ഗന്ധര്‍വനേവം ചൊല്ലി മറഞ്ഞോരനന്തരം
സന്തുഷ്‌ടന്മാരായോരു രാമലക്ഷ്‌മണന്മാരും
ഘോരമാം വനത്തൂടെ മന്ദം മന്ദം പോയ്‌ചെന്നു
ചാരുത ചേര്‍ന്ന ശബര്യാശ്രമമകംപുക്കാര്‍ .
സംഭ്രവത്തോടും പ്രത്യുത്ഥായ താപസി ഭക്ത്യാ
സമ്പതിച്ചിതു പാദാംഭോരുഹയുഗത്തിങ്കല്‍ .
സന്തോഷപൂര്‍ണ്ണാശ്രുനേത്രങ്ങളോടവളുമാ-
നന്ദമുള്‍ക്കൊണ്ടു പാദ്യാര്‍ഗ്‌ഘ്യാസനാദികളാലേ
പൂജിച്ചു തല്‍പാദതീര്‍ത്ഥാഭിഷേകവുംചെയ്‌തു
ഭോജനത്തിനു ഫലമൂലങ്ങള്‍ നല്‍കീടിനാള്‍ .
പൂജയും പരിഗ്രഹിച്ചാനന്ദിച്ചിരുന്നിതു
രാജീവനേത്രന്മാരാം രാജനന്ദനന്മാരും.
അന്നേരം ഭക്തിപൂണ്ടു തൊഴുതു ചൊന്നാളവള്‍ :
“ധന്യയായ് വന്നേനഹമിന്നു പുണ്യാതിരേകാല്‍ .
എന്നുടെ ഗുരുഭൂതന്മാരായ മുനിജനം
നിന്നെയും പൂജിച്ചനേകായിരത്താണ്ടു വാണാര്‍ .
അന്നു ഞാനവരെയും ശുശ്രൂഷിച്ചിരുന്നിതു
പിന്നെപ്പോയ് ബ്രഹ്‌മപദം പ്രാപിച്ചാരവര്‍കളും.
എന്നോടു ചൊന്നാരവ’രേതുമേ ഖേദിയാതെ
ധന്യേ! നീ വസിച്ചാലുമിവിടെത്തന്നെ നിത്യം.
പന്നഗശായി പരന്‍പുരുഷന്‍ പരമാത്മാ
വന്നവതരിച്ചിതു രാക്ഷസവധാര്‍ത്ഥമായ്.
നമ്മെയും ധര്‍മ്മത്തെയും രക്ഷിച്ചുകൊള്‍വാനിപ്പോള്‍
നിര്‍മ്മലന്‍ ചിത്രകൂടത്തിങ്കല്‍ വന്നിരിക്കുന്നു.
വന്നീടുമിവിടേക്കു രാഘവനെന്നാലവന്‍-
തന്നെയും കണ്ടു ദേഹത്യാഗവും ചെയ്താലും നീ.
വന്നീടുമെന്നാല്‍ മോക്ഷം നിനക്കുമെന്നു നൂനം’
വന്നിതവ്വണ്ണം ഗുരുഭാഷിതം സത്യമല്ലോ.
നിന്തിരുവടിയുടെ വരവും പാര്‍ത്തുപാര്‍ത്തു
നിന്തിരുവടിയേയും ധ്യാനിച്ചു വസിച്ചു ഞാന്‍.
ശ്രീപാദം കണ്ടുകൊള്‍വാന്‍ മല്‍ഗുരുഭൂതന്മാരാം
താപസന്മാര്‍ക്കുപോലും യോഗം വന്നീലയല്ലോ.
ജ്ഞാനമില്ലാത ഹീനജാതിയിലുളള മൂഢ
ഞാനിതിനൊട്ടുമധികാരിണിയല്ലയല്ലോ.
വാങ്ങ്‌മനോവിഷയമല്ലാതൊരു ഭവദ്രൂപം
കാണ്മാനുമവകാശം വന്നതു മഹാഭാഗ്യം.
തൃക്കഴലിണ കൂപ്പി സ്തുതിച്ചുകൊള്‍വാനുമി-
ങ്ങുള്‍ക്കമലത്തിലറിയപ്പോകാ ദയാനിധേ!”
രാഘവനതു കേട്ടു ശബരിയോടു ചൊന്നാ-
“നാകുലംകൂടാതെ ഞാന്‍ പറയുന്നതു കേള്‍ നീ.
പൂരുഷസ്‌ത്രീജാതീനാമാശ്രമാദികളല്ല
കാരണം മമ ഭജനത്തിനു ജഗത്ത്രയേ.
