മര്‍ക്കടസഞ്ചയം ദേവിയെയാരാഞ്ഞു
വൃക്ഷഷണ്ഡേഷു വസിക്കും ദശാന്തരേ
എത്രദിവസം കഴിഞ്ഞിതെന്നും ധരാ-
പുത്രിയെയെങ്ങുമേ കണ്ടുകിട്ടായ്കയും
ചിന്തിച്ചു ഖേദിച്ചു താരാസുതന്‍ നിജ-
ബന്ധുക്കളായുള്ളവരോടു ചൊല്ലിനാന്‍
‘പാതാളമുള്‍പുക്കുഴന്നു നടന്നു നാ-
മേതുമറിഞ്ഞീല വാസരം പോയതും
മാസമതീതമായ് വന്നിതു നിര്‍ണ്ണയം
ഭൂസുതയെക്കണ്ടറിഞ്ഞതുമില്ല നാം
രാജനിയോഗമനുഷ്ഠിയാതെ വൃഥാ
രാജധാനിയ്ക്കു നാം ചെല്ലുകിലെന്നുമേ
നിഗ്രഹിച്ചീടുമതിനില്ല സംശയം
സുഗ്രീവശാസനം നിഷ്ഫലമായ് വരാ
പിന്നെ വിശേഷിച്ചു ശത്രുതനയനാ-
മെന്നെ വധിയ്ക്കുമതിനില്ലൊരന്തരം
എന്നിലവന്നൊരു സമ്മതമെന്തുള്ള-
തെന്നെ രക്ഷിച്ചതു രാമന്‍ തിരുവടി
രാമകാര്യത്തെയും സാധിയാതെ ചെല്‍കില്‍
മാമകജീവനം രക്ഷിയ്ക്കയില്ലവന്‍
മാതാവിനോടു സമാനയാകും നിജ-
ഭ്രാതാവുതന്നുടെ ഭാര്യയെ നിസ്ത്രപം
പ്രാപിച്ചു വാഴുന്ന വാനരപുംഗവന്‍
പാപി ദുരാത്മാവിവനെന്തരുതാത്തതും?
തല്‍പാര്‍ശ്വദേശേ ഗമിയ്ക്കുന്നതില്ല ഞാ-
നിപ്പോളിവിടെ മരിക്കുന്നതേയുള്ളു
വല്ലപ്രകാരവും നിങ്ങള്‍ പോയ്ക്കൊള്‍കെന്നു
ചൊല്ലിക്കരയുന്ന നേരം കപികളും
തുല്യദുഃഖേന ബാഷ്പം തുടച്ചന്‍പോടു
ചൊല്ലിനാര്‍ മിത്രഭാവത്തോടു സത്വരം
‘ദുഃഖിക്കരുതൊരു ജാതിയുമിങ്ങനെ
രക്ഷിപ്പതിനുണ്ടു ഞങ്ങളറിക നീ
ഇന്നും നാം പോന്ന ഗുഹയിലകം പുക്കു
നന്നായ് സുഖിച്ചു വസിക്കാം വയം ചിരം
സര്‍വ്വസൗഭാഗ്യസമന്വിതമായൊരു
ദിവ്യപുരമതു ദേവലോകോപമം
ആരാലുമില്ലൊരുനാളും ഭയം സഖേ!
