അനിലതനയാംഗദ ജാംബവദാദിക-
ളഞ്ജസാ സുഗ്രീവഭാഷിതം കേള്‍ക്കയാല്‍
പുനരവരുമതുപൊഴുതുവാച്ച സന്തോഷേണ-
പൂര്‍ണ്ണവേഗം നടന്നാശു ചെന്നീടിനാര്‍
പുകള്‍പെരിയപുരുഷമണി രാമന്‍ തിരുവടി
പുണ്യപുരുഷന്‍ പുരുഷോത്തമന്‍പരന്‍
പുരമഥനഹൃദിമരുവുമഖില ജഗദീശ്വരന്‍
പുഷ്കരനേത്രന്‍ പുരന്ദരസേവിതന്‍
ഭുജഗപതിശയനനമലന്‍ ത്രിജഗല്പരി-
പൂര്‍ണ്ണന്‍ പുരുഹൂതസോദരന്‍ മാധവന്‍
ഭുജഗകുലഭൂഷണാരാധിതാംഘ്രിദ്വയന്‍
പുഷ്കരസംഭവപൂജിതന്‍ നിര്‍ഗ്ഗുണന്‍
ഭുവനപതി മഖപതി സതാംപതി മല്പതി
പുഷ്കരബാന്ധവപുത്രപ്രിയസഖി
ബുധജനഹൃദിസ്ഥിതന്‍ പൂര്‍വദേവാരാതി
പുഷ്കരബാന്ധവവംശസമുത്ഭവന്‍
ഭുജബലവതാംവരന്‍ പുണ്യജനകാത്മകന്‍
ഭൂപതിനന്ദനന്‍ ഭൂമിജാവല്ലഭന്‍
ഭുവനതലപാലകന്‍ ഭൂതപഞ്ചാത്മകന്‍
ഭൂരിഭൂതിപ്രദന്‍ പുണ്യജനാര്‍ച്ചിതന്‍
ഭുജഭവകുലാധിപന്‍ പുണ്ഡരീകാനനന്‍
പുഷ്പബാണോപമന്‍ ഭൂരികാരുണ്യവാന്‍
ദിവസകരപുത്രനും സൌമിത്രിയും മുദാ-
ദിഷ്ടപൂര്‍ണ്ണം ഭജിച്ചന്തികേ സന്തതം
വിപിനഭുവിസുഖതരമിരിക്കുന്നതുകണ്ടു-
വീണുവണങ്ങിനാര്‍ വായുപുത്രാദികള്‍
പുനരഥഹരീശ്വരന്‍ തന്നെയും വന്ദിച്ചു-
പൂര്‍ണ്ണമോദം പറഞ്ഞാനഞ്ജനാത്മജന്‍
കനിവിനൊടു കണ്ടേനഹം ദേവിയെത്തത്ര-
കര്‍ബുരേണ്‍ദ്രാലയേ സങ്കടമെന്നിയേ
കുശലവുമുടന്‍ വിചാരിച്ചിതു താവകം
കൂടെസ്സുമിത്രാതനയനും സാദരം
ശിഥിലതരചികുരമൊടശോകവനികയില്‍
ശിംശപാമൂലദേശേ വസിച്ചീടിനാള്‍
അനശനമൊടതികൃശശരീരനായന്വഹ-
മാശരനാരീപരിവൃതയായ് ശുചാ
അഴല്പെരുകിമറുകി ബഹുബാഷ്പവും വാര്‍ത്തു-
വാര്‍ത്തയ്യോ! സദാ രാമരാമേതിമന്ത്രവും
മുഹുരപി ജപിച്ചു ജപിച്ചു വിലപിച്ചു
മുഗ്ദ്ധാംഗിമേവുന്ന നേരത്തു ഞാന്‍ തദാ
