അധ്യാത്മ രാമായണം ഒന്ലൈനില്‍ വായിക്കാന്‍ വലതുവശത്തെ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുക (വിഷയ-ക്രമനിക നോക്കുക)

Tuesday, July 12, 2011

ഭരതന്റെ വനയാത്ര

‘ചിത്തേ നിനക്കിതു തോന്നിയതത്ഭുത-
മുത്തമന്മാരിലത്യുത്തമനല്ല്ലോ നീ.’
സാധുക്കളേവം പുകഴ്ത്തുന്ന നേര-
മാദിത്യദേവനുദിച്ചു, ഭരതനും
ശത്രുഘ്നനോടു കൂടെപ്പുറപ്പെട്ടിതു;
തത്ര സുമന്ത്രനിയോഗേന സൈന്യവും
സത്വരം രാമനെക്കാണാന്‍ നടന്നിതു
ചിത്തേ നിറഞ്ഞു വഴിഞ്ഞ മോദത്തോടും
രാജദാരങ്ങള്‍ കൌസല്യാദികള്‍ തദാ
രാജീവനേത്രനെക്കാണാന്‍ നടന്നിതു.
താപസസ്രേഷ്ഠന്‍ വസിഷ്ഠനും പത്നിയും
താപസവൃന്ദേന സാകം പുറപ്പെട്ടു.
ഭൂമി കിളര്‍ന്നു പൊങ്ങീടും പൊടികളും
വ്യോമനി ചെന്നു പരന്നു ചമഞ്ഞിതു.
രാഘവാലോകനാനന്ദവിവശര‍ാം
ലോകരറിഞ്ഞില്ല മാര്‍ഗ്ഗഖേദങ്ങളും.
ശൃംഗിവേരാഖ്യപുരം ഗമിച്ചിട്ടുടന്‍
ഗംഗാതടെ ചെന്നിരുന്നു പെരുംമ്പട.
കേകയപുത്രീസുതന്‍ പടയോടുമി-
ങ്ങാഗതനായതു കേട്ടുഗുഹന്‍ തദാ
ശങ്കിതമാനസനായ്‌വന്നു തന്നുടെ
കിങ്കരന്‍മാരോടു ചൊന്നാനതുനേരം:
‘ബാണചാ‍പാതിശസ്ത്രങ്ങളും കൈക്കോണ്ടു
തോണികളൊക്കെ ബന്ധിച്ചു സന്നദ്ധരായ്
നില്പിനെല്ലാവരും ഞാനങ്ങു ചെന്നു ക-
ണ്ടിപ്പോള്‍ വരുന്നതുമുണ്ടു വൈകീടാതെ.
അന്തികേ ചെന്നു വന്ദിച്ചാലനുടെ-
യന്തര്‍ഗ്ഗതമറിഞ്ഞീടുന്നതുണ്ടല്ലോ.
രാഘവനോടൂ വിരോധത്തിനെങ്കിലോ
പോകരുതാരുമിവരിനി നിര്‍ണ്ണയം
ശുദ്ധരെന്നാകില്‍ കടത്തുകയും വേണം
പദ്ധതിക്കേതും വിഷാദവും കൂടാതെ.
ഇത്ഥം വിചാരിച്ചുറച്ചു ഗുഹന്‍ ചെന്നു
സത്വരം കാല്‍ക്കല്‍ നമസ്കരിച്ചീടിനാന്‍
നാനാവിധോപായനങ്ങളും കാഴ്ചവ-
ച്ചാനന്ദപൂര്‍വ്വം തൊഴുതു നിന്നീടിനാന്‍
ചീര‍ാംബരം ഘനശ്യാമം ജടാധരം
ശ്രീരാമമന്ത്രം ജപന്തമനാരതം
ധീരം കുമാരം കുമാരോപമം മഹാ-
വീരം രഘുവരസോദരം സാനുജം
മാരസമാനശരീരം മനോഹരം
കാരുണ്യസാഗരം കണ്ടു ഗുഹന്‍ തദാ
ഭൂമിയില്‍ വീണു ഗുഹോഹമിത്യുക്ത്വാ പ്ര-
ണാമവും ചെയ്തു,ഭരതനുമന്നേരം
ഉത്ഥപ്യ ഗാഢമാലിംഗ്യ രഘുനാഥ-
ഭക്തം വയസ്യമനാമയവാക്യവും
ഉക്ത്വാ ഗുഹനോടു പിന്നെയും ചൊല്ലിനാന്‍:
‘ഉത്തമപൂരുഷോത്തംസരത്നം ഭവാന്‍
ആലിംഗനംചെയ്തുവല്ലൊ ഭാവാനെ ലോ-
കാലംബനഭൂതനാകിയ രാഘവന്‍.
