ഇത്തരം സൗമിത്രിയോടരുളിച്ചെയ്‌തു പുന-
രിത്തിരിനേരമിരുന്നീടിനോരനന്തരം
ഗൗതമീതീരേ മഹാകാനനേ പഞ്ചവടീ-
ഭൂതലേ മനോഹരേ സഞ്ചരിച്ചീടുന്നൊരു
യാമിനീചരി ജനസ്ഥാനവാസിനിയായ
കാമരൂപിണി കണ്ടാള്‍ കാമിനി വിമോഹിനി,
പങ്കജധ്വജകുലിശാങ്കുശാങ്കിതങ്ങളായ്
ഭംഗിതേടീടും പദപാതങ്ങളതുനേരം.
പാദസൗന്ദര്യം കണ്ടു മോഹിതയാകയാലെ
കൗതുകമുള്‍ക്കൊണ്ടു രാമാശ്രമമകംപുക്കാള്‍.
ഭാനുമണ്ഡലസഹസ്രോജ്ജ്വലം രാമനാഥം
ഭാനുഗോത്രജം ഭവഭയനാശനം പരം
മാനവവീരം മനോമോഹനം മായാമയം
മാനസഭവസമം മാധവം മധുഹരം
ജാനകിയോടുംകൂടെ വാണീടുന്നതു കണ്ടു
മീനകേതനബാണപീഡിതയായാളേറ്റം.
സുന്ദരവേഷത്തോടും മന്ദഹാസവുംപൊഴി-
ഞ്ഞിന്ദിരാവരനോടു മന്ദമായുരചെയ്‌താള്‍ഃ
“ആരെടോ ഭവാന്‍? ചൊല്ലീടാരുടെ പുത്രനെന്നും
നേരൊടെന്തിവിടേക്കു വരുവാന്‍ മൂലമെന്നും,
എന്തൊരു സാദ്ധ്യം ജടാവല്‌ക്കലാദികളെല്ലാ-
മെന്തിനു ധരിച്ചിതു താപസവേഷമെന്നും.
എന്നുടെ പരമാര്‍ത്ഥം മുന്നേ ഞാന്‍ പറഞ്ഞീടാം
നിന്നോടു നീയെന്നോടു പിന്നെച്ചോദിക്കുമല്ലോ.
രാക്ഷസേശ്വരനായ രാവണഭഗിനി ഞാ-
നാഖ്യയാ ശൂര്‍പ്പണഖ കാമരൂപിണിയല്ലോ
ഖരദൂഷണത്രിശിരാക്കളാം ഭ്രാതാക്കന്മാ-
ര്‍ക്കരികേ ജനസ്ഥാനേ ഞാനിരിപ്പതു സദാ.
നിന്നെ ഞാനാരെന്നതുമറിഞ്ഞീലതും പുന-
രെന്നോടു പരമാര്‍ത്ഥം ചൊല്ലണം ദയാനിധേ!”
“സുന്ദരി! കേട്ടുകൊള്‍ക ഞാനയോദ്ധ്യാധിപതി-
നന്ദനന്‍ ദാശരഥി രാമനെന്നല്ലോ നാമം.
എന്നുടെ ഭാര്യയിവള്‍ ജനകാത്മജാ സീത
ധന്യേ! മല്‍ഭ്രാതാവായ ലക്ഷ്‌മണനിവനെടോ.
എന്നാലെന്തൊരു കാര്യം നിനക്കു മനോഹരേ!
നിന്നുടെ മനോഗതം ചൊല്ലുക മടിയാതെ.”
എന്നതു കേട്ടനേരം ചൊല്ലിനാള്‍ നിശാചരി ഃ
“എന്നോടുകൂടെപ്പോന്നു രമിച്ചുകൊളേളണം നീ.
നിന്നെയും പിരിഞ്ഞുപോവാന്‍ മമ ശക്തി പോരാ
എന്നെ നീ പരിഗ്രഹിച്ചീടേണം മടിയാതെ.”
ജാനകിതന്നെക്കടാക്ഷിച്ചു പുഞ്ചിരിപൂണ്ടു
മാനവവീരനവളോടരുള്‍ചെയ്‌തീടിനാന്‍ഃ
“ഞാനിഹ തപോധനവേഷവുംധരിച്ചോരോ
കാനനംതോറും നടന്നീടുന്നു സദാകാലം.
ജാനകിയാകുമിവളെന്നുടെ പത്നിയല്ലോ
മാനസേ പാര്‍ത്താല്‍ വെടിഞ്ഞീടരുതൊന്നുകൊണ്ടും.
