അധ്യാത്മ രാമായണം ഒന്ലൈനില്‍ വായിക്കാന്‍ വലതുവശത്തെ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുക (വിഷയ-ക്രമനിക നോക്കുക)

ആധ്യാത്മികതയിലേക്ക്‌

കടപ്പാട് : മാതൃഭൂമി
ബാലകാണ്ഡം-1

''മാനുഷനെന്നു കല്പിച്ചീടുവോരജ്ഞാനികള്‍
മാനസം മായാതമസ്സംവൃതമാകമൂലം''





രാമായണം എന്നു കേള്‍ക്കുമ്പോള്‍ ഭൂരിഭാഗം മലയാളികളും ഓര്‍മിക്കുക എഴുത്തച്ഛന്റെ കൃതിയായ അധ്യാത്മരാമായണത്തെയാണ്. അത്രമാത്രം പ്രചാരമേറിയ ഒരു ഗ്രന്ഥമാണത്. അറിഞ്ഞോ അറിയാതെയോ നമ്മള്‍ ഉപയോഗിക്കുന്ന പല വാക്കുകളും ശൈലികളും അധ്യാത്മരാമായണത്തിന്റെ സംഭാവനയാണ്. അധ്യാത്മരാമായണം എഴുത്തച്ഛന്റെ ഒരു സ്വതന്ത്രകൃതി അല്ല. വിവിധ ഭാരതീയഭാഷകളില്‍ പലരും രാമകഥ പറഞ്ഞിട്ടുണ്ട്. അതിന്റെയൊക്കെ ബീജം വാല്മീകി രാമായണം ആണെന്ന് നിസ്സംശയം പറയാം. വാല്മീകിയെ തികച്ചും അനുകരിച്ചെഴുതിയതല്ല അധ്യാത്മരാമായണം. പല കഥാഭാഗങ്ങളും കഥാസമ്പ്രദായങ്ങളും വാല്മീകിരാമായണത്തിലുള്ളതുപോലെയല്ല. ആദികവിയായ വാല്മീകി ആദ്യപുരുഷാര്‍ഥമായ ധര്‍മത്തിന് ഊന്നല്‍ കൊടുത്തപ്പോള്‍ അധ്യാത്മരാമായണ കര്‍ത്താവ് പരമപുരുഷാര്‍ഥമായ മോക്ഷം പ്രാപിക്കുന്നതിന് ഉപകരിക്കുന്ന ഭക്തിജ്ഞാന വൈരാഗ്യങ്ങള്‍ ശ്രോതാക്കളില്‍ വളര്‍ത്താനാണ് ശ്രമിച്ചത്. വാല്മീകി രാമായണം പ്രായോഗിക ജീവിതവുമായി കൂടുതല്‍ അടുത്തുനില്ക്കുമ്പോള്‍ അധ്യാത്മരാമായണം ആധ്യാത്മികതയ്ക്കാണ് നൂറുശതമാനവും പ്രാധാന്യം നല്‍കുന്നത്. അതുകൊണ്ടുതന്നെ വാല്മീകിയുടെ രാമന്‍ ഈശ്വരന്റെ മനുഷ്യാവതാരമായി ജനിച്ചുവളര്‍ന്ന് പൂര്‍ണത നേടിയപ്പോള്‍ അധ്യാത്മരാമായണത്തിലെ രാമന്‍ തികച്ചും ഈശ്വരന്റെ ഈശ്വരാവതാരമായി ജനിച്ചു; വളര്‍ന്നു; ഉടനീളം ഈശ്വരത്വം വെച്ചുപുലര്‍ത്തുകയും ചെയ്തു. ശ്രീ പരമേശ്വരന്‍ ശ്രീപാര്‍വതിയോട് പറഞ്ഞ ഈ വരി ഓര്‍ക്കുക.


''മാനുഷനെന്നു കല്പീച്ചീടുവോരജ്ഞാനികള്‍
മാനസം മായാതമസ്സംവൃതമാകമൂലം''


ഭക്തി-ജ്ഞാന-വൈരാഗ്യങ്ങള്‍ക്കാണ് എഴുത്തച്ഛന്‍ പ്രാധാന്യം കൊടുത്തിരിക്കുന്നത്. നേരേ മറിച്ച് വാല്മീകി ഏറ്റവും സവിശേഷമായി ഉയര്‍ത്തിപ്പിടിക്കുന്ന ഉന്നതമൂല്യം രാമന്റെ ധര്‍മനിഷ്ഠയും ധര്‍മബോധവുമാണ്.


'രാമോവിഗ്രഹവാന്‍ ധര്‍മഃ' എന്നാണ് വാല്മീകിയുടെ പ്രഖ്യാപനം.
പുരുഷാര്‍ഥങ്ങള്‍ നാലെണ്ണം, ധര്‍മം, അര്‍ഥം, കാമം, മോക്ഷം. ഇതില്‍ ആദ്യമുണ്ടാകുന്നത് കാമമാണ്. തുടര്‍ന്ന് അര്‍ഥബോധവും. ഇത് രണ്ടും സഹജമാണ്, സ്വാഭാവികമാണ്. അതില്‍ തെറ്റില്ല. പക്ഷേ, അനിയന്ത്രിതമായി അര്‍ഥവും കാമവും സമ്പാദിക്കാന്‍ ശ്രമിച്ചാല്‍ അത് സമുദായത്തില്‍ അസ്വസ്ഥത ഉണ്ടാക്കും.


'കൈയൂക്കുള്ളവന്‍ കാര്യക്കാരന്‍' എന്ന നിലയിലേക്ക് കാര്യങ്ങള്‍ പുരോഗമിക്കും. അത് തടയാനായിട്ടാണ് ധര്‍മത്തെ പ്രഥമപുരുഷാര്‍ഥമായിട്ട് ഋഷിമാര്‍ പറഞ്ഞുവെച്ചിരിക്കുന്നത്. ധര്‍മത്തിന്റെ വഴിയില്‍ക്കൂടി, ധര്‍മനിഷ്ഠയില്‍ക്കൂടി അര്‍ഥകാമങ്ങള്‍ ആര്‍ജിക്കുന്നതില്‍ തെറ്റില്ല. ധര്‍മബോധം അര്‍ധകാമങ്ങളെ നിയന്ത്രിച്ചുകൊള്ളും. ഈ തത്ത്വമാണ് വാല്മീകി ഉയര്‍ത്തിപ്പിടിക്കുന്നത്. ധര്‍മനിഷ്ഠമായി ജീവിതം നയിക്കുന്നവര്‍ അവസാനം എത്തിച്ചേരുന്നത് മോക്ഷതലത്തിലാണ്. മോക്ഷപ്രാപ്തിക്ക് അചഞ്ചലമായ ഈശ്വരവിശ്വാസവും നിഷ്‌കളങ്കമായ പക്വതയും അനിവാര്യമാണ്. അതുകൊണ്ടാണ് അധ്യാത്മരാമായണത്തില്‍ ഉടനീളം അതിമനോഹരങ്ങളായ, ഹൃദയാവര്‍ജകങ്ങളായ അനവധി സ്‌തോത്രങ്ങള്‍ നിബന്ധിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെയാണ് രാമനെ തികച്ചും ഈശ്വരനായി മാത്രം അവതരിപ്പിച്ചിരിക്കുന്നതും. ഈശ്വരനിലാണല്ലോ ഒരാള്‍ക്ക് യഥാര്‍ഥ ഭക്തി ഉണ്ടാകുന്നത്. വാല്മീകിയുടെയും അധ്യാത്മരാമായണകര്‍ത്താവിന്റെയും സമ്പ്രദായങ്ങളുടെ ഒരു താരതമ്യപഠനം ഇവിടെ അപ്രസക്തമാണ്. കാരണം, രണ്ടുപേരുടെയും ലക്ഷ്യങ്ങള്‍ വ്യത്യസ്തമാണ്. ആ ലക്ഷ്യങ്ങളില്‍ അവര്‍ വിജയിച്ചിട്ടുണ്ടെന്നുള്ളത് നിസ്തര്‍ക്കമാണ്.