ലക്ഷ്മീഭഗവതി ദേവിക്കൊഴിഞ്ഞു സി-
ദ്ധിക്കുമോ മറ്റൊരുവര്‍ക്കുമതോര്‍ക്ക നീ.
ധന്യനാകുന്നതു നീ ഭുവനത്തിങ്ക-
ലിന്നതിനില്ലൊരു സംശയം മത്സഖേ!
സോദരനോടും ജനകാത്മജയോടു-
മേതൊരിടത്തുനിന്നന്‍പൊടു കണ്ടിതു
രാമനെ നീ, യവനെന്തുപറഞ്ഞതും
നീ മുദാ രാമനോടേന്തോന്നു ചൊന്നതും
യാതൊരിടത്തുറങ്ങീ രഘുനായകന്‍
സീതയോടും കൂടി നീയവിടം മുദാ,
കാട്ടിത്തരികെ’ന്നു കേട്ടുഗുഹന്‍ തദാ
വാട്ടമില്ലാത്തൊരു സന്തോഷ ചേതസാ
ഭക്തന്‍ ഭരതനത്യുത്തമനെന്നു തന്‍-
ചിത്തേനിരൂപിച്ചുടന്‍ നടന്നീടിനാന്‍.
യത്ര സുപ്തോ നിശി രാഘവന്‍ സീതയാ
തത്ര ഗത്വാ ഗുഹന്‍ സത്വരം ചൊല്ലിനാന്‍:
‘കണ്ടാലുമെങ്കില്‍ കുശാസ്തൃതം സീതയ
കൊണ്ടല്‍വര്‍ണന്‍ തന്‍ മഹാശയനസ്ഥലം.’
കണ്ടുഭരതനും മുക്തബാഷ്പോദകം
തൊണ്ടവിറച്ചു സഗദ്ഗദം ചൊല്ലിനാന്‍:
‘ഹാ സുകുമാരീ! മനോഹരീ!ജാനകീ!
പ്രാസാദമൂര്‍ദ്ധ്നി സുവര്‍ണതല്പസ്ഥലേ
കോമളസ്നിഗ്ദ്ധധവള‍ാംബരാസ്തൃതേ
രാമേണ ശേതേ കുശമയവിഷ്ടരേ നിഷ്ഠൂരേ
ഖേദേന സീതാ മദീയാഗ്രജന്മനാ.
മദ്ദോഷകാരണാലെന്നതു ചിന്തിച്ചു-
മിദ്ദേഹമാശു പരിത്യജിച്ചീടുവന്‍
കില്‍ബിഷകാരിണിയായ കൈകേയിതന്‍
ഗര്‍ഭത്തില്‍ നിന്നു ജനിച്ചൊരുകാരണം
ദുഷ്കൃതിയായതി പാപിയാമെന്നെയും
ധിക്കരിച്ചീടിനേന്‍ പിന്നെയും പിന്നെയും.
ജന്മസാഫല്യവും വന്നിതനുജനു
നിര്‍മ്മലമാനസന്‍ ഭാഗ്യവാനെത്രയും
അഗ്രജന്‍ തന്നെപരിചരിച്ചെപ്പോഴും
വ്യഗ്രം വനത്തിനു പോയതവനല്ലോ.
