക്കീടിനാള്
ഭര്‍ത്തൃമുഖാബ്ജവും മാരുതി വക്ത്രവും
മദ്ധ്യേ മണിമയമാകിയ ഹാരവും
ഇംഗിതജ്ഞന് പുരുഷോത്തമനന്നേരം
മംഗലദേവതയോടു ചൊല്ലീടിനാന്
‘ഇക്കണ്ടവര്‍കളിലിഷ്ടനാകുന്നതാ-
രുള്‍ക്കമലത്തില് നിനക്കു മനോഹരേ!
നല്‍കീടവന്നു നീ മറ്റാരുമില്ല നി-
ന്നാകൂതഭംഗം വരുത്തുവാനോമലേ!’
എന്നതു കേട്ടു ചിരിച്ചു വൈദേഹിയും
മന്ദം വിളിച്ചു ഹനുമാനു നല്‍കിനാള്
ഹാരവും പൂണ്ടു വിളങ്ങിനാനേറ്റവും
മരുതിയും പരമാനന്ദസംയുതം
അഞ്ജലിയോടും തിരുമുമ്പില് നിന്നിടു-
മഞ്ജനാപുത്രനെക്കണ്ടു രഘുവരന്
മന്ദമരികേ വിളിച്ചരുള്‍ചെയ്തിതാ-
നന്ദപരവശനായ് മധുരാക്ഷരം
‘മാരുതനന്ദന വേണ്ടും വരത്തെ നീ
വീര വരിച്ചുകൊള്‍കേതും മടിയാതെ’
എന്നതു കേട്ടു വന്ദിച്ചു കപീന്ദ്രനും
മന്നവന് തന്നോടപേക്ഷിച്ചരുളിനാന്
‘സ്വാമിന് പ്രഭോ നിന്തിരുവടിതന്നുടെ
നാമവും ചാരുചരിത്രവുമുള്ള നാള്
ഭൂമിയില്‍ വാഴ്‌വാനനുഗ്രഹിച്ചീടണം
രാമനാമം കേട്ടുകൊള്‍വാനനാരതം
രാമജപസ്മരണശ്രവണങ്ങളില്‍
മാമകമാനസേ തൃപ്തിവരാ വിഭോ!
മറ്റുവരം മമ വേണ്ട ദയാനിധേ!
മറ്റുമിളക്കമില്ലാതൊരു ഭക്തിയു-
മുണ്ടായിരിയ്ക്കണ’മെന്നതു കേട്ടൊരു
പുണ്ഡരീകാക്ഷനനുഗ്രഹം നല്‍കിനാന്‍
‘മല്‍കഥയുള്ളനാള്‍ മുക്തനായ്‌ വാഴ്കനീ
ഭക്തികൊണ്ടേ വരൂ ബ്രഹ്മത്വവും സഖേ!’
ജാനകീദേവിയും ഭോഗാനുഭൂതികള്‍
താനേ വരികെന്നനുഗ്രഹിച്ചീടിനാള്‍
ആനന്ദബാഷ്പപരീതാക്ഷനായവന്‍
വീണുനമസ്കൃത്യ പിന്നെയും പിന്നെയും
ചെന്നു ഹിമാചലം പുക്കു തപസ്സിനായ്‌
പിന്നെ ഗുഹനെ വിളിച്ചു മനുവരന്‍
‘ഗച്ഛ സഖേ! പുരം ശൃംഗീവരം ഭവാന്‍
മല്‍ചരിത്രങ്ങളും ചിന്തിച്ചു വാഴ്കനീ
ഭോഗങ്ങളെല്ല‍ാം ഭുജിച്ചു ചിരം പുന-
രേകഭാവം ഭജിച്ചീടുകെന്നോടു നീ’
ദിവ്യ‍ാംബരാഭരണങ്ങളെല്ല‍ാം കൊടു-
ത്തവ്യാജഭക്തനെ യാത്ര വഴങ്ങിനാന്‍
പ്രേമഭാരേണ വിയോഗദുഃഖം കൊണ്ടു
രാമനാലാശ്ലിഷ്ടനായ ഗുഹന്‍ തദാ
ഗംഗാനദീപ്രിശോഭിതമായൊരു
ശൃംഗീവരം പ്രവേശിച്ചു മരുവിനാന്‍
മൂല്യമില്ലാത വസ്ത്രാഭരണങ്ങളും
മാല്യകളഭ ഹരിചന്ദനാദിയും
പിന്നെയും പിന്നെയും വേണ്ടുവോളം നല്‍കി
മന്നവന്‍ ഗാഢഗാഢം പുണര്‍ന്നാദരാല്‍
മര്‍ക്കടനായകന്മാര്‍ക്കും കൊടുത്തുപോയ്‌-
കിഷ്കിന്ധപൂകെന്നയച്ചരുളീടിനാന്‍
സുഗ്രീവനും വിയോഗേന ദുഃഖം കൊണ്ടു
കിഷ്കിന്ധപുക്കു സുഖിച്ചു മരുവിനാന്‍
സീതാജനകനായീടും ജനകനെ
പ്രീതിയോടെ പറഞ്ഞാശ്ലേഷവും ചെയ്തു
സീതയെക്കൊണ്ടു കൊടുപ്പിച്ചൊരോതരം
നൂതനപട്ട‍ാംബരാഭരണാദിയും
നല്‍കി, വിദേഹരാജ്യത്തിനു പോകെന്നു
പുല്‍കിക്കനിവോടു യാത്ര വഴങ്ങിനാന്‍
കാശിരാജാവിനും വസ്ത്രാഭരണങ്ങ-
ളാശയാനന്ദം വരുമാറു നല്‍കിനാന്‍
പിന്നെ മറ്റുള്ള നൃപന്മാര്‍ക്കുമൊക്കവെ
മന്നവന്‍ നിര്‍മ്മലഭൂഷണാദ്യങ്ങളും
സമ്മാനപൂര്‍വ്വം കൊടുത്തയച്ചീടിനാന്‍
സമ്മോദമുള്‍ക്കൊണ്ടു പോയാരവര്‍കളും
നക്തഞ്ചരേന്ദ്രന്‍ വിഭീഷണനന്നേരം
ഭക്ത്യാ നമസ്കരിച്ചാന്‍ ചരണ‍ാംബുജം
‘മിത്രമായ്‌ നീ തുണച്ചോരുമൂലം മമ
ശത്രുക്കളെജ്ജയിച്ചേനൊരുജാതി ഞാന്‍
ആചന്ദ്രതാരകം ലങ്കയില്‍ വാഴ്ക നീ
നാശമരികളാലുണ്ടാകയില്ല തേ
എന്നെ മറന്നുപോകാതെ നിരൂപിച്ചു
പുണ്യജനാധിപനായ്‌ വസിച്ചീടെടോ!
വിഷ്ണുലിംഗത്തെയും പൂജിച്ചു നിത്യവും
വിഷ്ണുപരായണനായ്‌ വിശുദ്ധാത്മനാ
മുക്തനായ്‌ വാണീടുകെ’ന്നു നിയോഗിച്ചു
മുക്താഫലമണിസ്വര്‍ണ്ണാഭാരങ്ങളും
ആവോളവും കൊടുത്താശു പോവാനയ-
ച്ചാവിര്‍മ്മുദാ പുണര്‍ന്നീടിന്നാന്‍ പിന്നെയും
ചിത്തേ വിയോഗദുഃഖം കൊണ്ടു കണ്ണുനീ-
രത്യര്‍ത്ഥമിറ്റിറ്റു വീണും വണങ്ങിയും
ഗദ്ഗദവര്‍ണ്ണേന യാത്രയും ചൊല്ലിനാന്‍
നിര്‍ഗ്ഗമിച്ചാനൊരുജാതി വിഭീഷണന്‍
ലങ്കയില്‍ ചെന്നു സുഹൃജ്ജനത്തോടുമാ-
തങ്കമൊഴിഞ്ഞു സുഖിച്ചു വാണീടിനാന്‍.

രാജ്യാഭിഷേകം

ഇത്ഥം പറഞ്ഞ ഭരതനെക്കണ്ടവ-
രെത്രയും പാരം പ്രശംസിച്ചു വാഴ്ത്തിനാര്‍
സന്തുഷ്ടനായ രഘുകുലനാഥനു-
മന്തര്‍മ്മുദാ വിമാനേന മാനേന പോയ്‌
നന്ദിഗ്രമേ ഭരതാശ്രമേ ചെന്നഥ
മന്ദം മഹീതലം തന്നിലിറങ്ങിനാന്‍
പുഷ്പകമായ വിമാനത്തെ മാനിച്ചു
ചില്‍പുരുഷനരുള്‍ചെയ്താനനന്തരം
“ചെന്നു വഹിയ്ക്ക നീ വൈശ്രവണന്‍ തന്നെ
മുന്നക്കണക്കേ വിശേഷിച്ചു നീ മുദാ
വന്നീടു ഞാന്‍ നിരൂപിയ്ക്കുന്ന നേരത്തു
നിന്നെ വിരോധിയ്ക്കയുമില്ലൊരുത്തനും”
എന്നരുള്‍ചെയ്തതു കേട്ടു വന്ദിച്ചു പൊയ്‌
ചെന്നളകാപുരി പുക്കു വിമാനവും
സോദരനോടും വസിഷ്ഠനാമാചാര്യ-
പാദം നമസ്കരിച്ചു രഘുനായകന്‍
ആശിര്‍വ്വചനവും ചെയ്തു മഹാസന-
മാശു കൊടുത്തു വസിഷ്ഠമുനീന്ദ്രനും
ദേശികാനുജ്ഞയാ ഭദ്രാസനേ ഭുവി
ദാശരഥിയുമിരുന്നരുളീടിനാന്‍
അപ്പോള്‍ ഭരതനും കേകയപുത്രിയു-
മുല്‍പലസംഭവപുത്രന്‍ വസിഷ്ഠനും
വാമദേവാദി മഹാമുനിവര്‍ഗ്ഗവും
ഭൂമിദേവോത്തമന്മാരുമമാത്യരും
രക്ഷിയ്ക്ക ഭൂതലമെന്നപേക്ഷിച്ചിതു
ലക്ഷ്മീപതിയായ രാമനോടന്നേരം
ബ്രഹ്മസ്വരൂപനാത്മാരാമനീശ്വരന്‍
ജന്മനാശാദികളില്ലാത്ത മംഗലന്‍
നിര്‍മ്മലന്‍ നിത്യന്‍ നിരുപമനദ്വയന്‍
നിര്‍മ്മമന്‍ നിഷ്കളന്‍ നിര്‍ഗ്ഗുണനവ്യയന്‍
ചിന്മയന്‍ ജംഗമാജംഗമാന്തര്‍ഗ്ഗതന്‍
സന്മയന്‍ സത്യസ്വരൂപന്‍ സനാതനന്‍
തന്മഹാമായയാ സര്‍വ്വലോകങ്ങളും
നിര്‍മ്മിച്ചു രക്ഷിച്ചു സംഹരിയ്ക്കുന്നവന്‍
ഇങ്ങനെയങ്ങവര്‍ ചൊന്നതു കേട്ടള-
വിംഗിതജ്ഞന്‍ മന്ദഹാസപുരസ്സരം
‘മാനസേ ഖേദമുണ്ടാകരുതാര്‍ക്കുമേ
ഞാനയോദ്ധ്യാധിപനായ്‌ വസിക്കാമല്ലോ
എങ്കിലതിന്നൊരുക്കീടുകെല്ലാ’മെന്നു
പങ്കജലോചനാനുജ്ഞയാ സംഭ്രമാല്‍
അശ്രുപൂര്‍ണ്ണാക്ഷനായ്‌ ശത്രുഘ്നനും തദാ
ശ്മശ്രുനികൃന്തകന്മാരെ വരുത്തിനാന്‍
സംഭാരവുമഭിഷേകാര്‍ത്ഥമേവരും
സംഭരിച്ചീടിനാരാനന്ദചേതസാ
ലക്ഷ്മണന്‍താനും ഭരതകുമാരനും
രക്ഷോവരനും ദിവാകരപുത്രനും
മുമ്പേ ജടാഭാരാശോധനയും ചെയ്തു
സമ്പൂര്‍ണ്ണമോദം കുളിച്ചു ദിവ്യ‍ാംബരം
പൂണ്ടു മാല്യാനുലേപാദ്യലങ്കാരങ്ങ-
ളാണ്ടു കുതൂഹലം കൈക്കൊണ്ടനാരതം
ശ്രീരാമദേവനും ലക്ഷ്മണനും പുന-
രാരൂഢമോദമലങ്കരിച്ചീടിനാര്‍
ശോഭയോടേ ഭരതന്‍ കുണ്ഡലാദിക-
ലാഭരണങ്ങളെല്ലാമനുരൂപമായ്‌
ജാനകീദേവിയെ രാജനാരീജനം
മാനിച്ചലങ്കരിപ്പിച്ചാരതിമുദാ
വാനരനാരീജനത്തിനും കൗസല്യ-
താനാദരാലലങ്കാരങ്ങള്‍ നല്‍കിനാള്‍
അന്നേരമത്ര സുമന്ത്രര്‍ മഹാരഥം
നന്നായ്‌ ചമച്ചു യോജിപ്പിച്ചു നിര്‍ത്തിനാന്‍
രാജരാജന്‍ മനുവീരന്‍ ദയാപരന്‍
രാജയോഗ്യം മഹാസ്യന്ദനമേറിനാന്‍
സൂര്യതനയനുമംഗദവീരനും
മാരുതിതാനും വിഭീഷണനും തദാ
ദിവ്യ‍ാംബരാഭരണാദ്യലങ്കാരേണ
ദിവ്യഗജാശ്വരഥങ്ങളിലാമ്മാറു
നാഥന്നകമ്പടിയായ്‌ നടന്നീടിനാര്‍
സീതയും സുഗ്രീവപത്നികളാദിയ‍ാം
വാനരനാരിമാരും വാഹനങ്ങളില്‍
സേനാപരിവൃതമാരായനന്തരം
പിമ്പേ നടന്നിതു ശംഖനാദത്തൊടും
ഗംഭീരവാദ്യഘോഷങ്ങളോടും തദാ
സാരഥ്യവേല കൈക്കൊണ്ടാന്‍ ഭരതനും
ചാരുവെഞ്ചാമരം നക്തഞ്ചരേന്ദ്രനും
ശ്വേതാതപത്രം പിടിച്ചു ശത്രുഘ്നനും
സോദരന്‍ ദിവ്യവ്യജനവും വീയിനാന്‍
മാനുഷവേഷം ധരിച്ചു ചമഞ്ഞുള്ള
വാനരേന്ദ്രന്മാര്‍ പതിനായിരമുണ്ടു
വാരണേന്ദ്രന്മാര്‍ കഴുത്തിലേറിപ്പരി-
വാരജനങ്ങളുമായ്‌ നടന്നീടിനാര്‍
രാമനീവണ്ണമെഴുന്നള്ളുന്നേരത്തു
രാമമാരും ചെന്നു ഹര്‍മ്മ്യങ്ങളേറിനാര്‍
കണ്ണിനാനന്ദപൂരം പുരുഷം പരം
പുണ്യപുരുഷമാലോക്യനാരീജനം
ഗേഹധര്‍മ്മങ്ങളുമൊക്കെ മറന്നുള്ളില്‍
മോഹപരവശമാരായ്‌ മരുവിനാര്‍
മന്ദമന്ദം ചെന്നു രാഘവന്‍ വാസവ-
മന്ദിരതുല്യമ‍ാം താതാലയം കണ്ടു
വന്ദിച്ചകംപുക്കു മാതാവുതന്‍ പദം
വന്ദിച്ചിതന്യപിതൃപ്രിയമാരെയും
പ്രീത്യാ ഭരതകുമാരനോടന്നേര-
മാസ്ഥയാ ചൊന്നാന്വിളംബിതം ഭവാന്‍
ഭാനുതനയനും നക്തഞ്ചരേന്ദ്രനും
വാനരനായകന്മാര്‍ക്കും യഥോചിതം
സൗഖ്യേന വാഴ്‌വതിന്നോരോ ഗൃഹങ്ങളി-
ലാക്കുകവേണമവരെ വിരയെ നീ
എന്നതു കേട്ടതു ചെയ്താന്‍ ഭരതനും
ചെന്നവരോരോ ഗൃഹങ്ങളില്‍ മേവിനാര്‍
സുഗ്രീവനോടു പറഞ്ഞു ഭരതനു-
മഗ്രജനിപ്പോളഭിഷേകകര്‍മ്മവും
മംഗലമാമ്മാറു നീ കഴിച്ചെടണ-
മംഗദനാദികളോടും യഥാവിധി
നാലുസമുദ്രത്തിലും ചെന്നു തീത്ഥവും
കാലേ വരുത്തുക മുമ്പിനാല്‍ വേണ്ടതും
എങ്കിലോ ജ‍ാംബവാനും മരുല്‍പ്പുത്രനു-
മംഗദന്‍താനും സുഷേണനും വൈകാതെ
സ്വര്‍ണ്ണകലശങ്ങള്‍തന്നില്‍ മലയജ-
പര്‍ണ്ണേന വായ്ക്കെട്ടി വാരിയും പൂരിച്ചു
കൊണ്ടുവരികെന്നയച്ചോരളവവര്‍
കൊണ്ടുവന്നീടിനാരങ്ങനെ സത്വരം
പുണ്യനദീജലം പുഷ്കരമാദിയാ-
മന്യതീത്ഥങ്ങളിലുള്ള സലിലവും-
മൊക്കെ വരുത്തി മറ്റുള്ള പദാര്‍ത്ഥങ്ങള്‍
മര്‍ക്കടവൃന്ദം വരുത്തിനാര്‍ തല്‍ക്ഷണേ
ശത്രുഘ്നനുമമാത്യൗഘമുമായ്മറ്റു
ശുദ്ധപദാര്‍ത്ഥങ്ങള്‍ സംഭരിച്ചീടിനാര്‍
രത്നസിഹാസനേ രാമനേയും ചേര്‍ത്തു
പത്നിയേയും വാമഭാഗേ വിനിവേശ്യ
വാമദേവന്‍ മുനി ജാബാലി ഗൗതമന്‍
വാത്മീകിയെന്നവരോടും വസിഷ്ഠന‍ാം
ദേശികന്‍ ബ്രാഹ്മണശ്രേഷ്ഠരോടും കൂടി
ദാശരഥിക്കഭിഷേകവും ചെയ്തിതു
പൊന്നില്‍ കലശങ്ങളായിരിത്തെട്ടുമ-
ങന്യൂനശോഭം ജപിച്ചാല്‍ മറകളും
നക്തഞ്ചരേന്ദ്രനും വാനരവീരനും
രത്നദണ്ഡം പൂണ്ട ചാമരം വീയിനാര്‍
ഭക്ത്യാ പിതൃക്കളും ശ്രീരാമഭദ്രനെ
ചിത്തമഴിഞ്ഞു പുകഴ്‌ന്നു തുടങ്ങിനാര്‍
‘ദുഷ്ടന‍ാം രാവണന്‍ നഷ്ടനായാനിന്നു
തുഷ്ടരായ്‌ വന്നിതു ഞങ്ങളും ദൈവമേ!
പുഷ്ടിയും വാച്ചിതു ലോകത്രയത്തിങ്ക-
ലിഷ്ടിയുമുണ്ടായിതിഷ്ടലാഭത്തിനാല്‍
പിണ്ഡോദകങ്ങളുദിക്കായ കാരണം
ദണ്ഡവും തീര്‍ന്നിതു ഞങ്ങള്‍ക്കു ദൈവമേ!’
യക്ഷന്മാരൊക്കെ സ്തുതിച്ചാരനന്തരം
രക്ഷോവിനാശകനാകിയ രാമനെ
‘രക്ഷിതന്മാരായ്‌ ചമഞ്ഞിതു ഞങ്ങളും
രക്ഷോവരനെവധിച്ചമൂലം ഭവാന്‍
പക്ഷീന്ദവാഹന! പാപവിനാശന!
രക്ഷ രക്ഷ പ്രഭോ നിത്യം നമോസ്തു തേ’
ഗന്ധര്‍വ്വസംഘവുമൊക്കെ സ്തുതിച്ചിതു
പംക്തികണ്ഠാന്തകന്‍ തന്നെ നിരാമയം
‘അന്ധന‍ാം രാവണന്‍ തന്നെബ്ഭയപ്പെട്ടു
സന്തതം ഞങ്ങളൊളിച്ചുകിടന്നതും
ഇന്നു തുടങ്ങി തവ ചരിത്രങ്ങളും
നന്നായ്‌ സ്തുതിച്ചു പാടിക്കൊണ്ടനാരതം
സഞ്ചരിയ്ക്കാമിനിക്കാരുണ്യവാരിധേ!
നിന്‍ചര‍ാംബുജം നിത്യം നമോ നമഃ’
കിന്നരന്മാരും പുകഴ്‌ന്നു തുടങ്ങിനാര്‍
മന്നവന്‍തന്നെ മനോഹരമംവണ്ണം
‘ദുര്‍ന്നയമേറിയ രാക്ഷസരാജനെ-
ക്കൊന്നു കളന്‍ഞ്ഞുടന്‍ ഞങ്ങളെ രക്ഷിച്ച
നിന്നെബ്ഭജിപ്പാനവകാശമുണ്ടായി-
വന്നതും നിന്നുടെ കാരുണ്യവൈഭവം
പന്നഗതല്‍പേ വസിയ്ക്കും ഭവല്‍പ്പദം
വന്ദാമഹേ വയം വന്ദാമഹേ വയം’
കിംപുരുഷന്മാര്‍ പരംപുരുഷന്‍പദം
സംഭാവ്യ ഭക്ത്യാ പുകഴ്‌ന്നാരതിദുതം
‘കമ്പിതന്മാരായ്‌ വയം ഭയംപൂണ്ടൊളി-
ച്ചെന്‍പോറ്റി! രാവണെനെന്നു കേള്‍ക്കുന്നേരം
അംബരമാര്‍ഗ്ഗേ നടക്കുമാറി,ല്ലിനി
നിന്‍പാദപത്മം ഭജിയ്ക്കായ്‌വരേണമേ’
സിദ്ധസമൂഹവുമപ്പോള്‍ മനോരഥം
സിദ്ധിച്ചമൂലം പുകഴ്ത്തിത്തുടങ്ങിനാല്‍
‘യുദ്ധേ ദശഗ്രീവനെക്കൊന്നു ഞങ്ങള്‍ക്കു
ചിത്തഭയം തീര്‍ത്ത കാരുണ്യവാരിധേ!
രക്താരവിന്ദാഭപൂണ്ട ഭവല്‍പ്പദം
നിത്യം നമോനമോ നിത്യം നമോ നമഃ’
വിദ്യാധരന്മാരുമത്യാദരം പൂണ്ടു
ഗദ്യപദ്യാദികള്‍കൊണ്ടു പുകഴ്ത്തിനാര്‍
‘വിദ്വജ്ജനങ്ങള്‍ക്കുമുള്ളില്‍ തിരിയാത്ത
തത്ത്വാത്മനേ പരമാത്മനേ തേ നമഃ
ചാരുരൂപം തേടുമപ്സരസ‍ാം ഗണം
ചാരണന്മാരുരഗന്മാര് മരുത്തുക്കള്
തുംബുരു നാരദഗുഹ്യകവ്യന്ദവു-
മംബരചാരികള് മറ്റുള്ളവര്‍‌കളും
സ്പഷ്ടവര്‍ണ്ണോദ്യന്മധുരപദങ്ങളാല്
തുഷ്ട്യാ കനക്കെ സ്തുതിച്ചോരനന്തരം
രാമചന്ദ്രാനുഗ്രഹേണ സമസ്തരും
കാമാലാഭേന നിജ നിജ മന്ദിരം
പ്രാപിച്ചു താരകബ്രഹ്മവും ധ്യാനിച്ചു
താപത്രയവുമകന്നു വാണീടിനാര്
സച്ചില്‍‌പരബ്രഹ്മപൂര്‍ണ്ണമാത്മാനന്ദ-
മച്യുതമദ്വയമേകമനാമയം
ഭാവനയാ ഭഗവല്‌പാദ‍ാംഭോജവും
സേവിച്ചിരുന്നാറ് ജഗത്രയവാസികള്
സിംഹാസനോപരി സീതയാ സംയുതം
സിംഹപരാക്രമം സൂര്യകോറ്റിപ്രഭം
സോദരവാ‍നര താപസ രാക്ഷസ-
ഭൂദേവവൃന്ദനിഷേവ്യമാണം പരം
രാമമഭിഷേകതീര്‍ത്ഥാര്‍ദ്രവിഗ്രഹം
ശ്യാമളം കോമളം ചാമീകരപ്രഭം
ചന്ദ്രബിംബാനനം ചാര്‍വ്വായുതഭുജം
ചന്ദ്രികാമന്ദഹാസോജ്ജ്വലം രാഘവം
ധ്യാനിപ്പവര്‍ക്കഭീഷ്ടാസ്പദം കണ്ടു ക-
ണ്ടാനന്ദമുള്‍‌ക്കൊണ്ടിരുന്നിതെല്ലാവരും

