താടകാവനം പ്രാപിച്ചീടിനോരനന്തരം
ഗൂഢസ്മേരവും പൂണ്ടു പറഞ്ഞു വിശ്വാമിത്രന്‍ഃ 900
"രാഘവ! സത്യപരാക്രമവാരിധേ! രാമ!
പോകുമാറില്ലീവഴിയാരുമേയിതുകാലം.
കാടിതു കണ്ടായോ നീ? കാമരൂപിണിയായ
താടക ഭയങ്കരി വാണിടും ദേശമല്ലൊ.
അവളെപ്പേടിച്ചാരും നേര്‍വഴി നടപ്പീല
ഭൂവനവാസിജനം ഭൂവനേശ്വര! പോറ്റീ!
കൊല്ലണമവളെ നീ വല്ലജാതിയുമതി-
നില്ലൊരു ദോഷ"മെന്നു മാമുനി പറഞ്ഞപ്പോള്‍
മെല്ലവേയൊന്നു ചെറുഞ്ഞാണൊലിചെയ്തു രാമ,-
നെല്ലാലോകവുമൊന്നു വിറച്ചിതതുനേരം. 910
ചെറുഞ്ഞാണൊലി കേട്ടു കോപിച്ചു നിശാചരി
പെരികെ വേഗത്തോടുമടുത്തു ഭക്ഷിപ്പാനായ്.
അന്നേരമൊരു ശരമയച്ചു രാഘവനും
ചെന്നു താടകാമാറില്‍ കൊണ്ടിതു രാമബാണം.
പാരതില്‍ മല ചിറകറ്റുവീണതുപോലെ
ഘോരരൂപിണിയായ താടക വീണാളല്ലോ.
സ്വര്‍ണ്ണരത്നാഭരണഭൂഷിതഗാത്രിയായി
സുന്ദരിയായ യക്ഷിതന്നെയും കാണായ്‌വന്നു.
ശാപത്താല്‍ നക്തഞ്ചരിയായോരു യക്ഷിതാനും
പ്രാപിച്ചു ദേവലോകം രാമദേവാനുജ്ഞയാ. 920
കൗശികമുനീന്ദ്രനും ദിവ്യാസ്‌ത്രങ്ങളെയെല്ലാ-
മാശു രാഘവനുമുപദേശിച്ചു സലക്ഷ്മണം.
നിര്‍മ്മലന്മാരാം കുമാരന്മാരും മുനീന്ദ്രനും
രമ്യകാനനേ തത്ര വസിച്ചു കാമാശ്രമേ.
രാത്രിയും പിന്നിട്ടവര്‍ സന്ധ്യാവന്ദനംചെയ്തു
യാത്രയും തുടങ്ങിനാരാസ്ഥയാ പുലര്‍കാലേ.
പുക്കിതു സിദ്ധാശ്രമം വിശ്വാമിത്രനും മുനി-
മുഖ്യന്മാരെതിരേറ്റു വന്ദിച്ചാരതുനേരം.
രാമലക്ഷ്മണന്മാരും വന്ദിച്ചു മുനികളെ
പ്രേമമുള്‍ക്കൊണ്ടു മുനിമാരും സല്‍ക്കാരംചെയ്താര്‍. 930
വിശ്രമിച്ചനന്തരം രാഘവന്‍തിരുവടി
വിശ്വാമിത്രനെ നോക്കി പ്രീതിപൂണ്ടരുള്‍ചെയ്തുഃ
"താപസോത്തമ, ഭവാന്‍ ദീക്ഷിക്ക യാഗമിനി
താപംകൂടാതെ രക്ഷിച്ചീടുവനേതുചെയ്തും.
ദുഷ്ടരാം നിശാചരേന്ദ്രന്മാരെക്കാട്ടിത്തന്നാല്‍
നഷ്ടമാക്കുവന്‍ ബാണംകൊണ്ടു ഞാന്‍ തപോനിധേ!"
യാഗവും ദീക്ഷിച്ചിതു കൗശികനതുകാല-
മാഗമിച്ചിതു നക്തഞ്ചരന്മാര്‍ പടയോടും.
മദ്ധ്യാഹ്നകാലേ മേല്‍ഭാഗത്തിങ്കല്‍നിന്നുമത്ര
രക്തവൃഷ്ടിയും തുടങ്ങീടിനാരതുനേരം. 940
പാരാതെ രണ്ടു ശരം തൊടുത്തു രാമദേവന്‍
മാരീചസുബാഹുവീരന്മാരെ പ്രയോഗിച്ചാന്‍.