ശ്രീരാമദാസദാസന്മാര്‍ക്കു ദാസനാ-
യാരൂഢഭക്തിപൂണ്ടേഷ ഞാനും സദാ
നിത്യവും സേവിച്ചുകൊള്‍വനെന്നാല്‍ വരും
മര്‍ത്ത്യജന്മത്തിന്‍ ഫലമെന്നു നിര്‍ണ്ണയം.
ചൊല്ലൂ നീയെന്നോടെവിടെ വസതി കൌ-
സല്യാതനയനവിടേക്കു വൈകാതെ
ചെന്നു ഞാനിങ്ങു കൂട്ടിക്കൊണ്ടുപോരുവ-
നെന്നതു കേട്ടുഗുഹനുമുരചെയ്താന്‍:
‘മംഗലദേവതാവല്ലഭന്‍ തങ്കലി-
ന്നിങ്ങനെയുള്ളൊരു ഭക്തിയുണ്ടാകുയാല്‍
പുണ്യവാന്മാരിവച്ചഗ്രേസരന്‍ ഭവാന്‍
നിര്‍ണ്ണയമെങ്കിലോ കേള്‍ക്ക മഹാമതേ!
ഗംഗാനദി കടന്നാലടുത്തെത്രയും
മംഗലമായുള്ള ചിത്രകൂടാചലം
തന്നികടേ വസിക്കുന്നു സീതയാ
തന്നുടെ സോദരനോടും യഥാസുഖം.’
ഇത്ഥം ഗുഹോക്തികള്‍ ഭരതനും
തത്ര ഗച്ഛാമഹേ ശീഘ്രം പ്രിയസഖേ!
തര്‍ത്തുമമര്‍ത്ത്യതടിനിയെ സത്വരം
കര്‍ത്തുമുദ്യോഗം സമര്‍ത്ഥോ ഭവാദ്യ നീ.’
ശ്രുതാഭരതവാക്യം ഗുഹന്‍ സാദരം
ഗത്വാ വിബുധനദിയെക്കടത്തുവാന്‍
ഭൃത്യജനത്തോടു കൂടെസ്സസംഭ്രമം
വിസ്താരയുക്തം മഹാക്ഷേപനീയുതം
അഞ്ജസാകൂലദേശം നിറച്ചീടിനാ-
നഞ്ഞൂറു തോണി വരുത്തി നിരത്തിനാന്‍.
ഊറ്റമായോരു തുഴയുമെടുത്തതി-
ലേറ്റം വലിയൊരു തോണിയില്‍ താന്‍ മുദാ
ശത്രുഘ്നനേയും ഭരതനേയും മുനി-
സത്തമനായ വസിഷ്ഠനേയും തഥാ
രാമമാതാവായ കൊസല്യതന്നെയും
വാമശീല‍ാംഗിയ‍ാം കൈകേയിതന്നെയും
പൃത്ഥ്വീശപത്നിമാര്‍ മറ്റുള്ളവരേയും
ഭക്ത്യാതൊഴുതു കരേറ്റി മന്ദം തുഴ-
ഞ്ഞസ്തഭീത്യാ കടത്തീടിനാനാദരാല്‍
ഉമ്പര്‍തടിനിയെ കുമ്പിട്ടനാകുലം
മുമ്പേ കടന്നിതു വമ്പടയും തദാ.
ശീഘ്രം ഭരദ്വാജതാപസസേന്ദ്രാശ്രമം
വ്യാഘ്രഗോവൃന്ദപൂര്‍ണ്ണം വിരോധം വിനാ
സം പ്രാ‍പ്യസം പ്രീതനായ ഭരതനും
വന്‍പടയൊക്കവേ ദൂരെനിര്‍ത്തീടിനാന്‍.
താനുമനുജനുമായുടജാങ്കണേ
സാനന്ദമാവിശ്യ നിന്നോരനന്തരം
ഉജ്ജ്വലന്തം മഹാതേജസാ താപസം
വിജ്വരാത്മാനമാസീനം വിധിസമം
ദൃഷ്ട്വാ നനാമ സാഷ്ട‍ാംഗം സസോദരം
പുഷ്ടഭക്ത്യാ ഭരദ്വാജമുനീശ്വരം
ജ്ഞാത്വാ ദശരഥനന്ദനം ബാലകം
പ്രീത്യൈവ പൂജയാമാസ മുനീന്ദ്രനും.