അയോദ്ധ്യാപ്രവേശം

ശത്രുഘ്നനോടു ഭരതകുമാരനു-
മത്യാദരം നിയോഗിച്ചനനന്തരം
‘പൂജ്യന‍ാം നാഥനെഴുന്നള്ളുന്നേരത്തു
രാജ്യമലങ്കരിയ്ക്കേണമെല്ലാടവും
ക്ഷേതങ്ങള്‍ തോറും ബലിപൂജയോടുമ-
ത്യാസ്ഥയാ ദീപാവലിയുമുണ്ടാക്കണം
സൂതവൈതാളിക വന്ദിസ്തുതിപാഠ-
കാദി ജനങ്ങുളുമൊക്കെ വന്നീടണം
വാദ്യങ്ങളെല്ല‍ാം പ്രയോഗിയ്ക്കയും വേണം
പാദ്യാദികളുമൊരുക്കണമേവരും
രാജദാരങ്ങളമാത്യജനങ്ങളും
വാജിഗജരഥപംക്തിസൈന്യങ്ങളും
വാരനാരീജനത്തോടുമലങ്കരി-
ച്ചാരൂഢമോദം വരണമെല്ലാവരും
ചേര്‍ക്ക കൊടിക്കൂറകള്‍ കൊടിയ്ക്കൊക്കവേ
മാര്‍ഗ്ഗമടിച്ചു തളിപ്പിക്കയും വേണം
പൂര്‍ണ്ണകുംഭങ്ങളും ധൂപദീപങ്ങളും
തൂര്‍ണ്ണം പുരദ്വാരി ചേര്‍ക്ക സമസ്തരും
താപസവൃന്ദവും ഭൂസുരവര്‍ഗ്ഗവും
ഭൂപതിവീരരുമൊക്കെ വന്നീടണം
പൗരജനങ്ങളാബാലവൃദ്ധാവധി
ശ്രീരാമനെക്കാണ്മതിന്നു വരുത്തണം’
ശത്രുഘ്നനും ഭരതാജ്ഞയാ തല്‍പുരം
ചിത്രമാമ്മാറങ്ങലങ്കരിച്ചീടിനാന്‍
ശ്രീരാമദേവനെക്കണ്മതിന്നായ്‌ വന്നു
പൗരജനങ്ങള്‍ നിറഞ്ഞിതയോദ്ധ്യയില്‍
വാരണേന്ദ്രന്മാരൊരു പതിനായിരം
തേരുമവ്വണ്ണം പതിനായിരമുണ്ടു
നൂറായിരം തുരഗങ്ങളുമുണ്ടഞ്ചു-
നൂറായിരമുണ്ടു കാലാള്‍പ്പടകളും
രാജനാരീജനം തണ്ടിലേറിക്കൊണ്ടു
രാജകുമാരനെക്കാണ്മാനുഴറിനാര്‍
പാദുക‍ാം മൂര്‍ദ്ധനി വച്ചു ഭരതനും
പാദചാരേണ നടന്നു തുടങ്ങിനാന്‍
ആദരവുള്‍ക്കൊണ്ടു ശത്രുഘ്നനാകിയ
സോദരന്‍ താനും നടന്നാനതുനേരം
പൂര്‍ണ്ണചന്ദ്രാഭമ‍ാം പുഷ്പകമന്നേരം
കാണായ്ചമഞ്ഞിതു ദൂരേ മനോഹരം
പൗരജനാദികളോടു കുതൂഹലാല്‍
മാരുതപുത്രന്‍ പറഞ്ഞാനതുനേരം
‘ബ്രാഹ്മണാ നിര്‍മ്മിതമാകിയ പുഷ്പകം-
തന്മേലരവിന്ദനേത്രനും സീതയും
ലക്ഷ്മണസുഗ്രീവനക്തഞ്ചരാധിപ-
മുഖ്യമായുള്ളോരു സൈന്യസമന്വിതം
കണ്ടുകൊള്‍വില്‍ പരമാനന്ദവിഗ്രഹം
പുണ്ഡരീകാക്ഷം പുരുഷോത്തമം പരം’
അപ്പോള്‍ ജനപ്രീതിജാതശബ്ദം ഘന-
മഭ്രദേശത്തോളമുല്‍പ്പതിച്ചു ബലാല്‍
ബാലവൃദ്ധസ്ത്രീ തരുണവര്‍ഗ്ഗാരവ
കോലാഹലം പറയാവതല്ലേതുമേ
വാരണവാജിരഥങ്ങളില്‍ നിന്നവര്‍
പാരിലിറങ്ങി വണങ്ങിനാനേവരും
ചാരുവിമാനാഗ്രസംസ്ഥിതന‍ാം ജഗല്‍-
ക്കാരണഭൂതനെക്കണ്ടു ഭരതനും
മേരുമഹാഗിരിമൂര്‍ദ്ധനി ശോഭയാ
സൂര്യനെക്കണ്ടപോലെ വണങ്ങീടിനാന്‍
ചില്‍പുരുഷാജ്ഞയാ താണിതു മെല്ലവേ
പുഷ്പകമായ വിമാനവുമന്നേരം
ആനന്ദബാഷ്പം കലര്‍ന്നു ഭരതനും
സാനുജനായ്‌ വിമാനം കരേറീടിനാന്‍
വീണു നമസ്ക്കരിച്ചോരനുജന്മാരെ
ക്ഷോണീന്ദ്രനുത്സംഗസീംനി ചേര്‍ത്തീടിനാന്‍
കാലമനേകം കഴിഞ്ഞു കണ്ടീടിന
ബാലകന്മാരെ മുറുകെത്തഴുകിനാന്‍
ഹര്‍ഷാശ്രുധാരയാ സോദരമൂര്‍ദ്ധനി
വര്‍ഷിച്ചു വര്‍ഷിച്ചു വാത്സല്യപൂരവും
വര്‍ദ്ധിച്ചു വര്‍ദ്ധിച്ചു വാഴുന്ന നേരത്തു
ശത്രുഘ്നപൂര്‍വ്വജനും ഭരതന്‍ പദം
ഭക്ത്യാ വണങ്ങിനാനശു സൗമിത്രിയെ
ശത്രുഘ്നനും വണങ്ങീടിനാനാദരാല്‍
സോദരനോടും ഭരതകുമാരനും
വൈദേഹിതന്‍ പദം വീണു വണങ്ങിനാന്‍
സുഗ്രീീവനംഗദന്‍ ജ‍ാംബവാന്‍ നീലനു-
മുഗ്രന‍ാം മൈന്ദന്‍ വിവിദന്‍ സുഷേണനും
താരന്‍ ഗജന്‍ ഗവയന്‍ ഗവാക്ഷന്‍ നളന്‍
വീരന്‍ വൃഷഭന്‍ ശരഭന്‍ പനസനും
ശൂരന്‍ വിനതന്‍ വികടന്‍ ദധിമുഖന്‍
ക്രൂരന്‍ കുമുദന്‍ ശതബലി ദുര്‍മുഖന്‍
സാരനാകും വേഗദര്‍ശി സുമുഖനും
ധീരനാകും ഗന്ധമാദനന്‍ കേസരി
മറ്റുമേവം കപിനായകന്മാരെയും
മുറ്റുമാനന്ദേന ഗാഢം പുണര്‍ന്നിതു
മാരുതി വാചാ ഭരതകുമാരനും
പൂരുഷ വേഷം ധരിച്ചാര്‍ കപികളും
പ്രീതിപൂര്‍വ്വം കുശലം വിചാരിച്ചതി-
മോദം കലര്‍ന്നു വസിച്ചാരവര്‍കളും
സുഗ്രീവനെക്കനിവോടു പുണര്‍ന്നഥ
ഗദ്ഗദവാചാ പറഞ്ഞു ഭരതനും
‘നൂനും ഭവല്‍സഹായേന രഘുവരന്‍
മാനിയ‍ാം രാവണന്‍ തന്നെ വധിച്ചതും
നാലുസുതുന്മാര്‍ ദശരഥഭൂപനി-
ക്കാലമഞ്ചാമനായിച്ചമഞ്ഞു ഭവാന്‍
പഞ്ചമഭ്രാതാ ഭവാനിനി ഞങ്ങള്‍ക്കു
കിഞ്ചന സംശയമില്ലെന്നറികെടോ’
ശോകാതുരയായ കൗസല്യതന്‍പദം
രാഘവന്‍ ഭക്ത്യാ നമസ്കരിച്ചീടിനാന്‍
കാലേ കനിഞ്ഞു പുണര്‍ന്നാളുടന്‍ മുല-
പ്പാലും ചുരന്നിതു മാതാവിനന്നേരം
കൈകേയിയാകിയ മാതൃപദത്തെയും
കാകുത്സ്ഥനാശു സുമിത്രാപദാബ്ജവും
വന്ദിച്ചു മറ്റുള്ള മാതൃജനത്തെയും
നന്ദിച്ചവരുമണച്ചു തഴുകിനാര്‍
ലക്ഷ്മണനും മാതൃപാദങ്ങള്‍ കൂപ്പിനാന്‍
ഉള്‍ക്കാമ്പഴിഞ്ഞു പുണര്‍ന്നാരവര്‍കളും
സീതയും മാതൃജനങ്ങളെ വന്ദിച്ചു
മോദമുള്‍ക്കൊണ്ടു പുണര്‍ന്നാരവര്‍കളും
സുഗ്രീവനാദികളും തൊഴുതീടിനാ-
രഗ്രേ വിനീതയായ്‌ നിന്നിതു താരയും
ഭക്തിപരവശനായ ഭരതനും
ചിത്തമഴിഞ്ഞു തല്‍പ്പദുകാദ്വന്ദ്വവും
ശ്രീരാമപാദാരവിന്ദങ്ങളില്‍ ചേര്‍ത്തു
പാരില്‍ വീണാശു നമസ്കരിച്ചീടിനാന്‍
‘രാജ്യം ത്വയാ ദത്തമെങ്കില്‍ പുരാദ്യ ഞാന്‍
പൂജ്യന‍ാം നിങ്കല്‍ സമര്‍പ്പിച്ചിതാദരാല്‍
ഇന്നു മജ്ജന്മം സഫലമായ്‌ വന്നിതു
ധന്യനായേനടിയനിന്നു നിര്‍ണ്ണയം
വന്നു മനോരഥമെല്ല‍ാം സഫലമായ്‌
വന്നിതു മല്‍ക്കര്‍മ്മസാഫല്യവും പ്രഭോ!
പണ്ടേതിലിന്നു പതിന്മടങ്ങായുട-
നുണ്ടിഹ രാജഭണ്ഡാരവും ഭൂപതേ!
ആനയും തേരും കുതിരയും പാര്‍ത്തു കാ-
ണൂനമില്ലതെ പതിന്മടങ്ങുണ്ടല്ലോ
നിന്നുടെ കാരുണ്യമുണ്ടാകകൊണ്ടു ഞാ-
നിന്നയോളം രാജ്യമത്ര രക്ഷിച്ചതും
ത്യാജ്യമല്ലൊട്ടും ഭവാനാലിനിത്തവ
രാജ്യവും ഞങ്ങളേയും ഭുവനത്തെയും
പാലനം ചെയ്ക ഭവാനിനി മറ്റേതു-
മാലംബനമില്ല കാരുണ്യവാരിധേ!’

ഹനൂമദ്ഭരതസംവാദം

പിന്നെ മുഹൂത്തമാത്രം നിരൂപിച്ചഥ
ചൊന്നാനനിലാത്മജനോടു രാഘവന്‍
‘ചെന്നയോദ്ധ്യാപുരം പ്രാപിച്ചു സോദരന്‍-
തന്നെയും കണ്ടു വിശേഷമറിഞ്ഞു നീ
വന്നീടുകെന്നുടെ വൃത്താന്തവും പുന-
രൊന്നൊഴിയാതെയവനോടു ചൊല്ലണം
പോകുന്നനേരം ഗുഹനെയും ചെന്നു ക-
ണ്ടേകാന്തമായറിയിച്ചീടവസ്ഥകള്‍’
മാരുതി മാനുഷവേഷം ധരിച്ചു പോയ്‌
ശ്രീരാമവൃത്തം ഗുഹനെയും കേള്‍പ്പിച്ചു
സത്വരം ചെന്നു നന്ദിഗ്രാമമുള്‍പ്പുക്കു
ഭക്തനായീടും ഭരതനെ കൂപ്പിനാന്‍
പാദുകവും വച്ചു പൂജിച്ചനാരതം
ചേതസാ രാമനെ ധ്യാനിച്ചു ശുദ്ധനായ്‌
സോദരനോടുമാമാതൃജനത്തൊടു-
മാദരപൂര്‍വ്വം ജടവല്‍ക്കലം പൂണ്ടു
മൂലഫലവും ഭുജിച്ചു കൃശ‍ാംഗനായ്‌
ബാലനോടുംകൂടെ വാഴുന്നതു കണ്ടു
മാരുതിയും ബഹുമാനിച്ചിതേറ്റവു-
‘മാരുമില്ലിത്ര ഭക്തന്മാരവനിയില്‍’
എന്നു കല്‍പിച്ചു വണങ്ങി വിനീതനായ്‌
നിന്നു മധുരമാമ്മറു ചൊല്ലീടിനാന്‍
‘അഗ്രജന്‍ തന്നെ മുഹൂര്‍ത്തമാത്രേണ നി-
ന്നഗ്രേ നിരാമയം കാണ‍ാം ഗുണനിധേ!
സീതയോടും സുമിത്രാത്മജന്‍ തന്നോടു-
മാദരവേറും പ്ലവഗബലത്തൊടും
സുഗ്രീവനോടും വിഭീഷണന്‍ തന്നോടു-
മുഗ്രമായുള്ള രക്ഷോബലം തന്നൊടും
പുഷ്പകമ‍ാം വിമാനത്തിന്മേലേറി വ-
ന്നിപ്പോളിവിടെയിറങ്ങും ദയാപരന്‍
രാവണനെക്കൊന്നു ദേവിയേയും വീണ്ടു
ദേവകളാലഭിവന്ദിതനാകിയ
രാഘവനെക്കണ്ടു വന്ദിച്ചു മാനസേ
ശോകവും തീര്‍ന്നു വസിക്കാമിനിച്ചിരം’
ഇത്ഥമാകര്‍ണ്യ ഭരതകുമാരനും
ബദ്ധസമ്മോദം വിമൂര്‍ച്ഛിതനായ്‌ വീണു
സത്വരമാശ്വസ്തനായ നേരം പുന-
രുത്ഥായ ഗാഢമായാലിംഗനം ചെയ്തു
വാനരവീരശിരസി മുദാ പര-
മാനന്ദബാഷ്പാഭിഷേകവും ചെയ്തിതു
‘ദേവോത്തമനോ നരോത്തമനോ ഭവാ-
നേവമെന്നെക്കുറിച്ചിത്ര കൃപയോടും
ഇഷ്ടവാക്യം ചൊന്നതിന്നനുരൂപമായ്‌
തുഷ്ട്യാ തരുവതിനില്ല മറ്റേതുമേ
ശോകം മദീയം കളഞ്ഞ ഭവാനു ഞാന്‍
ലോകം മഹമേരു സാകം തരികിലും
തുല്യമായ്‌ വന്നുകൂടാ പുനരെങ്കിലും
ചൊല്ലീടെടോ രാമകീര്‍ത്തനം സൗഖ്യദം
മാനവനാഥനു വാനരന്മാരോടു
കാനനേ സംഗമമുണ്ടായതെങ്ങനെ?
വൈദേഹിയെക്കട്ടുകൊണ്ടവാറെങ്ങനെ
യാതുധാനാധിപനാകിയ രാവണന്‍?
ഇത്തരം ചോദിച്ച രാജകുമാരനോ-
ടുത്തരം മാരുതിപുത്രനും ചൊല്ലിന്നന്‍
‘എങ്കിലൊ നിങ്ങളച്ചിത്രകൂടാചല-
ത്തിങ്കല്‍ നിന്നാധി കലര്‍ന്നു പിരിഞ്ഞ നാള്‍
ആദിയായിന്നോളമുള്ളോരവസ്ഥക-
ളാദരമുള്‍ക്കൊണ്ടു ചൊല്ലുന്നതുണ്ടു ഞാന്‍
ഒന്നൊഴിയാതെ തെളിഞ്ഞു കേട്ടീടുക
വന്നുപോം ദുഃഖവിനാശം തപോനിധേ’
എന്നു പറഞ്ഞറിയിച്ചാനഖിലവും
മന്നവന്‍തന്‍ ചരിത്രം പരിത്രം പരം
ശത്രുഘ്നമിത്രഭൃത്യാമാതൃവര്‍ഗ്ഗവും
ചിത്രം വിചിത്രമെന്നൊര്‍ത്തുകൊണ്ടീടിനാര്‍