തരേയ പോക നാം വൈകരുതേതുമേ’
അംഗദന്‍ തന്നോടിവണ്ണം കപികുല-
പുംഗവന്മാര്‍ പറയുന്നതു കേള്‍ക്കയാല്‍
ഇംഗിതജ്ഞന്‍ നയകോവിദന്‍ വാതജ-
നംഗദനെത്തഴുകിപ്പറഞ്ഞീടിനാന്‍
‘എന്തൊരു ദുര്‍വ്വിചാരം? യോഗ്യമല്ലിദ-
മന്ധകാരങ്ങള്‍ നിനയായ്‌വിനാരുമേ
ശ്രീരാമനേറ്റം പ്രിയന്‍ ഭവാനെന്നുടെ-
താരാസുതനെന്നു തന്മാനസേ സദാ
പാരം വളര്‍ന്നൊരു വാത്സല്യമുണ്ടതു
നേരേ ധരിച്ചീല ഞാനൊഴിഞ്ഞാരുമേ
സൗമിത്രിയെക്കാളതിപ്രിയന്‍ നീ തവ
സാമര്‍ത്ഥ്യവും തിരുവുള്ളത്തിലുണ്ടെടോ!
പ്രേമത്തിനേതുമിളക്കമുണ്ടായ്‌വരാ
ഹേമത്തിനുണ്ടോ നിറക്കേടകപ്പെടൂ?
ആകയാല്‍ ഭീതി ഭവാനൊരുനാളുമേ
രാഘവന്‍ പക്കല്‍നിന്നുണ്ടായ്‌വരാ സഖേ!
ശാഖാമൃഗാധിപനായാ സുഗ്രീവനും
ഭാഗവതോത്തമന്‍ വൈരമില്ലാരിലും
വ്യാകുലമുള്ളിലുണ്ടാകരുതേതുമേ
നാകാധിപാത്മജനന്ദന! കേളിദം
ഞാനും തവ ഹിതത്തിങ്കല്‍ പ്രസക്തന-
ജ്ഞാനികള്‍ വാക്കു കേട്ടേതും ഭ്രമിയ്ക്കൊലാ
ഹാനി വരായ്‌വാന്‍ ഗുഹയില്‍ വസിയ്ക്കെന്നു
വാനരൗഘം പറഞ്ഞീലയോ ചൊല്ലു നീ
രാഘവാസ്ത്രത്തിന്നഭേധ്യമായൊന്നുമേ
ലോകത്രയത്തിങ്കലില്ലെന്നറിക നീ
അല്‍പമതികള്‍ പറഞ്ഞു ബോധിപ്പിച്ചു
ദുര്‍ബ്ബോധമുണ്ടായ് ചമയരുതാരുമേ
ആപത്തു വന്നടുത്തീടുന്ന കാലത്തു
ശോഭിയ്ക്കയില്ലേടോ സജ്ജനഭാഷിതം
ദുര്‍ജ്ജനത്തെക്കുറിച്ചുള്ള വിശ്വാസവും
സജ്ജനത്തോടു വിപരീതഭാവവും
ദേവദ്വിജകുലധര്‍മ്മവിദ്വേഷവും
പൂര്‍വ്വബന്ധുക്കളില്‍ വാച്ചൊരു വൈരവും
വര്‍ദ്ധിച്ചു വര്‍ദ്ധിച്ചു വംശനാസത്തിനു
കര്‍ത്തൃത്വവും തനിക്കായ് വന്നുകൂടുമേ
അത്യന്തഗുഹ്യം രഹസ്യമായുള്ളൊരു
വൃത്താന്തമമ്പോടു ചൊല്ലുവന്‍ കേള്‍ക്ക നീ
ശ്രീരാമദേവന്‍ മനുഷ്യനല്ലോര്‍ക്കെടോ!