ഹൃഷ്ടവാചാ കുശലപ്രശ്നവും ചെയ്തു
ദൃഷ്ടവാ തദാ ജടാവല്‍കലധാരിണം
തുഷ്ടികലര്‍ന്നരുള്‍ ചെയ്താ’നിതെന്തെടോ
കഷ്ടിക്കോപ്പുപപന്നമല്ലൊട്ടുമേ
രാജ്യവും പാലിച്ചുനാനാജനങ്ങളാല്‍
പൂജ്യനായോരു നീയെന്തിനായിങ്ങനെ
വല്‍കലവും ജടയും പൂണ്ടു താപസ-
മുഖ്യവേഷത്തെപ്പരിഗ്രഹിച്ചീടുവാന്‍?
എന്തൊരുകാരണം വന്‍പടയോടൂമാ-
ഹന്ത! വനാന്തരേ വന്നതും ചൊല്ലൂ നീ.’
ശ്രുത്വാ ഭരദ്വാജവാക്യം ഭരതനു-
മിത്ഥം മുനിവരന്‍ തന്നോടു ചൊല്ലിനാന്‍:
‘നിന്തിരുവുള്ളത്തിലേറതെ ലോകത്തി-
ലെന്തൊരു വൃത്താന്തമുള്ളുമഹാമുനേ!
എങ്കിലും വാസ്തവം ഞാനുണര്‍ത്തിപ്പനി-
സ്സങ്കടം പോവാനനുഗ്രഹിക്കേണമേ!
രാമാഭിഷേകവിഘ്നത്തിനു കാരണം
രാമപാദാബ്ജങ്ങളാണ തപോനിധേ!
ഞാനേതുമേയൊന്നറിഞ്ഞീല,രാഘവന്‍
കാനനത്തിനെഴുന്നള്ളുവാന്‍ മൂലവും
കേകയപുത്രിയാമമ്മതന്‍ വാക്കായ
കാകോളവേഗമേ മൂലമതിന്നുള്ളു.
ഇപ്പോളശുദ്ധനോ ശുദ്ധനോ ഞാനതി-
നിപ്പാദപത്മം പ്രമാണം ദയാനിധേ!
ശ്രീരാമചന്ദ്രനു ഭൃത്യനായ് തല്പാദ-
വാരിജയുഗ്മം ഭജിക്കെന്നിയേ മമ
മറ്റുള്ള ഭോഗങ്ങളാലെന്തൊരു ഫലം?
മുറ്റുമതൊനൊഴിഞ്ഞില്ലൊരാക‍ാംക്ഷിതം.
ശ്രീരാഘവന്‍ ചരണാന്തികേ വീണു സം-
ഭാരങ്ങളെല്ലാമവിടെസ്സമര്‍പ്പിച്ചു
പൌരവസിഷ്ഠാദികളോടുകൂടവേ
ശ്രീരാമചന്ദ്രനഭിഷേകവും ചെയ്തു
രാജ്യത്തിനാശുകൂട്ടിക്കോണ്ടുപോയിട്ടു
പൂജ്യന‍ാം ജേഷ്ഠനെ സേവിച്ചുകൊള്ളുവന്‍.’
ഇങ്ങനെ കേട്ടുഭരതവാക്യം മുനി
മംഗലാത്മാ‍നമേനം പുണര്‍ന്നീടിനാന്‍.
ചുംബിച്ചു മൂര്‍ദ്ധദ്നി സന്തോഷിച്ചരുളിനാന്‍:
‘കിം ബഹുനാ വത്സ! വൃത്താന്തമൊക്കെ ഞാന്‍
ജ്ഞാനദൃശാ കണ്ടറിഞ്ഞിരിക്കുന്നൈതു
മാനസേ ശോകമുണ്ടാകൊലാ കേള്‍ക്ക നീ.
ലക്ഷ്മണനേക്കാള്‍ നിനക്കേറുമേ ഭക്തി
ലക്ഷ്മീപതിയായ രാമങ്കല്‍ നിര്‍ണ്ണയം.
