അധ്യാത്മ രാമായണം ഒന്ലൈനില്‍ വായിക്കാന്‍ വലതുവശത്തെ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുക (വിഷയ-ക്രമനിക നോക്കുക)

Tuesday, July 12, 2011

ശ്രീരാമാഭിഷേകാരംഭം

എങ്കിലോ രാജാ ദശരഥനേകദാ
സങ്കലിതാനന്ദമാമ്മാറിരിയ്ക്കുമ്പോള്‍
പങ്കജസംഭവപുത്രന്‍ വസിഷ്ഠന‍ാം
തന്‍ കുലാചാര്യനെ വന്ദിച്ചു ചൊല്ലിനാന്‍
“പൌരജനങ്ങളും മന്ത്രി മുഖ്യന്മാരും
ശ്രീ രാമനെ പ്രശംസിയ്ക്കുന്നിതെപ്പോഴും
ഓരോഗുണഗണം കണ്ടവര്‍ക്കുണ്ടക-
താരിലാനന്ദമതിനില്ല സംശയം.
വൃദ്ധനായ് വന്നതു ഞാനുമൊട്ടാകയാല്‍
പുത്രരില്‍ ജ്യേഷ്ഠന‍ാം രാമകുമാരനെ
പൃത്ഥീപരിപാലനാര്‍ത്ഥമഭിഷേക-
മെത്രയും വൈകാതെ ചെയ്യണമെന്നു ഞാന്‍
കല്‍പ്പിച്ച്തിപ്പോഴതങ്ങനെയെങ്കില-
തുള്‍പ്പൂവിലോര്‍ത്തു നിയോഗിക്കയും വേണം.
ഇപ്രജകള്‍ക്കനുരാഗമവങ്കലു-
ണ്ടെപ്പൊഴുമേറ്റമതോര്‍ത്തു കണ്ടീലയോ?
വന്നീല മാതുലനെക്കാണ്മതിന്നേറെ
മുന്നമേപോയ ഭരത ശത്രുഘ്നന്മാര്‍.
വന്നു മുഹൂര്‍ത്തമടുത്ത ദിനം തന്നെ
പുണ്യമതീവ പുഷ്യം നല്ല നക്ഷത്രം.
എന്നാലവര്‍ വരുവാന്‍ പാര്‍ക്കയില്ലിനി-
യൊന്നു കൊണ്ടുമതു നിര്‍ണ്ണയം മാനസേ.
എന്നാലതിനു വേണ്ടുന്ന സംഭാരങ്ങ-
ളിന്നു തന്നെ ബത സംഭരിച്ചീടണം.
രാമനോടും നിന്തിരുവടി വൈകാതെ
സാമോദമിപ്പൊഴേ ചെന്നറിയിയ്ക്കണം.
തോരണ പംക്തികളെല്ലാമുയര്‍ത്തുക
ചാരു പതാകകളോടുമത്യുന്നതം
ഘ്ഹോരമായുള്ള്ല പെരുമ്പറനാദവും
പൂരിയ്ക്ക ദിക്കുകളൊക്കെ മുഴങ്ങവേ!”
മന്നവനായ ദശരഥനാദരാല്‍
പിന്നെസ്സുമന്ത്രരെ നോക്കിയരുള്‍ ചെയ്തു:
“എല്ല‍ാം വസിഷ്ഠനരുളിച്ചെയ്യും വണ്ണം
കല്യാണമുള്‍ക്കൊണ്ടൊരുക്കിക്കൊടുക്ക നീ
നാളെ വേണമഭിഷേകമിളമയായ്
നാളീകനേത്രന‍ാം രാമനു നിര്‍ണ്ണയം”
നന്ദിതനായ സുമന്ത്രരുമന്നേരം
വന്ദിച്ചു ചൊന്നാന്‍ വസിഷ്ഠനോടാദരാല്‍.
“എന്തെന്നു വേണ്ടുന്നതെന്നുരചെയ്താലു-
മന്തരമെന്നിയേ സംഭരിiച്ചീടുവന്‍”
ചിത്തേ നിരൂപിച്ചു കണ്ടു സുമന്ത്രരോ-
ടിത്ഥം വസിഷ്ഠമുനിiയുമരുള്‍ ചെയ്തു:
“കേള്‍ക്ക, നാളെപ്പുലര്‍കാലെ ചമയിച്ചു
ചേല്‍ക്കണ്ണിമാരായ കന്യകമാരെല്ല‍ാം
മദ്ധ്യകക്ഷ്യേ പതിനാറുപേര്‍ നില്‍ക്കണം
മത്ത ഗജങ്ങളെ പൊന്നണിയിയ്ക്കണം.