അതികൃശശരീരനായ് വൃക്ഷശാഖാദശാന്തരേ
ആനന്ദമുള്‍ക്കൊണ്ടിരുന്നേനനാകുലം
തവചരിതമമൃതസമമഖിലമറിയിച്ചഥ
തമ്പിയോടും നിന്തിരുവടി തന്നൊടും
ചെറുതുടജഭുവി രഹിതയായ് മേവും വിധൌ
ചെന്നു ദശാനനന്‍ കൊണ്ടങ്ങുപോയതും
സവിതൃസുതനൊടു ഝടിതി സഖ്യമുണ്ടായതും
സംക്രന്ദനാത്മജന്‍ തന്നെ വധിച്ചതും
ക്ഷിതിദുഹിതുരന്വേഷണാര്‍ത്ഥം കപീന്ദ്രനാല്‍
കീശൌഘമാശു നിയുക്തമായീടിനാര്‍
അഹമവരിലൊരുവനിവിടേയ്ക്കു വന്നീടിനേ-
നര്‍ണ്ണവം ചാടിക്കടന്നതിവിദ്രുതം
രവിതനയസചിവനഹമാശുഗനന്ദനന്‍
രാമദൂതന്‍ ഹനുമാനെന്നു നാമവും
ഭവതിയെയുമിഹഝടിതി കണ്ടുകൊണ്ടേനഹോ
ഭാഗ്യമാഹന്ത ഭാഗ്യം കൃതാര്‍ത്ഥോസ്മ്യഹം
ഫലിതമഖിലം മയാദ്യപ്രയാസം ഭൃശം
പത്മജാലോകനം പാപവിനാശനം
മമവചനമിതിനിഖിലമാകര്‍ണ്ണ്യജാനകി
മന്ദമന്ദം വിചാരിച്ചിതു മാനസേ
ശ്രവണയുഗളാമൃതം കേന മേ ശ്രാവിതം
ശ്രീമതാമഗ്രേസരനവന്‍ നിര്‍ണ്ണയം
മമ നയനയുഗളപഥമായാതു പുണ്യവാന്‍
മാനവവീര പ്രസാദേന ദൈവമേ!
വചനമിതിമിഥിലതനയോദിതം കേട്ടു ഞാന്‍
വാനരാകാരേണ സൂക്ഷ്മശരീരനായ്
വിനയമൊടു തൊഴുതടിയില്‍ വീണു വണങ്ങിനേന്‍
വിസ്മയത്തോടു ചോദിച്ചിതു ദേവിയും
അറിവതിനു പറക നീയാരെന്നതെന്നോട്-
ത്യാദിവൃത്താന്തം വിവരിച്ചനന്തരം
കഥിതമഖിലം മയാദേവവൃത്താന്തങ്ങള്‍
കഞ്ജദളാക്ഷിയും വിശ്വസിച്ചീടിനാള്‍
അതുപൊഴുതിലകതളിരിലഴല്‍കളവതിന്നു ഞാ-
നംഗുലീയം കൊടുത്തീടിനേനാദരാല്‍
കരതളിരിലതിനെ വിരവോടു വാങ്ങിത്തദാ-
കണ്ണുനീര്‍കൊണ്ടു കഴുകിക്കളഞ്ഞുടന്‍
ശിരസി ദൃശി ഗളഭുവി മുലത്തടത്തിങ്കലും
ശീഘ്രമണച്ചു വിലപിച്ചിതേറ്റവും
പവനസുത! കഥയമമ ദുഃഖമെല്ലാം ഭവാന്‍
പത്മാക്ഷനോടു നീ കണ്ടിതല്ലോ സഖേ!