ഇന്നിനിസ്സല്‍ക്കരിച്ചീടുവന്‍ നിന്നെ ഞാന്‍
വന്നപ്ടയോടുമില്ലൊരു സംശയം.
ഊണും കഴിഞ്ഞുറങ്ങി പുലര്‍കാലേ
വേണം രഘുനാഥനെച്ചെന്നു കൂപ്പുവാന്‍.’
എല്ല്ലാമരുള്‍ചെയ്റ്റവണ്ണമെനിക്കതി-
നില്ലൊരു വൈമുഖ്യമെന്നു ഭരതനും
കാല്‍ കഴുകിസ്സമാചമ്യ മുനീന്ദ്രനു-
മേകാഗ്രമാനസനായതി വിദ്രുതം
ഹോമഗേഹസ്ഥനായ് ധ്യാനവും ചെയ്തിതു
കാമസുരഭിയെത്തല്‍ക്ഷണേ കാനനം
ദേവേന്ദ്രലോകസമാനമായ് വന്നിതു;
ദേവകളായിച്ചമഞ്ഞൂ തരുക്കളും.
ദേവവനിതമാരായി ലതകളും
ഭാവനാവൈഭവമെത്രയുമത്ഭുതം!
ഭക്തഭക്ഷ്യാദി പേയങ്ങള്‍ ഭോജ്യങ്ങളും
ഭുക്തിപ്രസാധനം മറ്റും ബഹുവിധം.
ഭോജനശാലകള്‍ സേനാഗൃഹങ്ങളും
രാജഗേഹങ്ങളുമെത്രമനോഹരം!
സ്വര്‍ണ്ണരത്നവ്രാതനിര്‍മ്മിതമൊക്കവേ
വര്‍ണ്ണിപ്പതിന്നു പണിയുണ്ടനന്തനും.
കര്‍മ്മണാ ശാസ്ത്രദൃഷ്ഠേന വസിഷ്ഠനെ-
സ്സമ്മോദമോടു പൂജിച്ചിതു മുമ്പിനാല്‍.
പശ്ചാത് സസൈന്യം ഭരതം സസോദര-
മിച്ഛാനുരൂപേണ പൂജിച്ചനന്തരം
തൃപ്തരായ് തത്ര ഭരദ്വാജമന്ദിരേ
സുപ്തരായാരമരാവതീസന്നിഭേ.
ഉത്ഥാനവുംചെയ്തുഷസി നിയമങ്ങള്‍
കൃത്വാഭരദ്വാജപാദങ്ങള്‍ കൂപ്പിനാര്‍.
താപസന്‍ തന്നോടനുജ്ഞയും കൈക്കൊണ്ടു
ഭൂപതിനന്ദനന്മാരും പുറപ്പെട്ടു
ചിത്രകൂടാചലം പ്രാപ്യമഹാബലം
തത്രപാര്‍പ്പിച്ചു ദൂരേ കിഞ്ചിദന്തികെ
മിത്രമായോരു ഗുഹനും സുമന്ത്രരും
ശത്രുഘ്നനും താനുമായ് ഭരതനും
ശ്രീരാമസന്ദര്‍ശനാക‍ാംഷയാ മന്ദ-
മാരാഞ്ഞു നാനാ തപോധനമണ്ഡലേ
കാണാഞ്ഞോരോരോ മുനിവരന്മാരോടൂ
താണു തൊഴുതു ചോദിച്ചുമത്യാദരം:
‘കുത്രവാഴുന്നു രഘൂത്തമനത്ര സൌ-
മിത്രിയോടൂം മഹീപുത്രിയോടും മുദാ?‘
ഉത്തമനായ ഭരതകുമാരനോ-
ടുത്തരം താപസന്മാരുമരുള്‍ ചെയ്തു:
‘ഉത്തരതീരേ സുരസരിത:സ്ഥലേ
ചിത്രകൂടാദ്രിതന്‍ പാര്‍ശ്വേ മഹാശ്രമേ
ഉത്തമപൂരുഷന്‍ വാഴുന്നി’തെന്നു കേ-
ട്ടെത്രയും കൌതുകത്തോടെ ഭരതനും
തത്രൈവ ചെന്നനേരത്തു കാണായ് വന്നി-
തത്യല്‍ഭുതമായ രാമചന്ദ്രാശ്രമം.