അയോദ്ധ്യയിലേക്കുള്ള യാത്ര

മന്നവന്‍തന്നെ വന്ദിച്ചപേക്ഷിച്ചിതു
പിന്നെ വിഭീഷണനായ ഭക്തന്‍ മുദാ
‘ദാസനാമെന്നെക്കുറിച്ചു വത്സല്യമു-
ണ്ടേതാനുമെങ്കിലത്രൈവ സന്തുഷ്ടനായ്‌
മംഗലദേവതയാകിയ സീതയാ
മംഗലസ്നാനവുമാചരിച്ചീടണം
മേളമായിന്നു വിരുന്നും കഴിഞ്ഞിങ്ങു
നാളെയങ്ങോട്ടെഴുന്നള്ളീടുകയുമ‍ാം’
എന്നു വിഭീഷണന്‍ ചൊന്നതു കേട്ടുടന്‍
മന്നവര്‍മന്നവന്‍ താനുമരുള്‍ചെയ്തു
‘സോദരനായ ഭരതനയോദ്ധ്യയി-
ലാധിയും പൂണ്ടു സഹോദരന്‍ തന്നൊടും
എന്നെയും പാര്‍ത്തിരിക്കുന്നിതു ഞാനവന്‍-
തന്നോടുകൂടിയൊഴിഞ്ഞലങ്കാരങ്ങള്‍
ഒന്നുമനുഷ്ഠിയ്ക്കയെന്നുള്ളതില്ലെടോ!
ചെന്നൊരു രാജ്യത്തില്‍ വാഴ്കയെന്നുള്ളതും.
സ്നാനാശനാദികളാചരിക്കെന്നതും
നൂനമവനോടുകൂടിയേയാവിതു
എന്നു പതിനാലു സംവത്സരം തിക-
യുന്നതെന്നുള്ളതും പാര്‍ത്തവന്‍ വാഴുന്നു
ചെന്നീല ഞാനന്നുതന്നെയെന്നാലവന്‍
വഹ്നിയില്‍ ചാടിമരിക്കുമേ പിറ്റേന്നാള്‍
എന്നതുകൊണ്ടുഴറുന്നിതു ഞാനിഹ
വന്നു സമയവുമേറ്റമടുത്തങ്ങു
ചെന്നുകൊള്‍വാന്‍ പണിയുണ്ടതിന്‍ മുന്നമേ
നിന്നില്‍ വാത്സല്യമില്ലായ്കയുമല്ല മേ
സല്‍ക്കരിച്ചീടു നീ സത്വരമെന്നുടെ
മര്‍ക്കടവീരരെയൊക്കവെ സാദരം
പ്രീതിയവര്‍ക്കു വന്നാലെനിയ്ക്കും വരും
പ്രീതി,യതിന്നൊരു ചഞ്ചലമില്ല കേള്‍
എന്നെക്കനിവോടു പൂജിച്ചതിന്‍ഫലം
വന്നുകൂടും കപിവീരരെപ്പൂജിച്ചാല്‍’
പാനാശനസ്വര്‍ണ്ണരത്ന‍ാംബരങ്ങളാല്‍
വാനരന്മാര്‍ക്കലംഭാവം വരുംവണ്ണം
പൂജയും ചെയ്തു കപികളുമായ്‌ ചെന്നു
രാജീവനേത്രനെക്കൂപ്പി വിഭീഷണന്‍
‘ക്ഷിപ്രമയോദ്ധ്യയ്ക്കെഴുന്നള്ളുവാനിഹ
പുഷ്പകമായ വിമാനവുമുണ്ടല്ലോ’
രാത്രിഞ്ചരാധിപനിത്ഥമുണര്‍ത്തിച്ച
വാര്‍ത്ത കേട്ടാസ്ഥയോടും പുരുഷോത്തമന്‍
കാലത്തു നീ വരുത്തീടുകെന്നാനഥ
പൗലസ്ത്യയാനവും വന്നു വന്ദിച്ചിതു
ജാനകിയോടുമനുജനോടും ചെന്നു
മാനവവീരന്‍ വിമാനവുമേറിനാന്‍
അര്‍ക്കാത്മജാദി കപിവരന്മാരൊടും
നക്തഞ്ചാധിപനോടും രഘൂത്തമന്‍
മന്ദസ്മിതം പൂണ്ടരുള്‍ചെയ്തിതാദരാല്‍
‘മന്ദേതരം ഞാനയദ്ധ്യയ്ക്കു പോകുന്നു
മിത്രകാര്യം കൃത്യമായിതു നിങ്ങളാല്‍
ശത്രുഭയമിനി നിങ്ങള്‍ക്കകപ്പെടാ
മര്‍ക്കടരാജ! സുഗ്രീവ! മഹാമതേ!
കിഷ്കിന്ധയില്‍ ചെന്നു വാഴ്ക നീ സൗഖ്യമായ്‌
ആശരാധീശ! വിഭീഷണ! ലങ്കയി-
ലാശു പോയ്‌ വാഴ്ക നീയും ബന്ധുവര്‍ഗ്ഗവും’
കാകുത്സ്ഥനിത്ഥമരുള്‍ചെയ്ത നേരത്തു
വേഗത്തില്‍ വന്ദിച്ചവര്‍കളും ചൊല്ലിന്നാര്‍
‘ഞങ്ങളും കൂടെ വിടകൊണ്ടയോദ്ധ്യയി-
ലങ്ങു കൗസല്യാദികളെയും വന്ദിച്ചു
മംഗലമാമ്മാറഭിഷേകവും കണ്ടു
തങ്ങള്‍തങ്ങള്‍ക്കുള്ളവിടെ വാണീടുവാന്‍
ഉണ്ടാകവേണം തിരുമനസ്സെങ്കിലേ
കുണ്ഠത ഞങ്ങള്‍ക്കു തീരു ജഗല്‍പ്രഭോ!’
‘അങ്ങനെതന്നെ നമുക്കുമഭിമതം
നിങ്ങള്‍ക്കുമങ്ങനെ തോന്നിയതത്ഭുതം
എങ്കിലോ വന്നു വിമാനമേറീടുവിന്‍
സങ്കടമെന്നിയേ മിത്രവിയോഗജം’
സേനയാ സാര്‍ദ്ധം നിശാചരരാജനും
വാനര്‍ന്മാരും വിമാനമേറീടിനാര്‍
സംസാരനാശനാനുജ്ഞയാ പുഷ്പകം
ഹംസസമാനം സമുല്‍പതിച്ചു തദാ
നക്തഞ്ചരേന്ദ്രസുഗ്രീവാനുജപ്രിയാ-
യുക്തന‍ാം രാമനെക്കൊണ്ടു വിമാനവും
എത്രയും ശോഭിച്ചതംബരാന്തേ തദാ
മിത്രബിംബം കണക്കേ ധനദാസനം
ഉത്സംഗസീമ്‌നി വിന്യസ്യ സീതാഭക്ത-
വത്സലന്‍ നാലു ദിക്കും പുനരാലോക്യ
‘വത്സേ! ജനകാത്മജേ! ഗുണ വല്ലഭേ!
സത്സേവിതേ! സരസീരുഹലോചനേ!
പശ്യ ത്രികൂടാചലോത്തമ‍ാംഗസ്ഥിതം
വിശ്വവിമോഹനമായ ലങ്കാപുരം
യുദ്ധാങ്കണം കാണ്‍കതിലങ്ങു ശോണിത-
കര്‍ദ്ദമമ‍ാംസാസ്ഥിപൂര്‍ണ്ണം ഭയങ്കരം
അത്രൈവ വാനര രാക്ഷസന്മാര്‍ തമ്മി-
ലെത്രയും ഘോരമായുണ്ടായി സംഗരം
അത്രൈവ രാവണന്‍ വീണു മരിച്ചിതെ-
ന്നസ്ത്രമേറ്റുത്തമേ! നിന്നുടെ കാരണം
കുംഭകര്‍ണ്ണന്‍ മകരാക്ഷനുമെന്നുടെ-
യമ്പുകൊണ്ടത്ര മരിച്ചിതു വല്ലഭേ!
വൃത്രാരിജിത്തുമതികായനും പുന-
രത്ര സൗമിത്രിതന്നസ്ത്രമേറ്റുത്തമേ!
വീണു മരിച്ചിതു പിന്നെയും മറ്റുള്ള
കൗണപന്മാരെക്കപികള്‍ കൊന്നീടിനാര്‍
സേതു ബന്ധിച്ചതും കാണെടോ! സാഗരേ
ഹേതു ബന്ധിച്ചതതിന്നു നീയല്ലയോ?
സേതുബന്ധം മഹാതീര്‍ത്ഥം പ്രിയേ! പഞ്ച-
പാതകനാശനം ത്രൈലോക്യപൂജിതം
കണ്ടാലുമുണ്ട‍ാം ദുരിതവിനാശനം
കണ്ടാലുമങ്ങതിന്നത്ര രാമേശ്വരം
എന്നാല്‍ പ്രതിഷ്ഠിതനായ മഹേശ്വരന്‍
പന്നഗഭൂഷണന്‍ തന്നെ വണങ്ങു നീ
അത്ര വന്നെന്നെശ്ശരണമായ്‌ പ്രാപിച്ചി-
തുത്തമനായ വിഭീഷണന്‍ വല്ലഭേ!
പുഷ്കരനേത്രേ! പുരോഭുവി കാണേടോ!
കിഷ്കിന്ധയാകും കപീന്ദ്രപുരീമിമ‍ാം’
ശ്രുത്വാ മനോഹരം ഭര്‍ത്തൃവാക്യം മുദാ
പൃത്ഥ്വീസുതയുമപേക്ഷിച്ചതന്നേരം
‘താരാദിയായുള്ള വാനരസുന്ദരി-
മാരെയും കണ്ടങ്ങു കൊണ്ടുപോയീടണം
കൗതൂഹലമയോദ്ധ്യാപുരിവാസിന‍ാം
ചേതസി പാരമുണ്ടായ്‌വരും നിര്‍ണ്ണയം
വാനരവീരരുമൊട്ടുനാളുണ്ടല്ലോ
മാനിനിമാരെപ്പിരിഞ്ഞിരുന്നീടുന്നു!
ഭര്‍ത്തൃവിയോഗജദുഃഖമിന്നെന്നോള-
മിത്രിലോകത്തിങ്കലാരറിഞ്ഞിട്ടുള്ളു!
എന്നാലിവരുടെ വല്ലഭമാരെയു-
മിന്നുതന്നെ കൂട്ടികൊണ്ടുപോയീടണം
രാഘവന്‍ ത്രൈലോക്യനായകന്‍തന്നിലു-
ള്ളാകൂതമപ്പോളറിഞ്ഞു വിമാനവും
ക്ഷോണീതലം നോക്കി മന്ദമന്ദം തദാ
താണതുകണ്ടരുള്‍ചെയ്തു രഘൂത്തമന്‍
‘വാനരവീരരേ നിങ്ങള്‍ നിജനിജ-
മാനിനിമാരെ വരുത്തുവിനേവരും’
മര്‍ക്കടവീരരതു കേട്ടു മോദേന
കിഷ്കിന്ധപുക്കു നിജ‍ാംഗനമാരെയും
പോകെന്നു ചൊല്ലി വിമാനം കരേറ്റിനാര്‍
ശാഖാമൃഗാധിപന്മാരും കരേറിനാര്‍
താരാര്‍മകളായ ജാനകീദേവിയും
താരാരുമാദികളോടു മോദാന്വിതം
ആലോകനാലാപ മന്ദഹാസാദി ഗാ-
ഢാലിംഗനഭ്രൂചലനാദികള്‍കൊണ്ടു
സംഭാവനചെയ്തവരുമായ്‌ വേഗേന
സംപ്രീതിപൂണ്ടു തിരിച്ചു വിമാനവും
വിശ്വൈകനായകന്‍ ജാനകിയോടരു-
ളിച്ചെയ്തിതു പരമാനന്ദസംയുതം
‘പശ്യ മനോഹരേ! ദേവി! വിചിത്രമാ-
മൃശ്യമൂകാചലമുത്തുംഗമെത്രയും
അത്രൈവ വൃത്രാരിപുത്രനെക്കൊന്നതും
മുഗ്ദ്ധ‍ാംഗി പഞ്ചവടി നാമിരുന്നേടം
വന്ദിച്ചുകൊള്‍കഗസ്ത്യാശ്രമം ഭക്തി പൂ-
ണ്ടിന്ദീവരാക്ഷി സുതീക്ഷ്ണാശ്രമത്തെയും
ചിത്രകൂടാചലം പണ്ടു ന‍ാം വാണേട-
മത്രൈവ കണ്ടു ഭരതനെ നാമെടോ!
ഭദ്രേ മുദാ ഭരദ്വാജാശ്രമം കാണ്‍ക!
ശുദ്ധീകരം യമുനാതടശോഭിതം
ഗംഗാനദിയതിന്നങ്ങേ,തതിന്നങ്ങു
ശൃംഗിവേരന്‍ ഗുഹന്‍ വാഴുന്ന നാടെടോ!
പിന്നെസ്സരയൂനദിയതിന്നങ്ങേതു
ധന്യമയോദ്ധ്യനഗരം മനോഹരേ!
ഇത്ഥമരുള്‍ചെയ്ത നേരത്തു രാഘവന്‍-
ചിത്തമറിഞ്ഞാശു താണു വിമാനവും
വന്ദിച്ചിതു ഭരദ്വാജമുനീന്ദ്രനെ
നന്ദിച്ചനുഗ്രഹം ചെയ്തു മുനീന്ദ്രനും
രാമനും ചോദിച്ചിതപ്പോ’ളയോദ്ധ്യയി-
ലാമയമേതുമൊന്നില്ലയല്ലീ മുനേ?’
മാതൃജനത്തിനും സൗഖ്യമല്ലീ മമ
സോദരന്മാര്‍ക്കുമാചാര്യജനത്തിനും?’
താപസശ്രേഷ്ഠനരുള്‍ചെയ്തിതന്നേരം
‘താപമൊരുവര്‍ക്കുമില്ലയോദ്ധ്യാപുരേ
നിത്യം ഭരതശത്രുഘ്നകുമാരന്മാര്‍
ശുദ്ധമാകും ഫലമൂലവും ഭക്ഷിച്ചു
ഭക്ത്യാ ജടാവല്‍ക്കലാദികളും പൂണ്ടു
സത്യസ്വരൂപന‍ാം നിന്നെയും പാര്‍ത്തുപാര്‍-
ത്താഹന്ത! സിംഹാസനേ പാദുകം വച്ചു
മോഹം ത്യജിച്ചു പുഷ്പാഞ്ജലിയും ചെയ്തു
കര്‍മ്മങ്ങളെല്ലാമതിങ്കല്‍ സമര്‍പ്പിച്ചു
സമ്മതന്മാരായിരിക്കുന്നിതെപ്പൊഴും
ത്വല്‍പ്രസാദത്താലറിഞ്ഞിരിയ്ക്കുന്നിതു
ചില്‍പുരുഷപ്രഭോ! വൃത്തന്തമൊക്കെ ഞാന്‍
സീതാഹരണവും സുഗ്രീവസഖ്യവും
യാതുധാനന്മാരെയൊക്കെ വധിച്ചതും
യുദ്ധപ്രകാരവും മാരുതിതന്നുടെ
യുദ്ധപരാക്രമവും കണ്ടിതൊക്കവേ
ആദിമദ്ധ്യാന്തമില്ലാത പരബ്രഹ്മ-
മേതു തിരിക്കരുതാതൊരു വസ്തു നീ
സാക്ഷാല്‍ മഹാവിഷ്ണു നാരായണനായ
മോക്ഷപ്രദന്‍ നിന്തിരുവടി നിര്‍ണ്ണയം
ലക്ഷ്മീഭഗവതി സീതയാകുന്നതും
ലക്ഷ്മണനായതനന്തന്‍ ജഗല്‍പ്രഭോ!
ഇന്നു നീ ശുദ്ധമാക്കേണം മമാശ്രമം
ചെന്നയോദ്ധ്യാപുരം പുക്കീടടുത്തനാള്‍’
കര്‍ണ്ണാമൃതമ‍ാം മുനിവാക്കു കേട്ടുപോയ്‌
പര്‍ണ്ണശാലാമകം പുക്കിതു രാഘവന്‍
പൂജിതനായ്‌ ഭ്രാതൃഭാര്യാസമന്വിതം
രാജീവനേത്രനും പ്രീതിപൂണ്ടീടിനാന്‍

ദേവേന്ദ്രസ്തുതി

സംക്രന്ദനന്‍ തദാ രാമനെ നിര്‍ജ്ജര-
സംഘേന സാര്‍ദ്ധം വണങ്ങി സ്തുതിച്ചിതു
‘രാമചന്ദ്ര! പ്രഭോ! പാഹി മ‍ാം പാഹി മ‍ാം
രാമഭദ്ര! പ്രഭോ! പാഹി മ‍ാം പാഹി മ‍ാം
ഞങ്ങളെ രക്ഷിപ്പതിന്നു മറ്റാരുള്ള-
തിങ്ങനെ കാരുണ്യപീയൂഷവാരിധേ!
നിന്തിരുനാമാമൃതം ജപിച്ചീടുവാന്‍
സന്തതം തോന്നേണമെന്‍പോറ്റി മാനസേ
നിന്‍ ചരിതാമൃതം ചൊല്‌വാനുമെപ്പൊഴു-
മെന്‍ ചെവികൊണ്ടു കേള്‍പ്പാനുമനുദിനം
യോഗം വരുവാനനുഗ്രഹിച്ചീടണം
യോഗമൂര്‍ത്തേ! ജനകാത്മജാവല്ലഭ!
ശ്രീമഹാദേവനും നിന്തിരുനാമങ്ങള്‍
രാമരാമേതി ജപിയ്ക്കുന്നിതന്വഹം
ത്വല്‍പാദതീര്‍ത്ഥം ശിരസി വഹിയ്ക്കുന്നി-
തെപ്പോഴുമാത്മശുദ്ധിയ്ക്കുമാവല്ലഭന്‍’
ഏവം പലതരം ചൊല്ലി സ്തുതിച്ചോരു
ദേവേന്ദ്രനോടരുള്‍ചെയ്തിതു രാഘവന്‍
‘മൃത്യു ഭവിച്ച കപികുലവീരരെ-
യത്തല്‍ക്കളഞ്ഞു ജീവിപ്പിക്കയും വേണം
പക്വഫലങ്ങള്‍ കപികള്‍ ഭക്ഷിയ്ക്കുമ്പോ-
ളൊക്കെ മധുരമാക്കിച്ചമച്ചീടുക
വാനരന്മാര്‍ക്കു കുടിപ്പാന്‍ നദികളും
തേനായൊഴുകേണ’മെന്നു കേട്ടിന്ദ്രനും
എല്ലാമരുള്‍ചെയ്തവണ്ണം വരികെന്നു
കല്യാണമുള്‍ക്കൊണ്ടനുഗ്രഹിച്ചീടിനാന്‍
നന്നായുറങ്ങിയുണര്‍ന്നവരെപ്പോലെ
മന്നവന്‍തന്നെത്തൊഴുതാരവര്‍കളും
ചന്ദ്രചൂഡന്‍ പരമേശ്വരനും രാമ-
ചന്ദ്രനെ നോക്കിയരുള്‍ചെയ്തിതന്നേരം
‘നിന്നുടെ താതന്‍ ദശരഥന്‍ വന്നിതാ
നിന്നു വിമാനമമര്‍ന്നു നിന്നെക്കാണ്മാന്‍
ചെന്നു വണങ്ങുകെ’ന്നന്‍പോടു കേട്ടഥ
മന്നവന്‍ സംഭ്രമം പൂണ്ടു വണങ്ങിനാന്‍
വൈദേഹിതാനും സുമിത്രാതനയനു-
മാദരവോടു വന്ദിച്ചു ജനകനെ
ഗാഢം പുണര്‍ന്നു നിറുകയില്‍ ചുംബിച്ചു
ഗൂഢനായോരു പരമപുരുഷനെ
സൗമിത്രിതന്നെയും മൈഥിലിതന്നെയും
പ്രേമപൂര്‍ണ്ണം പുണര്‍ന്നാനന്ദമഗ്നനായ്‌
ചിന്മയനോടു പറഞ്ഞു ദശരഥ-
നെന്മകനായി പിറന്ന ഭവാനെ ഞാന്‍
നിര്‍മ്മലമൂര്‍ത്തേ! ധരിച്ചതിന്നാകയാല്‍
ജന്മമരാണാദി ദുഃഖങ്ങള്‍ തീര്‍ന്നിതു
നിന്മഹാമായ മോഹിപ്പിയായ്കെന്നെയും
കല്‍മഷനാശന! കാരുണ്യവാരിധേ!
താതവാക്യം കേട്ടു രാമചന്ദ്രന്‍ തദാ
മോദേന പോവാനനുവദിച്ചീടിനാന്‍
ഇന്ദ്രാദിദേവകളോടും ദശരഥന്‍
ചെന്നമരാവതി പുക്കു മരുവിനാന്‍
സത്യസന്ധന്‍തന്നെ വന്ദിച്ചനുജ്ഞയാ
സത്യലോകം ചെന്നു പുക്കു വിരിഞ്ചനും
കാത്യായനീദേവിയോടും മഹേശ്വരന്‍
പ്രീത്യാ വൃഷാരൂഢനായെഴുന്നള്ളിനാന്‍
ശ്രീരാമചന്ദ്രനിയോഗേന പോയിതു
നാരദനാദി മഹാമുനിവൃന്ദവും
പുഷ്കരനേത്രനെ വാഴ്ത്തി നിരാകുലം
പുഷ്കരചാരികളും നടന്നീടിനാര്‍