ബാലകാണ്ഡം-2
''സംസാരമയപരി തപ്തമാനസന്മാരാം
പുംസാം ത്വദ്ഭക്തിയൊഴിഞ്ഞില്ല ഭേഷജമേതും''
അധര്‍മം ഭൂമിയില്‍ വല്ലാതെ വര്‍ധിച്ചപ്പോള്‍ ആ അധര്‍മത്തിന്റെ മൂര്‍ത്തിയായ രാവണന്റെ നിഷ്‌കര്‍മങ്ങളും അതിക്രമങ്ങളുംകൊണ്ട് ലോകത്തിന് പൊറുതിമുട്ടി. അപ്പോള്‍ ബ്രഹ്മാവിന്റെ നേതൃത്വത്തില്‍ ദേവന്മാരെല്ലാവരുംകൂടി വൈകുണ്ഠത്തില്‍ എത്തുന്നു. അവിടെ അനന്തശയനത്തില്‍ എല്ലാ ദിവ്യത്വത്തോടുംകൂടി വാണരുളുന്ന മഹാവിഷ്ണുവിനെ വാഴ്ത്തി സ്തുതിക്കുന്നു.


''സരസപദങ്ങളാല്‍ സ്തുതിച്ചു തുടങ്ങിനാന്‍
പരമാനന്ദമൂര്‍ത്തേ! ഭഗവന്‍! ജയജയ,
മോക്ഷകാമികളായ സിദ്ധയോഗീന്ദ്രന്മാര്‍ക്കും
സാക്ഷാല്‍ കാണ്മതിന്നരുതാതൊരു പാദാംബുജം...''


എന്നു തുടങ്ങുന്ന മനോഹരമായഒരു സ്തുതിയാണ് ബ്രഹ്മാവിന്റേത്. അതില്‍ ഭഗവാന്റെ സാകാര നിരാകാര ഭാവങ്ങളെ സൂചിപ്പിക്കുന്ന അനവധി പദങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട്. ഭഗവാന്‍ ദശരഥപുത്രനായി പിറന്ന് രാവണനിഗ്രഹം ചെയ്ത് അധര്‍മം പൂര്‍ണമായി ഭൂമിയില്‍നിന്ന് തുടച്ചുമാറ്റണം എന്നാണ് ബ്രഹ്മാവിന്റെ അപേക്ഷ. അങ്ങനെയാകാം എന്ന് ഭഗവാന്റെ മറുപടി. ജനനസമയത്ത് പ്രപഞ്ചം ആകെ കോരിത്തരിച്ചു. (ഭാഗവതത്തിലെ കൃഷ്ണാവതാര സന്ദര്‍ഭമായിട്ട് ഇതിന് നല്ല സാദൃശ്യമുണ്ട്.) കൗസല്യാദേവിക്ക് തന്റെ ദിവ്യരൂപം കാട്ടിക്കൊടുത്ത് ദേവിയുടെ പൂര്‍വജന്മകഥയും സൂചിപ്പിച്ചിട്ടാണ് ശിശുവായി മാറുന്നത്.


ഇതേ സന്ദര്‍ഭം വാല്മീകി എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നു നോക്കാം.


ബ്രഹ്മാവിന്റെ ഒരു നീണ്ട സ്തുതിയൊന്നും ഇവിടെയില്ല. വളരെ ചുരുങ്ങിയ വാക്കുകളില്‍ ബ്രഹ്മാവ് തന്റെ ആവശ്യം ഉണര്‍ത്തിക്കുന്നു: ''അങ്ങ് ദശരഥപുത്രനായി ജനിക്കണം. എന്നിട്ട് ലോക ഖണ്ഡകനായ രാവണനെ നിഗ്രഹിക്കണം. ഇത് എന്റ നിര്‍ദേശമാണ്.''


അവതാരം വര്‍ണിക്കുമ്പോഴും അധ്യാത്മരാമായണത്തിലെപ്പോലെ ദൈവീകമായ പരിവേഷമൊന്നും വാല്മീകി കൊടുക്കുന്നില്ല. ശ്രീരാമന്റെ ദൈവികത്വത്തെ സൂചിപ്പിച്ചുകൊണ്ട് രണ്ടു വാക്കുകള്‍ മാത്രം:


''സര്‍വലക്ഷണ സംയുതം,
സര്‍വലോക നമസ്‌കൃതം.''


സാധാരണ മനുഷ്യശിശുവായിട്ടാണ് ശ്രീരാമന്‍ ജനിച്ചത്. ഗ്രന്ഥകര്‍ത്താക്കളുടെ ലക്ഷ്യബോധത്തിലുള്ള വ്യത്യാസമാണ് ഈ മാറ്റത്തിനു കാരണം. വാല്മീകി നാരദനോട് ചോദിക്കുന്നുണ്ട്: ''മഹര്‍ഷേ സര്‍വ ഉത്തമലക്ഷണങ്ങളും തികഞ്ഞ ഒരു മനുഷ്യനുണ്ടോ ഈ ഭൂമിയില്‍. അങ്ങനെ ഒരാള്‍ ഉണ്ടെങ്കില്‍ അവിടുന്ന് അദ്ദേഹത്തെ അറിയാതെവരില്ലല്ലോ.'' അപ്പോഴാണ് നാരദന്‍ പറയുന്നത്: ''അങ്ങ് പറഞ്ഞ ലക്ഷണങ്ങള്‍ എല്ലാം തികഞ്ഞ ഒരു ഉത്തമപുരുഷനാണ് ദശരഥാത്മജനായ രാമന്‍. ആ രാമന്റെ കഥ അങ്ങ് പറയൂ. രാമാവതാരത്തിന്റെ ലക്ഷ്യം എങ്ങനെ ഒരാള്‍ക്ക് സ്വധര്‍മം വേണ്ടതുപോലെ അനുഷ്ഠിക്കാം എന്ന് പഠിപ്പിക്കലാണ്. മറ്റുള്ളവരെ പഠിപ്പിക്കാന്‍വേണ്ടി താന്‍ സ്വയം അത് അനുഷ്ഠിച്ച് കാണിച്ചുകൊടുത്തു. അധ്യാത്മരാമായണത്തില്‍ ഈ പ്രശ്‌നം ഉദിക്കുന്നില്ല. കാരണം, ശ്രീരാമന്‍ സര്‍വജ്ഞനായ ജഗദീശ്വരനാണ്, പരംപൊരുളാണ്, പരമതത്ത്വമാണ്. അവിടേക്ക് അറിയേണ്ടതായിട്ട് ഒന്നുമില്ല. ആര്‍ജിക്കേണ്ടതായിട്ടും ഇല്ല. ഈ വസ്തുതയൊക്കെ ശ്രീപരമേശ്വരന്‍ ശ്രീപാര്‍വതിയെ ധരിപ്പിക്കുന്നുണ്ട്. തുടക്കത്തില്‍ തന്നെ വാല്മീകി രാമനെ ഒരു പൂര്‍ണ മനുഷ്യനായി കാണുമ്പോള്‍ അധ്യാത്മരാമായണ കര്‍ത്താവ് രാമനെ തികച്ചും ഈശ്വരനായി തന്നെ അവതരിപ്പിക്കുന്നു. അതത് വീക്ഷണകോണില്‍ക്കൂടി നോക്കുമ്പോള്‍ രണ്ടു വീക്ഷണങ്ങളും പ്രസക്തങ്ങളാണ്.




ബാലകാണ്ഡം-3


''അവളെപ്പേടിച്ചാരും നേര്‍വഴി നടപ്പീല
ഭുവനവാസീജനം ഭുവനേശ്വരാ! പോറ്റീ''


രാമന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവാണ് വിശ്വാമിത്രന്റെ ആഗമനവും യാഗരക്ഷയ്ക്കുള്ള അപേക്ഷയും. ദശരഥനുണ്ടായ സന്തോഷം നിസ്സീമമാണ്. അദ്ദേഹം സന്തോഷം പ്രകടിപ്പിക്കുന്നത് നോക്കൂ.
''നിന്തിരുവടിയെഴുന്നള്ളിയ മൂലം കൃതാര്‍-
ത്ഥാന്തരാത്മാവായിതു ഞാനിഹ തപോനിധേ!''
വിശ്വാമിത്രനോടുള്ള തന്റെ ആദരവും ഭക്തിയും പ്രകടിപ്പിക്കുന്ന വാക്കുകള്‍ കേട്ട മഹര്‍ഷി സന്തുഷ്ടനായി. അത്രമാത്രം ഹൃദ്യമായിരുന്നു ദശരഥന്റെ ആതിഥ്യ മര്യാദ. പക്ഷേ, യാഗരക്ഷയ്ക്ക് രാമനെ അയയ്ക്കണം എന്ന അപേക്ഷ ദശരഥനെ തളര്‍ത്തി. വസിഷ്ഠാദികളുടെ ഉപദേശങ്ങള്‍ കേട്ട് മനമില്ലാ മനസ്സോടെ ശ്രീരാമനെ വിശ്വാമിത്രന്റെ കൂടെ പറഞ്ഞയച്ചു. അന്ന് രാത്രി കാട്ടില്‍കിടന്ന് ഉറങ്ങി പ്രഭാതമായപ്പോള്‍ രാമനെ വിശ്വാമിത്രന്‍ വിളിച്ചുണര്‍ത്തി. വാല്മീകിരാമായണത്തിലെ എല്ലാവര്‍ക്കും പരിചിതമായ വരികളാണ് ആ വിളിച്ചുണര്‍ത്തല്‍:


''കൗസല്യ സുപ്രജാരാമ
പൂര്‍വാ സന്ധ്യപ്രവര്‍ത്തതേ,
ഉത്തിഷ്ഠ നരശാര്‍ദൂല
കര്‍ത്തവ്യം ദൈവ മാഹ്‌നികം.''


