അപ്പോള്‍ മഹേന്ദ്രാചലേന്ദ്രഗുഹാന്തരാല്‍
ഗൃദ്ധ്രം പുറത്തു പതുക്കെപ്പുറപ്പെട്ടു
വൃദ്ധനായുള്ളോരു ഗൃദ്ധ്രപ്രവരനും
പൃത്ഥ്വീധരപ്രവരോത്തുംഗരൂപനായ്
ദൃഷ്ട്വാ പരക്കെക്കിടക്കും കപികളെ
തുഷ്ട്യാ പറഞ്ഞിതു ഗൃദ്ധ്രകുലാധിപന്‍
‘പക്ഷമില്ലാതോരെനിയ്ക്കു ദൈവം ബഹു-
ഭക്ഷണം തന്നതു ഭാഗ്യമല്ലോ ബലാല്‍
മുമ്പില്‍ മുമ്പില്‍ പ്രാണഹാനിവരുന്നതു
സമ്പ്രീതി പൂണ്ടു ഭക്ഷിക്കാമനുദിനം’
ഗൃദ്ധ്രവാക്യം കേട്ടു മര്‍ക്കടൗഘം പരി-
ത്രസ്തരായന്യോന്യമാശു ചൊല്ലീടിനാന്‍
‘അദ്രീന്ദ്രതുല്യനായോരു ഗൃദ്ധാധിപന്‍
സത്വരം കൊത്തിവിഴുങ്ങുമെല്ലാരെയും
നിഷ്ഫലം നാം മരിച്ചീടുമാറായിതു
കല്‍പിതമാര്‍ക്കും തടുക്കരുതേതുമേ
നമ്മാലൊരുകാര്യവും കൃതമായീല
കര്‍മ്മദോഷങ്ങള്‍ പറയാവതെന്തഹോ!
രാമകാര്യത്തെയും സാധിച്ചതില്ല നാം
സ്വാമിയുടെ ഹിതവും വന്നതില്ലല്ലോ
വ്യര്‍ത്ഥമിവനാല്‍ മരിക്കെന്നു വന്നതു-
മെത്രയും പാപികളാകതന്നേ വയം
നിര്‍മ്മലനായ ധര്‍മ്മാത്മാ ജടായുതന്‍
നന്മയോര്‍ത്തോളം പറയാവതല്ലല്ലോ
വര്‍ണ്ണിപ്പതിന്നു പണിയുണ്ടവനുടെ
പുണ്യമോര്‍ത്താല്‍ മറ്റൊരുത്തര്‍ക്കു കിട്ടുമോ?
ശ്രീരാമകാര്യാര്‍ത്ഥമാശു മരിച്ചവന്‍
ചേരുമാറായിതു രാമപദാംബുജേ
പക്ഷിയെന്നാകിലും മോക്ഷം ലഭിച്ചിതു
പക്ഷീന്ദ്രവാഹനാനുഗ്രഹം വിസ്മയം’
വാനരഭാഷിതം കേട്ടു സമ്പാതിയും
മാനസാനന്ദം കലര്‍ന്നു ചോദിച്ചിതു
‘കര്‍ണ്ണപീയൂഷസമാനമാം വാക്കുകള്‍
ചൊന്നതാരിന്നു ജടായുവെന്നിങ്ങനെ?
