അധ്യാത്മ രാമായണം ഒന്ലൈനില്‍ വായിക്കാന്‍ വലതുവശത്തെ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുക (വിഷയ-ക്രമനിക നോക്കുക)

Saturday, July 16, 2011

ഭാര്‍ഗ്ഗവഗര്‍വശമനം

അന്നേരം വസിഷ്ഠനെ വന്ദിച്ചു ദശരഥന്‍
“ദുര്‍നിമിത്തങ്ങളുടെ കാരണം ചൊല്ലുകെ”ന്നാന്‍.
“മന്നവ!കുറഞ്ഞോരു ഭീതിയുണ്ടാകുമിപ്പോള്‍
പിന്നേമഭയമുണ്ടാമെന്നറിഞ്ഞാലും,
ഏതുമേ പേടിക്കേണ്ട നല്ലതേ വന്നുകൂടൂ
ഖേദവുമുണ്ടാകേണ്ട കീര്‍ത്തിയും വര്‍ദ്ധിച്ചീടും.”
ഇത്തരം വിധിസുതനരുളിച്ചെയ്യുന്നെരം
പദ്ധതിമദ്ധ്യേ കാണായ്‌വന്നു ഭാര്‍ഗ്ഗവനെയും.
നീലനീരദനിഭനിര്‍മ്മലവര്‍ണ്ണത്തോടും
നീലലോഹിതശിഷ്യന്‍ ബഡവാനലസമന്‍
ക്രുദ്ധനായ് പരശുബാണാസനങ്ങളും പൂണ്ടു
പദ്ധതിമദ്ധ്യേ വന്നുനിന്നപ്പോള്‍ ദശരഥന്‍
ബദ്ധസാധ്വസം വീണു നമസ്കാരവും ചെയ്താന്‍;
ബുദ്ധിയും കെട്ടുനിന്നു മറ്റുള്ള ജനങ്ങളും.
ആര്‍ത്തനായ് പംക്തിരഥന്‍ ഭാര്‍ഗ്ഗവരാമന്തന്നെ-
പ്പേര്‍ത്തു വന്ദിച്ചു ഭക്ത്യാ കീര്‍ത്തിച്ചാന്‍ പലതരം:
“കാര്‍ത്തവീര്യാരേ! പരിത്രാഹി മ‍ാം തപോനിധേ!
മാര്‍ത്താണ്ഡകുലം പരിത്രാഹി കാരുണ്യ‍ാംബുധേ!
ക്ഷത്രിയാന്തക! പരിത്രാഹി മ‍ാം ജമദഗ്നി-
പുത്ര!മ‍ാം പരിത്രാഹി രേണുകാത്മജ! വിഭോ!
പരശുപാണേ! പരിപാലയ കുലം മമ
പരമേശ്വരപ്രിയ! പരിപാലയ നിത്യം.
പാര്‍ത്ഥിവസമുദായരക്തതീര്‍ത്ഥത്തില്‍ കുളി-
ച്ചാസ്ഥയാ പിതൃഗണതര്‍പ്പണംചെയ്ത നാഥ!
കാത്തുകൊള്ളുക തപോവാരിധേ!ഭൃഗുപതേ!
കാല്‍ത്തളിരിണ തവ ശരണം മമ വിഭോ!”
ഇത്തരം ദശരഥന്‍ ചൊന്നതാദരിയാതെ
ബദ്ധരോഷേണ വഹ്നിജ്വാല പൊങ്ങീടുംവണ്ണം
വക്ത്രവും മദ്ധ്യാഹ്നാര്‍ക്കമണ്ഡലമ്പോലെ ദീപ്ത്യാ
സത്വരം ശ്രീരാമനോടരുളിച്ചെയ്തീടിനാന്‍:
“ഞാനൊഴിഞ്ഞുണ്ടോ രാമനിതിഭുവനത്തിങ്കല്‍?
മാനവനായ ഭവാന്‍ ക്ഷത്രിയനെന്നാകിലോ
നില്ലുനില്ലരക്ഷണമെന്നോടു യുദ്ധം ചെയ്‌വാന്‍;