താടകയുടെ ആവാസസ്ഥാനമായ ഘോരകാനനത്തില്‍ എത്തിയപ്പോഴാണ് ലോകോപദ്രവകാരിയായ താടകയെ വധിക്കണം എന്ന് വിശ്വാമിത്രന്‍ നിര്‍ദേശിക്കുന്നത്. കേട്ടപാടേ തന്നെ രാമന്‍ താടകാവധത്തിന് തയ്യാറായി. കാരണം ഈ രാമന്‍ ഈശ്വരനാണ്. ധര്‍മാധര്‍മചിന്തയുടെ പ്രസക്തി ഇവിടെയില്ല. പക്ഷേ, വാല്മീകിയുടെ രാമന്‍ മനുഷ്യനാണ്. അതുകൊണ്ടുതന്നെ മനുഷ്യസഹജമായ വികാരവിചാരങ്ങളും അദ്ദേഹത്തില്‍ സ്വാഭാവികമായിത്തന്നെയുണ്ട്.


സ്വാഭാവികമായും താടകയെ വധിക്കാന്‍ വിശ്വാമിത്രന്‍ നിര്‍ദേശിച്ചപ്പോള്‍ ശ്രീരാമന്റെ ധര്‍മബോധം ഉണര്‍ന്നു. താടക സ്ത്രീയാണ്, സ്ത്രീവധം അധര്‍മമാണ്. സ്ത്രീ ദയാര്‍ഹയാണ്. ഈ മാതിരി സംശയങ്ങള്‍ നമുക്കെല്ലാം ഉണ്ടാകാം. ആരോടാണ് ദയകാണിക്കേണ്ടത്. എപ്പോഴാണ് ദയ കാണിക്കേണ്ടത് എന്നുള്ള സന്ദേഹങ്ങള്‍ രാമനെ അലട്ടിയതുപോലെ നമ്മളെയും അലട്ടാറില്ലെ? വാല്മീകിയുടെ രാമനോട് വിശ്വാമിത്രന്‍ പറയുന്നത് ശ്രദ്ധിക്കൂ.


'താടക സ്ത്രീ ആയതുകൊണ്ട് ദയാര്‍ഹയാണ്. വധാര്‍ഹയല്ല എന്ന ചിന്ത തികച്ചും തെറ്റാണ്. ഒരിക്കലും താടകയോട് ദയകാണിക്കാന്‍ പാടില്ല. അക്രമവും അതിക്രമവും ആരുകാണിച്ചാലും അതാരാണെന്ന് നോക്കേണ്ട ആവശ്യമില്ല.


അതിനെ അടിച്ചമര്‍ത്തുന്നത് രാജധര്‍മമാണ്. അധികാരവും ചുമതലയുമുള്ള ആളുകളുടെ പരമപ്രധാനമായ ചുമതല സമുദായത്തിന്റെ സുരക്ഷയും നിയമവ്യവസ്ഥ നിലനിര്‍ത്തലുമാണ്. അതിനു പുറപ്പെടുമ്പോള്‍ ചിലപ്പോള്‍ അല്പം തെറ്റായ പ്രവൃത്തികളും ചെയ്യേണ്ടിവന്നേക്കാം. പക്ഷേ, പരമമായ ലക്ഷ്യം സമൂഹനന്മയായതുകൊണ്ട്, തന്റെ പ്രവൃത്തിയില്‍ എന്തെങ്കിലും ചെറിയ തെറ്റുകള്‍ വന്നിട്ടുണ്ടെങ്കില്‍ അവയെ അവഗണിക്കാവുന്നതേയുള്ളൂ. കാരണം സമൂഹത്തിന്റെ നന്മയാണ് പരമപ്രധാനം, അല്ലാതെ വ്യക്തിയുടെ ഇഷ്ടാനിഷ്ടങ്ങളല്ല.'' ഈ തത്ത്വമാണ് വിശ്വാമിത്രന്‍ ഭാവിയിലെ രാജാവാകാന്‍ പോവുന്ന ശ്രീരാമനെ ഉപദേശിക്കുന്നത്.
ബാലകാണ്ഡം-4

ഞാനഹോ കൃതാര്‍ഥയായേന്‍ ജഗന്നാഥ!
നിന്നെക്കാണായ് വന്നതുമൂലമത്രയുമല്ല ചൊല്ലാം
പത്മജരുദ്രാദികളാലപേക്ഷിതം പാദപത്മ-
സംലഗ്‌നപാംസുലേശമിന്നെനിക്കല്ലോ
രാമദര്‍ശനംകൊണ്ട് പാപനിര്‍മുക്തയായിത്തീര്‍ന്ന അഹല്യയുടെ അതിമനോഹരമായ സ്തുതികളിലെ വരികളാണ് മേല്‍ കൊടുത്തത്. അതിന്റെ സന്ദര്‍ഭം പരിശോധിക്കാം. യാഗരക്ഷ കഴിഞ്ഞ് രാമലക്ഷ്മണന്മാര്‍ വിശ്വാമിത്രനൊരുമിച്ച് മിഥിലയ്ക്ക് പുറപ്പെട്ടു. യാത്രാമധ്യേ ഗംഗാതീരത്ത് അതിമനോഹരമായ ഒരു കാനനം രാമലക്ഷ്മണന്മാരെ വല്ലാതെ ആകര്‍ഷിച്ചു. ഏതോ ദിവ്യസാന്നിധ്യം നിറഞ്ഞുനില്‍ക്കുന്ന ഒരു പവിത്രസങ്കേതമാണ് അതെന്ന് അവര്‍ക്ക് തോന്നി. വിശ്വാമിത്രന്‍ അപ്പോഴാണ് ശ്രീരാമന് അഹല്യയുടെ കഥ പറഞ്ഞുകൊടുക്കുന്നത്. ഒരു പ്രത്യേക സാഹചര്യത്തില്‍ പതിവ്രതാധര്‍മത്തില്‍നിന്ന് വ്യതിചലിച്ച അഹല്യയെ ഭര്‍ത്താവായ ഗൗതമ മഹര്‍ഷി ശപിച്ചു.

വര്‍ഷങ്ങളോളം നിരാഹാരയായി, അദൃശ്യയായി ശിലാരൂപം കൈക്കൊണ്ട് ശ്രീരാമപാദം ധ്യാനിച്ചുകൊണ്ട് അവിടെ കഴിയാനാണ് ശപിച്ചത്. ശ്രീരാമപാദസ്പര്‍ശം എപ്പോള്‍ ഉണ്ടാകുന്നുവോ, അപ്പോള്‍ അഹല്യയ്ക്ക് ശാപത്തില്‍നിന്ന് മുക്തി നേടാം. അഹല്യയുടെ ശിലാരൂപം മഹര്‍ഷി കാട്ടിക്കൊടുത്തു. ആ രൂപത്തില്‍ ശ്രീരാമന്‍ എപ്പോള്‍ പാദം വെച്ചുവോ, അപ്പോള്‍ അഹല്യ ഒരു ദിവ്യസ്ത്രീയായി മാറി ശ്രീരാമനെ വാഴ്ത്തി സ്തുതിക്കുന്നു. സകല ദേവന്മാരും ആരുടെ പാദസ്പര്‍ശം ലഭിക്കാനായി വര്‍ഷങ്ങള്‍ നീണ്ട തപസ്സ് അനുഷ്ഠിക്കുന്നുവോ ആ ദേവന്റെ പാദസ്പര്‍ശം സിദ്ധിച്ച താന്‍ അതീവ കൃതാര്‍ഥയായി. ജീവിതത്തില്‍ തനിക്കിനി വേറൊന്നും നേടാനില്ല. സമസ്ത പുരുഷാര്‍ഥങ്ങളുടെയും ദാതാവായ ശ്രീരാമനെ കാണലാണ് ജീവിതലക്ഷ്യം. അതിനപ്പുറം ഒരാള്‍ക്കും ഒന്നും നേടാനില്ല. കൃതാര്‍ഥതയോടെ, കൃതജ്ഞതയോടെ തന്നെ വന്ദിച്ച അഹല്യയെ ഭഗവാന്‍ അനുഗ്രഹിക്കുന്നു.