ഐരാവതകുലജാതന‍ാം നാല്‍ക്കൊമ്പ-
നാരാല്‍ വരേണമലങ്കരിച്ചങ്കണേ;
ദിവ്യനാനാതീര്‍ത്ഥവാരി പൂര്‍ണ്ണങ്ങളായ്
ദിവ്യ രത്നങ്ങളൂമുഴ്ത്തി വിചിത്രമായ്
സ്വര്‍ണ്ണ കലശ സഹസ്രം മലയജ-
പര്‍ണ്ണങ്ങള്‍ കൊണ്ടു വായ് കെട്ടി വച്ചീടണം
പുത്തന്‍ പുലിത്തോല്‍ വരൂത്തുക മൂന്നിഹ.
ഛത്രം സുവര്‍ണ്ണദണ്ഡം മണിശോഭിതം
മുക്താമണിമാല്യരാജിത നീര്‍മല-
വസ്ത്രങ്ങള്‍, മാല്യങ്ങളാഭരണങ്ങളും
സല്‍കൃതന്മാര‍ാം മുനിജനം വന്നിഹ
നില്‍ക്ക കുശപാണികളായ് സഭാന്തികേ
നര്‍ത്തകീമാരോടു വാരവധൂജനം
നര്‍ത്തക ഗായക വൈണീകവര്‍ഗ്ഗവും
ദിവ്യവാദ്യങ്ങളെല്ല‍ാം പ്രയോഗിയ്ക്കണ-
മുര്‍വീശ്വരാങ്കണേനിന്നു മനോഹരം.
ഹസ്ത്യശ്സ്വപത്തിരഥദി മഹാബലം
വസ്ത്രാദ്യലങ്കാരമോടു വന്നീടണം.
ദേവാലയങ്ങള്‍തോറും ബലിപൂജയും
ദീപാവലികളും വേണം മഹോത്സവം.
ഭൂപാലരേയും വരുവാന് നിiയോഗിയ്ക്ക,
ശോഭയോടെ രാഘവാഭിഷേകാര്‍ത്ഥമായ്.”
ഇത്ഥം സുമന്ത്രരേയും നിയോഗിച്ചതി -
സത്വരം തേരില്‍ക്കരേറി വസിഷ്ഠനും
ദാശരഥി ഗൃഹമെത്രയും ഭാസുര-
മാശു സന്തോഷേണ സാമ്പ്രപ്യ സാദരം
നിന്നതുനേരമറിഞ്ഞു രഘുവരന്‍
ചെന്നുടന്‍ ദണ്ഡനമസ്കാരവും ചെയ്താന്‍.
രത്നാസനവും കൊടുത്തിരുത്തി തദാ
പത്നിയോടുമതീ ഭക്ത്യാ രഘുത്തമന്‍
പൊല്‍ക്കലശസ്ഥിതനിര്‍മലവാരിണാ-
തൃക്കാല്‍ കഴുകിച്ചു പാദാബ്ജതീര്‍ത്ഥവും
ഉത്തമ‍ാംഗേന ധരിച്ചു വിശുദ്ധനായ്
ചിത്തമോദേന ചിരിച്ചരുളിച്ചെയ്തു:
“പുണ്യവാനായേനടിയനതീവ കേ-
ളിന്നു പാദോദക തീര്‍ത്ഥം ധരിയ്ക്കയാല്‍”
എന്നിങ്ങനെ രാമചന്ദ്രവാക്യം കേട്ടു-
നന്നായ് ചിരിച്ചു വസിഷ്ഠനരുള്‍ ചെയ്തു:
നന്നുനന്നെത്രയും നിന്നുടെ വാക്കുക-
ളൊന്നുണ്ടു ചൊല്ലുന്നതിപ്പോള്‍ നൃപാത്മജ!