ഭക്തിയൊന്നൊഴിഞ്ഞു മറ്റില്ല കാരണമേതും
മുക്തി വന്നീടുവാനുമില്ല മറ്റേതുമൊന്നും.
തീര്‍ത്ഥസ്നാനാദി തപോദാനവേദാദ്ധ്യയന-
ക്ഷേത്രോപവാസയാഗാദ്യഖിലകര്‍മ്മങ്ങളാല്‍
ഒന്നിനാലൊരുത്തനും കണ്ടുകിട്ടുകയില്ല-
യെന്നെ മല്‍ഭക്തിയൊഴിഞ്ഞൊന്നുകൊണ്ടൊരുനാളും.
ഭക്തിസാധനം സംക്ഷേപിച്ചു ഞാന്‍ ചൊല്ലീടുവേ-
നുത്തമേ! കേട്ടുകൊള്‍ക മുക്തിവന്നീടുവാനായ്.
മുഖ്യസാധനമല്ലോ സജ്ജജസംഗം, പിന്നെ
മല്‍ക്കഥാലാപം രണ്ടാംസാധനം, മൂന്നാമതും
മല്‍ഗുണേരണം, പിന്നെ മദ്വചോവ്യാഖ്യാതൃത്വം
മല്‍ക്കലാജാതാചാര്യോപാസനമഞ്ചാമതും,
പുണ്യശീലത്വം യമനിയമാദികളോടു-
മെന്നെ മുട്ടാതെ പൂജിക്കെന്നുളളതാറാമതും,
മന്മന്ത്രോപാസകത്വമേഴാമ,തെട്ടാമതും
മംഗലശീലേ! കേട്ടു ധരിച്ചുകൊളേളണം നീ
സര്‍വഭൂതങ്ങളിലും മന്മതിയുണ്ടാകയും
സര്‍വദാ മല്‍ഭക്തന്മാരില്‍ പരമാസ്തിക്യവും
സര്‍വബാഹ്യാര്‍ത്ഥങ്ങളില്‍ വൈരാഗ്യം ഭവിക്കയും
സര്‍വലോകാത്മാ ഞാനെന്നെപ്പോഴുമുറയ്‌ക്കയും,
മത്തത്ത്വവിചാരം കേളൊമ്പതാമതു ഭദ്രേ!
ചിത്തശുദ്ധിക്കു മൂലമാദിസാധനം നൂനം.
ഉക്തമായിതു ഭക്തിസാധനം നവവിധ-
മുത്തമേ! ഭക്തി നിത്യമാര്‍ക്കുളളു വിചാരിച്ചാല്‍ ?
തിര്യഗ്യോനിജങ്ങള്‍ക്കെന്നാകിലും മൂഢമാരാം
നാരികള്‍ക്കെന്നാകിലും പൂരുഷനെന്നാകിലും
പ്രേമലക്ഷണയായ ഭക്തി സംഭവിക്കുമ്പോള്‍
വാമലോചനേ! മമ തത്ത്വാനുഭൂതിയുണ്ടാം.
തത്ത്വാനുഭവസിദ്ധനായാല്‍ മുക്തിയും വരും.
തത്ര ജന്മനി മര്‍ത്ത്യനുത്തമതപോധനേ!
ആകയാല്‍ മോക്ഷത്തിനു കാരണം ഭക്തിതന്നെ
ഭാഗവതാഢ്യേ! ഭഗവല്‍പ്രിയേ! മുനിപ്രിയേ!
ഭക്തിയുണ്ടാകകൊണ്ടു കാണായ്‌വന്നിതു തവ
മുക്തിയുമടുത്തിതു നിനക്കു തപോധനേ!
ജാനകീമാര്‍ഗ്ഗമറിഞ്ഞീടില്‍ നീ പറയേണം
കേന വാ നീതാ സീതാ മല്‍പ്രിയാ മനോഹരി?”
രാഘവവാക്യമേവം കേട്ടോരു ശബരിയു-
മാകുലമകലുമാറാദരാലുരചെയ്താള്‍ :
“സര്‍വവുമറിഞ്ഞിരിക്കുന്ന നിന്തിരുവടി
സര്‍വജ്ഞനെന്നാകിലും ലോകാനുസരണാര്‍ത്ഥം
ചോദിച്ചമൂലം പറഞ്ഞീടുവേന്‍ സീതാദേവി
ഖേദിച്ചു ലങ്കാപുരിതന്നില്‍ വാഴുന്നു നൂനം.
കൊണ്ടുപോയതു ദശകണ്‌ഠനെന്നറിഞ്ഞാലും
കണ്ടിതു ദിവ്യദൃശാ തണ്ടലര്‍മകളെ ഞാന്‍.