ഈ കഥയെ വാല്മീകി എങ്ങനെ അവതരിപ്പിക്കുന്നു എന്നു നോക്കാം. ശിലാരൂപം സ്വീകരിച്ച് അനേകവര്‍ഷങ്ങള്‍ കാത്തിരിക്കണമെന്ന് ഗൗതമന്‍ ശപിച്ചിട്ടില്ല. അഹല്യ ശിലയായതുമില്ല. ആരാലും കാണപ്പെടാതെ, നിരാഹാരയായി, ഭസ്മത്താല്‍ മൂടപ്പെട്ടവളെപ്പോലെ നീ കാട്ടില്‍ താമസിക്കണം. എപ്പോഴാണോ ദശരഥാത്മജനായ രാമന്‍ ഇവിടെ വരുന്നത് അന്ന് നീ പവിത്രയാണ്. ശ്രീരാമന്‍ ഇവിടെ ശിലാരൂപത്തെ അല്ല കണ്ടത്; ഒരു മഹാതപസ്വിനിയെ, ഒരു യോഗിനിയെയാണ്. 'മഹാഭാഗാ', തപസ്സാദ്യോതിതാനനാം' എന്നൊക്കെയാണ് വാല്മീകി അഹല്യയെ വര്‍ണിക്കുന്നത്. രാമലക്ഷ്മണന്മാര്‍ അഹല്യയുടെ പാദം തൊട്ടുവന്ദിച്ചു. തന്റെ ഭര്‍ത്താവിന്റെ വാക്കുകള്‍ അപ്പോള്‍ അഹല്യയ്ക്ക് ഓര്‍മവന്നു. രാമലക്ഷ്മണന്മാരെ സാദരം സ്വീകരിച്ചു. അവര്‍ മിഥിലയ്ക്ക് യാത്രയാവുകയും ചെയ്തു. ഇതാണ് വാല്മീകിരാമായണത്തിലെ കഥ.

ബാലകാണ്ഡം-5
''സ്വര്‍ണവര്‍ണത്തെപ്പൂണ്ട മൈഥിലി മനോഹരി
സ്വര്‍ണഭൂഷണങ്ങളുമണിഞ്ഞു ശോഭയോടെ
സ്വര്‍ണമാലയും ധരിച്ചാദരാല്‍ മന്ദമന്ദ-
മര്‍ണോജനേത്രന്‍ മുന്നില്‍ സത്രപം വിനീതയായ്
വന്നുടന്‍ നേത്രോല്പലമാലയുമിട്ടാള്‍ മുന്നേ
പിന്നാലെ വരണാര്‍ഥ മാലയുമിട്ടീടിനാള്‍...''

ബാലകാണ്ഡത്തിലെ അതിപ്രധാനമായ സംഭവമാണ് സീതാവിവാഹം. അധ്യാത്മരാമായണത്തിലും വാല്മീകി രാമായണത്തിലും ഈ കഥ പറഞ്ഞിരിക്കുന്നത് തികച്ചും വ്യത്യസ്തമായിട്ടാണ്. വാല്മീകി മനുഷ്യനായ രാമനെയാണ് അവതരിപ്പിച്ചത്. അധ്യാത്മരാമായണത്തില്‍ ഈശ്വരനായ രാമനെയാണ് നാം കാണുന്നത്. രാമായണ കര്‍ത്താക്കളുടെ സങ്കല്പത്തിലുള്ള വ്യത്യാസമാകാം ഈ വ്യതിയാനത്തിനു കാരണം. വിശ്വാമിത്രന്റെ നിര്‍ദേശപ്രകാരം ശൈവചാപം ശ്രീരാമന്‍ നിഷ്പ്രയാസം പൊക്കിക്കുലച്ചൊടിച്ചു. ജനകാദികള്‍ക്ക് അത്യധികമായ സന്തോഷം. മേഘഗര്‍ജനം കേള്‍ക്കുമ്പോള്‍ മയിലിനുണ്ടാകുന്ന ആഹ്ലാദം മൈഥിലിക്ക് അനുഭവപ്പെട്ടു. പരിചാരികമാര്‍ സീതയെ വേണ്ടതുപോലെ അണിയിച്ചൊരുക്കി. മന്ദം മന്ദം നടന്ന് രാമന്റെ മുമ്പില്‍വന്ന സീത ആദ്യം നേത്രോല്പലമാലയും പിന്നീട് വരണാര്‍ഥമാലയും രാമന്റെ കഴുത്തില്‍ ചാര്‍ത്തി. അതിനുശേഷം അയോധ്യയ്ക്ക് ആളുപോയി ദശരഥാദികള്‍വന്നു. വിധിപ്രകാരം സീതാവിവാഹവും നടന്നു. ശ്രീരാമന്റെ കാലുകഴുകിയ ജലം ജനകന്‍ തന്റെ ശിരസ്സില്‍ തളിച്ചു.

വാല്മീകി ഈ രംഗമെങ്ങനെ കൈകാര്യം ചെയ്തുവെന്ന് പരിശോധിക്കാം. ശ്രീരാമന്‍ വില്ലൊടിച്ചപ്പോള്‍ വിശ്വാമിത്രനും ജനകനും സന്തുഷ്ടരായി. പല രാജാക്കന്മാരും ഈ പരീക്ഷണത്തില്‍ പരാജയപ്പെട്ടപ്പോള്‍ ജനകമഹാരാജാവിന് വലിയ ദുഃഖം തോന്നി. ശ്രീരാമന്‍ ഈശ്വരനാണെന്ന് ജനകന്‍ ധരിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ദശരഥാത്മജനായ രാമന്‍ വില്ലൊടിച്ചപ്പോള്‍ ആഹ്ലാദംകൊണ്ട് മതിമറന്ന ജനകരാജാവ് സീതയെ ദാനംചെയ്യാന്‍ തയ്യാറായി. ഈ വിവരം വിവാഹസന്ദര്‍ഭത്തില്‍ വാല്മീകി പറയുന്നില്ല. നേരെമറിച്ച് സീത അയോധ്യാകാണ്ഡത്തില്‍ അനസൂയയോടാണ് ഇത് പറയുന്നത്. ജനകമഹാരാജാവ് സീതയെ ദാനംചെയ്യാന്‍ തയ്യാറായപ്പോള്‍ ശ്രീരാമന്‍ പറഞ്ഞത്, അച്ഛന്റെ അഭിപ്രായമറിയാതെ താന്‍ സീതയെ വിവാഹം കഴിക്കില്ലെന്നാണ്. അതിനു ശേഷമാണ് അയോധ്യയ്ക്ക് ആളുപോയത്. സീതാവിവാഹം വിധിപ്രകാരം നടന്നു. സര്‍വാഭരണവിഭൂഷിതയായ സീതയെ കൂട്ടിക്കൊണ്ടുവന്ന് ഹോമകുണ്ഡത്തിന്റെ മുമ്പില്‍ നിര്‍ത്തിക്കൊണ്ട് ശ്രീരാമനോട് പറയുന്ന വാക്കുകള്‍ ശ്രദ്ധിക്കപ്പെടേണ്ടവയാണ്.

''ഇയം സീത, മമസുതാ
സഹധര്‍മചരീ തവ...
പതിവ്രതാ മഹാഭാഗാ
ഛായേ വാനുഗതാതവ''