നിങ്ങളാരെന്തു പറയുന്നിതന്യോന്യ-
മിങ്ങു വരുവിന്‍ ഭയപ്പെടായ്കേതുമേ’
ഉമ്പര്‍കോന്‍ പൗത്രനുമന്‍പോടതു കേട്ടു
സമ്പാതിതന്നുടെ മുമ്പിലാമ്മറു ചെ-
ന്നംഭോജലോചനന്‍തന്‍ പാദപങ്കജം
സംഭാവ്യ സമ്മോദമുള്‍ക്കൊണ്ടു ചൊല്ലിനാന്‍
‘സൂര്യകുലജാതനായ ദശരഥ-
നാര്യപുത്രന്‍ മഹാവിഷ്ണു നാരായണന്‍
പുഷ്കരനേത്രനാം രാമന്‍തിരുവടി
ലക്ഷ്മണനായ സഹോദരനോടു നിജ-
ലക്ഷ്മിയാം ജാനകിയോടും തപസ്സിനായ്
പുക്കിതു കാനനം താതാജ്ഞയാ പുരാ
കട്ടുകൊണ്ടീടിനാന്‍ തല്‍ക്കാലമെത്രയും
ദുഷ്ടനായുള്ള ദശമുഖന്‍ സീതയെ
ലക്ഷ്മണനും കമലേക്ഷണനും പിരി-
ഞ്ഞക്ഷോണിപുത്രി മുറയിട്ടതു കേട്ടു
തല്‍ക്ഷണം ചെന്നു തടുത്തു യുദ്ധം ചെയ്താ-
നക്ഷണദാചരനോടു ജടായുവാം
പക്ഷിപ്രവരനതിനാല്‍ വലഞ്ഞൊരു
രക്ഷോവരന്‍ നിജ ചന്ദ്രഹാസം കൊണ്ടു
പക്ഷവും വെട്ടിയറുത്താനതുനേരം
പക്ഷീന്ദനും പതിച്ചാല്‍ ധരണീതലേ
ഭര്‍ത്താവിനെക്കണ്ടു വൃത്താന്തമൊക്കവേ
സത്യം പറഞ്ഞൊഴിഞ്ഞെന്നുമേ നിന്നുടെ
മൃത്യു വരായ്കെന്നനുഗ്രഹിച്ചാള്‍ ധരാ-
പുത്രിയും തല്‍ പ്രസാദേന പക്ഷീന്ദ്രനും
രാമനെക്കണ്ടു വൃത്താന്തമറിയിച്ചു
രാമസായൂജ്യം ലഭിച്ചിതു ഭാഗ്യവാന്‍
അര്‍ക്കകുലോത്ഭവനാകിയ രാമനു-
മര്‍ക്കജനോടഗ്നിസാക്ഷികമാംവണ്ണം
സഖ്യവും ചെയ്തുടന്‍ കോന്നിതു ബാലിയെ
സുഗ്രീവനായ്ക്കൊണ്ടു രാജ്യവും നല്‍കിനാന്‍
വാനരാധീശ്വരനായ് സുഗ്രീവനും
ജാനകിയെത്തിരഞ്ഞാശു കണ്ടീറ്റുവാന്‍
ദിക്കുകള്‍ നാലിലും പോകെന്നയച്ചിതു
ലക്ഷം കപിവരന്മാരെയോരോ ദിശി
ദക്ഷിണദിക്കിനു പോന്നിതു ഞങ്ങളും
രക്ഷോവരനെയും കണ്ടതില്ലെങ്ങുമെ
മുപ്പതുനാളിനകത്തു ചെന്നീടായ്കി-
ലപ്പോളവരെ വധിയ്ക്കും കപിവരന്‍
പാതാളമുള്‍പ്പുക്കു വാസരം പോയതു-
മേതുമറിഞ്ഞീല ഞങ്ങളതുകൊണ്ടു
ദര്‍ഭവിരിച്ചു കിടന്നു മരിപ്പതി-
ന്നപ്പോള്‍ ഭവാനെയും കണ്ടുകിട്ടീ ബലാല്‍
ഏതാനുമുണ്ടറിഞ്ഞിട്ടു നീയെങ്കിലോ
സീതാവിശേഷം പറഞ്ഞു തരേണമേ
ഞങ്ങളുടെ പരമാര്‍ത്ഥവൃത്താങ്ങ-
ളിങ്ങനെയുള്ളോന്നു നീയറിഞ്ഞീടെടോ!’
