വിശ്വംഭരാ പരിപാലനവും ചെയ്തു
വിശ്വനാഥന് വസിച്ചീടും ദശാന്തരേ
സസ്യസമ്പൂര്‍ണ്ണമായ് വന്നിതവനിയും
ഉത്സവയുക്തങ്ങളായി ഗൃഹങ്ങളും
വൃക്ഷങ്ങളെല്ലമതിസ്വാദു സംയുത-
പക്വങ്ങളോടു കലര്‍ന്നു നിന്നീടുന്നു
ദുര്‍ഗ്ഗന്ധപുഷപങ്ങളക്കാലമൂഴിയില്
സല്‍ഗന്ധയുക്തങ്ങളായ്‌വന്നിതൊക്കെവെ
നൂറായിരം തുരഗങ്ങള് പശുക്കളും
നൂറുനൂറായിരത്തില്പുറം പിന്നെയും
മുപ്പതുകോടി സുവര്‍ണ്ണാഭാരങ്ങളും
സുബ്രാഹ്മണര്‍ക്കു കൊടുത്തു രഘൂത്തമന്
വസ്ത്രാഭരണ മാല്യങ്ങള്‍സംഖ്യമായ്
പൃത്ഥ്വീസുരോത്തമന്മാര്‍ക്കു നല്‍കീടിനാന്
സ്വര്‍ണ്ണരത്നോജ്ജ്വലം മാല്യം മഹാപ്രഭം
വര്‍ണ്ണവൈചിത്ര്യമനഘമനുപമം
ആദിത്യപുത്രനു നല്‍കിനാനാദരാ-
ലാദിതേയാധിപപുത്രതനയനും
അംഗദദ്വന്ദ്വം കൊടുത്തോരനന്തരം
മംഗലാപാംഗിയാം സീതയ്ക്കു നല്‍കിനാന്
മേരുവും ലോകത്രയവും കൊടുക്കിലും
പോരാ വിലയതിനങ്ങനെയൊള്ളൊരു
ഹാരം കൊടുത്തതു കണ്ടു വൈദേഹിയും
പാരം പ്രസാദിച്ചു മന്ദസ്മിതാന്വിതം
കണ്ഠദേശത്തിങ്കല്‍നിന്നങ്ങെടുത്തിട്ടു
രണ്ടുകൈകൊണ്ടും പിടിച്ചു നോക്കീടിനാള്
ഭര്‍ത്തൃമുഖാബ്ജവും മാരുതി വക്ത്രവും
മദ്ധ്യേ മണിമയമാകിയ ഹാരവും
ഇംഗിതജ്ഞന് പുരുഷോത്തമനന്നേരം
മംഗലദേവതയോടു ചൊല്ലീടിനാന്
‘ഇക്കണ്ടവര്‍കളിലിഷ്ടനാകുന്നതാ-
രുള്‍ക്കമലത്തില് നിനക്കു മനോഹരേ!
നല്‍കീടവന്നു നീ മറ്റാരുമില്ല നി-
ന്നാകൂതഭംഗം വരുത്തുവാനോമലേ!’
എന്നതു കേട്ടു ചിരിച്ചു വൈദേഹിയും
മന്ദം വിളിച്ചു ഹനുമാനു നല്‍കിനാള്
ഹാരവും പൂണ്ടു വിളങ്ങിനാനേറ്റവും
മരുതിയും പരമാനന്ദസംയുതം
അഞ്ജലിയോടും തിരുമുമ്പില് നിന്നിടു-
മഞ്ജനാപുത്രനെക്കണ്ടു രഘുവരന്
മന്ദമരികേ വിളിച്ചരുള്‍ചെയ്തിതാ-
നന്ദപരവശനായ് മധുരാക്ഷരം
‘മാരുതനന്ദന വേണ്ടും വരത്തെ നീ
വീര വരിച്ചുകൊള്‍കേതും മടിയാതെ’
എന്നതു കേട്ടു വന്ദിച്ചു കപീന്ദ്രനും
മന്നവന് തന്നോടപേക്ഷിച്ചരുളിനാന്
‘സ്വാമിന് പ്രഭോ നിന്തിരുവടിതന്നുടെ
നാമവും ചാരുചരിത്രവുമുള്ള നാള്
ഭൂമിയില്‍ വാഴ്‌വാനനുഗ്രഹിച്ചീടണം
രാമനാമം കേട്ടുകൊള്‍വാനനാരതം
രാമജപസ്മരണശ്രവണങ്ങളില്‍
മാമകമാനസേ തൃപ്തിവരാ വിഭോ!
മറ്റുവരം മമ വേണ്ട ദയാനിധേ!
മറ്റുമിളക്കമില്ലാതൊരു ഭക്തിയു-
മുണ്ടായിരിയ്ക്കണ’മെന്നതു കേട്ടൊരു
പുണ്ഡരീകാക്ഷനനുഗ്രഹം നല്‍കിനാന്‍
‘മല്‍കഥയുള്ളനാള്‍ മുക്തനായ് വാഴ്കനീ
ഭക്തികൊണ്ടേ വരൂ ബ്രഹ്മത്വവും സഖേ!’