ഉത്തമ ഭാര്യാഭര്‍ത്തൃബന്ധം എന്താണ്, ഭര്‍ത്താവിന്റെ സഹധര്‍മചാരിയാവണം ഭാര്യ. ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മില്‍ നല്ല അഭിപ്രായൈക്യവും ഒരുമയും വേണം. എങ്കിലേ ദാമ്പത്യജീവിതം വിജയമാകൂ. ഈ വസ്തുതയാണ് ജനകമഹാരാജാവ് വിവാഹിതനാവാന്‍ പോകുന്ന രാമനെ ഓര്‍മിപ്പിച്ചത്. സീതാവിവാഹം കഴിഞ്ഞ് അയോധ്യയില്‍ മടങ്ങിയെത്തുന്നതോടുകൂടി ബാലകാണ്ഡം അവസാനിക്കുന്നു.
അയോധ്യാകാണ്ഡം-1
ഭാര്‍ഗവരാമന്റെ അഹങ്കാരം ശമിപ്പിച്ച വൃത്താന്തം വിവരിച്ച ശേഷം ശ്രീരാമന്‍, സീത, ലക്ഷ്മണന്‍, ശത്രുഘ്‌നന്‍ എന്നിവര്‍ 'ഒന്നിച്ചു വാണാനയോധ്യാപുരി തന്നിലന്നേ' എന്നു പറഞ്ഞാണ് എഴുത്തച്ഛന്‍ ബാലകാണ്ഡകഥനം പൂര്‍ത്തീകരിച്ചിട്ടുള്ളത്. അയോധ്യാപുരിയില്‍ പിന്നെ എന്തെല്ലാം നടന്നു! അനേകം നാടകീയ സംഭവങ്ങള്‍ വികാരസാന്ദ്രമായ ഭാഷയില്‍ പ്രതിപാദിച്ചിട്ടുള്ള കാവ്യഭാഗമാണ് അയോധ്യാകാണ്ഡം. മനുഷ്യബന്ധങ്ങളുടെ സജീവ ചിത്രണമാണത്.
ശ്രീരാമചന്ദ്രന്റെ യൗവനരാജ്യാഭിഷേക പ്രാരംഭം, അഭിഷേക വിഘ്‌നം, ലക്ഷ്മണാദി സാന്ത്വനം, വനയാത്രോദ്യമം, യാത്രയും ഗുഹസംഗമവും, ഭരദ്വാജാശ്രമ പ്രവേശം, വാല്മീകി കഥ, ചിത്രകൂട പ്രവേശം, ദശരഥ വിയോഗം, വിലാപങ്ങളും സംസ്‌കാര കര്‍മവും, ഭരതന്റെ വനയാത്ര, ഭരത- രാഘവ സംവാദം, സീതാരാമന്മാരുടെ അത്ര്യാശ്രമ പ്രവേശനം ഇത്രയും സംഗതികളാണ് അയോധ്യാകാണ്ഡത്തില്‍ വിവരിച്ചിട്ടുള്ളത്.
ഭരതശത്രുഘ്‌നന്മാര്‍ മാതുലഗൃഹമായ കേകയത്തിലേക്കു പോയിരിക്കെയാണ് ദശരഥ മഹാരാജാവ് ശ്രീരാമനെ യുവരാജാവായി അഭിഷേകം ചെയ്യാന്‍ നിശ്ചയിച്ചതും ഉദ്യമങ്ങള്‍ ആരംഭിച്ചതും. നാരദമുനി ശ്രീരാമാവതാരോദ്ദേശ്യം വിവരിക്കയുമുണ്ടായി. മുനി ശ്രീരാമനോട് പറഞ്ഞു.

''കാലാവലോകനം കാര്യസാധ്യം നൃണാം
കാലസ്വരൂപനല്ലോ പരമേശ്വരന്‍''

സീമന്തപുത്രനും സര്‍വാഭിമതനും ലോകാഭിരാമനും തനിക്ക് പ്രിയങ്കരനുമായ ശ്രീരാമനെ യുവരാജാവായി അഭിഷേചിക്കുവാന്‍ ദശരഥന്‍ നിശ്ചയിച്ചതിനെത്തുടര്‍ന്ന് കുലഗുരു വസിഷ്ഠന്‍, അഭിഷേകദിനമായ പുണ്യനക്ഷത്രത്തില്‍ അനുഷേ്ഠയ കാര്യങ്ങളെന്തെല്ലാം എന്ന് നിര്‍ദേശിച്ചു. ദാശരഥി ഗൃഹം ശോഭായമാനമായി.



അയോധ്യാകാണ്ഡം-2


വനയാത്ര


ശ്രീരാമാവതാരം ദേവകാര്യാര്‍ഥമാണ്. രാവണനിഗ്രഹം സാധിക്കേണ്ടതുണ്ട്. രാക്ഷസ ദമനത്തിനായി രാമന്‍ വനത്തിലേക്ക് പോകേണ്ടതുണ്ട്. മര്‍ത്ത്യവേഷധാരിയായി അവതരിച്ച ഭഗവാന്റെ യൗവരാജ്യാഭിഷേകം മുടങ്ങണം. കേകയപുത്രിക്ക് വേണ്ട പ്രേരണ നല്കാന്‍ തോഴി മന്ഥരയുടെ നാവില്‍ വസിക്കാനായി സരസ്വതീദേവിയോട് ദേവജ്ഞര്‍ അപേക്ഷിച്ചു. കൈകേയിയുടെ മനം മാറി-
''രാമനീരേഴാണ്ടു കാനനവാസവും
ഭൂമിപാലാജ്ഞയാ ചെയ്യുമാറാക്കണം
നാടടക്കം ഭരതന്നു വരുമതി-
പ്രൗഢകീര്‍ത്ത്യാ നിനക്കും വസിക്കും ചിരം''

ദേവാസുര യുദ്ധവേളയില്‍ നല്കപ്പെട്ട രണ്ടു വരം സ്വപതിയോട് കൈകേയി ആവശ്യപ്പെട്ടു. നിര്‍ബന്ധവാക്യം കേട്ട് ദശരഥന്‍ ദുഃഖസാഗരത്തില്‍ പതിച്ചു. താത ദുഃഖത്തിന് കാരണം അന്വേഷിച്ച ശ്രീരാമനോട് കൈകേയിതന്നെ വരദാന സംഗതി പറഞ്ഞു. കരണീയമായത് ഉപദേശിക്കയും ചെയ്തു. മാതൃവചനശൂലാ ഭിഹതനായ രാമന്‍ ''സത്യം കരോമ്യഹം'' എന്ന് പ്രതിജ്ഞ ചെയ്തു. കൗസല്യ, സുമിത്ര, ലക്ഷ്മണന്‍, പൗരജനങ്ങള്‍ എന്നിവരെല്ലാം ദുഃഖിതരായി. ക്ഷുഭിതനായ ലക്ഷ്മണനെ ജ്യേഷ്ഠന്‍ ആശ്വസിപ്പിച്ചു:

''ഭോഗങ്ങളെല്ലാം ക്ഷണപ്രഭാചഞ്ചലം
വേഗേന നഷ്ടമാമായുസ്സുമോര്‍ക്ക നീ''
സൗമിത്രിയും വൈദേഹിയും സത്യവ്രതനായ രാമ നോടൊപ്പം വനത്തിലേക്ക് പോകാന്‍ സന്നദ്ധരായി. ദശരഥന്‍ മോഹാലസ്യപ്പെട്ടു. മാതാക്കള്‍ അനുഗ്രഹിച്ചു. സുമിത്ര ലക്ഷ്മണനോട് പറഞ്ഞു:
''രാമനെ നിത്യം ദശരഥനെന്നുള്ളി-
ലാമോദമോടു നിരൂപിച്ചുകൊള്ളണം
എന്നെ ജനകാത്മജയെന്നുറച്ചുകൊള്‍
പിന്നെയയോധ്യയെന്നോര്‍ത്തീടടവിയെ''
(വാല്മീകിയുടെ വാക്കുകളില്‍ ആ അനുഗ്രഹം ഇങ്ങനെ:
''രാമം ദശരഥം വിദ്ധി
മാം വിദ്ധി ജനകാത്മജാം
അയോധ്യാമടവീം വിദ്ധി
ഗച്ഛ താത യഥാ സുഖം'')

പൗരന്മാരുടെ വിയോഗദുഃഖം ശമിപ്പിക്കാനായി രാമസീതാതത്ത്വം വാമദേവനിലൂടെ വ്യക്തമാക്കപ്പെടുന്നു. സാക്ഷാല്‍ മഹാവിഷ്ണു പംക്തികണ്ഠനെ കൊന്ന് ജഗത്രയ രക്ഷചെയ്യാന്‍ അവതരിച്ചിരിക്കുകയാണ്. ഗോപനീയമായ ഈ രഹസ്യം മനസ്സിലാക്കിയ സൗരന്മാര്‍, സീതാലക്ഷ്മണസമേതനായ രാമനെ വനത്തിലേക്ക് യാത്രയാക്കി. താതന്‍ ദശരഥനാകട്ടെ:
''രാമ രാമ ! ത്രിലോകാഭിരാമാംഗ ഹാ !
ഹാ ! മമ പ്രാണസമാന മനോഹര !''

