മന്നവന്‍തന്നെ വന്ദിച്ചപേക്ഷിച്ചിതു
പിന്നെ വിഭീഷണനായ ഭക്തന്‍ മുദാ
‘ദാസനാമെന്നെക്കുറിച്ചു വത്സല്യമു-
ണ്ടേതാനുമെങ്കിലത്രൈവ സന്തുഷ്ടനായ്
മംഗലദേവതയാകിയ സീതയാ
മംഗലസ്നാനവുമാചരിച്ചീടണം
മേളമായിന്നു വിരുന്നും കഴിഞ്ഞിങ്ങു
നാളെയങ്ങോട്ടെഴുന്നള്ളീടുകയുമാം’
എന്നു വിഭീഷണന്‍ ചൊന്നതു കേട്ടുടന്‍
മന്നവര്‍മന്നവന്‍ താനുമരുള്‍ചെയ്തു
‘സോദരനായ ഭരതനയോദ്ധ്യയി-
ലാധിയും പൂണ്ടു സഹോദരന്‍ തന്നൊടും
എന്നെയും പാര്‍ത്തിരിക്കുന്നിതു ഞാനവന്‍-
തന്നോടുകൂടിയൊഴിഞ്ഞലങ്കാരങ്ങള്‍
ഒന്നുമനുഷ്ഠിയ്ക്കയെന്നുള്ളതില്ലെടോ!
ചെന്നൊരു രാജ്യത്തില്‍ വാഴ്കയെന്നുള്ളതും.
സ്നാനാശനാദികളാചരിക്കെന്നതും
നൂനമവനോടുകൂടിയേയാവിതു
എന്നു പതിനാലു സംവത്സരം തിക-
യുന്നതെന്നുള്ളതും പാര്‍ത്തവന്‍ വാഴുന്നു
ചെന്നീല ഞാനന്നുതന്നെയെന്നാലവന്‍
വഹ്നിയില്‍ ചാടിമരിക്കുമേ പിറ്റേന്നാള്‍
എന്നതുകൊണ്ടുഴറുന്നിതു ഞാനിഹ
വന്നു സമയവുമേറ്റമടുത്തങ്ങു
ചെന്നുകൊള്‍വാന്‍ പണിയുണ്ടതിന്‍ മുന്നമേ
നിന്നില്‍ വാത്സല്യമില്ലായ്കയുമല്ല മേ
സല്‍ക്കരിച്ചീടു നീ സത്വരമെന്നുടെ
മര്‍ക്കടവീരരെയൊക്കവെ സാദരം
പ്രീതിയവര്‍ക്കു വന്നാലെനിയ്ക്കും വരും
പ്രീതി,യതിന്നൊരു ചഞ്ചലമില്ല കേള്‍
എന്നെക്കനിവോടു പൂജിച്ചതിന്‍ഫലം
വന്നുകൂടും കപിവീരരെപ്പൂജിച്ചാല്‍’
പാനാശനസ്വര്‍ണ്ണരത്നാംബരങ്ങളാല്‍
വാനരന്മാര്‍ക്കലംഭാവം വരുംവണ്ണം
പൂജയും ചെയ്തു കപികളുമായ് ചെന്നു
രാജീവനേത്രനെക്കൂപ്പി വിഭീഷണന്‍
‘ക്ഷിപ്രമയോദ്ധ്യയ്ക്കെഴുന്നള്ളുവാനിഹ
പുഷ്പകമായ വിമാനവുമുണ്ടല്ലോ’
രാത്രിഞ്ചരാധിപനിത്ഥമുണര്‍ത്തിച്ച
വാര്‍ത്ത കേട്ടാസ്ഥയോടും പുരുഷോത്തമന്‍
കാലത്തു നീ വരുത്തീടുകെന്നാനഥ
പൗലസ്ത്യയാനവും വന്നു വന്ദിച്ചിതു
ജാനകിയോടുമനുജനോടും ചെന്നു
മാനവവീരന്‍ വിമാനവുമേറിനാന്‍
അര്‍ക്കാത്മജാദി കപിവരന്മാരൊടും
നക്തഞ്ചാധിപനോടും രഘൂത്തമന്‍
മന്ദസ്മിതം പൂണ്ടരുള്‍ചെയ്തിതാദരാല്‍
‘മന്ദേതരം ഞാനയദ്ധ്യയ്ക്കു പോകുന്നു
മിത്രകാര്യം കൃത്യമായിതു നിങ്ങളാല്‍
ശത്രുഭയമിനി നിങ്ങള്‍ക്കകപ്പെടാ
മര്‍ക്കടരാജ! സുഗ്രീവ! മഹാമതേ!