സാപത്ന്യോത്ഭവദുഃഖമെത്രയും കഷ്‌ടം!കഷ്‌ടം!
താപത്തെസ്സഹിപ്പതിന്നാളല്ല നീയുമെടോ.
ലക്ഷ്‌മണന്‍ മമ ഭ്രാതാ സുന്ദരന്‍ മനോഹരന്‍
ലക്ഷ്‌മീദേവിക്കുതന്നെയൊക്കും നീയെല്ലാംകൊണ്ടും.
നിങ്ങളില്‍ ചേരുമേറെ നിര്‍ണ്ണയം മനോഹരേ!
സംഗവും നിന്നിലേറ്റം വര്‍ദ്ധിക്കുമവനെടോ.
മംഗലശീലനനുരൂപനെത്രയും നിന-
ക്കങ്ങു നീ ചെന്നു പറഞ്ഞീടുക വൈകീടാതെ.”
എന്നതു കേട്ടനേരം സൗമിത്രിസമീപേ പോയ്-
ചെന്നവളപേക്ഷിച്ചാള്‍, ഭര്‍ത്താവാകെന്നുതന്നെ
ചൊന്നവളോടു ചിരിച്ചവനുമുരചെയ്‌താ-
“നെന്നുടെ പരമാര്‍ത്ഥം നിന്നോടു പറഞ്ഞീടാം.
മന്നവനായ രാമന്‍തന്നുടെ ദാസന്‍ ഞാനോ
ധന്യേ! നീ ദാസിയാവാന്‍തക്കവളല്ലയല്ലോ.
ചെന്നു നീ ചൊല്ലീടഖിലേശ്വരനായ രാമന്‍-
തന്നോടു തവ കുലശീലാചാരങ്ങളെല്ലാം.
എന്നാലന്നേരംതന്നെ കൈക്കൊളളുമല്ലോ രാമന്‍
നിന്നെ”യെന്നതു കേട്ടു രാവണസഹോദരി
പിന്നെയും രഘുകുലനായകനോടു ചൊന്നാ-
“ളെന്നെ നീ പരിഗ്രഹിച്ചീടുക നല്ലൂ നിന-
ക്കൊന്നുകൊണ്ടുമേയൊരു സങ്കടമുണ്ടായ്‌വരാ.
മന്നവാ! ഗിരിവനഗ്രാമദേശങ്ങള്‍ തോറും
എന്നോടുകൂടെ നടന്നോരോരോ ഭോഗമെല്ലാ-
മന്യോന്യം ചേര്‍ന്നു ഭുജിക്കായ്‌വരുമനാരതം.”
ഇത്തരമവളുരചെയ്‌തതു കേട്ടനേര-
മുത്തരമരുള്‍ചെയ്‌തു രാഘവന്‍തിരുവടി ഃ
“ഒരുത്തനായാലവനരികേ ശുശ്രൂഷിപ്പാ-
നൊരുത്തി വേണമതിനിവളുണ്ടെനിക്കിപ്പോള്‍.
ഒരുത്തി വേണമവനതിനാരെന്നു തിര-
ഞ്ഞിരിക്കുംനേരമിപ്പോള്‍ നിന്നെയും കണ്ടുകിട്ടി.
വരുത്തും ദൈവമൊന്നു കൊതിച്ചാലിനി നിന്നെ
വരിച്ചുകൊളളുമവനില്ല സംശയമേതും.ണ
തെരിക്കെന്നിനിക്കാലം കളഞ്ഞീടാതെ ചെല്‍ക
കരത്തെ ഗ്രഹിച്ചീടും കടുക്കെന്നവനെടോ!”
രാഘവവാക്യം കേട്ടു രാവണസഹോദരി
വ്യാകുലചേതസ്സൊടും ലക്ഷ്മണാന്തികേ വേഗാല്‍
ചെന്നുനിന്നപേക്ഷിച്ചനേരത്തു കുമാരനു-
“മെന്നോടിത്തരം പറഞ്ഞീടൊല്ലാ വെറുതേ നീ.
നിന്നിലില്ലേതുമൊരു കാംക്ഷയെന്നറിക നീ
മന്നവനായ രാമന്‍തന്നോടു പറഞ്ഞാലും.”
പിന്നെയുമതു കേട്ടു രാഘവസമീപേ പോയ്-
ചെന്നുനിന്നപേക്ഷിച്ചാളാശയാ പലതരം.