എന്നു വിളിച്ച് വിലപിച്ച് ഭൂമിയില്‍ വീണു. സുമന്ത്രരും പൗരന്മാരും തമസാനദീതീരംവരെ രാമനെ അനുഗമിച്ചശേഷം മടങ്ങി അയോധ്യയിലേക്ക് പോന്നു. ശ്രീരാമന്‍ സീതയോടും ലക്ഷ്മണനോടും ഒരുമിച്ച് ശൃംഗിവേരപുരത്ത് എത്തി. ഗുഹസമാഗമം, ഗുഹന്റെ ആതിഥ്യം, ലക്ഷ്മണ-ഗുഹ സംവാദം എന്നിവയാണ് വനവാസാരംഭ സംഗതികള്‍. വടക്ഷീരം ഉപയോഗിച്ച് ജടയുണ്ടാക്കുകയും നിഷാദരാജഗൃഹത്തില്‍ അന്തിമയങ്ങുകയും ചെയ്തശേഷം അടുത്ത പ്രഭാതത്തില്‍ ഗുഹനാല്‍ തുഴയപ്പെട്ട തോണിയില്‍ തമസാനദി കടക്കുകയും ചെയ്തു.

അയോധ്യാകാണ്ഡം-3

ദശരഥവിയോഗം
തമസാ നദീതീരത്ത് പ്രഭാതകൃത്യം നിര്‍വഹിച്ചശേഷം ഭരദ്വാജാശ്രമപരിസരത്ത് എത്തിയ ദശരഥനന്ദനനെ ഭരദ്വാജന്‍ അര്‍ഘ്യപാദ്യങ്ങള്‍ നല്കി സത്കരിച്ചു. സീതാരാമന്മാര്‍ മുനിയെ പ്രണമിച്ചു. ഒരുനാള്‍ ആശ്രമത്തില്‍ കഴിച്ചുകൂട്ടി അടുത്ത പ്രഭാതത്തില്‍ ശൃംഗിവേരപുരത്തുനിന്ന് കാളിന്ദീനദി കടന്ന് ചിത്രകൂടത്തിലേക്ക് പോയി. നാനാമുനികുല സങ്കുലമായ മൃഗദ്വിജാകീര്‍ണവും മനോഹരവുമായ വൃക്ഷലതാപരിശോഭിതവും നിത്യകുസുമഫലദല സംയുതവുമായ വാല്മീക്യാശ്രമ പരിസരത്താണ് ശ്രീരാ മാദികള്‍ എത്തിച്ചേര്‍ന്നത്. മുനികുലസത്തമനെ അവര്‍ പ്രണമിച്ചു.
''ജാനകീ ലക്ഷ്മണോപേതം രഘൂത്തമം
മാനവേന്ദ്രം കണ്ടു വാല്മീകിയും തദാ
സന്തോഷ ബാഷ്പാകുലാക്ഷനായ് രാഘവന്‍
തന്‍ തിരുമേനി ഗാഢം പുണര്‍ന്നീടിനാന്‍''
വാല്മീകി 'പക്വമധുരമധുഫലമൂലങ്ങളൊക്കെ നിവേദിച്ചു' സത്കരിച്ചു. ആതിഥ്യം സ്വീകരിച്ചശേഷം നമിച്ചുകൊണ്ട് മുനിയോട് ആഗമനകാര്യം വിശദീകരിച്ചു. സജ്ജനങ്ങളുടെ മാനസംതന്നെയാണ് ശ്രീരാമന്റെ വാസസ്ഥാനം എന്നു പറയുന്ന വാല്മീകി ആത്മകഥ വിവരിച്ചുകൊടുക്കുന്നു. 'രക്ഷരക്ഷ'എന്ന് അപേക്ഷിച്ച് വരുന്നവരെ രക്ഷാമാര്‍ഗോപദേശത്താല്‍ രക്ഷിക്കണം എന്ന് വാല്മീകിക്ക് ലഭിച്ച നിര്‍ദേശത്തെക്കുറിച്ചും 'മരാമരാ' (രാമരാമ) എന്നു ജപിച്ചതിനെക്കുറിച്ചുമെല്ലാം മുനിപുംഗവന്‍ വ്യക്തമാക്കി. വാല്മീകിയുടെ ജീവിതത്തെ വ്യാവര്‍ത്തിപ്പിച്ചത് മരീചി, അത്രി, അംഗിരസ്സ്, പുലഹന്‍, പുലസ്ത്യന്‍, ക്രതു, വിസിഷ്ഠന്‍ എന്നീ സപ്തമുനിമാരാണ്.
സീതാലക്ഷ്മണസമേതനായ ശ്രീരാമനെ സന്ദര്‍ശിക്കാന്‍ അവസരം ലഭിച്ച സന്തോഷത്തില്‍ നിമഗ്‌നനായ മുനിവരന്‍ അവര്‍ക്ക് താമസിക്കാനായി മോദകര സ്ഥലം കാട്ടിക്കൊടുക്കുന്നു. ഗംഗാതീരത്ത് ചിത്രകൂടപര്‍വതാന്തികത്തില്‍ 'ചിത്രമായോരുടജം' തീര്‍ത്തുകൊടുക്കുകയും ചെയ്തു.
''ദേവ മുനിവര സേവിതനാകിയ
ദേവരാജന്‍ ദിവി വാഴുന്നതുപോലെ''
ശ്രീരാമന്‍ പത്‌നിയോടും സഹോദരനോടുംകൂടി അവിടെ പാര്‍പ്പുതുടങ്ങി.
തമസാ നദീതീരം വരെ അനുഗമിച്ചിരുന്ന സചിവന്‍ സുമന്ത്രരും അനുഗാമികളായ പൗരന്മാരും അയോധ്യയില്‍ മടങ്ങിയെത്തിയപ്പോള്‍ ദശരഥന്‍ വാത്സല്യവും ഒപ്പം ദുഃഖവും സ്ഫുരിക്കുന്ന വാക്കുകളില്‍ സുമന്ത്രരോട് വനയാത്രാവര്‍ത്തമാനങ്ങള്‍ ആരാഞ്ഞു. സുമന്ത്രര്‍ കഥകളൊക്കെ വിശദമാക്കി. ദുഃഖം സഹിക്കാനാകാതെ കൗസല്യ വിലപിക്കുന്നതുകേട്ട് ദശരഥന്‍ പുത്രദുഃഖം അനുഭവിക്കാനിടയാക്കിയ പൂര്‍വകഥ വിവരിക്കുന്നു. ശ്രാവണന്‍ എന്ന മുനികുമാരനെ അബദ്ധവശാല്‍ അമ്പെയ്തു കൊല്ലാനിടയായതും പുത്രദുഃഖത്തോടെ മരിക്കാനിടയാകട്ടെയെന്ന ശാപം ലഭിച്ചതുമായ ദുഃഖസംഭവം ഓര്‍മിച്ച് ദശരഥന്‍ സങ്കടപ്പെടുന്നു. ശ്രീരാമനെ പിരിഞ്ഞതുകൊണ്ടുള്ള സന്താപത്തില്‍ മുഴുകി ദശരഥന്‍ ഇഹലോകം വെടിയുന്നു. ശാപകാലം സമാഗതമായി.
''രാജീവനേത്രനെ ചിന്തിച്ചുചിന്തിച്ചു
രാജാദശരഥന്‍ പുക്കുസുരാലയം''
താപസവാക്യം സത്യമായി. അയോധ്യ ദുഃഖത്തിലാണ്ടു. ഒരു ശാപത്തിന്റെയും ഒരു വാഗ്ദാനത്തിന്റെയും വിദൂരഫലം!

അയോധ്യാകാണ്ഡം-4

ഭരതന്റെ രാമഭക്തി

ദശരഥവിയോഗവാര്‍ത്ത ബന്ധുജനങ്ങളെയും കേകയരാജ്യത്തുള്ള ഭരത ശത്രുഘ്‌നന്മാരെയും അറിയിക്കാന്‍ വസിഷ്ഠമാമുനി നിര്‍ദേശിച്ചു. മൃതദേഹ സംസ്‌കാരത്തിനുള്ള ഉപദേശങ്ങളും നല്കി. ഭരതന്‍ ദുഃഖസമുദ്രത്തില്‍ മുങ്ങി. കൈകേയിയില്‍നിന്ന് കഴിഞ്ഞ കഥകളെല്ലാം അറിഞ്ഞ് കോപാകുലനായി, അതീവ സന്തപ്തനുമായി. ''ഖേദം മതിമതി'' എന്ന് വസിഷ്ഠന്‍ ഉപദേശിച്ചു. ''ജന്മമുണ്ടായാല്‍ മരണവും നിശ്ചയം''. ''ജന്മം മരിച്ചവര്‍ക്കും വരും നിര്‍ണയം.''

''ജീര്‍ണവസ്ത്രങ്ങളുപേക്ഷിച്ചു ദേഹികള്‍
പൂര്‍ണശോഭം നവവസ്ത്രങ്ങള്‍ കൊള്ളുന്നു
ജീര്‍ണദേഹങ്ങളവ്വണ്ണമുപേക്ഷിച്ചു
പൂര്‍ണശോഭം നവദേഹങ്ങള്‍ കൊള്ളുന്നു''.