സീതാസ്വീകരണം

പിന്നെ ഹനുമാനെ നോക്കിയരുള്‍ചെയ്തു
മന്നവന്‍ ‘നീ പൊയ്‌ വിഭീഷണാനുജ്ഞയാ
ചെന്നു ലങ്കാപുരം പുക്കറിയിക്കണം
തന്വംഗിയാകിയ ജാനകിയോടിദം
നക്തഞ്ചരാധിപനിഗ്രഹമാദിയ‍ാം
വൃത്താന്തമെല്ല‍ാം പറഞ്ഞു കേള്‍പ്പിക്കണം
എന്നാലവളുടെ ഭാവവും വാകുമി-
ങ്ങെന്നോടു വന്നു പറക നീ സത്വരം’
എന്നതു കേട്ടു പവനതനയനും
ചെന്നുലങ്കാപുരം പ്രാപിച്ചനന്തരം
വന്നു നിശാചരര്‍ സല്‍ക്കരിച്ചീടിനാര്‍
നന്ദിതനായൊരു മാരുത പുത്രനും
രാമപാദാബ്ജവും ധ്യാനിച്ചിരിയ്ക്കുന്ന
ഭൂമിസുതയെ നമസ്കരിച്ചീടിനാന്‍
വക്ത്രപ്രസാദമാലോക്യ കപിവരന്‍
വൃത്താന്തമെല്ല‍ാം പറഞ്ഞുതുടങ്ങിനാന്‍
‘ലക്ഷ്മണനോടും വിഭീഷന്‍തന്നൊടും
സുഗ്രീവനാദിയ‍ാം വാനരന്മാരൊടും
രക്ഷോവരന‍ാം ദശഗ്രീവനെക്കൊന്നു
ദുഃഖമകന്നു തെളിഞ്ഞു മേവീടിനാന്‍
ഇത്ഥം ഭവതിയോടൊക്കെപ്പറകെന്നു
ചിത്തം തെളിഞ്ഞരുള്‍ചെയ്തിതറിഞ്ഞാലും’
സന്തോഷമെത്രയുണ്ടായിതു സീതയ്ക്കെ-
ന്നെന്തു ചൊല്ലാവതു ജാനകീദേവിയും
ഗദ്ഗദവര്‍ണ്ണേന ചൊല്ലിനാ’ളെന്തു ഞാന്‍
മര്‍ക്കടശ്രേഷ്ഠ! ചൊല്ലേണ്ടതു ചൊല്ലു നീ
ഭര്‍ത്താവിനെക്കണ്ടുകൊള്‍വാനുപായമെ-
ന്തെത്ര പാര്‍ക്കേണമിനിയും ശുചൈവ ഞാന്‍
നേരത്തിതിന്നു യോഗം വരുത്തീടുനീ
ധീരത്വമില്ലിനിയും പൊറുത്തീടുവാന്‍’
വാതാത്മജനും രഘുവരന്‍തന്നോടു
മൈഥിലീഭാഷിതം ചെന്നു ചൊല്ലീടിനാന്‍
ചിന്തിച്ചു രാമന്‍ വിഭീഷണന്‍ തന്നോടു
സന്തുഷ്ടനായരുള്‍ചെയ്താന്‍ ‘വിരയെ നീ
ജാനകീദേവിയെച്ചെന്നു വരുത്തുക
ദീനതയുണ്ടുപോല്‍ കാണായ്കകൊണ്ടുമ‍ാം
സ്നാനം കഴിപ്പിച്ചു ദിവ്യ‍ാംബരാഭര-
ണാനുലേപാദ്യലങ്കാരമണിയിച്ചു
ശില്‍പമായോരു ശിബികമേലാരോപ്യ
മല്‍പുരോഭാഗേ വരുത്തുക സത്വരം.’
മാരുതിതന്നോടുകൂടെ വിഭീഷണ-
നാരാമദേശം പ്രവേശിച്ചു സാദരം
വൃദ്ധമാരായ നാരീജനത്തെക്കൊണ്ടു
മുഗ്ദ്ധ‍ാംഗിയെക്കുളിപ്പിച്ചു ചമയിച്ചു
തണ്ടിലെടുപ്പിച്ചുകൊണ്ടു ചെല്ലുന്നേര-
മുണ്ടായ്‌ ചമഞ്ഞിതൊരു ഘോഷനിസ്വനം
വാനരവീരരും തിക്കിത്തിരക്കിയ-
ജ്ജാനകീദേവിയെക്കണ്ടുകൊണ്ടീടുവാന്‍
കൂട്ടമിട്ടങ്ങണയുന്നതു കണ്ടൊരു
യാഷ്ടികന്മാരണഞ്ഞാട്ടിയകറ്റിനാര്‍
കോലാഹലം കേട്ടു രാഘവന്‍ കാരുണ്യ-
ശാലി വിഭീഷണന്‍ തന്നോടരുള്‍ചെയ്തു
‘വാനരന്മാരെയുപദ്രവിപ്പാനുണ്ടോ
ഞാനുരചെയ്തിതു നിന്നോടിതെന്തെടോ?
ജാനകീദേവിയെക്കണ്ടാലതിനൊരു
ഹാനിയെന്തുള്ളതതു പറഞ്ഞീടു നീ?
മാതാവിനെച്ചെന്നു കാണുന്നതുപോലെ
മൈഥിലിയെച്ചെന്നു കാണ്ടാലുമേവരും
പാദചാരേണ വരേണമെന്നന്തികേ
മേദിനീനന്ദിനി കിം തത്ര ദൂഷണം?’
കാര്യാര്‍ത്ഥമായ്‌ പുരാ നിര്‍മ്മിതമായൊരു
മായാജനകജാരൂപം മഹോഹരം
കണ്ടു കോപം പൂണ്ടു വാച്യവാദങ്ങളെ-
പ്പുണ്ഡരീകാക്ഷന്‍ ബഹുവിധം ചൊല്ലിനാന്‍
ലക്ഷ്മണനോടു മായാസീതയും ശുചാ
തല്‍ക്ഷണേ ചൊല്ലിനാളേതുമേ വൈകാതെ
‘വിശ്വാസമാശു മല്‍ഭര്‍ത്താവിനും മറ്റു
വിശ്വത്തില്‍ വാഴുന്നവര്‍ക്കും വരുത്തുവാന്‍
കുണ്ഡത്തിലഗ്നിയെ നന്നായ്‌ ജ്വലിപ്പിക്ക
ദണ്ഡമില്ലേതുമെനിക്കതില്‍ ചാടുവാന്‍’
സൗമിത്രിയുമതു കേട്ടു രഘൂത്തമ
സൗമുഖഭാവമാലോക്യ സസംഭ്രമം
സാമര്‍ത്ഥ്യമേറുന്ന വാനരന്മാരുമായ്‌
ഹോമകുണ്ഡം തീര്‍ത്തു തീയും ജ്വലിപ്പിച്ചു
രാമപാര്‍ശ്വം പ്രവേശിച്ചു നിന്നീടിനാന്‍
ഭൂമിസുതയുമന്നേരം പ്രസന്നയായ്‌
ഭര്‍ത്താരമാലോക്യ ഭക്ത്യാ പ്രദക്ഷിണം
കൃത്വാ മുഹുസ്ത്രയം ബദ്ധാഞ്ജലിയൊടും
ദേവദ്വിജേന്ദ്രതപോധനന്മാരെയും
പാവകന്‍തന്നെയും വന്ദിച്ചു ചൊല്ലിനാള്‍
‘ഭര്‍ത്താവിനെയൊഴിഞ്ഞന്യനെ ഞാന്‍ മമ
ചിത്തേ നിരൂപിച്ചതെങ്കിലതിന്നു നീ
സാക്ഷിയല്ലോ സകലത്തിനുമാകയാല്‍
സാക്ഷാല്‍ പരമാര്‍ത്ഥമിന്നറിയിക്ക നീ’
എന്നു പറഞ്ഞുടന്‍ മൂന്നു വലം വച്ചു
വഹ്നിയില്‍ ചാടിനാള്‍ കിഞ്ചില്‍ ഭയം വിനാ
ദുശ്‌ച്യവനാദികള്‍ വിസ്മയപ്പെട്ടിതു
നിശ്‌ചലമായിതു ലോകവുമന്നേരം
ഇന്ദ്രനും കാലനും പാശിയും വായുവും
വൃന്ദാകരാധിപന്മാരും കുബേരനും
മന്ദാകിനീധരന്‍താനും വിരിഞ്ചനും
സുന്ദരിമാരാകുമപ്സരസ്ത്രീകളും
ഗന്ധര്‍വ്വ കിന്നര കിംപുരുഷന്മാരു
ദന്ദശുകന്മാര്‍ പിതൃക്കള്‍ മുനികളും
ചാരണഗുഹ്യസിദ്ധസാദ്ധ്യന്മാരും
നാരദ തുംബുരുമുഖ്യജനങ്ങളും
മറ്റും വിമാനാഗ്രചാരികളൊക്കവേ
ചുറ്റും നിറഞ്ഞിതു, രാമന്‍തിരുവടി
നിന്നരുളും പ്രദേശത്തിങ്കലന്നേരം
വന്ദിച്ചിതെല്ലാവരേയും നരേന്ദ്രനും
രാമചന്ദ്രം പരമാത്മാനമന്നേരം
പ്രേമമുള്‍ക്കൊണ്ടു പുകഴ്‌ന്നു തുടങ്ങിനാര്‍
‘സര്‍വ്വലോകത്തിനും കര്‍ത്താ ഭവാനല്ലോ
സര്‍വ്വത്തിനും സാക്ഷിയാകുന്നുതും ഭവാന്‍
അജ്ഞാനവിഗ്രഹനാകുന്നതും ഭവാന്‍
അജ്ഞാനനാശകനാകുന്നതും ഭവാന്‍
സൃഷ്ടികര്‍ത്താവ‍ാം വിരിഞ്ചനാകുന്നതു-
മഷ്ടവസുക്കളിലഷ്ടമനായതും
ലോകത്തിനാദിയും മദ്ധ്യവുമന്തവു-
മേകന‍ാം നിത്യസ്വരൂപന്‍ ഭവാനല്ലോ
കര്‍ണ്ണങ്ങളായതുമശ്വനീദേവകള്‍
കണ്ണുകളായതുമാദിത്യചന്ദ്രന്മാര്‍
ശുദ്ധനായ്‌ നിത്യനായദ്വയനായൊരു
മുക്തനാകുന്നതും നിത്യം ഭവാനല്ലൊ
നിന്നുടെ മായയാ മൂടിക്കിടപ്പവര്‍
നിന്നെ മനുഷ്യനെന്നുള്ളിലോര്‍ത്തീടുവോര്‍
നിന്നുടെ നാമസ്മരണമുള്ളോരുള്ളില്‍
നന്നായ്‌ പ്രകാശിയ്ക്കുമാത്മപ്രബോധവും
ദുഷ്ടന‍ാം രാവണന്‍ ഞങ്ങളുടെ പദ-
മൊട്ടൊഴിയാതെയടക്കിനാന്‍ നിര്‍ദ്ദയം
നഷ്ടനായാനവനിന്നു നിന്നാലിനി-
പ്പുഷ്ടസൗഖ്യം വസിക്ക‍ാം ത്വല്‍ക്കരുണയാ’
ദേവകളിത്ഥം പുകഴ്ത്തും ദശാന്തരേ
ദേവന്‍ വിരിഞ്ചനും വന്ദിച്ചു വാഴ്ത്തിനാന്‍
‘വന്ദേ പദം പരമാനന്ദമദ്വയം
വന്ദേ പദമശേഷസ്തുതികാരണം
അദ്ധ്യാത്മജ്ഞാനികളാല്‍ പരിസേവിതം
ചിത്തസത്താമാത്രമവ്യയമീശ്വരം
സര്‍വ്വഹൃദിസ്ഥിതം സര്‍വ്വജഗന്മയം
സര്‍വ്വലോകപ്രിയം സര്‍വ്വജ്ഞമത്ഭുതം
രത്നകിരീടം രവിപ്രഭം കാരുണ്യ-
രത്നാകരം രഘുനാഥം രമാവരം
രാജരാജേന്ദ്രം രജനീചരാന്തകം
രാജീവലോചനം രാവണനാശനം
മായാപരമജം മായാമയം മനു-
നായകം മായാവിഹീനം മധുദ്വിഷം
മാനവം മാനഹീനം മനുജോത്തമം
മാധുര്യസാരം മനോഹരം മാധവം
യോഗിചിന്ത്യം സദാ യോഗിഗമ്യം മഹാ-
യോഗവിധാനം പരിപൂര്‍ണ്ണമച്യുതം
രാമം രമണീയരൂപം ജഗദഭി-
രാമം സദൈവ സീതാഭിരാമം ഭജേ’
ഇത്ഥം വിധാതുസ്തുതികേട്ടു രാഘവന്‍
ചിത്തമാനന്ദിച്ചിരുന്നരുളുന്നേരം
ആശ്രയാശന്‍ ജഗദാശ്രയഭൂതയാ-
നാശ്രിതവത്സലയായ വൈദേഹിയെ
കാഴ്ചയായ്‌ കൊണ്ടുവന്നാശു വണങ്ങിനാ-
നാശ്ചര്യമുള്‍ക്കൊണ്ടു നിന്നിതെല്ലാവരും
‘ലങ്കേശനിഗ്രഹാര്‍ത്ഥം വിപിനത്തില്‍ നി-
ന്നെങ്കലാരോപിതയാകിയ ദേവിയെ
ശങ്കാവിഹീനം പരിഗ്രഹിച്ചീടുക
സങ്കടം തീര്‍ന്നു ജഗത്ത്രയത്തിങ്കലും’
പാവകനെപ്രതി പൂജിച്ചു രാഘവന്‍
ദേവിയെ മോദാല്‍ പരിഗ്രഹിച്ചീടിനാന്‍
പങ്കേരുഹാക്ഷനും ജാനകീദേവിയെ-
സ്വാങ്കേ സമാവേശ്യ ശോഭിച്ചിതേറ്റവും

വിഭീഷണരാജ്യാഭിഷേകം

ലക്ഷ്മണനോടരുള്‍ചെയ്തിതു രാമനും
‘രക്ഷോവരന‍ാം വിഭീഷണായ്‌ മയാ
ദത്തമായോരു ലങ്കാരാജ്യമുള്‍പുക്കു
ചിത്തമോദാലഭിഷേകം കഴിക്ക നീ’
എന്നതുകേട്ടു കപിവരന്മാരൊടും
ചെന്നു ശേഷിച്ച നിശാചരന്മാരുമായ്‌
അര്‍ണ്ണവതോയാദി തീത്ഥജലങ്ങളാല്‍
സ്വര്‍ണ്ണകലശങ്ങള്‍ പൂജിച്ചു ഘോഷിച്ചു
വാദ്യഘോഷത്തോടു താപസന്മാരുമാ-
യാര്‍ത്തുവിളിച്ചഭിഷേകവും ചെയ്തിതു
ഭൂമിയും ചന്ദ്രദിവാകരരാദിയും
രാകമഥയുമുള്ളന്നു വിഭീഷണന്‍
ലങ്കേശനായ്‌ വാഴുകെന്നു കിരീടാദ്യ-
ലങ്കാരവു ചെയ്തു ദാനപുരസ്കൃതം
പൂജ്യനായോരു വിഭീഷണനായ്ക്കൊണ്ടു
രാജ്യനിവാസികള്‍ കാഴ്ചയും വച്ചിതു
വാച്ച കുതൂഹലം പൂണ്ടു വിഭീഷനന്‍
കാഴ്ചയുമെല്ലാമെടുപ്പിച്ചു കൊണ്ടുവ-
ന്നാസ്ത്ഥയാ രാഘവന്‍ തൃക്കാല്‍ക്കല്‍ വച്ചഭി-
വാദ്യവും ചെയ്തു വിഭീഷണനാദരാല്‍
നക്തഞ്ചരേന്ദ്രപ്രസാദത്തിനായ്‌ രാമ-
ഭദ്രനതെല്ല‍ാം പരിഗ്രഹിച്ചീടിനാന്‍
‘ഇപ്പോള്‍ കൃതകൃത്യനായേനഹ’മെന്നു
ചില്‍പുരുഷന്‍ പ്രസാദിച്ചരുളീടിനാന്‍
അഗ്രേ വിനീതനായ്‌ വന്ദിച്ചു നില്‍ക്കുന്ന
സുഗ്രീവനെപ്പുനരാലിംഗനം ചെയ്തു
സന്തുഷ്ടനായരുള്‍ചെയ്തിതു രാഘവന്‍
‘ചിന്തിച്ചതെല്ല‍ാം ലഭിച്ചു നമുക്കെടോ!
ത്വത്സാഹയത്വേന രാവണന്‍ തന്നെ ഞാ-
നുത്സാഹമോടു വധിച്ചിതു നിശ്ചയം
ലങ്കേശ്വരനായ്‌ വിഭീഷണന്‍ തന്നെയും
ശങ്കാവിഹീനമഭിഷേകവും ചെയ്തു.’

രാവണവധം

രാഘവന്‍ മാതലിയോടരുളിച്ചെയ്തി-
‘താകുലമെന്നിയേ തേര്‍ നടത്തീടു നീ’
മാതലി തേരതിവേഗേന കൂട്ടിനാ-
നേതുമേ ചഞ്ചലമില്ല ദശാസ്യനും
മൂടി പൊടികൊണ്ടു ദിക്കുമുടനിട-
കൂടി ശരങ്ങളുമെന്തൊരു വിസ്മയം.
രാത്രിഞ്ചരന്റെ കൊടിമരം ഖണ്ഡിച്ചു
ധാത്രിയിലിട്ടു ദശരഥപുത്രനും
യാധുധാനാധിപന്‍ വാജികള്‍ തമ്മെയും
മാതലിതന്നെയുമേറെയെയ്തീടിനാന്‍
ശൂലം മുസലം ഗദാദികളും മേല്‍ക്കു-
മേലേ പൊഴിച്ചിതു രാക്ഷസരാജനും
സായകജാലം പൊഴിച്ചവയും മുറി-
ച്ചായോധനത്തിന്നടുത്തിനു രാമനും
ഏറ്റമണഞ്ഞുമകന്നും വലംവച്ചു-
മേറ്റുമിടംവച്ചുമൊട്ടു പിന്‍വാങ്ങിയും
സാരഥിമാരുടെ സൗത്യകൗശല്യവും
പോരാളികളുടേ യുദ്ധകൗശല്യവും
പണ്ടുകീഴില്‍ കണ്ടതില്ല നാമീവണ്ണ-
മുണ്ടാകയുമില്ലിവണ്ണമിനി മേലില്‍
എന്നു ദേവാദികളും പുകഴ്ത്തീടിനാര്‍
നന്നുനന്നെന്നു തെളിഞ്ഞിതു നാരദന്‍
പൗലസ്ത്യരാഘവന്മാര്‍തൊഴില്‍ കാണ്‍കയാല്‍
ത്രൈലോക്യവാസികള്‍ ഭീതിപൂണ്ടീടിനാര്‍
വാതമടങ്ങി മറഞ്ഞിതു സൂര്യനും
മേദിനിതാനും വിറച്ചിതു പാരമായ്‌
പാഥോനിധിയുമിളകി മറിഞ്ഞിതു
പാതാളവാസികളും നടുങ്ങീടിനാര്‍
‘അംബുധി അംബുധിയോടെന്നെതിര്‍ക്കിലു-
മംബരമംബരത്തോടെതിര്‍ത്തീടിലും
രാഘവരാവണയുദ്ധത്തിനു സമം
രാഘവരാമണയുദ്ധമൊഴിഞ്ഞില്ല’
കേവലമിങ്ങനെ നിന്നു പുകഴ്ത്തിന്നര്‍
ദേവാദികളുമന്നേരത്തു രാഘവന്‍
രാത്രിഞ്ചരന്റെ തലയൊന്നറുത്തുടന്‍
ധാത്രിയിലിട്ടാനതുനേരമപ്പൊഴേ
കൂടെ മുളച്ചുകാണായിതവന്‍തല
കൂടെ മുറിച്ചുകളഞ്ഞു രണ്ടാമതും
ഉണ്ടായിതപ്പോളതും പിന്നെ രാഘവന്‍
ഖണ്ഡിച്ചു ഭൂമിയിലിട്ടാലരക്ഷണാല്‍
ഇത്ഥം മുറിച്ചു നൂറ്റൊന്നു തലകളെ
പൃത്ഥ്വിയിലിട്ടു രഘുകുലസത്തമന്‍
പിന്നെയും പത്തു തലയ്ക്കൊരു വാട്ടമി-
ല്ലെന്നേ വിചിത്രമേ നന്നുനന്നെത്രയും
ഇങ്ങനെ നൂറായിരം തല പോകിലു-
മെങ്ങും കുറവില്ലവന്‍തല പത്തിനും
രാത്രിഞ്ചരാധിപന്‍തന്റെ തപോബലം
ചിത്രം വിചിത്രം വിചിത്രമത്രേ തുലോം
കുംഭകര്‍ണ്ണന്‍ മകരാക്ഷന്‍ ഖരന്‍ ബാലി
വമ്പന‍ാം മാരീചനെന്നിവരാദിയ‍ാം
ദുഷ്ടരെക്കൊന്ന ബാണത്തിനിന്നെന്തതി-
നിഷ്ഠൂരനാമിവനെക്കൊല്ലുവാന്‍ മടി-
യുണ്ടായതിദ്ദശകണ്ഠനെക്കൊല്ലുവാന്‍
കണ്ടീലുപായവുമേതുമൊന്നീശ്വരാ!
ചിന്തിച്ചു രാഘവന്‍ പിന്നെയുമദ്ദശ-
കന്ധരന്‍മെയ്യില്‍ ബാണങ്ങള്‍ തൂകീടിനാന്‍
രാവണനും പൊഴിച്ചീടിനാന്‍ ബാണങ്ങള്‍
ദേവദേവന്‍തിരുമേനിമേലാവോളം
കൊണ്ട ശരങ്ങളെക്കൊണ്ടു രഘുവര-
നുണ്ടായിതുള്ളിലൊരു നിനവന്നേരം
പുഷ്പസമങ്ങളായ്‌ വന്നു ശരങ്ങളും
കെല്‍പുകുറഞ്ഞു ദശാസ്യനും നിര്‍ണ്ണയം
ഏഴുദിവസം മുഴുവനീവണ്ണമേ
രോഷേണനിന്നു പൊരുതോരനന്തരം
മാതലിതാനും തൊഴുതു ചൊല്ലീടിനാ-
‘നേതും വിഷാദമുണ്ടാകായ്ക മാനസേ
മുന്നമഗസ്ത്യതപോധനനാദരാല്‍
തന്ന ബാണം കൊണ്ടു കൊല്ല‍ാം ജഗല്‍പ്രഭോ!
പൈതാമഹാസ്ത്രമതായതെ’ന്നിങ്ങനെ
മാതലി ചൊന്നതു കേട്ടു രഘുവരന്‍
‘നന്നു പറഞ്ഞതു നീയിതെന്നോടിനി-
ക്കൊന്നീടുവന്‍ ദശകണ്ഠനെ നിര്‍ണ്ണയം’
എന്നരുളിച്ചെയ്തു വൈരിഞ്ചമസ്ത്രത്തെ
നന്നായെടുത്തു തൊടുത്തിതു രാഘവന്‍
സൂര്യാനലന്മാരതിന്നു തരം തൂവല്‍
വായുവും മന്ദരമേരുക്കള്‍ മദ്ധ്യമായ്‌
വിശ്വമെല്ല‍ാം പ്രകാശിച്ചൊരു സായകം
വിശ്വാസഭക്ത്യാ ജപിച്ചയച്ചീടിന്നന്‍
രാവണന്‍തന്റെ ഹൃദയം പിളര്‍ന്നു ഭൂ-
ദേവിയും ഭേദിച്ചു വാരിധിയില്‍ പുക്കു
ചോരകഴുകി മുഴുകി വിരവോടു
മാരുതവേഗേന രാഘവന്‍ തന്നുടെ
തൂണിയില്‍ വന്നിങ്ങു വീണു തെളിവോടെ
ബാണവുമെന്തൊരു വിസ്മയ,മന്നേരം
തേരില്‍ നിന്നാശു മറിഞ്ഞുവീണീടിനാന്‍
പാരില്‍ മരാമരം വീണപോലെ തദാ
കല്‍പകവൃക്ഷപ്പുതുമലര്‍ തൂകിനാ-
രുല്‍പന്നമോദേന വാനരരേവരും
അര്‍ക്കകുലോത്ഭവന്‍ മൂദ്ധനി മേല്‍ക്കുമേല്‍
ശക്രനും നേത്രങ്ങളൊക്കെ തെളിഞ്ഞിതു
പുഷ്കരസംഭവനും തെളിഞ്ഞീടിനാ-
നര്‍ക്കനും നേരെയുദിച്ചാനതുനേരം
മന്ദമായ്‌ വീശിത്തുടങ്ങി പവനനും
നന്നായ്‌ വിളങ്ങീ ചതുര്‍ദ്ദശലോകവും
താപസന്മാരും ജയജയ ശബ്ദേന
താപമകന്നു പുകഴ്‌ന്നുതുടങ്ങിനാര്‍
ശേഷിച്ച രാക്ഷസരോടിയകംപുക്കു
കേഴത്തുടങ്ങിനാരൊക്കെ ലങ്കാപുരേ
അര്‍ക്കജന്‍ മാരുതി നീല‍ാംഗദാദിയ‍ാം
മര്‍ക്കടവീരരുമാര്‍ത്തു പുകഴ്ത്തിനാര്‍
അഗ്രജന്‍ വീണതു കണ്ടു വിഭീഷണന്‍
വ്യഗ്രിച്ചരികത്തു ചെന്നിരുന്നകുലാല്‍
ദുഃഖം കലര്‍ന്നു വിലാപം തുടങ്ങിനാ-
‘നൊക്കെ വിധിബലമല്ലോ വരുന്നതും
ഞാനിതൊക്കെപ്പറഞ്ഞീടിനേന്‍ മുന്നമേ
മാനം നടിച്ചെന്നെയും വെടിഞ്ഞീടിന
വീര! മഹാശയനോചിതനായ നീ
പാരിലീവണ്ണം കിടക്കുമാറായതും
കണ്ടിതെല്ല‍ാം ഞാനനുഭവിക്കേണമെ-
ന്നുണ്ടു ദൈവത്തിനതാര്‍ക്കൊഴിക്കാവതും?
ഏവം കരയും വിഭീഷണന്‍തന്നോടു
ദേവദേവേശനരുള്‍ചെയ്തിതാദരാല്‍
‘എന്നോടഭിമുഖനായ്നിന്നു പോര്‍ചെയ്തു
നന്നായ്‌ മരിച്ച മഹാശൂരനാമിവന്‍-
തന്നെക്കുറിച്ചു കരയരുതേതുമേ
നന്നല്ലതുപരലോകത്തിനു സഖേ!
വീരരായുള്ള രാജാക്കള്‍ധര്‍മ്മം നല്ല
പോരില്‍ മരിയ്ക്കുന്നതെന്നറിയേണമേ!
പോരില്‍ മരിച്ചു വീരസ്വര്‍ഗ്ഗസിദ്ധിയ്ക്കു
പാരം സുകൃതികള്‍ക്കെന്നി യോഗം വരാ
ദോഷങ്ങളെല്ലമൊടുങ്ങീതിവന്നിനി-
ശ്ശേഷക്രിയയ്ക്കു തുടങ്ങുക വൈകാതെ’
ഇത്ഥമരുള്‍ ചെയ്തു നിന്നരുളുന്നേരം
തത്ര മണ്ഡോദരി കേണു വന്നീടിനാള്‍
ലങ്കാധിപന്‍മാറില്‍ വീണു കരഞ്ഞുമാ-
തങ്കമുള്‍ക്കൊണ്ടു മോഹിച്ചു പുനരുടന്‍
ഓരോതരം പറഞ്ഞും പിന്നെ മറ്റുള്ള
നാരീജനങ്ങളും കേണുതുടങ്ങിനാര്‍
പംക്തിരഥാത്മജനപ്പോളരുള്‍ചെയ്തു
പംക്തിമുഖാനുജന്‍ തന്നോടു സാദരം
‘രാവണന്‍ തന്നുടല്‍ സംസ്കരിച്ചീടുക
പാവകനെജ്ജ്വലിപ്പിച്ചിനിസ്സത്വരം’
തത്ര വിഭീഷണന്‍ ചൊന്നാ’നിവനോള-
മിത്ര പാപം ചെയ്തവരില്ല ഭൂതലേ
യോഗ്യമല്ലേതുമടിയനിവനുടല്‍-
സംസ്കരിച്ചീടുനാ’നെന്നു കേട്ടേറ്റവും
വന്ന ബഹുമാനമോടെ രഘൂത്തമന്‍
പിന്നെയും ചൊന്നാന്‍ വിഭീഷണന്‍ തന്നോടു
‘മദ്ബാണമേറ്റു രണാന്തേ മരിച്ചൊരു
കര്‍ബ്ബുരാധീശ്വരനറ്റിതു പാപങ്ങള്‍
വൈരവുമാമരണാന്തമെന്നാകുന്നി-
തേറിയ സദ്ഗതിയുണ്ടാവതിന്നു നീ
ശേഷക്രിയകള്‍ വഴിയേ കഴിക്കൊരു
ദോഷം നിനക്കതിനേതുമകപ്പെടാ’
ചന്ദനഗന്ധാദികൊണ്ടു ചിതയുമാ-
നന്ദേന കൂട്ടി മുനിവരന്മാരുമായ്‌
വസ്ത്രാഭരണമാല്യങ്ങള്‍കൊണ്ടും തദാ
നക്തഞ്ചരാധിപദേഹമലങ്കരി-
ച്ചാര്‍ത്തു വാദ്യങ്ങളും ഘോഷിച്ചുകൊണ്ടഗ്നി-
ഹോത്രികളെസ്സംസ്കരിയ്ക്കുന്നവണ്ണമേ
രാവണദേഹം ദഹിപ്പിച്ചു തന്നുടെ
പൂര്‍വ്വജനായുദകക്രിയയും ചെയ്തു
നാരികള്‍ ദുഃഖം പറഞ്ഞു പോക്കിച്ചെന്നു
ശ്രീരാമപാദം നമസ്കരിച്ചീടിനാന്‍
മാതലിയും രഘുനാഥനെ വന്ദിച്ചു
ജാതമോദം പോയ്‌ സുരാലയം മേവിനാന്‍
ചെന്നു നിജനിജ മന്ദിരം പുക്കിതു
ജന്യാവലോകനം ചെയ്തു നിന്നോര്‍കളും