കാമവുമാശാഭംഗംകൊണ്ടു കോപവുമതി-
പ്രേമവുമാലസ്യവുംപൂണ്ടു രാക്ഷസിയപ്പോള്‍
മായാരൂപവും വേര്‍പെട്ടഞ്ജനശൈലംപോലെ
കായാകാരവും ഘോരദംഷ്‌ട്രയും കൈക്കൊണ്ടേറ്റം
കമ്പമുള്‍ക്കൊണ്ടു സീതാദേവിയോടടുത്തപ്പോള്‍
സംഭ്രമത്തോടു രാമന്‍ തടുത്തുനിര്‍ത്തുംനേരം
ബാലകന്‍ കണ്ടു ശീഘ്രം കുതിച്ചു ചാടിവന്നു
വാളുറയൂരിക്കാതും മുലയും മൂക്കുമെല്ലാം
ഛേദിച്ചനേരമവളലറി മുറയിട്ട-
നാദത്തെക്കൊണ്ടു ലോകമൊക്കെ മറ്റൊലിക്കൊണ്ടു.
നീലപര്‍വതത്തിന്റെ മുകളില്‍നിന്നു ചാടി
നാലഞ്ചുവഴി വരുമരുവിയാറുപോലെ
ചോരയുമൊലിപ്പിച്ചു കാളരാത്രിയെപ്പോലെ
ഘോരയാം നിശാചാരി വേഗത്തില്‍ നടകൊണ്ടാള്‍.
രാവണന്‍തന്റെ വരവുണ്ടിനിയിപ്പോളെന്നു
ദേവദേവനുമരുള്‍ചെയ്തിരുന്നരുളിനാന്‍.
രാക്ഷസപ്രവരനായീടിന ഖരന്‍മുമ്പില്‍
പക്ഷമറ്റവനിയില്‍ പര്‍വതം വീണപോലെ
രോദനംചെയ്‌തു മുമ്പില്‍ പതനംചെയ്‌തു നിജ
സോദരിതന്നെനോക്കിച്ചൊല്ലിനാനാശു ഖരന്‍ഃ
“മൃത്യുതന്‍ വക്ത്രത്തിങ്കല്‍ സത്വരം പ്രവേശിപ്പി-
ച്ചത്ര ചൊല്ലാരെന്നെന്നോടെത്രയും വിരയെ നീ.”
വീര്‍ത്തുവീര്‍ത്തേറ്റം വിറച്ചലറിസ്സഗദ്‌ഗദ-
മാര്‍ത്തിപൂണ്ടോര്‍ത്തു ഭീത്യാ ചൊല്ലിനാളവളപ്പോള്‍ഃ
“മര്‍ത്ത്യന്മാര്‍ ദശരഥപുത്രന്മാരിരുവരു-
ണ്ടുത്തമഗുണവാന്മാരെത്രയും പ്രസിദ്ധന്മാര്‍.
രാമലക്ഷ്‌മണന്മാരെന്നവര്‍ക്കു നാമമൊരു
കാമിനിയുണ്ടു കൂടെ സീതയെന്നവള്‍ക്കു പേര്‍.
അഗ്രജന്‍നിയോഗത്താലുഗ്രനാമവരജന്‍
ഖഡ്‌ഗേന ഛേദിച്ചതു മല്‍കുചാദികളെല്ലാം.
ശൂരനായീടും നീയിന്നവരെക്കൊലചെയ്‌തു
ചോര നല്‌കുക ദാഹം തീരുമാറെനിക്കിപ്പോള്‍.
പച്ചമാംസവും തിന്നു രക്തവും പാനംചെയ്‌കി-
ലിച്ഛവന്നീടും മമ നിശ്ചയമറിഞ്ഞാലും.”
എന്നിവ കേട്ടു ഖരന്‍ കോപത്തോടുരചെയ്താന്‍ഃ
“ദുര്‍ന്നയമേറെയുളള മാനുഷാധമന്മാരെ
കൊന്നു മല്‍ഭഗിനിക്കു ഭക്ഷിപ്പാന്‍ കൊടുക്കണ-
മെന്നതിനാശു പതിന്നാലുപേര്‍ പോക നിങ്ങള്‍.
നീ കൂടെച്ചെന്നു കാട്ടുക്കൊടുത്തീടെന്നാലിവ-
രാകൂതം വരുത്തീടും നിനക്കു മടിയാതെ.”