വസിഷ്ഠന്റെ ഉപദേശമനുസരിച്ച് ദശരഥന്റെ സംസ്‌കാരകര്‍മങ്ങള്‍ യഥാവിധി ഭരതശത്രുഘ്‌നന്മാര്‍ നിര്‍വഹിച്ചു. പിന്നീട് കൈകേയിക്ക് നല്കിയ വരംമൂലം ദത്തമായ അയോധ്യയ്ക്ക് അധിപനായി മന്ത്രപൂര്‍വം അഭിഷേകം ചെയ്യാമെന്ന് വസിഷ്ഠന്‍ പറഞ്ഞു. എന്നാല്‍, ഭരതന്‍ ഉപദേശം സ്വീകരിക്കാതെ ജ്യേഷ്ഠന്‍ രാമനെ മടക്കിക്കൊണ്ടുവന്ന് അഭിഷേകം നടത്താന്‍ നിശ്ചയിച്ച് വനത്തിലേക്ക് പുറപ്പെട്ടു. കൗസല്യാദികളായ രാജദാരങ്ങളോടും സചിവസേനാദികളോടുംകൂടി വസിഷ്ഠനും പത്‌നിയും ഒരുമിച്ച് രാഘവാലോകനാനന്ദവിവശരായി ശൃംഗിവേരപുരത്തേക്ക് യാത്രയായി. നിഷാദരാജനും രാമഭക്തനുമായ ഗുഹനെ സന്ദര്‍ശിച്ച് സീതാരാമദര്‍ശനകാംക്ഷ അറിയിച്ചു. ഗുഹന്‍ എല്ലാ പേരെയും തോണിയില്‍ കയറ്റി ഗംഗ കടത്തി. ഭരതാദികള്‍ ഭരദ്വാജാശ്രമത്തില്‍ ചെന്ന് മുനിയെ വണങ്ങി. തന്റെ നിരപരാധിത്വം അദ്ദേഹത്തെ അറിയിക്കയും ജ്യേഷ്ഠനെ അയോധ്യയിലേക്ക് കൂട്ടിക്കൊണ്ടുപോയി അഭിഷേകം ചെയ്ത് രാജാവാക്കാന്‍ വന്നതാണെന്ന ഇംഗിതം വ്യക്തമാക്കുകയും ചെയ്തു. അനന്തരം ശ്രീരാമസവിധത്തിലേക്ക് പോയി.

''കാരുണ്യപൂര്‍ണം ദശരഥനന്ദന-
മാരണ്യവാസരസികം മനോഹരം
ദുഃഖവും പ്രീതിയും ഭക്തിയുമുള്‍ക്കൊണ്ടു
തൃക്കാല്ക്കല്‍ വീണു നമസ്‌കരിച്ചീടിനാന്‍.

ദശരഥവിയോഗവാര്‍ത്ത ജ്യേഷ്ഠനെ അറിയിച്ചതിനെത്തുടര്‍ന്ന് ശ്രീരാമലക്ഷ്മണന്മാരും വ്രതനിഷ്ഠയോടെ പിതൃകര്‍മങ്ങള്‍ അനുഷ്ഠിച്ചു. വസിഷ്ഠന്‍ ഇങ്ങനെ ആശ്വസിപ്പിച്ചു:

''രാമരാമേതി സീതേതി കുമാരേതി
രാമേതി ലക്ഷ്മണേതി പ്രലാപം ചെയ്തു
ദേവലോകം ചെന്നു പുക്കാനറികനീ
ദേവഭോഗേന സുഖിച്ചു സന്തുഷ്ടനായ്''.

താതവിയോഗത്താല്‍ ശ്രീരാമനും സീതാദേവിയും ലക്ഷ്മണകുമാരനും അത്യന്തം ദുഃഖിതരായെങ്കിലും കുലഗുരുവിന്റെ ആശ്വസനത്താല്‍ ഉള്‍ത്താപം ചുരുക്കി.


അയോധ്യാകാണ്ഡം-5

ദണ്ഡകാരണ്യവും അയോധ്യയും

ജ്യേഷ്ഠനെ അയോധ്യാധിപനായി വാഴിക്കാനും അഭിഷേകം ചെയ്യാനും ആവശ്യമായ എല്ലാ സന്നാഹങ്ങളോടും കൂടിയാണ് ഭരതന്‍ എത്തിയത്.
''ജ്യേഷ്ഠനല്ലേ ഭവാന്‍ ക്ഷത്രിയാണാമതി-
ശ്രേഷ്ഠമാം ധര്‍മം പ്രജാപരിപാലനം''

എന്നാല്‍, പിതൃദത്തവും മാതൃസമ്മതവുമായ രാജ്യം ഭരതന്‍ തന്നെ ഭരിക്കണമെന്നും താന്‍ ദണ്ഡകാരണ്യത്തില്‍ വസിക്കുമെന്നുമായിരുന്നു ശ്രീരാമന്റെ മറുപടി. ''രാജ്യം നിനക്കു,മെനിക്കു വിപിനവും.'' സത്യ വിരോധം ചെയ്യാന്‍ രാമന്‍ തയ്യാറല്ല. വസിഷ്ഠന്റെയും ശ്രീരാമന്റെയും ഉപദേശം സ്വീകരിച്ച്, ശ്രീരാമന്‍ മടങ്ങിയെത്തുംവരെ ഭരണഭാരം നിര്‍വഹിക്കാമെന്ന്‌സമ്മതിച്ച ഭരതന്‍ രഘൂത്തമന്റെ പൊല്‍ത്താരടികളില്‍ ചേര്‍ന്ന മെതിയടി ശിരസാവഹിച്ച് മടങ്ങി. മന്വബ്ദപൂര്‍ണതയില്‍ പ്രഥമദിനത്തില്‍ ജ്യേഷ്ഠന്‍ മടങ്ങിയെത്തുന്നില്ല എങ്കില്‍ താന്‍ വഹ്നിയില്‍ ചാടി മരിക്കുമെന്നുംകൂടി പറഞ്ഞിട്ട് ഭരതന്‍ മടങ്ങി. സിംഹാസനത്തില്‍ ശ്രീരാമപാദം പ്രതിഷ്ഠിച്ച്, താപസവേഷധാരിയായി ദാസ്യഭാവത്തില്‍ രാജ്യംവാണു. അയോധ്യയില്‍നിന്ന് മിത്രജര്‍വന്നേക്കുമെന്നു കരുതി ചിത്രകൂടവാസം മതിയാക്കിയ ശ്രീരാമന്‍ സീതാലക്ഷ്മണ സമേതനായി ദണ്ഡകാരണ്യത്തിലേക്കു യാത്രയായി. മാര്‍ഗമധ്യേ അത്രിമഹര്‍ഷിയെയും അനസൂയയെയും കണ്ട് വന്ദിച്ചു. വിശ്വവിമോഹനമായ ദുകൂലം, കുണ്ഡലം, അംഗരാഗം എന്നിവയെല്ലാം അനസൂയ സീതയ്ക്ക് സമ്മാനിച്ചു. ''കാന്തി നിനക്കുകറയായ്‌ക്കൊരിക്കലും'' എന്ന് അനുഗ്രഹവും നല്‍കി. സാക്ഷാല്‍ നാരായണനാണ് ശ്രീരാമന്‍ എന്നും അവിടത്തെ മായ ജഗത്രയവാസികള്‍ക്ക് സമ്മോഹകാരിണിയാണെന്നും അത്രിമുനി പ്രശംസിച്ചു.

ഇത്രയുമാണ് അയോധ്യാകാണ്ഡത്തിലെ മുഖ്യ സംഭവങ്ങള്‍. സ്ത്രീജിതനെന്ന് നിരൂപിക്കപ്പെടാറുള്ള ദശരഥമഹാരാജാവിന്റെ പുത്രസ്‌നേഹം, ശ്രീരാമചന്ദ്രന്റെ ധര്‍മബോധവും സത്യവ്രതത്വവും ലക്ഷ്മണന്റെയും ഭരതന്റെയും ഭ്രാതൃസ്‌നേഹം, സീതയുടെ പാതിവ്രത്യനിഷ്ഠ, ഭരതരാജകുമാരന്റെ ത്യാഗബുദ്ധി, ഭരണാധിപനും പ്രജകളും തമ്മിലുള്ള ഗാഢബന്ധം ഇങ്ങനെ അയോധ്യാകാണ്ഡ കഥാഗതിയേയും കഥാപാത്ര സ്വഭാവങ്ങളേയും ഉപജീവിച്ച് പറയാന്‍ പലതുമുണ്ട്. എഴുത്തച്ഛന്റെ ശാരികപ്പൈതല്‍ എല്ലാം മനോഹരമായി പാടിക്കേള്‍പ്പിച്ചു. വാല്മീകിയുടെ ക്രൗഞ്ചവും എഴുത്തച്ഛന്റെ ശാരികയും അയോധ്യയുടെ മാനവികവും ദൈവികവുമായ കഥ മലയാളമനസ്സിലേക്ക് പകര്‍ന്നുതന്നു. അതു വീണ്ടും കേള്‍ക്കും-

''താര്‍മകള്‍ക്കന്‍പുള്ള തത്തേ! വരികെടോ,
താമസശീലമകറ്റേണ മാശുനീ
രാമദേവന്‍ ചരിതാമൃതമിന്നിയു-
മാമോദമുള്‍ക്കൊണ്ടു ചൊല്ലൂ സരസമായ്.''
 