നിശിചരികളനുദിനമുപദ്രവിക്കുന്നതും
നീയങ്ങുചെന്നുചൊല്കെന്നു ചൊല്ലീടിനാള്‍
തവചരിതമഖിലമലിവോടുണര്‍ത്തിച്ചു ഞാന്‍
തമ്പിയോടും കപിസേനയോടുംദ്രുതം
വയമവനിപതിയെ വിരവോടുകൂട്ടിക്കൊണ്ടു
വന്നുദശാസ്യകുലവും മുടിച്ചുടന്‍
സകുതുകമയോദ്ധ്യാപുരിക്കാശുകൊണ്ടുപോം
സന്താപമുള്ളിലുണ്ടാകരുതേതുമേ
ദശരഥസുതന്നു വിശ്വാസാര്‍ഥമായിനി-
ദ്ദേഹി മേ ദേവി ചിഹ്നം ധന്യമാദരാല്‍
പുനരൊരടയാളവാക്കും പറഞ്ഞീടുക
പുണ്യപുരുഷനു വിശ്വാസസിദ്ധയേ
അതുമവനിസുതയൊടഹമിങ്ങനെ ചൊന്നള-
വാശു ചൂഡാരത്നമാദരാല്‍ നല്‍കിനാള്‍
കമലമുഖി കനിവിനൊടു ചിത്രകൂടാചലേ
കാന്തനുമായ് വസിക്കുന്നാളൊരുദിനം
കഠിനതരനഖരനിക്രേണ പീഡിച്ചൊരു
കാകവൃത്താന്തവും ചൊല്‍കെന്നു ചൊല്ലിനാള്‍
തദനുപലതരമിവപറഞ്ഞും കരഞ്ഞുമുള്‍-
ത്താപം കലര്‍ന്നു മരുവും ദശാന്തരേ
ബഹുവിധചോവിഭാവേന ദുഃഖം തീര്‍ത്തു
ബിംബാധരിയെയുമാശ്വസിപ്പിച്ചു ഞാന്‍
വിടയുമുടനഴകൊടുവഴങ്ങിച്ചു പോന്നിതു
വേഗേന പിന്നെ മറ്റൊന്നു ചെയ്തേനഹം
അഖിലനിശിചരകുലപതിക്കഭീഷ്ടാസ്പദ-
മാരമമൊക്കെത്തകര്‍ത്തേനതിന്നുടന്‍
പരിഭവമൊടടല്‍ കരുതിവന്ന നിശാചര
പാപികളെക്കൊലചെയ്തേനസംഖ്യകം
ദശവദനസുതനെ മുഹുരക്ഷകുമാരനെ
ദണ്ഡധരാലയത്തിന്നയച്ചീടിനേന്‍
അഥ ദശമുഖാത്മജബ്രഹ്മാസ്ത്രബദ്ധനാ-
യാശരാധീരനെക്കണ്ടു പറഞ്ഞുഞാന്‍
ലഘുതരമശേഷം ദഹിപ്പിച്ചിതു ബത!
ലങ്കാപുരം പിന്നെയും ദേവിതന്‍പദം
വിഗതഭയമടിയിണ വണങ്ങി വാങ്ങിപ്പോന്നു
വീണ്ടും സമുദ്രവും ചാടിക്കടന്നു ഞാന്‍
തവചരണനളിനമധുനൈവ വന്ദിച്ചിതു
ദാസന്‍ ദയാനിധേ! പാഹിമാം! പാഹിമാം!”
ഇതിപവനസുതവചനമാഹന്ത! കേട്ടള-
വിന്ദിരാകാന്തനും പ്രീതിപൂണ്ടീടിനാന്‍
“സുരജനദുഷ്കരം കാര്യം കൃതംത്വയാ-
സുഗ്രീവനും പ്രസാദിച്ചിതുകേവലം
സദയമുപകാരമിച്ചെയ്തതിന്നാദരാല്‍
സര്‍വ്വസ്വവും മമ തന്നേന്‍ നിനക്കു ഞാന്‍
പ്രണയമനസാ ഭവാനാല്‍ കൃതമായതിന്‍
പ്രത്യുപകാരം ജഗത്തിങ്കലില്ലെടോ!
പുനരപിരമാവരന്‍ മാരുതപുത്രനെ”
പൂര്‍ണ്ണമോദം പുണര്‍ന്നീടിനാനാദരാല്‍
ഉരസിമുഹുരപിമുഹുരണച്ചു പുല്‍കീടിനാ-
നോര്‍ക്കെടോ! മാരുതപുത്രഭാഗ്യോദയം
ഭുവനതലമതിലൊരുവനിങ്ങനെയില്ലഹോ
പൂര്‍ണ്ണപുണ്യൌഘസൌഭാഗ്യമുണ്ടായെടോ!
പരമശിവനിതിരഘുകുലാധിപന്‍ തന്നുടെ
പാവനമായ കഥയരുള്‍ ചെയ്തതും
ഭഗവതി ഭവാനി പരമേശ്വരി കേട്ടു
ഭക്തിപരവശയായ് വണങ്ങീടിനാള്‍
കിളിമകളുമതി സരസമിങ്ങനെ ചൊന്നതു
കേട്ടു മഹാലോകരും തെളിയേണമേ
ഇത്യദ്ധത്മരാമായണേ ഉമാമഹേശ്വരസംവാദേ സുന്ദരകാണ്ഡം സമാപ്തം
No comments:
Post a Comment