പുഷ്പഫലദലപൂര്‍ണ്ണവല്ലീതരു-
ശഷ്പരമണീ‍യകാ‍നനമണ്ഡലേ
ആമ്രകദളീബകുളപനസങ്ങ-
ളാമ്രാതകാര്‍ജ്ജുനനാഗപുന്നാഗങ്ങള്‍
കേരപൂഗങ്ങളും കോവിദാരങ്ങളു-
മേരണ്ഡചമ്പകാശോകതാലങ്ങളും
മാലതീജാതിപ്രമുഖലതാവലീ-
ശാലികളായതമാലസാലങ്ങളും
ഭൃംഗാദിനാനാ വിഹംഗനാദങ്ങളും
തുംഗമാതംഗഭുജംഗപ്ലവംഗ കു-
രംഗാദി നാനാമൃഗവ്രാതലീലയും
ഭംഗ്യാസമാലോക്യ ദൂരെ ഭരതനുന്‍
വൃക്ഷാഗ്രസം ലഗ്നവല്‍കലാലങ്കൃതം
പുഷ്കരാക്ഷാശ്രമം ഭക്ത്യാവണങ്ങിനാന്‍.
ഭാഗ്യവാ‍നായഭരതനതുനേരം
മാര്‍ഗ്ഗരജസി പതിഞ്ഞു കാണായ് വന്നു
സീതാരഘുനാദപാദാരവിന്ദങ്ങള്‍
നൂതനമായതി ശോഭനം പാവനം
അങ്കുശാബ്ജദ്ധ്വജവജ്രമത്സ്യാദികൊ-
ണ്ടങ്കിതം മംഗലമാനന്ദമഗ്നനായ്
വീണുരുണ്ടും പണിഞ്ഞും കരഞ്ഞും തദാ
രേണു തന്മൌലിയില്‍ കോരിയിട്ടീടിനാന്‍.
‘ധന്യോഹമിന്നഹോ ധന്യോഹമിന്നഃഒ
മുന്നം മയ കൃതം പുണ്യപൂരം പരം
ശ്രീരാമപാദപത്മാഞ്ചിതം ഭൂതല-
മാരാലെനിക്കു കാണ്മാനവകാശവും
വന്നിതല്ലൊ മുഹുരിപ്പാദപ‍ാംസുക്ക-
ളന്വേഷണം ചെയ്തുഴലുന്നിതേറ്റവും
വേധാവുമീശനും ദേവകദംബവും
വേദങ്ങളും നാരദാദിമുനികളും.’
ഇത്ഥമോര്‍ത്തത്ഭുതപ്രേമരസാപ്ലുത-
ചിത്തനായാനന്ദബാഷ്പാകുലാക്ഷനായ്
മന്ദം മന്ദം പരമാശ്രമസന്നിധൌ
ചെന്നു നിന്നനേരത്തു കാണായിതു
സുന്ദരം രാമചന്ദ്രം പരമാനന്ദ-
മന്ദിരമിന്ദ്രാദിവൃന്ദാരകവൃന്ദ-
വന്ദിതമിന്ദിരാമന്ദിരോരസ്ഥല-
മിന്ദ്രാവരജമിന്ദീവരലോചനം
ദൂര്‍വ്വാദളനിഭശ്യാമളം കോമളം
പൂര്‍വ്വജം നീലനളിനദളേക്ഷണം
രാമം ജടാമകുടം വല്കല‍ാംബരം
സോമബിംബാഭപ്രസന്നവക്ത്ര‍ാംബുജം
ഉദ്യത്തരുണാ‍രുണായുതശോഭിതം
വിദ്യുത്സമ‍ാംഗിയ‍ാം ജാനകിയായൊരു
വിദ്യയുമായ് വിനോദിച്ചിരിക്കുന്നൊരു
വിദ്യോതമാനമാത്മാനമവ്യാകുലം
വക്ഷസി ശ്രീവത്സലക്ഷണമവ്യയം
ലക്ഷ്മീനിവാസം ജഗന്മയമച്യുതം
ലക്ഷ്മണസേവിതപാദപങ്കേരുഹം
ലക്ഷ്മണലക്ഷ്യസ്വരൂപം പുരാതനം
ദക്ഷാരിസേവിതം പക്ഷീന്ദ്രവാഹനം
രക്ഷോവിനാശനം രക്ഷാവിചക്ഷണം
ചക്ഷു:ശ്രവണപ്രവരപല്യങ്കഗം
കുക്ഷിസ്ഥിതാനേകപത്മജാണ്ഡം പരം
കാരുണ്യപൂര്‍ണ്ണം ദശരഥനന്ദന്‍-
മാരണ്യവാസരസികം മനോഹരം.