നാരായണന്‍ പരമാത്മാ ജഗന്മയന്‍
മായാഭഗവതി സാക്ഷാല്‍ മഹാവിഷ്ണു-
ജായാ സകലജഗന്മോഹകാരിണി
സീതയാകുന്നതു ലക്ഷ്മണനും ജഗ-
ദാധാരഭൂതനായുള്ള ഫണീശ്വരന്‍
ശേഷന്‍ ജഗത്സ്വരൂപന്‍ ഭുവി മാനുഷ-
വേഷമായ് വന്നു പിറന്നതയോദ്ധ്യയില്‍
രക്ഷോഗണത്തെയൊടുക്കി ജഗത്ത്രയ-
രക്ഷവരുത്തുവാന്‍ പണ്ടു വിരിഞ്ചനാല്‍
പ്രാര്‍ത്ഥിതനാകയാല്‍ പാര്‍ത്ഥിവപുത്രനായ്
മാര്‍ത്താണ്ഡഗോത്രത്തിലാര്‍ത്തപരായണന്‍
ശ്രീകണ്ഠസേവ്യന്‍ ജനാര്‍ദ്ദനന്‍ മാധവന്‍
വൈകുണ്ഠവാസി മുകുന്ദന്‍ ദയാപരന്‍
മര്‍ത്ത്യനായ് വന്നിങ്ങവതരിച്ചീടിനാന്‍
ഭൃത്യവര്‍ഗ്ഗം നാം പരിചരിച്ചീടുവാന്‍
ഭര്‍ത്തൃനിയോഗേന വാനരവേഷമായ്
പൃത്ഥ്വിയില്‍ വന്നു പിറന്നിരിയ്ക്കുന്നതും
പണ്ടു നാമേറ്റം തപസ്സുചെയ്തീശനെ-
ക്കന്റു വണങ്ങി പ്രസാദിച്ചു മാധവന്‍
തന്നുടെ പാരിഷദന്മാരുടെ പദം
തന്നതിപ്പോഴും പരിചരിച്ചിന്നിയും
വൈകുണ്ഠലോകം ഗമിച്ചു വാണീടുവാന്‍
വൈകേണ്ടതേതുമില്ലെന്നറിഞ്ഞീടു നീ’
അംഗദനോടിവണ്ണം പവനാത്മജന്‍
മംഗലവാക്കുകള്‍ ചൊല്ലിപ്പലതരം
ആശ്വസിപ്പിച്ചുടന്‍ വിന്ധ്യാചലം പുക്കു
കാശ്യപീപുത്രിയെ നോക്കി നോക്കി ദ്രുതം
ദക്ഷിണവാരിധിതീരം മനോഹരം
പുക്കു മഹേന്ദ്രാചലേന്ദ്രപദം മുദാ
ദുസ്തരമേറ്റമഗാധം ഭയങ്കരം
ദുഷ്പ്രാപമാലോക്യ മര്‍ക്കടസഞ്ചയം
വൃത്രാരിപുത്രാത്മജാദികളൊക്കെയും
ത്രസ്തരായത്യാകുലം പൂണ്ടിരുന്നുടന്‍
ചിന്തിച്ചു ചിന്തിച്ചു മന്ത്രിച്ചിതന്യോന്യ-
‘മെന്തിനിച്ചെയ്‌വതു സന്തതമോര്‍ക്ക നാം
ഗഹ്വരം പുക്കു പരിഭ്രമിച്ചെത്രയും
വിഹ്വലന്മാരായ് കഴിഞ്ഞിതു മാസവും
തണ്ടാരില്‍മാതിനെ കണ്ടീല നാം ദശ-
കണ്ഠനേയും കണ്ടു കിട്ടീല കുത്രചില്‍
സുഗ്രീവനും തീക്ഷ്ണദണ്ഡനത്രേ തുലോം
നിഗ്രഹിച്ചീടുമവന്‍ നമ്മെ നിര്‍ണ്ണയം
ക്രുദ്ധനായുള്ള സുഗ്രീവന്‍ വധിക്കയില്‍
നിത്യോപവാസേന മൃത്യു ഭവിപ്പതു
മുക്തിയ്ക്കു നല്ലു നമുക്കു പാര്‍ത്തോള’മെ-
ന്നിത്ഥം നിരൂപിച്ചുറച്ചു കപികുലം
ദര്‍ഭ വിരിച്ചു കിടന്നിതെല്ലാവരും
കല്‍പിച്ചതിങ്ങനെ നമ്മെയെന്നോര്‍ത്തവര്‍
No comments:
Post a Comment