വില്ലിങ്കല്‍ നിനക്കേറ്റം വല്ലഭമുണ്ടല്ലോ കേള്‍.
നീയല്ലോ ബലാല്‍ ‍ശൈവചാപം ഖണ്ഡിച്ചതെന്റെ
കയ്യിലുണ്ടൊരു ചാപം വൈഷ്വം മഹാസാരം
ക്ഷത്രിയകുലജാതന്‍ നീയിതുകൊണ്ടു
സത്വരം പ്രയോഗിക്കിന്‍ നിന്നോടു യുദ്ധം ചെയ്‌വന്‍.
അല്ലായ്‌കില്‍ കൂട്ടത്തോടെ സംഹരിച്ചീടുന്നതു-
ണ്ടില്ല സന്ദേഹമെനിക്കെന്നതും ധരിച്ചാലും
ക്ഷത്രിയകുലാന്തകന്‍ ഞാനെന്നതറിഞ്ഞീലേ?
ശത്രുത്വം നമ്മില്‍ പണ്ടുപണ്ടേയുണ്ടെന്നോര്‍ക്ക നീ”.
രേണുകാത്മജനേവം പറഞ്ഞോരന്തരം
ക്ഷോണിയും പാരമൊന്നു വിറച്ചു ഗിരികളും
അന്ധകാരം കൊണ്ടൊക്കെ മറഞ്ഞു ദിക്കുകളും
സിന്ധുവാരിയുമൊന്നു കലങ്ങി മറിഞ്ഞിതു.
എന്തോന്നുവരുന്നിതെന്നോര്‍ത്തു ദേവാദികളും
ചിന്തപൂണ്ടുഴന്നിതു താപസവരന്മാരും
പംക്തിസ്യന്ദനന്‍ ഭീതികൊണ്ടു വേപഥപൂണ്ടു,
സന്താപമുണ്ടായ് വന്നു വിരിഞ്ചതനയനും.
മുഗ്ദഭാവവുംപൂണ്ടു രാമന‍ാം കുമാരനും
ക്രുദ്ധന‍ാം പരശുരാമന്‍തന്നോടരുള്‍ ചെയ്‌തു:
“ചൊല്ലെഴും മഹാനുഭാവന്മാര‍ാം പ്രൗഢാത്മാക്കള്‍
വല്ലാതെ ബാലന്മാരോടിങ്ങനെ തുടങ്ങിയാല്‍
ആശ്രയമവര്‍ക്കെന്തോന്നുള്ളതു തപോനിധേ!
സ്വാശ്രമകുലധര്‍മ്മമെങ്ങനെ പാലിക്കുന്നു?
നിന്തിരുവടിതിരുവുള്ളത്തിലേറുന്നതി-
ന്നന്തരമുണ്ടോ പിന്നെ വരുന്നു നിരൂപിച്ചാല്‍?
അന്ധനായിരിപ്പൊരു ബാലകനുണ്ടോ ഗുണ-
ബന്ധനം ഭവിക്കുന്നു സന്തതം ചിന്തിച്ചാലും.
ക്ഷത്രിയകുലത്തിങ്കലുത്ഭവിക്കയും ചെയ്‌തേന്‍
ശസ്ത്രാസ്ത്രപ്രയോഗസാമര്‍ത്ഥ്യമില്ലല്ലോതാനും.
ശത്രുമിത്രോദാസീനഭേദവുമെനിക്കില്ല
ശത്രുസംഹാരംചെയ്‌വാന്‍ ശക്തിയുമില്ലല്ലോ.
അന്തകാന്തകന്‍പോലും ലംഘിച്ചീടുന്നതല്ല
നിന്തിരുവടിയുടെ ചിന്തിത,മതുമൂലം
വില്ലിങ്ങുതന്നാലും ഞാനാകിലോ കുലച്ചീടാ-
മല്ലെങ്കില്‍ തിരുവുള്ളക്കേടുമുണ്ടാകവേണ്ട.”

No comments:

Post a Comment