എന്നവളോടു പറഞ്ഞയച്ചാന്‍ ഖരനേറ്റ-
മുന്നതന്മാരാം പതിന്നാലു രാക്ഷസരെയും.
ശൂലമുല്‍ഗരമുസലാസിചാപേഷുഭിണ്ഡി-
പാലാദി പലവിധമായുധങ്ങളുമായി
ക്രൂദ്ധന്മാരാര്‍ത്തുവിളിച്ചുദ്ധതന്മാരായ് ചെന്നു
യുദ്ധസന്നദ്ധന്മാരായടുത്താരതുനേരം.
ബദ്ധവൈരേണ പതിന്നാല്‍വരുമൊരുമിച്ചു
ശസ്ത്രൗഘം പ്രയോഗിച്ചാര്‍ ചുറ്റുംനിന്നൊരിക്കലെ.
മിത്രഗോത്രാല്‍ഭൂതനാമുത്തമോത്തമന്‍ രാമന്‍
ശത്രുക്കളയച്ചോരു ശസ്ത്രൗഘം വരുന്നേരം
പ്രത്യേകമോരോശരംകൊണ്ടവ ഖണ്ഡിച്ചുടന്‍
പ്രത്യര്‍ത്ഥിജനത്തെയും വധിച്ചാനോരോന്നിനാല്‍.
ശൂര്‍പ്പണഖയുമതു കണ്ടു പേടിച്ചു മണ്ടി-
ബ്ബാഷ്പവും തൂകി ഖരന്‍മുമ്പില്‍വീണലറിനാള്‍.
“എങ്ങുപൊയ്‌ക്കളഞ്ഞിതു നിന്നോടുകൂടെപ്പറ-
ഞ്ഞിങ്ങുനിന്നയച്ചവര്‍ പതിന്നാല്‍വരും ചൊല്‍, നീ.”
“അങ്ങുചെന്നേറ്റനേരം രാമസായകങ്ങള്‍കൊ-
ണ്ടിങ്ങിനിവരാതവണ്ണം പോയാര്‍ തെക്കോട്ടവര്‍.”
എന്നു ശൂര്‍പ്പണഖയും ചൊല്ലിനാ,ളതുകേട്ടു
വന്ന കോപത്താല്‍ ഖരന്‍ ചൊല്ലിനാനതുനേരംഃ
“പോരിക നിശാചരര്‍ പതിന്നാലായിരവും
പോരിനു ദൂഷണനുമനുജന്‍ ത്രിശിരാവും.
ഘോരനാം ഖരനേവം ചൊന്നതു കേട്ടനേരം
ശൂരനാം ത്രിശിരാവും പടയും പുറപ്പെട്ടു.
വീരനാം ദൂഷണനും ഖരനും നടകൊണ്ടു
ധീരതയോടു യുദ്ധം ചെയ്‌വതിന്നുഴറ്റോടെ.
രാക്ഷസപ്പടയുടെ രൂക്ഷമാം കോലാഹലം
കേള്‍ക്കായനേരം രാമന്‍ ലക്ഷ്‌മണനോടു ചൊന്നാന്‍ഃ
“ബ്രഹ്‌മാണ്ഡം നടുങ്ങുമാറെന്തൊരു ഘോഷമിതു?
നമ്മോടു യുദ്ധത്തിനു വരുന്നു രക്ഷോബലം.
ഘോരമായിരിപ്പോരു യുദ്ധവുമുണ്ടാമിപ്പോള്‍
ധീരതയോടുമത്ര നീയൊരു കാര്യംവേണം.
മൈഥിലിതന്നെയൊരു ഗുഹയിലാക്കിക്കൊണ്ടു
ഭീതികൂടാതെ പരിപാലിക്കവേണം ഭവാന്‍.
ഞാനൊരുത്തനേ പോരുമിവരെയൊക്കെക്കൊല്‍വാന്‍
മാനസേ നിനക്കു സന്ദേഹമുണ്ടായീടൊലാ.
മറ്റൊന്നും ചൊല്ലുന്നില്ലെന്നെന്നെയാണയുമിട്ടു
കറ്റവാര്‍കുഴലിയെ രക്ഷിച്ചുകൊളേളണം നീ.”
ലക്ഷ്‌മീദേവിയേയുംകൊണ്ടങ്ങനെതന്നെയെന്നു
ലക്ഷ്‌മണന്‍ തൊഴുതു പോയ് ഗഹ്വരമകംപുക്കാന്‍.
No comments:
Post a Comment