ആദിത്യഹൃദയം

സന്തതം ഭക്ത്യാ നമസ്കരിച്ചീടുക
സന്താപനാശകരായ നമോനമഃ
അന്ധകാരാന്തകാരായ നമോനമഃ
ചിന്താമണേ! ചിദാനന്ദായ നമോനമഃ
നീഹാരനാശകായ നമോനമഃ
മോഹവിനാശകരായ നമോനമഃ
ശാന്തായ രൌദ്രായ സൌമ്യായ ഘോരായ
കാന്തിമത‍ാംകാന്തിരൂപായ തേ നമഃ
സ്ഥവരജംഗമാചാര്യായ തേ നമോ
ദേവായ വിശ്വൈക സാക്ഷിണേ തേ നമഃ 3930
സത്യപ്രധാനായ തത്ത്വായ തേ നമഃ
സത്യസ്വരൂപായ നിത്യം നമോനമഃ
ഇത്ഥമാദിത്യഹൃദയം ജപിച്ചു നീ
ശത്രുക്ഷയം വരുത്തീടുക സത്വരം”
ചിത്തം തെളിഞ്ഞഗസ്ത്യോക്തി കേട്ടെത്രയും
ഭക്തി വര്‍ദ്ധിച്ചു കാകുത്സ്ഥനും കൂപ്പിനാന്‍
പിന്നെ വിമാനവുമേറി മഹാമുനി
ചെന്നു വീണാധരോപാന്തേ മരുവിനാന്‍.

ആദിത്യഹൃദയം

സന്തതം ഭക്ത്യാ നമസ്കരിച്ചീടുക
സന്താപനാശകരായ നമോനമഃ
അന്ധകാരാന്തകാരായ നമോനമഃ
ചിന്താമണേ! ചിദാനന്ദായ നമോനമഃ
നീഹാരനാശകായ നമോനമഃ
മോഹവിനാശകരായ നമോനമഃ
ശാന്തായ രൌദ്രായ സൌമ്യായ ഘോരായ
കാന്തിമത‍ാംകാന്തിരൂപായ തേ നമഃ
സ്ഥവരജംഗമാചാര്യായ തേ നമോ
ദേവായ വിശ്വൈക സാക്ഷിണേ തേ നമഃ 3930
സത്യപ്രധാനായ തത്ത്വായ തേ നമഃ
സത്യസ്വരൂപായ നിത്യം നമോനമഃ
ഇത്ഥമാദിത്യഹൃദയം ജപിച്ചു നീ
ശത്രുക്ഷയം വരുത്തീടുക സത്വരം”
ചിത്തം തെളിഞ്ഞഗസ്ത്യോക്തി കേട്ടെത്രയും
ഭക്തി വര്‍ദ്ധിച്ചു കാകുത്സ്ഥനും കൂപ്പിനാന്‍
പിന്നെ വിമാനവുമേറി മഹാമുനി
ചെന്നു വീണാധരോപാന്തേ മരുവിനാന്‍.

രാമരാവണയുദ്ധം

ഇത്ഥം പറഞ്ഞു യുദ്ധത്തിനൊരുമ്പെട്ടു
ബദ്ധമോദം പുറപ്പെട്ടിതു രാവണന്‍
മൂലബലാദികള്‍ സംഗരത്തിന്നു തല്‍-
കാലേ പുറപ്പെട്ടു വന്നിതു ഭൂതലേ
ലങ്കാധിപന്നു സഹായമായ്‌ വേഗേന
സംഖ്യയില്ലാത ചതുരംഗസേനയും
പത്തു പടനായകന്മാരുമൊന്നിച്ചു
പത്തുകഴുത്തനെക്കൂപ്പിപ്പുറപ്പെട്ടാര്‍
വാരാധിപോലെ പരന്നു വരുന്നതു
മാരുതിമുമ്പ‍ാം കപികള്‍ കണ്ടെത്രയും
ഭീതി മുഴുത്തു വാങ്ങീടുന്നതു കണ്ടു
നീതിമാനാകിയ രാമനും ചൊല്ലിനാന്‍
‘വാനരവീരരേ! നിങ്ങളിവരോടു
മാനം നടിച്ചുചെന്നേല്‍ക്കരുതാരുമേ
ഞാനിവരോടു പോര്‍ചെയ്തൊടുക്കീടുവ-
നാനന്ദമുള്‍ക്കൊണ്ടു കണ്ടുകൊള്‍കേവരും’
എന്നരുള്‍ചെയ്തു നിശാചരസേനയില്‍
ചെന്നു ചാടീടിനാനേകനാമീശ്വരന്‍
ചാപബാണങ്ങളും കൈക്കൊണ്ടു രാഘവന്‍
കോപേന ബാണജാലങ്ങള്‍ തൂകീടിനാന്‍
എത്ര നിശാചരരുണ്ടു വന്നേറ്റതി-
ങ്ങത്ര രാമന്മാരുമുണ്ടെന്നതുപോലെ
രാമമയമായ്‌ ചമഞ്ഞിതു സംഗ്രാമ-
ഭൂമിയുമെന്തൊരു വൈഭവമന്നേരം
‘എന്നോടുതന്നേ പൊരുന്നിതു രാഘവ-’
നെന്നു തോന്നീ രജനീചരര്‍ക്കൊക്കവെ
ദ്വാദശനാഴികനേരമൊരുപോലെ
യാതുധാനാവലിയോടു രഘൂത്തമന്‍
അസ്ത്രം വരിഷിച്ചനേരമാര്‍ക്കും തത്ര
ചിത്തേ തിരിച്ചറിയായതില്ലേതുമേ
വാസരരാത്രി നിശാചരവാനര
മേദിനി വാരിധി ശൈലവനങ്ങളും
ഭേദമില്ലാതെ ശരങ്ങള്‍ നിറഞ്ഞിതു
മേദുരന്മാരായ രാക്ഷസവീരരും
ആനയും തേരും കുതിരയും കാലാളും
വീണു മരിച്ചു നിറഞ്ഞിതു പോര്‍ക്കളം
കാളിയും കൂളികളും കബന്ധങ്ങളും
കാളനിശീഥിനിയും പിശാചങ്ങളും
നായും നരിയും കഴുകകള്‍ കാകങ്ങള്‍
പേയും പെരുത്തു ഭയങ്കരമ‍ാംവണ്ണം
രാമചാപത്തിന്‍ മണിതന്‍ നിനാദവും
വ്യോമമാര്‍ഗേ തുടരെത്തുടരെ കേട്ടു
ദേവഗന്ധര്‍വ്വയക്ഷാപരോവൃന്ദവും
ദേവമുനീന്ദ്രന‍ാം നാരദനും തദാ
രാഘവന്‍ തന്നെ സ്തുതിച്ചുതുടങ്ങിനാ-
രാകാശചാരികളാനന്ദപൂര്‍വ്വകം
ദ്വാദശ നാഴികകൊണ്ടു നിശാചരര്‍
മേദിനിതന്നില്‍ വീണീടിനാരൊക്കവേ
മേഘത്തിനുള്ളില്‍നിന്നര്‍ക്കബിംബംപോലെ
രാഘവന്‍തന്നെയും കാണായിതന്നേരം
ലക്ഷ്മണന്‍താനും വിഭീഷണനും പുന-
രര്‍ക്കതനയനും മാരുതപുത്രനും
മറ്റുള്ള വാനരവീരരും വന്ദിച്ചു
ചുറ്റും നിറഞ്ഞിതു രാഘവനന്നേരം
മര്‍ക്കടനായകന്മാരോടരുള്‍ചെയ്തി-
‘തിക്കണക്കേ യുദ്ധമാശു ചെയ്തീടുവാന്‍
നാരായണനും പരമേശ്വരനുമൊഴി-
ഞ്ഞാരുമില്ലെന്നു കേള്‍പ്പുണ്ടു ഞാന്‍ മുന്നമേ’
രാക്ഷസരാജ്യം മുഴുവനതുനേരം
രാക്ഷസസ്ത്രീകള്‍ മുറവിളികൂട്ടിനാര്‍
‘താത! സഹോദര! നന്ദന! വല്ലഭ!
നാഥ! നമുക്കവലംബനമാരയ്യോ!
വൃദ്ധയായേറ്റം വിരൂപയായുള്ളൊരു
നക്തഞ്ചരാധിപസോദരി രാമനെ
ശ്രദ്ധിച്ചകാരണമാപത്തിതൊക്കവെ
വര്‍ദ്ധിച്ചു വന്നതു മറ്റില്ല കാരണം
ശൂര്‍പ്പണഖയ്ക്കെന്തു കുറ്റമതില്‍പരം
പേപ്പെരുമാളല്ലയോ ദശകന്ധരന്‍!
ജാനകിയെക്കൊതിച്ചാശു കുലം മുടി-
ച്ചാനൊരു മൂഢന്‍ മഹാപാപി രാവണന്‍
അര്‍ദ്ധപ്രഹരമാത്രേണ ഖരാദിയെ
യുദ്ധേ വധിച്ചതും വൃത്രാരിപുത്രനെ
മൃത്യുവരുത്തി, വാഴിച്ചു സുഗ്രീവനെ
സത്വരം വാനരന്മാരെയയച്ചതും
മാരുതി വന്നിവിടെച്ചെയ്ത കര്‍മ്മവും
വാരിധിയില്‍ ചിറകെട്ടിക്കടന്നതും
കണ്ടിരിക്കെ നന്നു തോന്നുന്നതെത്രയു-
മുണ്ടോ വിചാരമാപത്തിങ്കലുണ്ടാവൂ?
സിദ്ധമല്ലായ്കില്‍ വിഭീഷണന്‍ ചൊല്ലിനാന്‍
മത്തനായന്നതും ധിക്കരിച്ചീടിനാന്‍
ഉത്തമന്‍ നല്ല വിവേകി വിഭീഷണന്‍
സത്യവൃതന്‍ മേലില്‍ നന്നായ്‌വരുമവന്‍
നീചനിവന്‍ കുലമൊക്കെ മുടിപ്പതി-
നാചരിച്ചാനിതു തന്മരണത്തിനും
നല്ല സുതന്മാരെയും തമ്പിമാരെയും
കൊല്ലിച്ചു മറ്റുള്ളമാതൃജനത്തെയും
എല്ലാമനുഭവിച്ചീടുവാന്‍ പണ്ടുതാന്‍
വല്ലായ്മചെയ്തതുമെല്ല‍ാം മറന്നിതോ?
ബ്രഹ്മസ്വമായതും ദേവസ്വമായതും
നിര്‍മ്മരിയാദമടക്കിനാനേറ്റവും
നാട്ടിലിരിക്കും പ്രജകളെ പീഡിച്ചു
കാട്ടിലാക്കിച്ചമച്ചീടിനാന്‍ കശ്മലന്‍
അര്‍ത്ഥമന്യായേന നിത്യമാര്‍ജ്ജിക്കയും
മിത്രജനത്തെ വെറുത്തു ചമയ്ക്കയും
ബ്രാഹ്മണരെക്കൊലചെയ്കയും മറ്റുള്ള
ധാര്‍മ്മികന്മാര്‍മുതലൊക്കെയടക്കിയും
പാരം ഗുരുജനദോഷവുമുണ്ടിവ-
നാരെയുമില്ല കൃപയുമൊരിക്കലും
ഇമ്മഹാപാപി ചെയ്തോരു കര്‍മ്മത്തിനാല്‍
നമ്മെയും ദുഃഖിക്കുമാറാക്കിനാനിവന്‍’
ഇത്ഥം പുരസ്ത്രീജനത്തിന്‍ വിലാപങ്ങള്‍
നക്തഞ്ചരാധിപന്‍ കേട്ടു ദുഃഖാര്‍ത്തനായ്‌
‘ശത്രുക്കളെക്കൊന്നൊടുക്കുവാനിന്നിനി
യുദ്ധത്തിനാശു പുറപ്പെടുകെങ്കില്‍ ന‍ാം’
എന്നതു കേട്ടു വിരൂപാക്ഷനുമതിന്‍-
മുന്നേ മഹോദരനും മഹാപാര്‍ശ്വനും
ഉത്തരഗോപുരത്തൂടേ പുറപ്പെട്ടു
ശസ്ത്രങ്ങള്‍ തൂകിത്തുടങ്ങിനാരേറ്റവും
ദുര്‍ന്നിമിത്തങ്ങളുണ്ടായതനാദരി-
ച്ചുന്നതനായ നിശാചരനായകന്‍
ഗോപുരവാതില്‍ പുറപ്പെട്ടു നിന്നിതു
ചാപലമെന്നിയേ വാനരവീരരും
രാക്ഷസരോടെതിര്‍ത്താരതുകണ്ടേറ്റ-
മൂക്കോടടുത്തു നിശാചരവീരരും
സുഗ്രീവനും വിരൂപാക്ഷനും തങ്ങളി-
ലുഗ്രമ‍ാം വണ്ണം പൊരുതാനതുനേരം
വാഹനമാകിയ വാരണവീരനെ-
സ്സാഹസം കൈക്കൊണ്ടു വാനരരാജനും
കൊന്നതു കണ്ടു വിരൂപവിലോചനന്‍
ചെന്നിതു വാളും പരിചയും കൈക്കൊണ്ടു
കുന്നുകൊണ്ടൊന്നെറിഞ്ഞാന്‍ കപിരാജനും
നന്നായിതെന്നു വിരൂപാക്ഷനുമഥ
വെട്ടിനാന്‍ വാനരനായകവക്ഷസി
പുഷ്ടകോപത്തോടു മര്‍ക്കടരാജനും
നെറ്റിമേലൊന്നടിച്ചാനതു കൊണ്ടവന്‍
തെറ്റെന്നു കാലപുരം പുക്കുമേവിനാന്‍
തേരിലേറിക്കൊണ്ടടുത്താന്‍ മഹോദരന്‍
തേരും തകര്‍ത്തു സുഗ്രീവനവനെയും
മൃത്യുപുരത്തിനയച്ചതു കണ്ടതി-
ക്രുദ്ധനായ്‌ വന്നടുത്താന്‍ മഹാപാര്‍ശ്വനും
അംഗദന്‍ കൊന്നാനവനെയുമന്നേരം
പൊങ്ങും മിഴികളോടാശരാധീശനും
പോര്‍മദത്തോടുമടുത്തു കപികളെ
താമസാസ്ത്രംകൊണ്ടു വീഴ്ത്തിനാനൂഴിയില്‍
രാമനുമൈന്ദ്രാസ്ത്രമെയ്തു തടുത്തിതു
താമസാസ്ത്രത്തെയുമപ്പോള്‍ ദശാസനന്‍
ആസുരമസ്ത്രമെയ്താനതു വന്നള-
വാതുരന്മാരായിതാശു കപികളും
വാരണസൂകര കുക്കുട ക്രോഷ്ടുക-
സാരമേയോരഗ സൈരിഭ വായസ-
വാനര സിംഹ രുരു വൃക കാക ഗൃ-
ദ്‌ധ്രാനനമായ്‌ വരുമാസുരാസ്ത്രാത്മകം
മുല്‍ഗര പട്ടസ ശക്തി പരശ്വധ-
ഖഡ്ഗശൂല പ്രാസ ബാണായുധങ്ങളും
രൂക്ഷമായ്‌ വന്നു പരന്നതു കണ്ടള-
വാഗ്നേയമസ്ത്രമെയ്താന്‍ മനുവീരനും
ചെങ്കനല്‍ക്കൊള്ളികള്‍ മിന്നല്‍ നക്ഷത്രങ്ങള്‍
തിങ്കളുമാദിത്യനഗ്നിയെന്നിത്തരം
ജ്യോതിര്‍മ്മയങ്ങളായ്‌ ചെന്നു നിറഞ്ഞള-
വാസുരമസ്ത്രവും പോയ്‌ മറഞ്ഞു ബലാല്‍
അപ്പോള്‍ മയന്‍ കൊടുത്തോരു ദിവ്യാസ്ത്രമെ-
യ്തുല്‍പേതരായുധം കാണായിതന്തികേ
ഗാന്ധര്‍വ്വമസ്ത്രം പ്രയോഗിച്ചതിനെയും
ശാന്തമാക്കീടിനാന്‍ മാനവവീരനും
സൗര്യാസ്ത്രമെയ്താന്‍ ദശാനനന്നേരം
ധൈര്യേണ രാഘവന്‍ പ്രത്യസ്ത്രമെയ്തതും
ഖണ്ഡിച്ചനേരമാഖണ്ഡലവൈരിയും
ചണ്ഡകര‍ാംശുസമങ്ങള‍ാം ബാണങ്ങള്‍
പത്തുകൊണ്ടെയ്തു മര്‍മ്മങ്ങള്‍ ഭേദിച്ചള-
വുത്തമപൂരുഷനാകിയ രാഘവന്‍
നൂറുശരങ്ങളെയ്താനതു കൊണ്ടുടല്‍-
കീറി മുറിഞ്ഞിതു നക്തഞ്ചരേന്ദ്രനും
ലക്ഷ്മണനേഴുശരങ്ങളാലൂക്കോടു
തല്‍ക്ഷണേ കേതു ഖണ്ഡിച്ചു വീഴ്ത്തീടിനാന്‍
അഞ്ചു ശരമെയ്തു സൂതനെയും കൊന്നു
ചഞ്ചലഹീനം മുറിച്ചിതു ചാപവും
അശ്വങ്ങളെഗ്ഗദകൊണ്ടു വിഭീഷണന്‍
തച്ചുകൊന്നാനതുനേരം ദശാനനന്‍
ഭൂതലേ ചാടിവീണാശു വേല്‍കൊണ്ടതി-
ക്രോധാല്‍ വിഭീഷണനെ പ്രയോഗിച്ചിതു
ബാണങ്ങള്‍ മൂന്നുകൊണ്ടെയ്തു മുറിച്ചിതു
വീണിതു മൂന്നു നുറുങ്ങി മഹീതലേ
അപ്പോള്‍ വിഭീഷണനെക്കൊല്ലുമാറവന്‍
കല്‍പിച്ചു മുന്നം മയന്‍ കൊടുത്തോരു വേല്‍
കയ്ക്കൊണ്ടു ചാട്ടുവാനോങ്ങിയ നേരത്തു
ലക്ഷ്മണന്‍ മുല്‍പുക്കു ബാണങ്ങളെയ്തിതു
നക്തഞ്ചരാധിപന്‍ തന്നുടലൊക്കവേ
രക്തമണിഞ്ഞു മുറിഞ്ഞു വലഞ്ഞുടന്‍
നില്‍ക്കും ദശാസനന്‍ കോപിച്ചു ചൊല്ലിനാന്‍
ലക്ഷ്മണന്‍ തന്നോടു ‘നന്നു നീയെത്രയും
രക്ഷിച്ചവാറു വിഭീഷണനെത്തദാ
രക്ഷിക്കില്‍ നന്നു നിന്നെപ്പുനരെന്നുടെ
ശക്തി വരുന്നതു കണ്ടാലുമിന്നൊരു
ശക്തനാകില്‍ ഭവാന്‍ ഖണ്ഡിയ്ക്ക വേലിതും’
എന്നു പറഞ്ഞു വേഗേന ചാട്ടീടിനാന്‍
ചെന്നു തറച്ചിതു മാറത്തു ശക്തിയും
അസ്ത്രങ്ങള്‍ കൊണ്ടു തടുക്കരുതാഞ്ഞുടന്‍
വിത്രസ്തനായ്‌ തത്ര വീണു കുമാരനും
വേല്‍കൊണ്ടു ലക്ഷ്മണന്‍ വീണതു കണ്ടുള്ളില്‍
മാല്‍കൊണ്ടു രാമനും നിന്നു വിഷണ്ണനായ്‌
ശക്തി പറപ്പതിന്നാര്‍ക്കും കപികള്‍ക്കു
ശക്തി പോരാഞ്ഞു രഘുകുലനായകന്‍
തൃക്കൈകള്‍ കൊണ്ടു പിടിച്ചു പറിച്ചുട-
നുള്‍ക്കോപമോടു മുറിച്ചെറിഞ്ഞീടിനാന്‍
മിത്രതനയ സുഷേണ ജഗല്‍പ്രാണ-
പുത്രാദികളോടരുള്‍ചെയ്തിതാദരാല്‍
‘ലക്ഷ്മണന്‍ തന്നുടെ ചുറ്റുമിരുന്നിനി
രക്ഷിച്ചുകൊള്‍വിന്‍ വിഷാദിക്കരുതേതും
ദുഃഖസമയമല്ലിപ്പോളുഴറ്റോടു
രക്ഷോവരനെ വധിയ്ക്കുന്നതുണ്ടു ഞാന്‍
കല്യാണമുള്‍ക്കൊണ്ടു കണ്ടുകൊള്‍വിന്‍ നിങ്ങ-
ളെല്ലവരുമിന്നു മല്‍ക്കരകൗശലം
ശക്രാത്മജനെ വധിച്ചതും വേഗത്തി-
ലര്‍ക്കാത്മജാദികളോടുമൊരുമിച്ചു
വാരിധിയില്‍ ചിറകെട്ടിക്കടന്നതും
പോരില്‍ നിശാചരന്മാരെ വധിച്ചതും
രാവണനിഗ്രഹസാദ്ധ്യമായിട്ടവന്‍
കേവലമിപ്പോളഭിമുഖനായിതു
രാവണനും ബത! രാഘവനും കൂടി
മേവുക ഭൂമിയിലെന്നുള്ളതല്ലിനി
രാത്രിഞ്ചരേന്ദ്രനേക്കൊല്ലുവാന്‍ നിര്‍ണ്ണയം
മാര്‍ത്താണ്ഡവംശത്തിലുള്ളവനാകില്‍ ഞാന്‍
സപ്തദീപങ്ങളും സപ്ത‍ാംബുധികളും
സപ്താചലങ്ങളും സൂര്യചന്ദ്രന്മാരും
ആകാശഭൂമികളെന്നിവയുള്ള നാള്‍
പോകാതെ കീര്‍ത്തിവര്‍ദ്ധിയ്ക്കുംപരിചു ഞാന്‍
ആയോധനേ ദശകണ്ഠനെക്കൊല്‌വനൊ-
രായുധപാണിയെന്നാകില്‍ നിസ്സംശയം
ദേവാസുരോരഗചാരണതാപസ-
രേവരും കണ്ടറിയേണം മമ ബലം.’
ഇത്ഥമരുള്‍ചെയ്തു നക്തഞ്ചരേന്ദ്രനോ-
ടസ്ത്രങ്ങളെയ്തു യുദ്ധം തുടങ്ങീടിനാന്‍
തത്സമം ബാണം നിശാചരാധീശനു-
മുത്സാഹമുള്‍ക്കൊണ്ടു തൂകിത്തുടങ്ങിനാന്‍
രാഘവരാവണന്മാര്‍തമ്മിലിങ്ങനെ
മേഘങ്ങള്‍ മാരി ചൊരിയുന്നതുപോലെ
ബാണഗണം പൊഴിച്ചീടുന്നതുനേരം
ഞാണൊലികൊണ്ടു മുഴങ്ങി ജഗത്ത്രയം
സോദരന്‍ വീണു കിടക്കുന്നതോര്‍ത്തുള്ളി-
ലാധി മുഴുത്തു രഘുകുലനായകന്‍
താരേയതാതനോടേവമരുള്‍ചെയ്തു
‘ധീരതയില്ല യുദ്ധത്തിനേതും മമ
ഭൂതലേ വാഴ്കയില്‍ നല്ലതെനിക്കിനി
ഭ്രാതാവുതന്നോടുകൂടെ മരിപ്പതും
വില്‍പിടിയും മുറുകുന്നതില്ലേതുമേ
കെല്‍പുമില്ലതെ ചമഞ്ഞു നമുക്കിഹ
നില്‍പാനുമേതുമരുതു മനസ്സിനും
വിഭ്രമമേറിവരുന്നിതു മേല്‍ക്കുമേല്‍
ദുഷ്ടനെക്കൊല്‍വാനുപായവും കണ്ടീല
നഷ്ടമായ്‌ വന്നിതു മാനവും മാനസേ’
ഏവമരുള്‍ചെയ്തനേരം സുഷേണനും
ദേവദേവന്‍തന്നൊടാശു ചൊല്ലീടിനാന്‍
‘ദേഹത്തിനേതും നിറം പകര്‍ന്നീലൊരു
മോഹമത്രേ കുമാരന്നെന്നു നിര്‍ണ്ണയം
എന്നുണര്‍ത്തിച്ചനിലാത്മജന്‍ തന്നോടു
പിന്നെ നിരൂപിച്ചു ചൊന്നാന്‍ സുഷേണനും
‘മുന്നെക്കണക്കേ വിശല്യകരണിയാ-
കുന്നമരുന്നിന്നു കൊണ്ടുവന്നീടുക’
എന്നളവേ ഹനുമാനും വിരവോടു
ചെന്നു മരുന്നതും കൊണ്ടുവന്നീടിനാന്‍
നസ്യവും ചെയ്തു സുഷേണന്‍ കുമാരനാ-
ലസ്യവും തീര്‍ന്നു തെളിഞ്ഞു വിളങ്ങിനാന്‍
പിന്നെയുമൗഷധശൈലം കപിവരന്‍
മുന്നമിരുന്നവണ്ണം തന്നെയാക്കിനാന്‍
മന്നവന്‍തന്നെ വണങ്ങിനാന്‍ തമ്പിയും
നന്നായ്‌ മുറുകെപ്പുണര്‍ന്നിതു രാമനും
‘നിന്നുടെ പാരവശ്യം കാണ്‍കകാരണ-
മെന്നുടെ ധൈര്യവും പോയിതു മാനസേ’
എന്നതുകേട്ടുരചെയ്തു കുമാരനു-
‘മൊന്നു തിരുമനസ്സിങ്കലുണ്ടാകണം
സത്യം തപോധനന്മാരോടു ചെയ്തതും
മിഥ്യയായ്‌ വന്നുകൂടായെന്നു നിര്‍ണ്ണയം
ത്രൈലോക്യകണ്ടകനാമിവനെക്കൊന്നു
പാലിച്ചുകൊള്‍ക ജഗത്ത്രയം വൈകാതെ’
ലക്ഷ്മണന്‍ ചൊന്നതു കേട്ടു രഘൂത്തമന്‍
രക്ഷോവരനോടെതിര്‍ത്താനതിദ്രുതം
തേരുമൊരുമിച്ചു വന്നു ദശാസ്യനും
പോരിനു രാഘവനോടെതിര്‍ത്തീടിനാന്‍
പാരില്‍ നിന്നിക്ഷ്വാകുവംശതിലകനും
തേരില്‍നിന്നാശരവംശതിലകനും
പോരതി ഘോരമായ്‌ ചെയ്തോരു നേരത്തു
പാരമിളപ്പം രഘൂത്തമനുണ്ടെന്നു
നാരദനാദികള്‍ ചൊന്നതു കേള്‍ക്കയാല്‍
പാരം വളര്‍ന്നൊരു സംഭ്രമത്തോടുടന്‍
ഇന്ദ്രനും മാതലിയോടു ചൊന്നാന്‍ ‘മമ
സ്യന്ദനം കൊണ്ടക്കൊടുക്ക നീ വൈകാതെ
ശ്രീരാഘവന്നു ഹിതം വരുമാറു നീ
തേരും തെളിച്ചു കൊടുക്ക മടിയാതെ’
മാതലിതാനതു കേട്ടുടന്‍ തേരുമായ്‌
ഭൂതലം തന്നിലിഴഞ്ഞു ചൊല്ലീടിനാന്‍
‘രാവണനോടു സമരത്തിനിന്നു ഞാന്‍
ദേവേന്ദ്രശാസനയാ വിടകൊണ്ടിതു
തേരതിലാശു കരേറുക പോരിനായ്‌
മാരുതതുല്യവേഗേന നടത്തുവന്‍’
എന്നതു കേട്ടു രഥത്തെയും വന്ദിച്ചു
മന്നവന്‍ തേരിലാമ്മാറു കരേറിനാന്‍
തന്നോടു തുല്യനായ്‌ രാഘവനെക്കണ്ടു
വിണ്ണിലാമ്മാറൊന്നു നോക്കി ദശാസനന്‍
പേമഴപോലെ ശരങ്ങള്‍ തൂകീടിനാന്‍
രാമനും ഗാന്ധര്‍വ്വമസ്ത്രമെയ്തീടിനാന്‍
രാക്ഷസമസ്ത്രം പ്രയോഗിച്ചതുനേരം
രാക്ഷസരാജനും രൂക്ഷമായെത്രയും
ക്രൂരനാഗങ്ങളാമസ്ത്രത്തെ മാറ്റുവാന്‍
ഗാരുഡമസ്ത്രമെയ്തു രഘുനാഥനും
മാതലിമേലും ദശാസനന്‍ ബാണങ്ങ-
ളെയ്തു കൊടിയും മുറിച്ചു കളഞ്ഞിതു
വാജികള്‍ക്കും ശരമേറ്റമേറ്റു പുന-
രാജിയും ഘോരമായ്‌വന്നു രഘുവരന്‍
കൈകാല്‍ തളര്‍ന്നു തേര്‍ത്തട്ടില്‍നില്‍ക്കും വിധൗ
കൈകസീനന്ദനനായ വിഭീഷണന്‍
ശോകാതിരേകം കലര്‍ന്നു നിന്നീടിനാന്‍
ലോകരുമേറ്റം വിഷാദം കലര്‍ന്നിതും
കാലപുരത്തിനയപ്പേനിനിയെന്നു
ശൂലം പ്രയോഗിച്ചിതാശരാധീശനും
അസ്ത്രങ്ങള്‍കൊണ്ടു തടപൊറാഞ്ഞോര്‍ത്തുടന്‍
വൃത്രാരിതന്നുടെ തേരിലിരുന്നൊരു
ശക്തിയെടുത്തയച്ചൂ രഘുനാഥനും
പത്തു നുറുങ്ങി വീണു തത്ര ശൂലവും
നക്തഞ്ചരേന്ദ്രനുടെ തുരഗങ്ങളെ-
ശ്ശസ്ത്രങ്ങള്‍കൊണ്ടു മുറിച്ചിതു രാഘവന്‍
സാരഥി തേരും തിരിച്ചടിച്ചാര്‍ത്തനായ്‌
പോരിലൊഴിച്ചു നിര്‍ത്തീടിനാനന്നേരം
ആലശ്യമൊട്ടകന്നോരു നേരം തത്ര-
പൗലസ്ത്യനും സൂതനോടു ചൊല്ലീടിനാന്‍
‘എന്തിനായ്ക്കൊണ്ടു നീ പിന്തിരിഞ്ഞു ബലാ-
ലന്ധനായ്‌ ഞാനത്ര ദുര്‍ബ്ബലനാകയോ?
കൂടലരോടെതിര്‍ത്താല്‍ ഞാനൊരുത്തനോ-
ടൊടിയൊളിച്ചവാറെന്നു കണ്ടൂ ഭവാന്‍?
നീയല്ല സൂതനെനിക്കിനി രാമനു
നീയതിബാന്ധവനെന്നറിഞ്ഞേനഹം’
ഇത്ഥം നിശാചാധീശന്‍ പറഞ്ഞതി-
നുത്തരം സാരഥി സത്വരം ചൊല്ലിനാന്‍
‘രാമനെ സ്നേഹമുണ്ടായിട്ടുമല്ല മ-
ത്സ്വാമിയെ ദ്വേഷമുണ്ടായിട്ടുമല്ല മേ
രാമനോടേറ്റു പൊരുതിനില്‍ക്കുന്നേര-
മാമയം പൂണ്ടു തളര്‍ന്നതു കണ്ടു ഞാന്‍
സ്നേഹം ഭവാനെക്കുറിച്ചേറ്റമാകയാല്‍
മോഹമകലുവോളം പോര്‍ക്കളം വിട്ടു
ദൂരെ നിന്നാലസ്യമെല്ല‍ാം കളഞ്ഞിനി-
പ്പോരിന്നടുക്കണമെന്നു കല്‍പിച്ചത്രെ
സാരഥിതാനറിയേണം മഹാരഥ-
ന്മാരുടെ സാദവും വാജികള്‍സാദവും
വൈരികള്‍ക്കുള്ള ജയാജയകാലവും
പോരില്‍ നിമ്‌നോന്നതദേശവിശേഷവും
എല്ലാമറിഞ്ഞു രഥം നടത്തുന്നവ-
നല്ലോ നിപുണനായുള്ള സൂതന്‍ പ്രഭോ!’
എന്നതു കേട്ടു തെളിഞ്ഞഥ രാവണ-
നൊന്നു പുണര്‍ന്നാശു കൈവളയും കൊടു-
‘ത്തിന്നിനിത്തേരടുത്താശു കൂട്ടീടുക
പിന്നോക്കമില്ലിനിയൊന്നുകൊണ്ടുമെടോ!
ഇന്നോടു നാളെയോടൊന്നു തിരിഞ്ഞിടും
മന്നവനോടുള്ള പോരെന്നറിക നീ’
സൂതനും തേരതിവേഗേന പൂട്ടിനാന്‍
ക്രോധം മുഴുത്തങ്ങടുത്തിതു രാമനും
തങ്ങളിലേറ്റമണഞ്ഞു പൊരുതള-
വങ്ങുമിങ്ങും നിറയുന്നു ശരങ്ങളാല്‍