താരേയവാക്കുകള്‍ കേട്ടു സമ്പാതിയു-
മാരൂഢമോദമവനോടു ചൊല്ലിനാന്‍
‘ഇഷ്ടനാം ഭ്രാതാവെനിയ്ക്കു ജടായു ഞാ-
നൊട്ടുനാളുണ്ടവനോടു പിരിഞ്ഞതും
ഇന്നനേകായിരം വത്സരം കൂടി ഞാ-
നെന്നുടെ സോദരന്‍ വാര്‍ത്ത കേട്ടീടിനേന്‍
എന്നുടെ സോദരനായുദകക്രിയ-
യ്ക്കെന്നെയെടുത്തു ജലാന്തികേ കൊണ്ടുപോയ്
നിങ്ങള്‍ ചെയ്യിപ്പിനുദകകര്‍മ്മാദികള്‍
നിങ്ങള്‍ക്കു വാക്സഹായം ചെയ്‌വനാശു ഞാന്‍’
അപ്പോളവനെയെടുത്തു കപികളു-
മബ്ധി തീരത്തു വെച്ചീടിനാനാദരാല്‍
തത്സലിലേ കുളിച്ചഞ്ജലിയും നല്‍കി
വത്സനാം ഭ്രാതാവിനായ്ക്കൊണ്ടു സാദരം
സ്വസ്ഥാനദേശത്തിരുത്തിനാര്‍ പിന്നെയു-
മുത്തമന്മാരായ വാനരസഞ്ചയം
സ്വസ്ഥനായ് സമ്പാതി ജാനകി തന്നുടെ
വൃത്താന്തമാശു പറഞ്ഞു തുടങ്ങിനാന്‍
‘തുംഗമായീടും ത്രികൂടാചലോപരി
ലങ്കാപുരിയുണ്ടു മദ്ധ്യേ സമുദ്രമായ്
തത്ര മഹാശോകകാനനേ ജാനകി
നക്തഞ്ചരീജനമദ്ധ്യേ വസിയ്ക്കുന്നു
ദൂരമൊരു നൂറു യോജനയുണ്ടതു
നേരേ നമുക്കു കാണാം ഗൃദ്ധ്രനാകയാല്‍
സാമര്‍ത്ഥ്യമാര്‍ക്കതു ലംഘിപ്പതിന്നവന്‍
ഭൂമിതനൂജയെക്കണ്ടുവരും ധ്രുവം
സോദരനെക്കൊന്ന ദുഷ്ടനെക്കൊല്ലണ-
മേതൊരു ജാതിയും പക്ഷവുമില്ല മേ
യത്നേന നിങ്ങള്‍ കടക്കണമാശു പോയ്
രത്നാകരം പിന്നെ വന്നു രഘൂത്തമന്‍
രാവണന്‍ തന്നെയും നിഗ്രഹിയ്ക്കും ക്ഷണാ-
ലേവമിതിന്നു വഴിയെന്നു നിര്‍ണ്ണയം
‘രത്നാകരം ശതയോജനവിസ്തൃതം
യത്നേന ചാടിക്കടന്നു ലങ്കാപുരം
പുക്കു വൈദേഹിയെക്കണ്ടു പറഞ്ഞുട-
നിക്കരെച്ചാടിക്കടന്നു വരുന്നതും
തമ്മില്‍ നിരൂപിക്ക നാ,മെന്നൊരുമിച്ചു
തമ്മിലന്യോന്യം പറഞ്ഞുതുടങ്ങിനാര്‍
സമ്പാതിതന്നുടെ പൂര്‍വ്വവൃത്താന്തങ്ങ-
ളമ്പോടു വാനരന്മാരോടു ചൊല്ലിനാന്‍
‘ഞാനും ജടായുവാം ഭ്രാതാവുമായ് പുരാ
മാനേന ദര്‍പ്പിതമാനസന്മാരുമായ്
വേഗബലങ്ങള്‍ പരീക്ഷിപ്പതിന്നതി-
വേഗം പറന്നിതു മേല്‍പ്പോട്ടു ഞങ്ങളും
മാര്‍ത്താണ്ഡമണ്ഡലപര്യന്തമുല്‍പതി-
ച്ചാര്‍ത്തരായ് വന്നു ദിനകരരശ്മിയാല്‍
തല്‍ക്ഷണേ തീയും പിടിച്ചിതനുജനു
പക്ഷപുടങ്ങളി,ലപ്പോളവനെ ഞാന്‍
രക്ഷിപ്പതിന്നുടന്‍ പിന്നിലാക്കീടിനേന്‍
പക്ഷം കരിഞ്ഞു ഞാന്‍ വീണിതു ഭൂമിയില്‍
പക്ഷദ്വയത്തോടു വീണാനനുജനും
പക്ഷികള്‍ക്കാശ്രയം പക്ഷമല്ലോ നിജം
വിന്ധ്യാചലേന്ദ്രശിരസി വീണീടിനേ-
നന്ധനായ് മൂന്നു ദിനം കിടന്നീടിനേന്‍
പ്രാണശേഷത്താലുണര്‍ന്നോരു നേരത്തു
കാണായിതു ചിറകും കരിഞ്ഞങ്ങനെ
ദിഗ്ഭ്രമം പൂണ്ടു ദേശങ്ങളറിയാഞ്ഞു
വിഭ്രാന്തമാനസനായുഴന്നങ്ങനെ
ചെന്നേന്‍ നിശാകരതാപസന്തന്നുടെ
പുണ്യാശ്രമത്തിനു പൂര്‍ണ്ണഭാഗ്യോദയാല്‍
കണ്ടു മഹാമുനി ചൊല്ലിനാനെന്നോടു
പണ്ടു കണ്ടുള്ളൊരറിവുനിമിത്തമായ്
‘എന്തു സമ്പാതേ! വിരൂപനായ് വന്നതി-
നെന്തുമൂലമിതാരാലകപ്പെട്ടതും?