കോന്നിതു സുബാഹുവാമവനെയൊരു ശര-
മന്നേരം മാരീചനും ഭീതിപൂണ്ടോടീടിനാന്‍.
ചെന്നിതു രാമബാണം പിന്നാലെ കൂടെക്കൂടെ
ഖിന്നനായേറിയൊരു യോജന പാഞ്ഞാനവന്‍.
അര്‍ണ്ണവംതന്നില്‍ ചെന്നു വീണിതു, രാമബാണ-
മന്നേരമവിടെയും ചെന്നിതു ദഹിപ്പാനായ്.
പിന്നെ മേറ്റ്ങ്ങുമൊരു ശരണമില്ലാഞ്ഞവ-
നെന്നെ രക്ഷിക്കേണമെന്നഭയം പുക്കീടിനാന്‍. 950
ഭക്തവത്സലനഭയംകൊടുത്തതുമൂലം
ഭക്തനായ്‌വന്നാനന്നുതുടങ്ങി മാരീചനും.
പറ്റലര്‍കുലകാലനാകിയ സൗമിത്രിയും
മറ്റുളള പടയെല്ലാം കോന്നിതു ശരങ്ങളാല്‍.
ദേവകള്‍ പുഷ്പവൃഷ്ടിചെയ്തിതു സന്തോഷത്താല്‍
ദേവദുന്ദുഭികളും ഘോഷിച്ചിതതുനേരം.
യക്ഷകിന്നരസിദ്ധചാരണഗന്ധര്‍വന്‍മാര്‍
തല്‍ക്ഷണേ കൂപ്പി സ്തുതിച്ചേറ്റവുമാനന്ദിച്ചാര്‍.
വിശ്വാമിത്രനും പരമാനന്ദംപൂണ്ടു പുണര്‍-
ന്നശ്രുപൂര്‍ണ്ണാര്‍ദ്രാകുലനേത്രപത്മങ്ങളോടും 960
ഉത്സംഗേ ചേര്‍ത്തു പരമാശീര്‍വാദവുംചെയ്തു
വത്സന്മാരെയും ഭുജിപ്പിച്ചിതു വാത്സല്യത്താല്‍.
ഇരുന്നു മൂന്നുദിനമോരോരോ പുരാണങ്ങള്‍
പറഞ്ഞു രസിപ്പിച്ചു കൗശികനവരുമായ്.
അരുള്‍ചെയ്തിതു നാലാംദിവസം പിന്നെ മുനിഃ
"അരുതു വൃഥാ കാലം കളകെന്നുളളതേതും.
ജനകമഹീപതിതന്നുടെ മഹായജ്ഞ-
മിനി വൈകാതെ കാണ്മാന്‍ പോക നാം വത്സന്മാരേ!
ചൊല്ലെഴും ത്രൈയംബകമാകിന മാഹേശ്വര-
വില്ലുണ്ടു വിദേഹരാജ്യത്തിങ്കലിരിക്കുന്നു. 970
ശ്രീമഹാദേവന്‍തന്നെ വച്ചിരിക്കുന്നു പുരാ
ഭൂമിപാലേന്ദ്രന്മാരാലര്‍ച്ചിതമനുദിനം
ക്ഷോണിപാലേന്ദ്രകുലജാതനാകിയ ഭവാന്‍
കാണണം മഹാസത്വമാകിയ ധനൂരത്നം."
താപസേന്ദ്രന്മാരോടുമീവണ്ണമരുള്‍ചെയ്തു
ഭൂപതിബാലന്മാരും കൂടെപ്പോയ് വിശ്വാമിത്രന്‍
പ്രാപിച്ചു ഗംഗാതീരം ഗൗതമാശ്രമം തത്ര
ശോഭപൂണ്ടൊരു പുണ്യദേശമാനന്ദപ്രദം
ദിവ്യപാദപലതാകുസുമഫലങ്ങളാല്‍
സര്‍വമോഹനകരം ജന്തുസഞ്ചയഹീനം
കണ്ടു കൗതുകംപൂണ്ടു വിശ്വാമിത്രനെ നോക്കി- 980
പ്പുണ്ഡരീകേക്ഷണനുമീവണ്ണമരുള്‍ചെയ്തുഃ
"ആശ്രമപദമിദമാര്‍ക്കുളള മനോഹര-
മാശ്രയയോഗ്യം നാനാജന്തുസംവീതംതാനും
എത്രയുമാഹ്ലാദമുണ്ടായിതു മനസി മേ
തത്ത്വമെന്തെന്നതരുള്‍ചെയ്യേണം താപോനിധേ!"
No comments:
Post a Comment