ത്വല്പാദപങ്കജതീര്‍ത്ഥം ധരിയ്ക്കയാല്‍
ദര്‍പ്പകവൈരിയും ധന്യനായീടിനാന്‍
ത്വല്‍പ്പാദതീഥവിശുദ്ധനായ് വന്നിതു
മല്‍പ്പിതാവായ വിരിഞ്ചനും ഭൂപതേ!
ഇപ്പോള്‍ മഹാജനങ്ങള്‍ക്കുപദേശാര്‍ത്ഥ-
മദ്ഭുത വിക്രമ! ചൊന്നതു നീയെടോ!
നന്നായറിഞ്ഞിരിയ്ക്കുന്നിതു നിന്നെ ഞാ-
നിന്നവനാകുന്നതെന്നതുമിന്നെടോ!
സാക്ഷാല്‍ പരബ്രഹ്മമ‍ാം പരമാത്മാവു
മോക്ഷദന്‍ നാനാജഗന്മയനീശ്വരന്‍
ലക്ഷ്മീഭഗവതിയോടും ധരണിയി-
ലിക്കാലമത്ര ജനിച്ചതു നിശ്ചയം!
ദേവകാര്യാര്‍ത്ഥസിദ്ധ്യര്‍ത്ഥം കരുണയാ-
രാവണനെക്കൊന്നു താപം കെടുപ്പാനും
ഭക്ത ജനങ്ങള്‍ക്കു മുക്തി സിദ്ധിപ്പാനു-
മിത്ഥമവതരിച്ചീടിന ശ്രീപതേ!
ദേവകാര്യാര്‍ത്ഥമതീവ ഗുഹ്യം പുന-
രേവം വെളിച്ചത്തിടാഞ്ഞിതു ഞാനിദം.
കാര്യങ്ങളെല്ലാമനുഷ്ഠിച്ചു സാധിയ്ക്ക,
മായയാ മായാമനുഷ്യനായ് ശ്രീനിധേ!
ശിഷ്യനല്ലോ ഭവാനാചാര്യനേഷ ഞാന്‍
ശിക്ഷിയ്ക്ക വേണം ജഗദ്ധിതാര്‍ത്ഥം പ്രഭോ!
സാക്ഷാല്‍ ചരാചരചാര്യനല്ലോ ഭവാ-
നോര്‍ക്കില്‍ പിതൃണ‍ാം പിതാമഹനും ഭവാന്‍
സര്‍വ്വേഷ്വഗോചരനായന്തര്യാമിയായ്
സര്‍വ്വജഗദ്യന്ത്രവാഹകനായ നീ
ശുദ്ധസത്വാത്മകമായൊരു വിഗ്രഹം
ധൃത്വാ നിജാധീനസംഭവനായുടന്‍
മര്‍ത്തൃവേഷേണ ദശരഥപുത്രനായ്
പൃഥീതലേ യോഗമായയാ ജാതന‍ാം
എന്നതു മുന്നേ ധരിച്ചിരിയ്ക്കുന്നു ഞാ-
നെന്നോടു ധാതാവു താനരുള്‍ ചെയ്കയാല്‍
എന്നതറിഞ്ഞത്രേ സൂര്യാന്വയത്തിനു
മുന്നേ പുരോഹിതനായിരുന്നു മുദാ
ഞാനും ഭവാനോടു സംബന്ധക‍ാംക്ഷയാ-
നൂനം പുരോഹിത കര്‍മ്മമനുഷ്ഠിച്ചു
നിന്ദ്യമായുള്ളതു ചെയ്താലൊടുക്കത്തു
നന്നായ് വരുകിലതും പിഴയല്ലല്ലോ?
ഇന്നു സഫലമായ് വന്നു മനോരഥ-
മൊന്നപേക്ഷിയ്ക്കുന്നതുണ്ടു ഞാനിന്നിയും
യോഗേശ!തേ മഹാമായാഭഗവതി
ലോകൈക മോഹിനി മോഹിപ്പിയായ്ക മ‍ാം.
ആചാര്യ നിഷ്കൃതികാമന്‍ ഭവാനെങ്കി-
ലാശയം മായയാ മോഹിപ്പിയായ്ക മേ
ത്വല്‍ പ്രസംഗാല്‍ സര്‍വമുക്തമിപ്പോളിദ-
മപ്രവക്തവ്യം മയാ രാമ! കുത്ര ചില്‍.