എത്രയും ശക്തനായോരു നിനക്കിന്നു
ദഗ്ദ്ധമാവാനെന്തു പക്ഷം പറക നീ’
എന്നതു കേട്ടു ഞാനെന്നുടെ വൃത്തന്ത-
മൊന്നൊഴിയാതെ മുനിയോടു ചൊല്ലിനേന്‍
പിന്നെയും കൂപ്പിത്തൊഴുതി ചോദിച്ചിതു
‘സന്നമായ് വന്നു ചിറകും ദയാനിധേ!
ജീവനത്തെദ്ധരിക്കേണ്ടുമുപായമി-
ന്നേവമെന്നെന്നോടു ചൊല്ലിത്തരേണമേ!’
എന്നതു കേട്ടു ചിരിച്ചു മഹാമുനി
പിന്നെദ്ദയാവശനായരുളിച്ചെയ്തു
‘സത്യമായുള്ളതു ചൊല്ലുന്നതുണ്ടു ഞാന്‍
കൃത്യം നിനക്കൊത്തവണ്ണം കുരുഷ്വ നീ
ദേഹം നിമിത്തമീ ദുഃഖമറിക നീ
ദേഹമോര്‍ക്കില്‍ കര്‍മ്മസംഭവം നിര്‍ണ്ണയം
ദേഹത്തിലുള്ളോരഹംബുദ്ധി കൈക്കൊണ്ടു
മോഹാദാഹംകൃതികര്‍മ്മങ്ങള്‍ ചെയ്യുന്നു
മിഥ്യയായുള്ളോരവിദ്യാസമുത്ഭവ-
വസ്തുവായുള്ളോന്നഹങ്കാരമോര്‍ക്ക നീ
ചിച്ഛായയോടു സംയുക്തമായ് വര്‍ത്തതേ
തപ്തമായുള്ളോരയഃപിണ്ഡവല്‍ സദാ
തേന ദേഹത്തിന്നു താദാത്മ്യയോഗേന
താനൊരു ചേതനവാനായ് ഭവിയ്ക്കുന്നു
ദേഹോഹമെന്നുള്ള ബുദ്ധിയുണ്ടായ് വരു-
മാഹന്ത! നൂനമാത്മാവിനു മായയാ
ദേഹോഹമദ്യൈവ കര്‍മ്മകര്‍ത്താഹമി-
ത്യാഹന്ത! സങ്കല്‍പ്യ സര്‍വ്വദാ ജീവനും
കര്‍മ്മങ്ങള്‍ ചെയ്തു ഫലങ്ങളാല്‍ ബദ്ധനായ്
സമ്മോഹമാര്‍ന്നു ജനനമരണമാം
സംസാരസൗഖ്യദുഃഖാദികള്‍ സാധിച്ചു
ഹംസപദങ്ങള്‍ മറന്നു ചമയുന്നു
മേല്‍പോട്ടുമാശു കീഴ്പോട്ടും ഭ്രമിച്ചതി
താല്‍പര്യവാന്‍ പുണ്യപാപാത്മകഃസ്വയം
‘എത്രയും പുണ്യങ്ങള്‍ ചെയ്തേന്‍ വളരെ ഞാന്‍
വിത്താനുരൂപേണ യജ്ഞദാനാദികള്‍
ദുര്‍ഗ്ഗതി നീക്കിസ്സുഖിച്ചു വസിക്കണം
സ്വര്‍ഗ്ഗം ഗമി’ച്ചെന്നു കല്‍പ്പിച്ചിരിക്കവേ
മൃത്യു ഭവിച്ചു സുഖിച്ചു വാഴും വിധൗ
ഉത്തമാംഗം കൊള്ളവീഴുമധോഭുവി
പുണ്യമൊടുങ്ങിയാലിന്ദുതന്മണ്ഡലേ
ചെന്നു പതിച്ചു നീഹാരസമേതനായ്
ഭൂമൗ പതിച്ചു ശാല്യാദികളായ്ഭവി-
ച്ചാമോദമുള്‍ക്കൊണ്ടു വാഴും ചിരതരം