രാവണന്റെ ഹോമവിഘ്നം

ശുക്രനെച്ചെന്നു നമസ്കരിച്ചെത്രയും
ശുഷ്കവദനനായ് നിന്നു ചൊല്ലീടിനാന്‍:
‘അര്‍ക്കാത്മജാദിയ‍ാം മര്‍ക്കടവീരരു-
മര്‍ക്കാന്വയോത്ഭൂതനാകിയ രാമനും
ഒക്കെയൊരുമിച്ചു വാരിധിയും കട-
ന്നിക്കരെ വന്നു ലങ്കാപുരം പ്രാപിച്ചു
ശക്രാരിമുഖ്യനീശാചരന്മാരെയു-
മൊക്കെയൊടുക്കി ഞാനേകാകിയായിതു
ദു:ഖവുമുള്‍ക്കൊണ്ടിരിക്കുമാറായിതു
സത്ഗുരോ! ഞാന്‍ തവ ശിഷ്യനല്ലോ വിഭോ!‘
വിജ്ഞാനിയാകിയ രാവണനാലിതി-
വിജ്ഞാപിതനായ ശുക്രമഹാമുനി
രാവണനോടുപദേശിച്ചി’തെങ്കില്‍ നീ
ദേവതമാരെ പ്രസാദം വരുത്തുക
ശീഘ്രമൊരു ഗുഹയും തീര്‍ത്തു ശത്രുക്കള്‍
തോല്‍ക്കും പ്രകാരമതിരഹസ്യസ്ഥലേ
ചെന്നിരുന്നാശു നീ ഹോമം തുടങ്ങുക;
വന്നുകൂടും ജയ, മെന്നാല്‍ നിനക്കെടോ!
വിഘ്നം വരാതെ കഴിഞ്ഞുകൂടുന്നാകി-
ലഗ്നികുണ്ഡത്തിങ്കല്‍നിന്നു പുറപ്പെടും
ബാണതൂണീര ചാപാശ്വ രഥാദികള്‍
വാനവരാലുമജയ്യന‍ാം പിന്നെ നീ
മന്ത്രം ഗ്രഹിച്ചുകൊള്‍കെന്നോടു സാദര-
മന്തരമെന്നിയേ ഹോമം കഴിക്ക നീ’
ശുക്രമുനിയോടു മൂലമന്ത്രം കേട്ടു
രക്ഷോഗണാധിപനാകിയ രാവണന്‍
പന്നഗലോകസമാനമായ് തീര്‍ത്തിതു
തന്നുടെ മന്ദിരം തന്നില്‍ ഗുഹാതലം
ദിവ്യമ‍ാം ഹവ്യഗവ്യാദി ഹോമായ സ-
ദ്രവ്യങ്ങള്‍ തത്ര സമ്പാദിച്ചുകൊണ്ടവന്‍
ലങ്കാപുരദ്വാരമൊക്കെ ബന്ധിച്ചതില്‍
ശങ്കാവിഹീനമകംപുക്കു ശുദ്ധനായ്
ധ്യാനമുറപ്പിച്ചു തല്‍ഫലം പ്രാര്‍ത്ഥിച്ചു
മൌനവും ദീക്ഷിച്ചു ഹോമം തുടങ്ങിനാന്‍
വ്യോമമാര്‍ഗ്ഗത്തോളമുത്ഥിതമായൊരു
ഹോമധൂപം കണ്ടു രാവണസോദരന്‍
രാമചന്ദ്രന്നു കാട്ടിക്കൊടുത്തീടിനാന്‍
‘ഹോമം തുടങ്ങീ ദശാനനന്‍ മന്നവ!
ഹോമം കഴിഞ്ഞുകൂടീടുകിലെന്നുമേ
നാമവനോടു തോറ്റീടും മഹാരണേ
ഹോമം മുടക്കുവാനായയച്ചീടുക
സാമോദമാശു കപികുലവീരരെ’
ശ്രീരാമസുഗ്രീവശാസനം കൈക്കൊണ്ടു
മാരുതപുത്ര‍ാംഗദാദികളൊക്കവേ
നൂറുകോടിപ്പടയോടും മഹാമതി-
ലേറിക്കടന്നങ്ങു രാവണമന്ദിരം
പുക്കു പുരപാലകന്മാരെയും കൊന്നു-
മര്‍ക്കടവീരരൊരുമിച്ചനാകുലം
വാരണവാജിരഥങ്ങളേയും പൊടി-
ച്ചാരാഞ്ഞു തത്ര ദശാസ്യഹോമസ്ഥലം
വ്യാജാല്‍ സരമ നിജ കരസംജ്ഞയാ
സൂചിച്ചിതു ദശഗ്രീവഹോമസ്ഥലം
ഹോമഗുഹാദ്വാരബന്ധനപാഷാണ-
മാമയഹീനം പൊടിപെടുത്തംഗദന്‍
തത്രഗുഹയിലകമ്പുക്കനേരത്തു
നക്തഞ്ചരേന്ദ്രനെക്കാണായിതന്തികേ
മറ്റുള്ളവര്‍കളുമംഗദാനുജ്ഞയാ
തെറ്റെന്നുചെന്നു ഗുഹയിലിറങ്ങിനാര്‍
കണ്ണുമടച്ചുടന്‍ ധ്യാനിച്ചിരിക്കുമ-
പ്പുണ്യജനാധിപനെക്കണ്ടു വാനരര്‍
താഡിച്ചു താഡിച്ചു ഭൃത്യജനങ്ങളെ-
പ്പീഡിച്ചുകൊള്‍കയും സംഭാരസഞ്ചയം
കുണ്ഡത്തിലൊക്കെയൊരിക്കലേ ഹോമിച്ചു
ഖണ്ഡിച്ചിതു ലഘുമേഖലാജാലവും
രാവണന്‍ കയ്യിലിരുന്ന മഹാസ്രുവം
പാവനി ശ്രീഘ്രം പിടിച്ചു പറിച്ചുടന്‍
താഡനം ചെയ്താനതു കൊണ്ടു സത്വരം
ക്രീഡയാ വാനരശ്രേഷ്ഠന്‍ മഹാബലന്‍
ദന്തങ്ങള്‍ കൊണ്ടും നഖങ്ങള്‍ കൊണ്ടും ദശ-
കന്ധരവിഗ്രഹം കീറിനാനേറ്റവും
ധ്യാനത്തിനേതുമിളക്കമുണ്ടായീല
മാനസേ രാവണനും ജയക‍ാംക്ഷയാ
മണ്ഡോദരിയെപ്പിടിച്ചു വലിച്ചു തന്‍-
മണ്ഡനമെല്ല‍ാം നുറുക്കിയിട്ടീടിനാന്‍
വിസ്രസ്തനീവിയായ് കഞ്ചുകഹീനയായ്
വിത്രസ്തയായ് വിലാപം തുടങ്ങീടിനാള്‍:
‘വാനരന്മാരുടെ തല്ലുകൊണ്ടീടുവാന്‍
ഞാനെന്തു ദുഷ്ക്രുതം ചെയ്തതു ദൈവമേ!
നാണം നിനക്കില്ലയോ രാക്ഷസേശ്വര?
മാനം ഭവാനോളമില്ല മറ്റാര്‍ക്കുമേ
നിന്നുടെ മുന്‍പിലിട്ടാശു കപിവര-
രെന്നെത്തലമുടിചുറ്റിപ്പിടിപെട്ടു
പാരിലിഴയ്ക്കുന്നതും കണ്ടിരിപ്പതു
പോരേ പരിഭവമോര്‍ക്കില്‍ ജളമതേ!
എന്തിനായ്ക്കൊണ്ടു നിന്‍ ധ്യാനവും ഹോമവു-
മന്തര്‍ഗ്ഗതമിനിയെന്തോന്നു ദുര്‍മതേ!
ജീവിതാശാ തേ ബലീയസീ മാനസേ
ഹാ! വിധിവൈഭവമെത്രയുമത്ഭുതം
അര്‍ദ്ധം പുരുഷനു ഭാര്യയല്ലോ ഭുവി;
ശത്രുക്കള്‍ വന്നവളെപ്പിടിച്ചെത്രയും
ബദ്ധപ്പെടുത്തുന്നതും കണ്ടിരിക്കയില്‍
മൃത്യുഭവിക്കുന്നതുത്തമമേവനും
നാണവും പത്നിയും വേണ്ടീലവന്നു തന്‍
പ്രാണഭയം കൊണ്ടു മൂഢന്‍ മഹാഖലന്‍’
ഭാര്യാവിലാപങ്ങള്‍ കേട്ടു ദശാനനന്‍
ധൈര്യമകന്നു തന്‍ വാളുമായ് സത്വരം
അംഗദന്‍ തന്നോടടുത്താനതു കണ്ടു
തുംഗശരീരികളായ കപികളും
രാത്രിഞ്ചരേശ്വരപത്നിയേയുമയ-
ച്ചാര്‍ത്തുവിളിച്ചു പുറത്തു പോന്നീടിനാര്‍
ഹോമശേഷം മുടക്കിവയമെന്നു രാ-
മാന്തികേ ചെന്നു കൈതൊഴുതീടിനാര്‍
മണ്ഡോദരിയോടനുസരിച്ചന്നേരം
പണ്ഡിതനായ ദശാസ്യനും ചൊല്ലിനാന്‍:
‘നാഥേ! ധരിക്ക ദൈവാധീനമൊക്കെയും
ജാതനായാല്‍ മരിക്കുന്നതിന്‍ മുന്നമേ
കല്‍പ്പിച്ചതെല്ലാമനുഭവിച്ചീടണ-
മിപ്പോളനുഭവമിത്തരം മാമകം
ജ്ഞാനമാശ്രിത്യ ശോകം കളഞ്ഞിടൂ നീ
ജ്ഞാനവിനാശനം ശോകമറിക നീ
അജ്ഞാനസംഭവം ശോകമാകുന്നതു-
മജ്ഞാനജാതമഹങ്കാരമായതും
നശ്വരമായ ശരീരാദികളിലേ
വിശ്വാസവും പുനരജ്ഞാനസംഭവം
ദേഹമൂലം പുത്രദാരാദിബന്ധവും
ദേഹിക്കു സംസാരവുമതു കാരണം
ശോകഭയക്രോധലോഭമോഹസ്പൃഹാ-
രാഗഹര്‍ഷാദി ജരമൃത്യുജന്മങ്ങള്‍
അജ്ഞാനജങ്ങളഖിലജന്തുക്കള്‍ക്കു-
മജ്ഞാനമെല്ലാമകലെക്കളക നീ
ജ്ഞാനസ്വരൂപനാ‍ത്മാ പരനദ്വയ-
നാനന്ദപൂര്‍ണ്ണസ്വരൂപനലേപകന്‍
ഒന്നിനോടില്ല സംയോഗമതിന്നു മ-
റ്റൊന്നിനോടില്ല വിയോഗമൊരിക്കലും
ആത്മാനമിങ്ങനെ കണ്ടു തെളിഞ്ഞുട-
നാത്മനി ശോകം കളക നീ വല്ലഭേ!
ഞാനിനി ശ്രീരാമലക്ഷ്മണന്മാരെയും
വാനരന്മാരെയും കൊന്നു വന്നീടുവന്‍
അല്ലായ്കിലോ രാമസായകമേറ്റു കൈ-
വല്യവും പ്രാപിപ്പനില്ലൊരു സംശയം
എന്നെ രാമന്‍ കൊല ചെയ്യുകില്‍ സീതയെ-
ക്കൊന്നു കളഞ്ഞുടനെന്നോടുകൂടവേ
പാവകന്തങ്കല്‍ പതിച്ചു മരിക്ക നീ
ഭാവനയോടുമെന്നാല്‍ ഗതിയും വരും’
വ്യഗ്രിച്ചതുകേട്ടു മണ്ടോദരിയും ദ-
ശഗ്രീവനോടുപറഞ്ഞാളതുനേരം
‘രാഘവനെജ്ജയിപ്പാനരുതാര്‍ക്കുമേ
ലോകത്രയത്തിങ്കലെന്നു ധരിക്ക നീ
സാക്ഷാല്‍ പ്രധാനപുരുഷോത്തമനായ
മോക്ഷദന്‍ നാരായണന്‍ രാമനായതും
ദേവന്‍ മകരാവതാരമനുഷ്ഠിച്ചു
വൈവസ്വതമനു തന്നെ രക്ഷിച്ചതും
രാജീവലോചനന്‍ മുന്നമൊരു ലക്ഷ-
യോജന വിസ്ത്രുതമായൊരു കൂര്‍മ്മമായ്
ക്ഷീരസമുദ്രമഥനകാലേ പുരാ
ഘോരമ‍ാം മന്ഥരം പൃഷ്ഠേ ധരിച്ചതും
പന്നിയായ് മുന്നം ഹിരണ്യാക്ഷനെക്കൊന്നു
മന്നിടം തേറ്റമേല്‍ വച്ചു പൊങ്ങിച്ചതും
ഘോരനായോരു ഹിരണ്യകശിപുതന്‍
മാറിടം കൈനഖം കൊണ്ടു പിളര്‍ന്നതും
മൂന്നടി മണ്ണു ബലിയോടു യാചിച്ചു
മൂലോകവും മൂന്നടിയായളന്നതും
ക്ഷത്രിയരായ് പിറന്നോരസുരന്മാരെ
യുദ്ധേ വധിപ്പതിനായ് ജമദഗ്നിതന്‍
പുത്രനായ് രാമനാമത്തെ ധരിച്ചതും
പൃത്ഥ്വീപതിയായ രാമനിവന്‍ തന്നെ
മാര്‍ത്താണ്ഡവംശേ ദശരഥപുത്രനായ്
ധാത്രീസുതാവരനാകിയ രാഘവന്‍
നിന്നെ വധിപ്പാന്‍ മനുഷ്യനായ് ഭൂതലേ
വന്നുപിറന്നതുമെന്നു ധരിയ്ക്ക നീ
പുത്രവിനാശം വരുത്തുവാനും തവ
മൃത്യു ഭവിപ്പാനുമായ് നീയവനുടെ
വല്ലഭയെക്കട്ടുകൊണ്ടുപോന്നു വൃഥാ
നിര്‍ല്ജ്ജനാകയാല്‍ മൂഢ! ജളപ്രഭോ!
വൈദേഹിയെക്കൊടുത്തീടുക രാമനു
സോദരനായ്ക്കൊണ്ടുരാജ്യവും നല്‍കുക
രാമന്‍ കരുണാകരന്‍ പുനരെത്രയും
നാമിനിക്കാനനം വാഴ്ക തപസ്സിനായ്’
മണ്ഡോദരീവാക്കു കേട്ടൊരു രാവണന്‍
ചണ്ഡപരാക്രമന്‍ ചൊന്നാനതു നേരം:
പുത്രമിത്രാമാത്യസോദരന്മാരെയും
മൃത്യുവരുത്തി ഞാനേകനായ് കാനനേ
ജീവിച്ചിരിക്കുന്നതും ഭംഗിയല്ലെടോ
ഭാവിച്ചവണ്ണം ഭവിക്കയില്ലൊന്നുമേ
രാഘവന്‍ തന്നോടെതിര്‍ത്തു യുദ്ധം ചെയ്തു
വൈകുണ്ഠരാജ്യമനുഭവിച്ചീടുവന്‍’