കിഷ്കിന്ധയില്‍ ചെന്നു വാഴ്ക നീ സൗഖ്യമായ്
ആശരാധീശ! വിഭീഷണ! ലങ്കയി-
ലാശു പോയ് വാഴ്ക നീയും ബന്ധുവര്‍ഗ്ഗവും’
കാകുത്സ്ഥനിത്ഥമരുള്‍ചെയ്ത നേരത്തു
വേഗത്തില്‍ വന്ദിച്ചവര്‍കളും ചൊല്ലിന്നാര്‍
‘ഞങ്ങളും കൂടെ വിടകൊണ്ടയോദ്ധ്യയി-
ലങ്ങു കൗസല്യാദികളെയും വന്ദിച്ചു
മംഗലമാമ്മാറഭിഷേകവും കണ്ടു
തങ്ങള്‍തങ്ങള്‍ക്കുള്ളവിടെ വാണീടുവാന്‍
ഉണ്ടാകവേണം തിരുമനസ്സെങ്കിലേ
കുണ്ഠത ഞങ്ങള്‍ക്കു തീരു ജഗല്‍പ്രഭോ!’
‘അങ്ങനെതന്നെ നമുക്കുമഭിമതം
നിങ്ങള്‍ക്കുമങ്ങനെ തോന്നിയതത്ഭുതം
എങ്കിലോ വന്നു വിമാനമേറീടുവിന്‍
സങ്കടമെന്നിയേ മിത്രവിയോഗജം’
സേനയാ സാര്‍ദ്ധം നിശാചരരാജനും
വാനര്‍ന്മാരും വിമാനമേറീടിനാര്‍
സംസാരനാശനാനുജ്ഞയാ പുഷ്പകം
ഹംസസമാനം സമുല്‍പതിച്ചു തദാ
നക്തഞ്ചരേന്ദ്രസുഗ്രീവാനുജപ്രിയാ-
യുക്തനാം രാമനെക്കൊണ്ടു വിമാനവും
എത്രയും ശോഭിച്ചതംബരാന്തേ തദാ
മിത്രബിംബം കണക്കേ ധനദാസനം
ഉത്സംഗസീമ്‌നി വിന്യസ്യ സീതാഭക്ത-
വത്സലന്‍ നാലു ദിക്കും പുനരാലോക്യ
‘വത്സേ! ജനകാത്മജേ! ഗുണ വല്ലഭേ!
സത്സേവിതേ! സരസീരുഹലോചനേ!
പശ്യ ത്രികൂടാചലോത്തമാംഗസ്ഥിതം
വിശ്വവിമോഹനമായ ലങ്കാപുരം
യുദ്ധാങ്കണം കാണ്‍കതിലങ്ങു ശോണിത-
കര്‍ദ്ദമമാംസാസ്ഥിപൂര്‍ണ്ണം ഭയങ്കരം
അത്രൈവ വാനര രാക്ഷസന്മാര്‍ തമ്മി-
ലെത്രയും ഘോരമായുണ്ടായി സംഗരം
അത്രൈവ രാവണന്‍ വീണു മരിച്ചിതെ-
ന്നസ്ത്രമേറ്റുത്തമേ! നിന്നുടെ കാരണം
കുംഭകര്‍ണ്ണന്‍ മകരാക്ഷനുമെന്നുടെ-
യമ്പുകൊണ്ടത്ര മരിച്ചിതു വല്ലഭേ!
വൃത്രാരിജിത്തുമതികായനും പുന-
രത്ര സൗമിത്രിതന്നസ്ത്രമേറ്റുത്തമേ!