പിന്നെപ്പുരുഷന്‍ ഭുജിയ്ക്കുന്ന ഭോജ്യങ്ങള്‍-
തന്നെ ചതുര്‍വിധമായ് ഭവിയ്ക്കും ബലാല്‍
എന്നതിലൊന്നു രേതസ്സായ് ചമഞ്ഞതു
ചെന്നു സീമന്തിനിയോനിയിലായ്‌വരും
യോനിരക്തത്തോടു സംയുക്തമായ്‌വന്നു
താനേ ജരായുപരിവേഷ്ടിതവുമാം
ഏകദിനേന കലര്‍ന്നു കലലമാ-
മേകീഭവിച്ചാലതും പിന്നെ മെല്ലവെ
പഞ്ചരാത്രം കൊണ്ടു ബുദ്ബുദാകാരമാം
പഞ്ചദിനം കൊണ്ടു പിന്നെ യഥാക്രമം
മാംസപേശിത്വം ഭവിക്കുമതിന്നതു
മാസാര്‍ദ്ധകാലേന പിന്നെയും മെല്ലവേ
പേശിരുധിരപരിപ്ലുതമായ്‌വരു-
മാശു തസ്യാമങ്കുരോല്‍പത്തിയും വരും
പിന്നെയൊരു പഞ്ചവിംശതി രാത്രിയാല്‍
പിന്നെയൊരു മൂന്നുമാസേന സന്ധിക-
ളംഗങ്ങള്‍തോറും ക്രമേണ ഭവിച്ചിടു-
മംഗുലീജാലവും നാലുമാസത്തിനാല്‍
ദന്തങ്ങളും നഖപംക്തിയും ഗുഹ്യവും
സന്ധിയ്ക്കും നാസികാകര്‍ണ്ണനേത്രങ്ങളും
പഞ്ചമാസംകൊണ്ടു, ഷഷ്ഠമാസേ പുനഃ
കിഞ്ചനപോലും പിഴയാതെ ദേഹിനാം
കര്‍ണ്ണയോഃ ഛിദ്രം ഭവിയ്ക്കുമതിസ്ഫുടം
പിന്നെ മേഡ്രോപസ്ഥനാഭിപായുക്കളും
സപ്തമേ മാസി ഭവിയ്ക്കും പുനരുടന്‍
ഗുപ്തമായോരു ശിരഃകേശരോമങ്ങള്‍
അഷ്ടമേ മാസി ഭവിയ്ക്കും പുനരപി
പുഷ്ടമായീടും ജഠരസ്ഥലാന്തരേ
ഒന്‍പതാം മാസേ വളരും ദിനംപ്രതി
കമ്പം കരചരണാദികള്‍ക്കും വരും
പഞ്ചമേമാസി ചൈതന്യവാനായ് വരു-
മഞ്ജസാ ജീവന്‍ ക്രമേണ ദിനേ ദിനേ
നാഭിസൂത്രാല്‍പരന്ധ്രേണ മാതാവിനാല്‍
സാപേക്ഷമായ ഭുക്താന്നരസത്തിനാല്‍
വര്‍ദ്ധതേ ഗര്‍ഭഗമായ പിണ്ഡം മുഹുര്‍-
മൃത്യു വരാ നിജ കര്‍മ്മബലത്തിനാല്‍
പൂര്‍വ്വജന്മങ്ങളും കാമങ്ങളും നിജം
സര്‍വ്വകാലം നിരൂപിച്ചു നിരൂപിച്ചു
ദുഃഖിച്ചു ജാഠരവഹ്നിപ്രതപ്തനായ്-
താല്‍ക്കാരണങ്ങള്‍ പറഞ്ഞു തുടങ്ങിനാന്‍
‘പത്തുനൂറായിരം യോനികളില്‍ ജനി-
ച്ചെത്ര കര്‍മ്മങ്ങളനുഭവിച്ചേനഹം
പുത്രദാരാര്‍ത്ഥബന്ധുക്കള്‍ സംബന്ധവു-