 
രാമായണകഥയുടെ കാതല്‍
 
ആരണ്യകാണ്ഡം-1


സാകേത രാജധാനിയില്‍ കുടുംബബന്ധങ്ങളിലെ സംഘര്‍ഷങ്ങളും തന്മൂലമുണ്ടാകുന്ന ശൈഥില്യങ്ങളും വൈകാരികതയുടെ പരകോടിയിലെത്തുന്ന സന്ദര്‍ഭങ്ങളിലൂടെയാണ് അയോധ്യാകാണ്ഡം കടന്നുപോകുന്നത്. എന്നാല്‍ ആരണ്യകാണ്ഡത്തിലെത്തുമ്പോഴാകട്ടെ, കഥാപ്രവാഹിനി സ്വച്ഛവും സാത്വികവുമായ തെളിമയോടെ, തത്ത്വജ്ഞാനത്തിന്റെ ആഴമേറിയ കയങ്ങള്‍ തെളിച്ചുകാട്ടിക്കൊണ്ട് ഒഴുകിനീങ്ങുന്നു.
രാമായണകഥയ്ക്ക് കഥനതലത്തില്‍ നിന്നു ദാര്‍ശനികതലത്തിലേക്ക് ഉയരാനുള്ള പശ്ചാത്തലമായിത്തീരുന്നു ദണ്ഡകാരണ്യം. തപോധനന്മാരുടെ ആവാസഭൂമി, ജനസ്ഥാനങ്ങളില്‍നിന്നകന്ന്, ആധ്യാത്മിക ചിന്തകളുടെ വിഹാരരംഗമായി മാറുന്നു. അതുകൊണ്ടുതന്നെ രാമായണ മഹാവൃക്ഷത്തിന്റെ അകക്കാമ്പ് ആരണ്യകാണ്ഡമാണെന്നു പറയാം.
അയോധ്യാകാണ്ഡത്തിന്റെ സമാപനത്തില്‍

നിന്മഹാമായ ജഗത്രയ വാസിനാം
സമ്മോഹകാരിണിയായതു നിര്‍ണയം

എന്ന അത്രി മഹര്‍ഷിയുടെ വാക്കുകള്‍ ഈ മഹാ പരിണാമത്തിന്റെ സൂചകമത്രെ.
ആരണ്യകാണ്ഡം ആരംഭിക്കുന്നത് അത്രിമഹര്‍ഷിയുടെയും മഹാതപസ്വിനിയായ അദ്ദേഹത്തിന്റെ പത്‌നി അനസൂയാദേവിയുടെയും വരദാനങ്ങള്‍ കൈക്കൊണ്ട് രാഘവന്മാരും മൈഥിലിയും ദണ്ഡകാരണ്യത്തില്‍ പ്രവേശിക്കുകയും മഹാപ്രസ്ഥാനം ആരംഭിക്കുകയും ചെയ്യുന്നേടത്തുനിന്നാണ്. ഐഹികത്തിലെ എല്ലാ പ്രലോഭനങ്ങളെയും തൃണവദ്ഗണിച്ച് മഹാതപസ്വികള്‍ ഇവിടെയുള്ള പര്‍ണശാലകളില്‍ പാര്‍ക്കുന്നു. രാമലക്ഷ്മണന്മാരും അവര്‍ക്കുമധ്യേ

ജീവാത്മാ പരമാത്മാക്കള്‍ക്കു മധ്യസ്ഥയാകും
ദേവിയാം മഹാമായാശക്തിയെന്നതുപോലെ

സീതാദേവിയും അങ്ങനെ ആ ആരണ്യഭൂമിയില്‍ എത്തുന്നു. അവിടെവെച്ച് വിരാധന്‍ എന്ന രാക്ഷസന്‍ രാമബാണമേറ്റ് ഐഹികനിവൃത്തനായി നാകലോകപ്രയാണം ആരംഭിക്കുന്നു. യഥാര്‍ഥത്തില്‍ ദുര്‍വാസാവിന്റെ ശാപം മൂലം അസുരജന്മം പ്രാപിച്ച ഒരു വിദ്യാധരനായിരുന്നു ഇയാള്‍. പ്രണതാര്‍ത്തിഹരനായ ശ്രീരാമചന്ദ്രനെ സ്തുതിച്ചുകൊണ്ടാണ് അയാള്‍ മുക്തിമാര്‍ഗത്തിലേക്ക് യാത്രയാകുന്നത്.
ശ്രീരാമന്‍ വിരാധവധത്തെത്തുടര്‍ന്ന് ശരഭംഗന്‍, സുതീക്ഷ്ണന്‍, അഗസ്ത്യന്‍ എന്നീ ഋഷിപുംഗവന്മാരെയും ജടായുവെന്ന പിതൃവയസ്യനായ പത്രിസത്തമനെയും സന്ദര്‍ശിക്കുന്നു. ഇവരില്‍ ശരഭംഗന്‍ രാമാഗമം പ്രതീക്ഷിച്ച് തപസ്സുതുടര്‍ന്നിരുന്ന മഹര്‍ഷിയാണ്. സാക്ഷാല്‍ ഈശ്വരനെ മാംസചക്ഷുസ്സുകള്‍ കൊണ്ട് ദര്‍ശിച്ച ആ ഭാഗ്യവാന്‍ തന്റെ തപഃപുണ്യങ്ങളെല്ലാം രാമനില്‍ സമര്‍പ്പിച്ച് ദേഹത്യാഗം ചെയ്ത് സായുജ്യം അടഞ്ഞു. പതിമ്മൂന്ന് വര്‍ഷക്കാലം അസുരനിഗ്രഹം ചെയ്ത് മുനിമണ്ഡലത്തെ സംരക്ഷിച്ചും സജ്ജനസംസര്‍ഗത്തില്‍ ആനന്ദിച്ചും രാമന്‍ ലക്ഷ്മണനോടും സീതയോടുമൊപ്പം അവിടെ പാര്‍ക്കുന്നു. ഇക്കാലത്താണ് അഗസ്ത്യശിഷ്യനായ സുതീക്ഷ്ണനെയും സാക്ഷാല്‍ അഗസ്ത്യമഹര്‍ഷിയെയും രാമന്‍ സന്ദര്‍ശിക്കുന്നത്. ഈ ഘട്ടത്തില്‍ ചേര്‍ത്തിരിക്കുന്ന സ്തുതികള്‍, രാമതത്ത്വത്തിന്റെ അര്‍ഥാന്തരങ്ങളും രാമാവതാരത്തിന്റെ മഹിമാതിരേകവും വ്യക്തമാക്കുന്നു. ജടായുദര്‍ശനത്തെത്തുടര്‍ന്ന് പഞ്ചവടിയില്‍ വാസമുറപ്പിച്ച ശേഷം രാമന്‍ ലക്ഷ്മണനു നല്കുന്ന ഉപദേശമാകട്ടെ, ഭാരതീയ തത്ത്വചിന്തയുടെ അമൃതോപമമായ സാരസത്തയത്രെ. ജ്ഞാനവിജ്ഞാന വൈരാഗ്യങ്ങളിലൂടെ യോഗമാര്‍ജിച്ച് കൈവല്യം നേടാന്‍ ലക്ഷ്മണോപദേശം ഭക്തനെ പ്രാപ്തനാക്കുന്നു.
ഭക്തിസംയുക്തന്മാരാം യോഗീന്ദ്രന്മാര്‍ക്കു നൂനം
ഹസ്ത സംസ്ഥിതയല്ലോ മുക്തിയെന്നറിഞ്ഞാലും

എന്ന സന്ദേശമാണ് ആരണ്യകാണ്ഡത്തിലെ ഈശ്വര സങ്കീര്‍ത്തനങ്ങളെല്ലാം വ്യക്തമാക്കുന്നത്.