വീണു മരിച്ചിതു പിന്നെയും മറ്റുള്ള
കൗണപന്മാരെക്കപികള്‍ കൊന്നീടിനാര്‍
സേതു ബന്ധിച്ചതും കാണെടോ! സാഗരേ
ഹേതു ബന്ധിച്ചതതിന്നു നീയല്ലയോ?
സേതുബന്ധം മഹാതീര്‍ത്ഥം പ്രിയേ! പഞ്ച-
പാതകനാശനം ത്രൈലോക്യപൂജിതം
കണ്ടാലുമുണ്ടാം ദുരിതവിനാശനം
കണ്ടാലുമങ്ങതിന്നത്ര രാമേശ്വരം
എന്നാല്‍ പ്രതിഷ്ഠിതനായ മഹേശ്വരന്‍
പന്നഗഭൂഷണന്‍ തന്നെ വണങ്ങു നീ
അത്ര വന്നെന്നെശ്ശരണമായ് പ്രാപിച്ചി-
തുത്തമനായ വിഭീഷണന്‍ വല്ലഭേ!
പുഷ്കരനേത്രേ! പുരോഭുവി കാണേടോ!
കിഷ്കിന്ധയാകും കപീന്ദ്രപുരീമിമാം’
ശ്രുത്വാ മനോഹരം ഭര്‍ത്തൃവാക്യം മുദാ
പൃത്ഥ്വീസുതയുമപേക്ഷിച്ചതന്നേരം
‘താരാദിയായുള്ള വാനരസുന്ദരി-
മാരെയും കണ്ടങ്ങു കൊണ്ടുപോയീടണം
കൗതൂഹലമയോദ്ധ്യാപുരിവാസിനാം
ചേതസി പാരമുണ്ടായ്‌വരും നിര്‍ണ്ണയം
വാനരവീരരുമൊട്ടുനാളുണ്ടല്ലോ
മാനിനിമാരെപ്പിരിഞ്ഞിരുന്നീടുന്നു!
ഭര്‍ത്തൃവിയോഗജദുഃഖമിന്നെന്നോള-
മിത്രിലോകത്തിങ്കലാരറിഞ്ഞിട്ടുള്ളു!
എന്നാലിവരുടെ വല്ലഭമാരെയു-
മിന്നുതന്നെ കൂട്ടികൊണ്ടുപോയീടണം
രാഘവന്‍ ത്രൈലോക്യനായകന്‍തന്നിലു-
ള്ളാകൂതമപ്പോളറിഞ്ഞു വിമാനവും
ക്ഷോണീതലം നോക്കി മന്ദമന്ദം തദാ
താണതുകണ്ടരുള്‍ചെയ്തു രഘൂത്തമന്‍
‘വാനരവീരരേ നിങ്ങള്‍ നിജനിജ-
മാനിനിമാരെ വരുത്തുവിനേവരും’
മര്‍ക്കടവീരരതു കേട്ടു മോദേന
കിഷ്കിന്ധപുക്കു നിജാംഗനമാരെയും
പോകെന്നു ചൊല്ലി വിമാനം കരേറ്റിനാര്‍
ശാഖാമൃഗാധിപന്മാരും കരേറിനാര്‍
താരാര്‍മകളായ ജാനകീദേവിയും
താരാരുമാദികളോടു മോദാന്വിതം
ആലോകനാലാപ മന്ദഹാസാദി ഗാ-
ഢാലിംഗനഭ്രൂചലനാദികള്‍കൊണ്ടു
സംഭാവനചെയ്തവരുമായ് വേഗേന
സംപ്രീതിപൂണ്ടു തിരിച്ചു വിമാനവും
വിശ്വൈകനായകന്‍ ജാനകിയോടരു-
ളിച്ചെയ്തിതു പരമാനന്ദസംയുതം
‘പശ്യ മനോഹരേ! ദേവി! വിചിത്രമാ-
മൃശ്യമൂകാചലമുത്തുംഗമെത്രയും
അത്രൈവ വൃത്രാരിപുത്രനെക്കൊന്നതും
മുഗ്ദ്ധാംഗി പഞ്ചവടി നാമിരുന്നേടം
വന്ദിച്ചുകൊള്‍കഗസ്ത്യാശ്രമം ഭക്തി പൂ-
ണ്ടിന്ദീവരാക്ഷി സുതീക്ഷ്ണാശ്രമത്തെയും
ചിത്രകൂടാചലം പണ്ടു നാം വാണേട-
മത്രൈവ കണ്ടു ഭരതനെ നാമെടോ!