മെത്രനൂറായിരം കോടി കഴിഞ്ഞിതു
നിത്യ കുടുംബഭരണൈകസക്തനായ്
വിത്തമന്യായമായാര്‍ജ്ജിച്ചിതന്വഹം
വിഷ്ണുസ്മരണവും ചെയ്തുകൊണ്ടീല ഞാന്‍
കൃഷ്ണ കൃഷ്ണേതി ജപിച്ചീലൊരിക്കലും
തഫലമെല്ലമനുഭവിച്ചീടുന്നി-
തിപ്പോളിവിടെക്കിടന്നു ഞാനിങ്ങനെ
ഗര്‍ഭപാത്രത്തില്‍നിന്നെന്നു ബാഹ്യസ്ഥലേ
കെല്‍പ്പോടെനിയ്ക്കു പുറപ്പെട്ടുകൊള്ളാവൂ?
ദുഷ്കര്‍മ്മമൊന്നുമേ ചെയ്യുന്നതില്ല ഞാന്‍
സര്‍കര്‍മ്മജാലങ്ങള്‍ ചെയ്യുന്നതേയുള്ളു.
നാരായണസ്വാമിതന്നെയൊഴിഞ്ഞു മ-
റ്റാരെയും പൂജിക്കയില്ല ഞാനെന്നുമേ
ഇത്യാദി ചിന്തിച്ചു ചിന്തിച്ചു ജീവനും
ഭക്ത്യാ ഭഗവല്‍സ്തുതി തുടങ്ങീടിനാന്‍
പത്തുമാസം തികയും വിധൗ ഭൂതലേ
ചിത്തതാപേന പിറക്കും വിധിവശാല്‍
സൂതിവാതത്തിന്‍ ബലത്തിനാല്‍ ജീവനും
ജാതനാം യോനിരന്ധ്രേണ പീഡാന്വിതം
പാല്യമാനോപി മാതാപിതാക്കന്മാരാല്‍
ബാല്യാദി ദുഃഖങ്ങളെന്തു ചൊല്ലാവതും?
യൗവനദുഃഖവും വാര്‍ദ്ധക്യദുഃഖവും
സര്‍വ്വവുമോര്‍ത്തോളമേതും പൊറാ സഖേ!
നിന്നാലനുഭൂതമായുള്ളതെന്തിനു
വര്‍ണ്ണിച്ചു ഞാന്‍ പറയുന്നു വൃഥാ ബലാല്‍?
ദേഹോഹമെന്നുള്ള ഭാവനയാ മഹാ-
മോഹേന സൗഖ്യദുഃഖങ്ങളുണ്ടാകുന്നു
ഗര്‍ഭവാസാദി ദുഃഖങ്ങളും ജന്തുവര്‍-
ഗ്ഗോത്ഭവനാശവും ദേഹമൂലം സഖേ!
സ്ഥൂലസൂക്ഷ്മാത്മകദേഹദ്വയാല്‍ പരം
മേലേയിരിപ്പതാത്മാ പരന്‍ കേവലന്‍
ദേഹാദികളില്‍ മമത്വമുപേക്ഷിച്ചു
മോഹമകന്നാത്മജ്ഞാനിയായ് വാഴ്കനീ
ശുദ്ധം സദാ ശാന്തമാത്മാനമവ്യയം
ബുദ്ധം പരബ്രഹ്മമാനന്ദമദ്വയം
സത്യം സനാതനം നിത്യം നിരുപമം
തത്ത്വമേകം പരം നിര്‍ഗ്ഗുണം നിഷ്കളം
സച്ചിന്മയം സകലാത്മകമീശ്വര-
മച്യുതം സര്‍വ്വജഗന്മയം ശാശ്വതം
മായാവിനിര്‍മ്മുക്തമെന്നറിയുന്നേരം
മായാവിമോഹമകലുമെല്ലാവനും
പ്രാബ്ധകര്‍മ്മവേഗാനുരൂപം ഭുവി
പാരമാര്‍ത്ഥ്യാത്മനാ വാഴുക നീ സഖേ!