രാജാ ദശരഥന്‍ ചൊന്നതു കാരണം
രാജീവനേത്ര!വന്നേനിവിടേയ്ക്കു ഞാന്‍
ഉണ്ടഭിഷേകമടുത്തനാളെന്നതു
കണ്ടുചൊല്‍വാനായുഴറി വന്നേനഹം
വൈദേഹിയോടുമുപവാസവും ചെയ്തു
മേദിനി തന്നില്‍ ശയനവും ചെയ്യണം.
ബ്രഹ്മചര്യത്തോടിരിയ്ക്ക, ഞാനോരോരോ
കര്‍മ്മങ്ങള്‍ ചെന്നങ്ങൊരുക്കുവന്‍ വൈകാതെ
വന്നീടുഷസ്സിനു നീയെന്നരുള്‍ ചെയ്തു
ചെന്നു തേരില്‍ കരേറി മുനിശ്രേഷ്ഠനും.
പിന്നെ ശ്രീരാമനും ലക്ഷ്മണന്‍ തന്നോടു
നന്നേ ചിരിച്ചരുള്‍ ചെയ്തു രഹസ്യമായ്
‘താതനെനിയ്ക്കഭിഷേകമിളമയായ്
മോദേന ചെയ്യുമടുത്തനാള്‍ നിര്‍ണ്ണയം
തത്ര നിമിത്ത മാത്രം ഞാനതിന്നൊരു-
കര്‍ത്താവു നീ രാജ്യഭോക്താവും നീയത്രേ!
വത്സ! മമ ത്വം ബഹി:പ്രാണനാകയാ-
ലുത്സവത്തിന്നു കോപ്പിട്ടുകൊണ്ടാലും നീ
മത്സമനാകുന്നതും ഭവാന്‍ നിശ്ചയം
മത്സരിപ്പാനില്ലിതിനു നമ്മോടാരും’
ഇത്തരമോരോന്നരുള്‍ ചെയ്തിരിയ്ക്കുമ്പോള്‍
പൃത്ഥ്വീന്ദ്ര ഗേഹം പ്രവിശ്യ വസിഷ്ഠനും
വൃത്താന്തമെല്ല‍ാം ദശരഥന്‍ തന്നോടു
ചിത്തമോദാലറിയിച്ചു സമസ്തവും
രാജീവസംഭവനന്ദനന്തന്നോടു
രാജാ ദശരഥനാനന്ദപൂര്‍വകം
രാജീവനേത്രാഭിഷേകവൃത്താന്തങ്ങള്‍
പൂജാവിധാനേന ചൊന്നതു കേള്‍ക്കയാല്‍
കൌസല്യയോടും സുമിത്രയോടും ചെന്നു
കൌതുകമോടറിയിച്ചാനൊരു പുമാന്‍
സമ്മോദമുള്‍ക്കൊണ്ടതു കേട്ടനേരത്തു
നിര്‍മലമായൊരു മാല്യവും നല്‍കിനാര്‍
കൌസല്യയും തനയാഭ്യുദയാര്‍ത്ഥമായ്
കൌതുകമോടു പൂജിച്ചിതു ലക്ഷ്മിയെ
“നാഥേ! മഹാദേവി!നീയേ തുണ” യെന്നു
ചേതസി ഭക്ത്യാ വണങ്ങി വാണീടിനാള്‍
സത്യസന്ധന്‍ നൃപവീരന്‍ ദശരഥന്‍
പുത്രാഭിഷേകം കഴിച്ചീടുമെന്നുമേ
കേകയപുത്രീവശഗതനാകയാ-
ലാകുലമുള്ളില്‍ വളരുന്നിതേറ്റവും
ദുര്‍ഗേ! ഭഗവതി! ദുഷ്കൃതനാശിനി!
ദുര്‍ഗതി നീക്കിത്തുണച്ചീടുമംബികേ!
കാമുകനല്ലോ നൃപതി ദശരഥന്‍
കാമിനി കൈകേയി ചിത്തമെന്തീശ്വരാ!
നല്ലവണ്ണം വരുത്തേണ”മെന്നിങ്ങനെ
ചൊല്ലി വിഷാദിച്ചിരിയ്ക്കുന്നതു നേരം.

No comments:

Post a Comment