രാവണന്റെ വിലാപം

ഇത്ഥമന്യോന്യം പറഞ്ഞിരിയ്ക്കുന്നേരം
പുത്രന്‍ മരിച്ചതു കേട്ടൊരു രാവണന്‍
വീണിതു ഭൂമിയില്‍ മോഹം കലര്‍ന്നതി-
ക്ഷീണനായ് പിന്നെ വിലാപം തുടങ്ങിനാന്‍:
‘ഹാ ഹാ കുമാര! മണ്ഡോദരീനന്ദന!
ഹാ ഹാ സുകുമാര! വീര! മനോഹര!
മത്ക്കര്‍മ്മദോഷങ്ങളെന്തു ചൊല്ലാവതു
ദു:ഖമിതെന്നു മറക്കാവതുള്ളില്‍ ഞാന്‍!
വിണ്ണവര്‍ക്കും ദ്വിജന്മാര്‍ക്കും മുനിമാര്‍ക്കു-
മിന്നു നാന്നായുറങ്ങീടുമാറായിതു
നമ്മെയും പേടിയില്ലാര്‍ക്കുമിനി മമ-
ജന്മവും നിഷ്ഫലമായ് വന്നിതീശ്വര!‘
പുത്രഗുണങ്ങള്‍ പറഞ്ഞും നിരൂപിച്ചു-
മത്തല്‍ മുഴുത്തു കരഞ്ഞു തുടങ്ങിനാന്‍
‘എന്നുടെ പുത്രന്‍ മരിച്ചതു ജാനകി-
തന്നുടെ കാരണമെന്നതു കൊണ്ടു ഞാന്‍
കൊന്നവള്‍ തന്നുടെ ചോര കുടിച്ചൊഴി-
ഞ്ഞെന്നുമേ ദു:ഖമടങ്ങുകയില്ല മേ!‘
ഖഡ്ഗവുമോങ്ങിച്ചിരിച്ചലറിത്തത്ര-
നിര്‍ഗമിച്ചീടിനാന്‍ ക്രുദ്ധന‍ാം രാവണന്‍
സീതയും ദുഷ്ടന‍ാം രാവണനെക്കണ്ടു
ഭീതയായെത്രയും വേപഥു ഗാത്രിയായ്
ഹാ! രാമ! രാമ! രാമേതി ജപത്തൊടു-
മാരാമദേശേ വസിക്കും ദശാന്തരേ
ബുദ്ധിമാനായ സുപാര്‍ശ്വന്‍ നയജ്ഞന-
ത്യുത്തമന്‍ കര്‍ബ്ബുരസത്തമന്‍ വൃത്തവാന്‍
രാവണന്‍ തന്നെത്തടുത്തു നിര്‍ത്തിപ്പറ-
യാവതെല്ല‍ാം പറഞ്ഞീടിനാന്‍ നീതികള്‍:
‘ബ്രഹ്മകുലത്തില്‍ ജനിച്ച ഭവാനിഹ
നിര്‍മലനെന്നു ജഗത്ത്രയസമ്മതം
താവകമായ ഗുണങ്ങള്‍ വര്‍ണ്ണിപ്പതി-
നാവതല്ലോര്‍ക്കില്‍ ഗുഹനുമനന്തനും
ദേവദേവേശ്വരനായ പുരവൈരി-
സേവകന്മാരില്‍ പ്രധാനനല്ലോ ഭവാന്‍
പൌലസ്ത്യനായ കുബേര സഹോദരന്‍
ത്രൈലോക്യവന്ദ്യന‍ാം പുണ്യജനാധിപന്‍
സാമവേദജ്ഞന്‍ സമസ്തവിദ്യാലയന്‍
വാമദേവാധിവാസാത്മാ ജിതേന്ദ്രിയന്‍
വേദവിദ്യാവ്രതസ്നാനപരായണന്‍
ബോധവാന്‍ ഭാര്‍ഗ്ഗവശിഷ്യന്‍ വിനയവാന്‍
എന്നിരിക്കെ ബ്ഭവാനിന്നു യുദ്ധാന്തരേ
നന്നുനന്നെത്രയുമോര്‍ത്തു കല്‍പ്പിച്ചതും
സ്ത്രീവധമാകിയ കര്‍മ്മത്തിനാശു നീ
ഭാവിച്ചതും തവ ദുഷ്ക്കീര്‍ത്തിവര്‍ദ്ധനം
രാത്രിഞ്ചരേന്ദ്രപ്രവരപ്രഭോ! മയാ-
സാര്‍ദ്ധം വിരവോടു പോരിക പോരിനായ്
മാനവന്മാരെയും വാനരന്മാരെയും
മാനേന പോര്‍ചെയ്തു കൊന്നു കളഞ്ഞു നീ
ജാനകീദേവിയെ പ്രാപിച്ചുകൊള്ളുക
മാനസതാപവും ദൂരെനീക്കീടുക”
നീതിമാനായ സുപാര്‍ശ്വന്‍ പറഞ്ഞതു
യാതുധാനാധിപന്‍ കേട്ടു സന്തുഷ്ടനായ്
ആസ്ഥനമണ്ഡപേ ചെന്നിരുന്നെത്രയു-
മാസ്ഥയാ മന്ത്രികളോടും നിരൂപിച്ചു
ശിഷ്ടരായുള്ള നിശാചരന്മാരുമായ്
പുഷ്ടരോഷം പുറപ്പെട്ടിതു പോരിനായ്
ചെന്നു രക്ഷോബലം രാമനോടേറ്റള-
വൊന്നൊഴിയാതെയൊടുക്കിനാന്‍ രാമനും
മന്നവന്‍ തന്നോടെതിര്‍ത്തിതു രാവണന്‍
നിന്നു പോര്‍ ചെയ്താനഭേദമായ് നിര്‍ഭയം
പിന്നെ രഘുത്തമന്‍ ബാണങ്ങളെയ്തെയ്തു
ഭിന്നമാക്കീടിനാന്‍ രാവണദേഹവും
പാരം മുറിഞ്ഞു തളര്‍ന്നു വശം കെട്ടു
ധീരതയും വിട്ടുവാങ്ങീ ദശാനനന്‍
പോരുമിനി മമ പോരുമെന്നോര്‍ത്തതി-
ഭീരുവായ് ലങ്കാപുരം പുക്കനന്തരം.