ദു:ഖവും പ്രീതിയും ഭക്തിയുമുള്‍ക്കൊണ്ടു
തൃക്കാല്‍ക്കല്‍ വീണു നമസ്കരിച്ചീടീനാന്‍.
രാമനവനേയും ശത്രുഘ്നനേയുമാ-
മോദാലെടുത്തു നിവര്‍ത്തിസ്സസംഭ്രമം
ദീര്‍ഘബാഹുക്കളാലിംഗനം ചെയ്തു
ദീര്‍ഘനിശ്വാസവൌമന്യോന്യമുള്‍ക്കൊണ്ടു
ദീര്‍ഘനേത്രങ്ങളില്‍ നിന്നു ബാഷ്പോദകം
ദീര്‍ഘകാലം വാര്‍ത്തു സോദരന്മാരെയും
ഉത്സംഗസീമനി ചേര്‍ത്തുപുനരപി
വത്സങ്ങളുമണച്ചാനന്ദപൂര്‍വ്വകം
സത്സംഗമേറെയുള്ളൊരു സൌമിത്രിയും
തത്സമയേ ഭരത‍ാംഘ്രികള്‍ കൂപ്പിനാന്‍.
ശത്രുഘ്നനുമതിഭക്തി കലര്‍ന്നു സൌ-
മിത്രിതന്‍ പാദ‍ാംബുജങ്ങള്‍ കൂപ്പീടിനാന്‍.
ഉഗ്രതൃഷാര്‍ത്തന്മാരായ പശുകുല-
മഗ്രേ ജലാശയം കണ്ടപോലെ തദാ.
വേഗേന സന്നിധൌ ചെന്നാശുകണ്ടിതു
രാഘവന്‍ തന്‍ തിരുമേനി മാതാക്കളും.
രോദനം ചെയ്യുന്നമാതാവിനെക്കണ്ടു
പാദങ്ങളില്‍ നമിച്ചാന്‍ രഘുനാഥനും
എത്രയുമാര്‍ത്തികൈക്കൊണ്ടു കൌസല്യയും
പുത്രനുബാഷ്പധാരാഭിഷേകം ചെയ്തു
ഗാഢമാശ്ലിഷ്യ ശിരസി മുകര്‍ന്നുട-
നൂഢമോദം മുലയും ചുരന്നു തദാ.
അന്യരായുള്ളൊരു മാതൃജനത്തേയും
പിന്നെ നമസ്കരിച്ചീടിനാദരാല്‍.
ലക്ഷ്മണന്‍ താനുമവ്വണ്ണം വണങ്ങിനാന്‍
ലക്ഷ്മീസമയായ ജാനകീദേവിയും.
ഗാഢമാശ്ലിഷ്യ കൌസല്യാദികള്‍ സമാ-
രൂഢഖേദം തുടച്ചീടിനാര്‍ കണ്ണുനീര്‍.
തത്ര സമാഗമം ദൃഷ്ട്വാ ഗുരുവരം
ഭക്ത്യാവസിഷ്ഠം സാഷ്ട‍ാംഗമാമ്മാറുടന്‍
നത്വാ രഘൂത്തമനാശു ചൊല്ലീടിനാ-
‘നെത്രയും ഭാഗ്യവാന്‍ ഞാനെന്നു നിര്‍ണ്ണയം.