മറ്റൊരുപദേശവും പറയാം തവ
ചെറ്റു ദുഃഖം മനക്കാമ്പിലുണ്ടാകൊലാ
ത്രേതായുഗേ വന്നു നാരായണന്‍ ഭുവി
ജാതനായീടും ദശരഥപുത്രനായ്
നക്തഞ്ചരേന്ദ്രനെ നിഗ്രഹിച്ചന്‍പോടു
ഭക്തജനത്തിനു മുക്തി വരുത്തുവാന്‍
ദണ്ഡകാരണ്യത്തില്‍ വാഴും വിധൗ ബലാല്‍
ചണ്ഡനായുള്ള ദശാസ്യനാം രാവണന്‍
പുണ്ഡരീകോത്ഭൂതയാകിയ സീതയെ
പണ്ഡിതന്മാരായ രാമസൗമിത്രികള്‍
വേര്‍പെട്ടിരിക്കുന്ന നേരത്തു വന്നു ത-
ന്നാപത്തിനായ്‌ക്കട്ടുകൊണ്ടുപോം മായയാ
ലങ്കയില്‍ കൊണ്ടുവച്ചീടും ദശാന്തരേ
പങ്കജലോചനയെത്തിരഞ്ഞീടുവാന്‍
മര്‍ക്കടരാജനിയോഗാല്‍ കപികുലം
ദക്ഷിണവാരിധി തീരദേശേ വരും
തത്ര സമാഗമം നിന്നോടു വാനരര്‍-
ക്കെത്തുമൊരു നിമിത്തേന നിസ്സംശയം
എന്നാലവരോടു ചൊല്ലിക്കൊടുക്ക നീ
തന്വംഗി വാഴുന്ന ദേശം ദയാവശാല്‍
അപ്പോള്‍ നിനക്കു പക്ഷങ്ങള്‍ നവങ്ങളാ-
യുത്ഭവിച്ചീടുമതിനില്ല സംശയം’
എന്നെപ്പറഞ്ഞു ബോധിപ്പിച്ചിതിങ്ങനെ
മുന്നം നിശാകരനായ മഹാമുനി
വന്നതു കാണ്മിന്‍ ചിറകുകള്‍ പുത്തനാ-
യെന്നേ വിചിത്രമേ! നന്നുനന്നെത്രയും
ഉത്തമതാപസന്മാരുടെ വാക്യവും
സത്യമല്ലാതെ വരികയില്ലെന്നുമേ
ശ്രീരാമദേവകഥാമൃതമാഹാത്മ്യ-
മാരാലുമോര്‍ത്താലറിയാവതല്ലേതും
രാമനാമാമൃതത്തിന്നു സമാനമായ്
മാമകേ മാനസേ മറ്റു തോന്നീലഹോ
നല്ലതു മേന്മേല്‍ വരേണമേ നിങ്ങള്‍ക്കു
കല്യാണഗ്രാത്രിയെക്കണ്ടുകിട്ടേണമേ!
നന്നായതിപ്രയത്നം ചെയ്കിലര്‍ണ്ണവ-
മിന്നുതന്നെ കടക്കായ്‌വരും നിര്‍ണ്ണയം
ശ്രീരാമനാമസ്മൃതികൊണ്ടു സംസാര-
വാരാനിധിയെക്കടക്കുന്നിതേവരും
രാമഭാര്യാലോകനാര്‍ത്ഥമായ് പോകുന്ന
രാമഭക്തന്മാരാം നിങ്ങള്‍ക്കൊരിയ്ക്കലും
സാഗരത്തെക്കടന്നീടുവാനേതുമൊ-
രാകുലമുണ്ടാകയില്ലൊരു ജാതിയും’
എന്നു പറഞ്ഞു പറന്നു മറഞ്ഞിത-
ത്യുന്നതനായ സമ്പാതി വിഹായസാ
No comments:
Post a Comment