മേഘനാദവധം

രാഘവന്മാരും മഹാകപിവീരരും
ശോകമകന്നു തെളിഞ്ഞു വാഴും‌വിധൌ
മര്‍ക്കടനായകന്മാരോടു ചൊല്ലിനാ-
നര്‍ക്കതനയനുമംഗദനും തദാ:
‘നില്‍ക്കരുതാരും പുറത്തിനി വാനര-
രൊക്കെക്കടക്ക മുറിക്ക മതിലുകള്‍‌.
വയ്ക്ക ഗൃഹങ്ങളിലൊക്കവേ കൊള്ളിയും
വൃക്ഷങ്ങളൊക്കെ മുറിക്ക തെരുതെരെ.
കൂപതടാകങ്ങള്‍തൂര്‍ക്ക കിടങ്ങുകള്‍‌
ഗോപുരദ്വാരാവധി നിരത്തീടുക.
മിക്കതുമൊക്കെയൊടുങ്ങി നിശാചര-
രുള്‍‌ക്കരുത്തുള്ളവരിന്നുമുണ്ടെങ്കിലോ
വെന്തുപൊറാഞ്ഞാല്‍‌പുറത്തു പുറപ്പെടു-
മന്തകന്‍‌വീട്ടിന്നയയ്ക്കാമനുക്ഷണം.’
എന്നതു കേട്ടവര്‍കൊള്ളിയും കൈക്കൊണ്ടു
ചെന്നു തെരുതെരെ വച്ചുതുടങ്ങിനാര്‍‌.
പ്രാസാദഗോപുരഹര്‍മ്മ്യഗേഹങ്ങളും
കാസീസകാഞ്ചനരൂപ്യതാമ്രങ്ങളും
ആയുധശാലകളാഭരണങ്ങളു-
മായതനങ്ങളും മജ്ജനശാലയും
വാരണവൃന്ദവും വാജിസമൂഹവും
തേരുകളും വെന്തുവെന്തുവീണീടുന്നു.
സ്വര്‍ഗ്ഗലോകത്തോളമെത്തീ ദഹനനും
ശക്രനോടങ്ങറിയിപ്പാനനാകുലം
മാരുതി ചുട്ടതിലേറെ നന്നായ് ചമ-
ച്ചോരു ലങ്കാപുരം ഭൂതിയായ് വന്നിതു.
രാത്രിഞ്ചരസ്ത്രീകള്‍‌വെന്തലറിപ്പാഞ്ഞു-
മാര്‍ത്തിമുഴുത്തു തെരുതെരെച്ചാകയും
മാര്‍ത്താണ്ഡഗോത്രജനാകിയ രാഘവന്‍
കൂര്‍ത്തുമൂര്‍ത്തുള്ള ശരങ്ങള്‍പൊഴിക്കയും
ഗോത്രാരിജിത്തും ജയിച്ചതുമെത്രയും
പാര്‍ത്തോളമത്ഭുതമെന്നു പറകയും
രാത്രിഞ്ചരന്മാര്‍‌നിലവിളിഘോഷവും
രാത്രിഞ്ചരസ്ത്രീകള്‍കേഴുന്ന ഘോഷവും
വാനരന്മാര്‍നിന്നലറുന്ന ഘോഷവും
മാനവേന്ദ്രന്‍‌‌ധനുര്‍ജ്ജ്യാനാദഘോഷവും
ആനകള്‍‌വെന്തലറീടുന്ന ഘോഷവും
ദീനതപൂണ്ട തുരഗങ്ങള്‍നാദവും
സന്തതം തിങ്ങി മുഴങ്ങിച്ചമഞ്ഞിതു
ചിന്ത മുഴുത്തു ദശാനനവീരനും
കുംഭകര്‍ണ്ണാത്മജന്മാരില്‍‌മുമ്പുള്ളൊരു
കുംഭനോടാശു നീ പോകെന്നും ചൊല്ലിനാന്‍‌.
തമ്പിയായുള്ള നികുംഭനുമന്നേരം
മുമ്പില്‍‌ഞാനെന്നു മുതിര്‍ന്നു പുറപ്പെട്ടാന്‍.
കമ്പനന്‍‌താനും പ്രജംഘനുമെത്രയും
വന്‍പുള്ള യൂപാക്ഷനും ശോണിതാക്ഷനും
വന്‍പടയോടും പുറപ്പെട്ടു ചെന്നള-
വിമ്പം കലര്‍ന്നടുത്താര്‍കപിവീരരും.
രാത്രിയിലാര്‍ത്തങ്ങടുത്തു പൊരുതൊരു
രാത്രിഞ്ചരന്മാര്‍തെരുതെരെച്ചാകയും
കൂര്‍ത്ത ശസ്ത്രാസ്ത്രങ്ങള്‍‌കൊണ്ടു കപികളും
ഗാത്രങ്ങള്‍ഭേദിച്ചു ധാത്രിയില്‍‌വീഴ്കയും
ഏറ്റുപിടിച്ചുമടിച്ചുമിടിച്ചു മ-
ങ്ങേറ്റം കടിച്ചും പൊടിച്ചും പരസ്പരം
ചീറ്റം മുഴുത്തു പറിച്ചും മരാമരം
തോറ്റുപോകായ്കെന്നു ചൊല്ലിയടുക്കയും
വാനരരാക്ഷസന്മാര്‍പൊരുതാരഭി-
മാനം നടിച്ചും ത്യജിച്ചും കളേബരം
നാലഞ്ചുനാഴികനേരം കഴിഞ്ഞപ്പോള്‍‌
കാലപുരിപുക്കിതേറ്റ രക്ഷോഗണം.
കമ്പനന്‍ വന്‍പോടടുത്താനതുനേര-
മമ്പുകൊണ്ടേറ്റമകന്നു കപികളും.
കമ്പംകലര്‍ന്നൊഴിച്ചാരതു കണ്ടഥ
ജംഭാരിനന്ദനപുത്രനും കോപിച്ചു
കമ്പന്‍‌തന്നെ വധിച്ചോരനന്തരം
പിമ്പേ തുടര്‍ന്നങ്ങടുത്താന്‍പ്രജംഘനും
യൂപാക്ഷനും തഥാ ശോണിതനേത്രനും
കോപിച്ചടുത്താരതുനേരമംഗദന്‍‌
കൌണപന്മാര്‍‌മൂവരോടും പൊരുതതി-
ക്ഷീണനായ് വന്നിതു ബാലിതനയനും.
മൈന്ദനുമാശു വിവിദനുമായ്ത്തത്ര
മന്ദേതരം വന്നടുത്താരതുനേരം.
കൊന്നാന്‍‌പ്രജംഘനെത്താരേയനുമഥ
പിന്നെയവ്വണ്ണം വിവിദന്‍‌മഹാബലന്‍‌
കൊന്നിതു ശോണിതനേത്രനെയുമഥ
മൈന്ദനും യൂപാക്ഷനെക്കൊന്നു വീഴ്ത്തിനാന്‍‌
നക്തഞ്ചരവരന്മാരവര്‍നാല്‍‌വരും
മൃത്യുപുരം പ്രവേശിച്ചോരനന്തരം
കുംഭനണഞ്ഞു ശരം പൊഴിച്ചീടിനാന്‍‌
വമ്പര‍ാം വാനരന്മാരൊക്കെ മണ്ടിനാര്‍‌
സുഗ്രീവനും തേരിലമ്മാറു ചാടി വീ-
ണുഗ്രതയോടവന്‍‌ വില്‍‌കളഞ്ഞീടിനാന്‍‌.
മുഷ്ടിയുദ്ധംചെയ്ത നേരത്തു കുംഭനെ-
പ്പെട്ടെന്നെടുത്തെറിഞ്ഞീടിനാനബ്ധിയില്‍‌.
വാരാന്നിധിയും കലക്കിമറിച്ചതി-
ഘോരന‍ാം കുംഭന്‍‌കരേറിവന്നീടിനാന്‍‌.
സൂര്യാത്മജനുമതു കണ്ടു കോപിച്ചു
സൂര്യാത്മജലായത്തിന്നയച്ചീടാന്‍‌.
സുഗ്രീവനഗ്രജനെക്കൊന്നനേരമ-
ത്യുഗ്രന്‍‌നികുംഭന്‍പരിഘവുമായുടന്‍‌
സംഹാരരുദ്രനെപ്പോലെ രണാജിരേ
സിംഹനാദം ചെയ്തടുത്താനതുനേരം.
സുഗ്രീവനെപ്പിന്നിലിട്ടു വാതാത്മജ-
നഗ്രേ ചെറുത്താന്‍നികുംഭനെത്തല്‍‌ക്ഷണേ.
മാരുതിമാറിലടിച്ചാന്‍‌നികുംഭനും
പാരില്‍‌നുറുങ്ങി വീണു തല്‍‌പരിഘവും.
ഉത്തമ‍ാംഗത്തെപ്പറിച്ചെറിഞ്ഞാനതി-
ക്രുദ്ധനായോരു ജഗല്‍‌പ്രാണപുത്രനും
പേടിച്ചു മണ്ടിനാര്‍ശേഷിച്ച രാക്ഷസര്‍‌
കൂടെത്തുടര്‍നടുത്താര്‍കപിവീരരും,
ലങ്കയില്‍‌പുക്കടച്ചാരവരും ചെന്നു
ലങ്കേശനോടറിയിച്ചാരവസ്ഥകള്‍‌.
കുംഭാദികള്‍‌മരിച്ചോരുദന്തം കേട്ടു
ജംഭാരിവൈരിയും ഭീതിപൂണ്ടീടിനാന്‍‌.
പിന്നെ ഖരാത്മജന‍ാം മകരാക്ഷനോ-
ടന്യൂനകോപേന ചൊന്നാന്‍‌ദശാനനന്‍‌:
‘ചെന്നു നീ രാമാദികളെജ്ജയിച്ചിങ്ങു
വന്നീടു’ കെന്നനേരം മകരാക്ഷനും
തന്നുടെ സൈന്യസമേതം പുറപ്പെട്ടു
സന്നാഹമോടുമടുത്തു രണാങ്കണേ
പന്നഗതുല്യങ്ങളായ ശരങ്ങളെ
വഹ്നികീലാകാരമായ് ചൊരിഞ്ഞീടിനാന്‍‌.
നിന്നുകൂടാഞ്ഞു ഭയപ്പെട്ടു വാനരര്‍‌
ചെന്നഭയം തരികെന്നു രാമാന്തികേ
നിന്നു പറഞ്ഞതു കേട്ടളവേ രാമ-
ചന്ദ്രനും വില്ലും കുഴിയെക്കുലച്ചുടന്‍‌
വില്ലാളികളില്‍‌മുമ്പുള്ളവന്‍‌തന്നോടു
നില്ലെന്നണഞ്ഞു ബാണങ്ങള്‍‌തൂകീടിനാന്‍‌.
ഒന്നിനൊന്നൊപ്പമെയ്താന്‍‌മകരാക്ഷനും
ഭിന്നമായീ ശരീരം കമലാക്ഷനും
അന്യോന്യമൊപ്പം പൊരുതു നില്‍ക്കുന്നേര-
മൊന്നു തളര്‍ന്നു ചമഞ്ഞു ഖരാത്മജന്‍‌.
അപ്പോള്‍‌കൊടിയും കുടയും കുതിരയും
തല്‍‌പാണിതന്നിലിരുന്നൊരു ചാപവും
തേരും പൊടിപെടുത്താനെയ്തു രാഘവന്‍‌
സാരഥിതന്നെയും കൊന്നാനതുനേരം.
പാരിലാമ്മാറു ചാടിശൂലവുംകൊണ്ടു
പാരമടുത്ത മകരാക്ഷനെത്തദാ
പാവകാസ്ത്രംകൊണ്ടു കണ്ഠവും ഛേദിച്ചു
ദേവകള്‍ക്കാപത്തുമൊട്ടു തീര്‍ത്തീടിനാന്‍.
രാവണിതാനതറിഞ്ഞു കോപിച്ചു വ-
ന്നേവരെയും പൊരുതാശു പുറത്താക്കി
രാവനനോടറിയിച്ചാനതു കേട്ടു
ദേവകുലാന്തകനാകിയ രാവണന്‍‌
ഈരേഴുലോകം നടുങ്ങും‌പടി പരി-
ചാരകന്മാരോടുകൂടിപ്പുറപ്പെട്ടാന്‍‌.
അപ്പോളതു കണ്ടു മേഘനിനാദനും
തല്‍‌പാദയുഗ്മം പണിഞ്ഞു ചൊല്ലീടിനാന്‍‌:
‘ഇപ്പോളടിയനരികളെ നിഗ്രഹി-
ച്ചുള്‍‌പ്പൂവിലുണ്ടായ സങ്കടം പോക്കുവന്‍‌
അന്ത:പുരം പുക്കിരുന്നരുളീടുക
സന്താപമുണ്ടാകരുതിതുകാരണം.’
ഇത്ഥം പറഞ്ഞു പിതാവിനെ വന്ദിച്ചു
വൃത്രാരിജിത്തും പുറപ്പെട്ടു പോരിനായ്.
യുദ്ധ്യോദ്യമം കണ്ടു സൌമിത്രി ചെന്നു കാ-
കുല്‍‌സ്ഥനോടിത്ഥമുണര്‍ത്തിച്ചരുളിനാന്‍‌:
‘നിത്യം മറഞ്ഞുനിന്നിങ്ങനെ രാവണ-
പുത്രന്‍കപിവരന്മാരെയും നമ്മെയും
അസ്ത്രങ്ങളെയ്തുടനന്തം വരുത്തുന്ന-
തെത്രനാളേക്കു പൊറുക്കണമിങ്ങനെ?
ബ്രഹ്മാസ്ത്രമെയ്തു നിശാചരന്മാര്‍‌കുല-
മുന്മൂലനാശം വരുത്തുക സത്വരം.’
സൌമിത്രി ചൊന്ന വാക്കിങ്ങനെ കേട്ടഥ
രാമഭദ്രസ്വാമി താനുമരുള്‍‌ചെയ്തു:
‘ആയോധനത്തിങ്കലോടുന്നവരോടു-
മായുധം പോയവരോടും വിശേഷിച്ചു
നേരേ വരാതവരോടും, ഭയം പൂണ്ടു
പാദാന്തികേ വന്നു വീഴുന്നവരോടും
പൈതാമഹാസ്ത്രം പ്രയോഗിക്കരുതെടോ!
പാതകമുണ്ടാമതല്ലായ്കിലേവനും
ഞാനിവനോടു പോര്‍‌ചെയ്‌വനെല്ലാവരും
ദീനതയെന്നിയേ കണ്ടുനിന്നീടുവിന്‍.’
എന്നരുള്‍‌ചെയ്തു വില്ലും കുലച്ചന്തികേ
സന്നദ്ധനായതു കണ്ടൊരു രാവണി
തല്‍‌ക്ഷണേ ചിന്തിച്ചു കല്പിച്ചു ലങ്കയില്‍‌
പ്പുക്കു മായാസീതയെത്തേരില്‍‌വച്ചുടന്‍‌
പശ്ചിമഗോപുരത്തൂടെ പുറപ്പെട്ടു
നിശ്ചലനായ് നിന്നനേരം കപികളും
തേരില്‍‌മായാസീതയെക്കണ്ടു ദു:ഖിച്ചു
മാരുതിതാനും പരവശനായിതു
വാനരവീരരെല്ലാവരും കാണവേ
ജാനകീ ദേവിയെ വെട്ടിനാന്‍നിര്‍ദ്ദയം.
‘അയ്യോ! വിഭോ! രാമരാമേ’ തി വാവിട്ടു
മയ്യല്‍‌മിഴിയാള്‍‌മുറവിളിച്ചീടിനാള്‍‌.
ചോരയും പാരില്‍പരന്നതിതു കണ്ടു
മാരുതി ജാനകിയെന്നു തേറീടിനാന്‍‌.
‘ശോഭയില്ലേതും നമുക്കിനി യുദ്ധത്തി-
നാപത്തിതില്‍‌പരമെന്തുള്ളതീശ്വര!
നാമിനി വാങ്ങുക; സീതാവധം മമ
സ്വാമി തന്നോടുണര്‍ത്തിപ്പാന്‍‌കപികളെ!’
ശാഖാമൃഗാധിപന്മാ‍രെയും വാങ്ങിച്ചു
ശോകാതുരനായ മാരുതനന്ദനന്‍‌
ചൊല്ലുന്നതു കേട്ടു രാഘവനും തദാ
ചൊല്ലിനാന്‍ജ‍ാംബവാന്‍‌തന്നോടു സാകുലം:
‘മാരുതിയെന്തുകൊണ്ടിങ്ങോട്ടു പോന്നിതു!
പോരില്‍‌പുറംതിരിഞ്ഞീടുമാറില്ലവന്‍‌.
നീകൂടെയങ്ങു ചെന്നീടുക സത്വരം
ലോകേശനന്ദന! പാര്‍ക്കരുതേതുമേ.’
ഇത്ഥമാകര്‍ണ്യ വിധിസുതനും കപി-
സത്തമന്മാരുമായ് ചെന്നു ലഘുതരം.
‘എന്തു കൊണ്ടിങ്ങു വാങ്ങിപ്പോന്നിതു ഭവാന്‍‌?
ബന്ധമെന്തങ്ങോട്ടുതന്നെ നടക്ക നീ.’
എന്നനേരം മാരുതാത്മജന്‍‌ചൊല്ലിനാ-
‘നിന്നു പേടിച്ചു വാങ്ങീടുകയല്ല ഞാന്‍‌.
ഉണ്ടൊരവസ്ഥയുണ്ടായിട്ടതിപ്പൊഴേ
ചെന്നു ജഗല്‍‌സ്വാമിയോടുണര്‍ത്തിക്കണം.
പോരിക നീയുമിങ്ങോട്ടിനി‘യെന്നുടന്‍‌
മാരുതി ചൊന്നതു കേ,ട്ടവന്‍‌താനുമായ്
ചെന്നു തൊഴുതുണര്‍ത്തിച്ചിതു മൈഥിലി-
തന്നുടെ നാശവൃത്താന്തമെപ്പേരുമേ.
ഭൂമിയില്‍‌വീണു മോഹിച്ചു രഘൂത്തമന്‍‌
സൌമിത്രി താനുമന്നേരം തിരുമുടി
ചെന്നു മടിയിലെടുത്തു ചേര്‍ത്തീടിനാന്‍‌,
മന്നവന്‍‌തന്‍‌പദമഞ്ജനാപുത്രനും
ഉത്സംഗസീമനി ചേര്‍ത്താനതു കണ്ടു
നിസ്സമ്ജ്ഞരായൊക്കെ നിന്നൂ കപികളും
ദു:ഖം കെടുപ്പതിനായുള്ള വാക്കുക-
ളൊക്കെപ്പറഞ്ഞു തുടങ്ങീ കുമാരനും.
എന്തൊരു ഘോഷമുണ്ടായ്തെന്നാത്മനി
ചിന്തിച്ചവിടേക്കു വന്നു വിഭീഷണന്‍‌.
ചോദിച്ച നേരം കുമാരന്‍‌പറഞ്ഞിതു
മാതരിശ്വാത്മജന്‍‌ചൊന്ന വൃത്താന്തങ്ങള്‍‌.
‘കയ്യിണ കൊട്ടിച്ചിരിച്ചു വിഭീഷണ-
നയ്യോ! കുരങ്ങന്മാരെന്തറിഞ്ഞൂ വിഭോ!
ലോകേശ്വരിയായ ദേവിയെക്കൊല്ലുവാന്‍‌
ലോകത്രയത്തിങ്കലാരുമുണ്ടായ് വരാ.
മായനിപുണന‍ാം മേഘനിനാദനി-
ക്കാര്യമനുഷ്ഠിച്ചതെന്തിനെനാശു കേള്‍‌.
മര്‍ക്കടന്മാര്‍ചെന്നുപദ്രവിച്ചീടാതെ
തക്കത്തിലാശു നികുംഭിലയില്‍‌ചെന്നു
പുക്കുടന്‍തന്നുടെ ഹോമം കഴിപ്പതി-
നായ്ക്കൊണ്ടു കണ്ടോരുപായമത്യത്ഭുതം.
ചെന്നിനി ഹോമം മുടക്കണമല്ലായ്കി-
ലെന്നുമവനെ വധിക്കരുതാര്‍ക്കുമേ.
രാഘവ! സ്വാമിന്‍! ജയജയ മാനസ-
വ്യാകുലം തീര്‍ന്നെഴുന്നേല്‍ക്ക ദയാനിധേ!
ലക്ഷ്മണനുമടിയനും കപികുല-
മുഖ്യപ്രവരരുമായിട്ടു പോകണം;
ഓര്‍ത്തു കാലം കളഞ്ഞീടരുതേതുമേ
യാത്രയയയ്ക്കേണ’ മെന്നു വിഭീഷണന്‍
ചൊന്നതു കേട്ടളവാലസ്യവും തീര്‍ന്നു
മന്നവന്‍പോവാനനുജ്ഞ നല്‍കീടിനാന്‍‌.
വസ്തുവൃത്താന്തങ്ങളെല്ല‍ാം ധരിച്ച നേ-
രത്തു കൃതാര്‍ത്ഥനായ് ശ്രീരാമഭദ്രനും
സോദരന്‍‌തന്നെയും രാക്ഷസപുംഗവ-
സോദരന്‍‌തന്നെയും വാനരന്മാരെയും
ചെന്നു ദശഗ്രീവനന്ദനന്‍‌തന്നെയും
കൊന്നു വരികെന്നനുഗ്രഹം നല്‍കിനാന്‍‌.
ലക്ഷ്മണനോടും മഹാകപിസേനയും
രക്ഷോവരനും നടന്നാരതുനേരം
മൈന്ദന്‍‌വിവിദന്‍‌സുഷേണന്‍‌നളന്‍‌നീല-
നിന്ദ്രാത്മജാത്മജന്‌കേസരി താരനും
ശൂരന്‍‌വൃഷഭന്‍‌ശരഭന്‍‌വിനതനും
വീരന്‍‌പ്രമാഥി ശതബലി ജ‍ാംബവാന്‍‌
വാതാത്മജന്‍‌വേഗദര്‍ശി വിശാലനും
ജ്യോതിര്‍‌മ്മുഖന്‍‌സുമുഖന്‍ബലിപുംഗവന്‍
ശ്വേതന്‍, ദധിമുഖനഗ്നിമുഖന്‍ഗജന്‍
മേദുരന്‍ധ്രൂമന്‍ഗവയന്‍ഗവാക്ഷനും
മറ്റുമിത്യാദി ചൊല്ലുള്ള കപികളും
മുറ്റും നടന്നിതു ലക്ഷ്മണന്‍‌തന്നൊടും.
മുന്നില്‍‌നടന്നു വിഭീഷണന്‍‌താനുമായ്
ചെന്നു നികുംഭിലപുക്കു നിറഞ്ഞിതു
നക്തഞ്ചരവരന്മാരെച്ചുഴലവേ
നിര്‍ത്തി ഹോമം തുടങ്ങീടിനാന്‍രാവണി.
കല്ലും മലയും മരവുമെടുത്തുകൊ-
ണ്ടെല്ലാവരുമായടുത്തു കപികളും
എറ്റുമേറും കൊണ്ടു വീണു തുടങ്ങിനാ-
രറ്റമില്ലാതോരോ രാക്ഷസവീരരും.
മുറ്റുകയില്ല ഹോമം നമുക്കിങ്ങിനി-
പ്പറ്റലരെച്ചെറ്റകറ്റിയൊഴിഞ്ഞെന്നു
കല്പിച്ചു രാവണി വില്ലും ശരങ്ങളും
കെല്പോടെടുത്തു പോരിന്നടുത്തീടിനാന്‍
വന്നു നികുംഭിലയാല്‍‌ത്തലമേലേറി
നിന്നു ദശാനനപുത്രനുമന്നേരം
കണ്ടു വിഭീഷണന്‍സൌമിത്രി തന്നോടു
കുണ്ഠത തീര്‍ത്തു പറഞ്ഞുതുടങ്ങിനാന്‍:
‘വീര കഴിഞ്ഞീല ഹോമമിവനെങ്കില്‍‌
നേരേ വെളിച്ചത്തു കണ്ടുകൂടാ ദൃഢം.
മാരുതനന്ദനന്‍‌തന്നോടു കോപിച്ചു
നേരിട്ടു വന്നതു കണ്ടതില്ലേ ഭവാന്‍?
മൃത്യുസമയമടുത്തിതിവന്നിനി
യുദ്ധം തുടങ്ങുക വൈകരുതേതുമേ.’
ഇത്ഥം വിഭീഷണന്‍‌ചൊന്ന നേരത്തു സൌ-
മിത്രിയുമസ്ത്രശസ്ത്രങ്ങള്‍തൂകിടിനാന്‍.
പ്രത്യസ്ത്രശസ്ത്രങ്ങള്‍‌കൊണ്ടു തടുത്തിന്ദ്ര-
ജിത്തുമത്യര്‍ത്ഥമസ്ത്രങ്ങളെയ്തീടിനാന്‍.
അപ്പോള്‍‌കഴുത്തിലെറ്റുത്തു മരുല്‍‌സുത-
നുല്പന്നമോദം കുമാരനെസ്സാദരം.
ലക്ഷ്മണപാര്‍ശ്വേ വിഭീഷണനെക്കണ്ടു
തല്‍‌ക്ഷണം ചൊന്നാന്‍ദശാനനപുത്രനും
‘രാക്ഷസജാതിയില്‍വന്നു പിറന്ന നീ
സാക്ഷാല്‍പിതൃവ്യനല്ലോ മമ കേവലം
പുത്രമിത്രാദി വര്‍ഗ്ഗത്തെയൊടുക്കുവാന്‍
ശത്രുജനത്തിനു ഭൃത്യനായിങ്ങനെ
നിത്യവും വേല ചെയ്യുന്നതോര്‍ത്തീടിനാ-
ലെത്രയും നന്നുനന്നെന്നതേ ചൊല്ലാവൂ.
ഗോത്രവിനാശം വരുത്തും ജനങ്ങള്‌ക്കു
പാര്‍ത്തുകണ്ടോളം ഗതിയില്ല നിര്‍ണ്ണയം.
ഊര്‍ദ്ധ്വലോകപ്രാപ്തി സന്തതികൊണ്ടത്രേ
സാധ്യമാകുന്നതെന്നല്ലോ ബുധമതം.
ശാസ്ത്രജ്ഞന‍ാം നീ കുലത്തെയൊടുക്കുവാ-
നാസ്ഥയാ വേലചെയ്യുന്നതുമത്ഭുതം.’
എന്നതു കേട്ടു വിഭീഷണന്‍ചൊല്ലിനാന്‍;
‘നന്നു നീയും നിന്‍‌പിതാവുമറിക നീ
വംശം മുടിക്കുന്നതിന്നു നീയേതുമേ
സംശയമില്ല വിചാരിക്ക മാനസേ.
വംശത്തെ രക്ഷിച്ചുകൊള്ളുവനിന്നു ഞാ-
നംശുമാലീകുലനായകാനുഗ്രഹാല്‍.’
ഇങ്ങനെ തമ്മില്‍പറഞ്ഞുനില്‍ക്കുന്നേരം
മങ്ങാതെ ബാണങ്ങള്‍തൂകീ കുമാരനും
എല്ലാമതെയ്തു മുറിച്ചുകളഞ്ഞഥ
ചൊല്ലിനാനാശു സൌമിത്രി തന്നോടവന്‍‌.
‘രണ്ടുദിനം മമ ബാഹുപരാക്രമം
കണ്ടതില്ലേ നീ കുമാരാ വിശേഷിച്ചും?
കണ്ടുകൊള്‍കല്ലായ്കിലിന്നു ഞാന്‍നിന്നുടല്‍‌
കൊണ്ടു ജന്തുക്കള്‍ക്കു ഭക്ഷണമേകുവന്‍‌‘
ഇത്ഥം പറഞ്ഞേഴു ബാണങ്ങള്‍കൊണ്ടു സൌ-
മിത്രിയുടെയുടല്‍‌കീറിനാനേറ്റവും.
പത്തു ബാണം വായുപുത്രനെയേല്പിച്ചു
സത്വരം പിന്നെ വിഭീഷണന്‍‌തന്നെയും
നൂറു ശരമെയ്തു വാനരവീരരു-
മേറേ മുറിഞ്ഞു വശംകെട്ടു വാങ്ങിനാര്‍.
തല്‍‌ക്ഷണേ ബാണം മഴപൊഴിയുംവണ്ണം
ലക്ഷ്മണന്‍‌തൂകിനാന്‍ശക്രാരിമേനിമേല്‍.
വൃത്രാരിജിത്തും ശരസഹസ്രേണ സൌ-
മിത്രികവചം നുറുക്കിയിട്ടീടിനാന്‍.
രക്താഭിഷിക്തശരീരികളായിതു
നക്തഞ്ചരനും സുമിത്രാതനയനും.
പാരമടുത്തഞ്ചു ബാണം പ്രയോഗിച്ചു
തേരും പൊടിച്ചു കുതിരകളെക്കൊന്നു
സാരഥിതന്റെ തലയും മുറിച്ചതി-
സാരമായോരു വില്ലും മുറിച്ചീടിനാന്‍.
മറ്റൊരു ചാപമെടുത്തു കുലച്ചവ-
നറ്റമില്ലാതോളം ബാനങ്ങള്‍‌തൂകിനാന്‍.
പിന്നെ മൂന്നമ്പെയ്തതും മുറിച്ചീടിനാന്‍.
മന്നവന്‍പംക്തികണ്ഠാത്മജനന്നേരം
ഊറ്റമായോരു വില്ലും കുഴിയെക്കുല-
ച്ചേറ്റമടുത്തു ബാണങ്ങള്‍‌തൂകീടിനാന്‍.
സത്വരം ലങ്കയില്‍പുക്കു തേരും പൂട്ടി
വിദ്രുതം വന്നിതു രാവണപുത്രനും
ആരുമറിഞ്ഞീല പോയതു വന്നതും
നാരദന്‍‌താനും പ്രശംസിച്ചിതന്നേരം.
ഘോരമായുണ്ടായ സംഗരം കണ്ടൊരു
സാരസസംഭവനാദികള്‍ചൊല്ലിനാര്‍:
‘പണ്ടു ലോകത്തിങ്കലിങ്ങനെയുള്ള പോ-
രുണ്ടായതില്ലിനിയുണ്ടാകയുമില്ല.
കണ്ടാലുമീദൃശം വീരപുരുഷന്മാ-
രുണ്ടോ ജഗത്തിങ്കല്‍മറ്റിവരെപ്പോലെ.’
ഇത്ഥം പലരും പ്രശംസിച്ചു നില്പതിന്‍‌
മദ്ധ്യേ ദിവസത്രയം കഴിഞ്ഞൂ ഭൃശം.
വാസരം മൂന്നു കഴിഞ്ഞോരനന്തരം
വാസവ ദൈവതമസ്ത്രം കുമാരനും
ലാഘവം ചേര്‍ന്നു കരേണ സന്ധിപ്പിച്ചു
രാഘവന്‍‌തന്‍പദ‍ാംഭോരുഹം മാനസേ
ചിന്തിച്ചുറപ്പിച്ചയച്ചാനതു ചെന്നു
പംക്തികണ്ഠാത്മജന്‍‌കണ്ഠവും ഛേദിച്ചു
സിന്ധുജലത്തില്‍‌മുഴുകി വിശുദ്ധമാ-
യന്തരാ തൂണിയില്‍വന്നു പുക്കൂ ശരം.
ഭൂമിയില്‍വീണിതു രാവണിതന്നുട-
ലാമയം തീര്‍ന്നിതു ലോകത്രയത്തിനും
സന്തുഷ്ടമാനസന്മാരായ ദേവകള്‍‌
സന്തതം സൌമിത്രിയെ സ്തുതിച്ചീടിനാര്‍.
പുഷ്പങ്ങളും വരിഷിച്ചാരുടനുട-
നപ്സരസ്ത്രീകളും നൃത്തം തുടങ്ങിനാര്‍.
നേത്രങ്ങളായിരവും വിളങ്ങീ തദാ
ഗോത്രാരിതാനും പ്രസാദിച്ചിതേറ്റവും
താപമകന്നു പുകഴ്ന്നുതുടങ്ങിനാര്‍
താപസന്മാരും ഗഗനചരന്മാരും
ദുന്ദുഭി നാദവും ഘോഷിച്ചിതേറ്റമാ-
നന്ദിച്ചിതാശു വിരിഞ്ചനുമന്നേരം.
ശങ്കാവിഹീനം ചെറുഞാണൊലിയിട്ടു
ശംഖും വിളിച്ചുടന്‍സിംഹനാദംചെയ്തു
വാനരന്മാരുമായ് വേഗേന സൌമിത്രി
മാനവേന്ദ്രന്‍‌ചരണ‍ാംബുജം കൂപ്പിനാന്‍.
ഗാഢമായാലിംഗനം ചെയ്തു രാഘവ-
നൂഢമോദം മുകര്‍ന്നീടിനാന്‍മൂര്‍ദ്ധനി
ലക്ഷ്മണനോടു ചിരിച്ചരുളിച്ചെയ്തു:
‘ദുഷ്കരമെത്രയും നീ ചെയ്ത കാരിയം
രാവണി യുദ്ധേ മരിച്ചതു കാരണം
രാവണന്‍‌താനും മരിച്ചാനറിക നീ
ക്രുദ്ധനായ് നമ്മോടു യുദ്ധത്തിനായ് വരും
പുത്രശോകത്താലിനി ദശഗ്രീവനും.’