ഭദ്രേ മുദാ ഭരദ്വാജാശ്രമം കാണ്‍ക!
ശുദ്ധീകരം യമുനാതടശോഭിതം
ഗംഗാനദിയതിന്നങ്ങേ,തതിന്നങ്ങു
ശൃംഗിവേരന്‍ ഗുഹന്‍ വാഴുന്ന നാടെടോ!
പിന്നെസ്സരയൂനദിയതിന്നങ്ങേതു
ധന്യമയോദ്ധ്യനഗരം മനോഹരേ!
ഇത്ഥമരുള്‍ചെയ്ത നേരത്തു രാഘവന്‍-
ചിത്തമറിഞ്ഞാശു താണു വിമാനവും
വന്ദിച്ചിതു ഭരദ്വാജമുനീന്ദ്രനെ
നന്ദിച്ചനുഗ്രഹം ചെയ്തു മുനീന്ദ്രനും
രാമനും ചോദിച്ചിതപ്പോ’ളയോദ്ധ്യയി-
ലാമയമേതുമൊന്നില്ലയല്ലീ മുനേ?’
മാതൃജനത്തിനും സൗഖ്യമല്ലീ മമ
സോദരന്മാര്‍ക്കുമാചാര്യജനത്തിനും?’
താപസശ്രേഷ്ഠനരുള്‍ചെയ്തിതന്നേരം
‘താപമൊരുവര്‍ക്കുമില്ലയോദ്ധ്യാപുരേ
നിത്യം ഭരതശത്രുഘ്നകുമാരന്മാര്‍
ശുദ്ധമാകും ഫലമൂലവും ഭക്ഷിച്ചു
ഭക്ത്യാ ജടാവല്‍ക്കലാദികളും പൂണ്ടു
സത്യസ്വരൂപനാം നിന്നെയും പാര്‍ത്തുപാര്‍-
ത്താഹന്ത! സിംഹാസനേ പാദുകം വച്ചു
മോഹം ത്യജിച്ചു പുഷ്പാഞ്ജലിയും ചെയ്തു
കര്‍മ്മങ്ങളെല്ലാമതിങ്കല്‍ സമര്‍പ്പിച്ചു
സമ്മതന്മാരായിരിക്കുന്നിതെപ്പൊഴും
ത്വല്‍പ്രസാദത്താലറിഞ്ഞിരിയ്ക്കുന്നിതു
ചില്‍പുരുഷപ്രഭോ! വൃത്തന്തമൊക്കെ ഞാന്‍
സീതാഹരണവും സുഗ്രീവസഖ്യവും
യാതുധാനന്മാരെയൊക്കെ വധിച്ചതും
യുദ്ധപ്രകാരവും മാരുതിതന്നുടെ
യുദ്ധപരാക്രമവും കണ്ടിതൊക്കവേ
ആദിമദ്ധ്യാന്തമില്ലാത പരബ്രഹ്മ-
മേതു തിരിക്കരുതാതൊരു വസ്തു നീ
സാക്ഷാല്‍ മഹാവിഷ്ണു നാരായണനായ
മോക്ഷപ്രദന്‍ നിന്തിരുവടി നിര്‍ണ്ണയം
ലക്ഷ്മീഭഗവതി സീതയാകുന്നതും
ലക്ഷ്മണനായതനന്തന്‍ ജഗല്‍പ്രഭോ!
ഇന്നു നീ ശുദ്ധമാക്കേണം മമാശ്രമം
ചെന്നയോദ്ധ്യാപുരം പുക്കീടടുത്തനാള്‍’
കര്‍ണ്ണാമൃതമാം മുനിവാക്കു കേട്ടുപോയ്
പര്‍ണ്ണശാലാമകം പുക്കിതു രാഘവന്‍
പൂജിതനായ് ഭ്രാതൃഭാര്യാസമന്വിതം
രാജീവനേത്രനും പ്രീതിപൂണ്ടീടിനാന്‍
No comments:
Post a Comment