താതനു സൌഖ്യമല്ലീ നിജ മാനസേ
ഖേദമുണ്ടോ പുനരെന്നെപ്പിരികയാല്‍?
എന്തോന്നു ചൊന്നതെന്നോടു ചൊല്ലീടുവാ-
നെന്തു സൌമിത്രിയെക്കൊണ്ടു പറഞ്ഞതും?”
രാമവാക്യം കേട്ടു ചൊന്നാല്‍ വസിഷ്ഠനും:
‘ധീമത‍ാം ശ്രേഷ്ഠ! താതോദന്തമാശൂ കേള്‍.
നിന്നെപ്പിരിഞ്ഞതുതന്നെ നിരൂപിച്ചു
മന്നവന്‍ പിന്നെയും പിന്നെയും ദു:ഖിച്ചു
രാമരാമേതി സീതേതി കുമാരേതി
രാമേതി ലക്ഷ്മണേതി പ്രലാപം ചെയ്തു
ദേവലോകം ചെന്നുപുക്കാനറിക നീ
ദേവഭോഗേന സുഖിച്ചു സന്തുഷ്ടനായ്.’
കര്‍ണ്ണശൂലാഭം ഗുരുവചനം സമാ-
കര്‍ണ്യരഘുവരന്‍ വീണിതുഭുമിയില്‍.
തല്‍ക്ഷണമുച്ചൈര്‍വിലപിച്ചിതേറ്റവും
ലക്ഷ്മണനോടു ജനനീജനങ്ങളും
ദു:ഖ്യമാലോക്യ മറ്റുള്ളജനങ്ങളു-
മൊക്കെവാവിട്ടു കരഞ്ഞുതുടങ്ങിനാര്‍:
‘ ഹാ! താത!മ‍ാം പരിത്യജ്യ വിധിവശാ-
ലേതൊരു ദിക്കിനു പോയിതയ്യോഭവാന്‍!
ഹാ ഹാ ഹതോഹമനാഥോസ്മി മാമിനി-
സ്നേഹേനലാളിപ്പതാരനുവാസരം
ദേഹമിനി ത്യജിച്ചീടുന്നതുണ്ടു ഞാന്‍
മോഹമെനിക്കിനിയില്ല ജീവിക്കയില്‍.’
സീതയും സൌമിത്രിതാനുമവ്വണ്ണമേ
രോദനം ചെയ്തു വീണീടിനാര്‍ ഭൂതലെ.
തദ്ദശായ‍ാം വസിഷ്ഠോക്തികള്‍ കേട്ടവ-
രുള്‍ത്താപമൊട്ടു ചുരുക്കി മരുവിനാര്‍.
മന്ദാകിനിയിലിറങ്ങിക്കുളിച്ചവര്‍
മന്ദേതരമുദകക്രിയയും ചെയ്താര്‍.
പിണ്ഡം മധുസഹിതേംഗുദീസല്‍ഫല-
പിണ്യാകനിര്‍മ്മത‍ാംന്നംകൊണ്ടു വച്ചിത്
യതൊരന്നം താന്‍ ഭുജിക്കുന്നതുമതു
സാദരംനല്‍ക പിതൃക്കള്‍ക്കുമെന്നല്ലൊ
വേദസ്മൃതികള്‍ വിധിച്ചതെന്നോര്‍ത്തതി-
ഖേദേന പിണ്ഡദാനാനന്തരം തദാ
സ്നാനം കഴിച്ചു പുണ്യാഹവും ചെയ്തഥ
സ്നാനാദനന്തരം പ്രാപിച്ചിതാശ്രമം,
അന്നുപവാസവും ചെയ്തിതെല്ലാവരും
വന്നുദിച്ചീടിനാനാദിത്യദേവനും.
മന്ദാകിനിയില്‍ കുളീച്ചൂത്തു സന്ധ്യയും
വന്ദിച്ചു പോന്നാശ്രമേ വസിച്ചീടിനാ‍ര്‍.

No comments:

Post a Comment