മുമ്പിലാമ്മാറു കുറഞ്ഞൊന്നു തെക്കോട്ടു ചെന്നാല്‍
പമ്പയാം സരസ്സിനെക്കാണാം, തല്‍പുരോഭാഗേ
പശ്യ പര്‍വ്വതവരമൃശ്യമൂകാഖ്യം, തത്ര
വിശ്വസിച്ചിരിക്കുന്നു സുഗ്രീവന്‍ കപിശ്രേഷ്‌ഠന്‍
നാലുമന്ത്രികളോടുംകൂടെ മാര്‍ത്താണ്ഡാത്മജന്‍;
ബാലിയെപ്പേടിച്ചു സങ്കേതമായനുദിനം;
ബാലിക്കു മുനിശാപം പേടിച്ചു ചെന്നുകൂടാ.
പാലനംചെയ്‌ത ഭവാനവനെ വഴിപോലെ.
സഖ്യവും ചെയ്‌തുകൊള്‍ക സുഗ്രീവന്‍തന്നോടെന്നാല്‍
ദുഃഖങ്ങളെല്ലാം തീര്‍ന്നു കാര്യവും സാധിച്ചീടും.
എങ്കില്‍ ഞാനഗ്നിപ്രവേശംചെയ്‌തു ഭവല്‍പാദ-
പങ്കജത്തോടു ചേര്‍ന്നുകൊളളുവാന്‍ തുടങ്ങുന്നു.
പാര്‍ക്കേണം മുഹൂര്‍ത്തമാത്രം ഭവാനത്രൈവ മേ
തീര്‍ക്കേണം മായാകൃതബന്ധനം ദയാനിധേ!”
ഭക്തിപൂണ്ടിത്ഥമുക്ത്വാ ദേഹത്യാഗവും ചെയ്‌തു
മുക്തിയും സിദ്ധിച്ചിതു ശബരിക്കതുകാലം.
ഭക്തവത്സലന്‍ പ്രസാദിക്കിലിന്നവര്‍ക്കെന്നി-
ല്ലെത്തീടും മുക്തി നീചജാതികള്‍ക്കെന്നാകിലും.
പുഷ്‌കരനേത്രന്‍ പ്രസാദിക്കിലോ ജന്തുക്കള്‍ക്കു
ദുഷ്‌കരമായിട്ടൊന്നുമില്ലെന്നു ധരിക്കേണം.
ശ്രീരാമഭക്തിതന്നെ മുക്തിയെസ്സിദ്ധിപ്പിക്കും
ശ്രീരാമപാദാംബുജം സേവിച്ചുകൊള്‍ക നിത്യം.
ഓരോരോ മന്ത്രതന്ത്രധ്യാനകര്‍മ്മാദികളും
ദൂരെസ്സന്ത്യജിച്ചു തന്‍ഗുരുനാഥോപദേശാല്‍
ശ്രീരാമചന്ദ്രന്‍തന്നെ ധ്യാനിച്ചുകൊള്‍ക നിത്യം
ശ്രീരാമമന്ത്രം ജപിച്ചീടുക സദാകാലം.
ശ്രീരാമചന്ദ്രകഥ കേള്‍ക്കയും ചൊല്ലുകയും
ശ്രീരാമഭക്തന്മാരെപ്പൂജിച്ചുകൊളളുകയും.
ശ്രീരാമമയം ജഗത്സര്‍വമെന്നുറയ്‌ക്കുമ്പോള്‍
ശ്രീരാമചന്ദ്രന്‍തന്നോടൈക്യവും പ്രാപിച്ചീടാം.
രാമ! രാമേതി ജപിച്ചീടുക സദാകാലം
ഭാമിനി! ഭദ്രേ! പരമേശ്വരി! പത്മേക്ഷണേ!
ഇത്ഥമീശ്വരന്‍ പരമേശ്വരിയോടു രാമ-
ഭദ്രവൃത്താന്തമരുള്‍ചെയ്തതു കേട്ടനേരം
ഭക്തികൊണ്ടേറ്റം പരവശയായ് ശ്രീരാമങ്കല്‍
ചിത്തവുമുറപ്പിച്ചു ലയിച്ചു രുദ്രാണിയും.
പൈങ്കിളിപ്പൈതല്‍താനും പരമാനന്ദംപൂണ്ടു
ശങ്കര! ജയിച്ചരുളെന്നിരുന്നരുളിനാള്‍ .
(ഇത്യദ്ധ്യാത്മരാമായണേ ഉമാമഹേശ്വരസംവാദേ ആരണ്യകാണ്ഡം സമാപ്‌തം)
No comments:
Post a Comment