ജാനകീദേവിയും ഭോഗാനുഭൂതികള്‍
താനേ വരികെന്നനുഗ്രഹിച്ചീടിനാള്‍
ആനന്ദബാഷ്പപരീതാക്ഷനായവന്‍
വീണുനമസ്കൃത്യ പിന്നെയും പിന്നെയും
ചെന്നു ഹിമാചലം പുക്കു തപസ്സിനായ്
പിന്നെ ഗുഹനെ വിളിച്ചു മനുവരന്‍
‘ഗച്ഛ സഖേ! പുരം ശൃംഗീവരം ഭവാന്‍
മല്‍ചരിത്രങ്ങളും ചിന്തിച്ചു വാഴ്കനീ
ഭോഗങ്ങളെല്ലാം ഭുജിച്ചു ചിരം പുന-
രേകഭാവം ഭജിച്ചീടുകെന്നോടു നീ’
ദിവ്യാംബരാഭരണങ്ങളെല്ലാം കൊടു-
ത്തവ്യാജഭക്തനെ യാത്ര വഴങ്ങിനാന്‍
പ്രേമഭാരേണ വിയോഗദുഃഖം കൊണ്ടു
രാമനാലാശ്ലിഷ്ടനായ ഗുഹന്‍ തദാ
ഗംഗാനദീപ്രിശോഭിതമായൊരു
ശൃംഗീവരം പ്രവേശിച്ചു മരുവിനാന്‍
മൂല്യമില്ലാത വസ്ത്രാഭരണങ്ങളും
മാല്യകളഭ ഹരിചന്ദനാദിയും
പിന്നെയും പിന്നെയും വേണ്ടുവോളം നല്‍കി
മന്നവന്‍ ഗാഢഗാഢം പുണര്‍ന്നാദരാല്‍
മര്‍ക്കടനായകന്മാര്‍ക്കും കൊടുത്തുപോയ്-
കിഷ്കിന്ധപൂകെന്നയച്ചരുളീടിനാന്‍
സുഗ്രീവനും വിയോഗേന ദുഃഖം കൊണ്ടു
കിഷ്കിന്ധപുക്കു സുഖിച്ചു മരുവിനാന്‍
സീതാജനകനായീടും ജനകനെ
പ്രീതിയോടെ പറഞ്ഞാശ്ലേഷവും ചെയ്തു
സീതയെക്കൊണ്ടു കൊടുപ്പിച്ചൊരോതരം
നൂതനപട്ടാംബരാഭരണാദിയും
നല്‍കി, വിദേഹരാജ്യത്തിനു പോകെന്നു
പുല്‍കിക്കനിവോടു യാത്ര വഴങ്ങിനാന്‍
കാശിരാജാവിനും വസ്ത്രാഭരണങ്ങ-
ളാശയാനന്ദം വരുമാറു നല്‍കിനാന്‍
പിന്നെ മറ്റുള്ള നൃപന്മാര്‍ക്കുമൊക്കവെ
മന്നവന്‍ നിര്‍മ്മലഭൂഷണാദ്യങ്ങളും
സമ്മാനപൂര്‍വ്വം കൊടുത്തയച്ചീടിനാന്‍
സമ്മോദമുള്‍ക്കൊണ്ടു പോയാരവര്‍കളും
നക്തഞ്ചരേന്ദ്രന്‍ വിഭീഷണനന്നേരം
ഭക്ത്യാ നമസ്കരിച്ചാന്‍ ചരണാംബുജം
‘മിത്രമായ് നീ തുണച്ചോരുമൂലം മമ
ശത്രുക്കളെജ്ജയിച്ചേനൊരുജാതി ഞാന്‍
ആചന്ദ്രതാരകം ലങ്കയില്‍ വാഴ്ക നീ
നാശമരികളാലുണ്ടാകയില്ല തേ
എന്നെ മറന്നുപോകാതെ നിരൂപിച്ചു
പുണ്യജനാധിപനായ് വസിച്ചീടെടോ!
വിഷ്ണുലിംഗത്തെയും പൂജിച്ചു നിത്യവും
വിഷ്ണുപരായണനായ് വിശുദ്ധാത്മനാ
മുക്തനായ് വാണീടുകെ’ന്നു നിയോഗിച്ചു
മുക്താഫലമണിസ്വര്‍ണ്ണാഭാരങ്ങളും
ആവോളവും കൊടുത്താശു പോവാനയ-
ച്ചാവിര്‍മ്മുദാ പുണര്‍ന്നീടിന്നാന്‍ പിന്നെയും
ചിത്തേ വിയോഗദുഃഖം കൊണ്ടു കണ്ണുനീ-
രത്യര്‍ത്ഥമിറ്റിറ്റു വീണും വണങ്ങിയും
ഗദ്ഗദവര്‍ണ്ണേന യാത്രയും ചൊല്ലിനാന്‍
നിര്‍ഗ്ഗമിച്ചാനൊരുജാതി വിഭീഷണന്‍
ലങ്കയില്‍ ചെന്നു സുഹൃജ്ജനത്തോടുമാ-
തങ്കമൊഴിഞ്ഞു സുഖിച്ചു വാണീടിനാന്‍.
No comments:
Post a Comment